അധ്യാപകക്കൂട്ടം മലയാളം
നല്ലെഴുത്ത്: 1
സുനില്‍ പി. മതിലകം
ധൃതി - ദ്രുതഗതി
സംസ്കൃതത്തിൽ നിന്നും മലയാളം സ്വീകരിച്ച ഒരു പദമാണ് " ധൃതി ".
മലയാളീകരിച്ച രൂപം "ധിറുതി ".
ധൃതിയിൽ എന്നതിന് വേഗത്തിൽ എന്നർത്ഥം.
ധൃതിയും ദ്രുതഗതിയും കൂടിക്കലർന്ന് " ധൃതഗതി " എന്നൊരു വാക്ക് പ്രചരിച്ചു. "ധൃതഗതിക്ക് " തടയപ്പെട്ട ഗതി എന്നേ അർത്ഥമുള്ളു.
ആയതിനാൽ വേഗത്തിലുള്ള പോക്കിന് "ധൃതഗതി " എന്ന് ഉപയോഗിക്കുന്നത് ഉചിതമല്ല.
പകരം "ദ്രുതഗതി" എന്ന് ഉപയോഗിക്കുന്നതാണ് ശരി.
അവലംബം : പദശുദ്ധി കോശം.
നല്ലെഴുത്ത്: 2
തിരഞ്ഞെടുപ്പ്
∆
ഈ പദം "തിരഞ്ഞെടുപ്പ് " "തെരഞ്ഞെടുപ്പ് "
" തിരിഞ്ഞെടുപ്പ് "
എന്നിങ്ങനെ ഉപയോഗിക്കുമ്പോൾ നമ്മൾക്ക് സ്വഭാവികമായി സംശയം വരാം. ഇതിൽ ഏതാണ് ശരിയായ പദമെന്ന്.
തിര എന്നും തിരി എന്നുമുള്ള രണ്ട് ധാതുക്കളിൽ നിന്ന് രൂപപ്പെടുന്നതാണ് തിരഞ്ഞെടുപ്പും തിരിഞ്ഞെടുപ്പും.
തിര എന്ന ധാതുവിന്റെ അർത്ഥം അന്വേഷിക്കുക എന്നാണ്. തിരയുന്ന, തിരഞ്ഞു , തിരയും എന്നിങ്ങനെയുള്ള ക്രിയാരൂപങ്ങളുടെ അർത്ഥങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ കാണാം.
തിരഞ്ഞെടുപ്പിന് ഇലക്ഷൻ എന്നും തിരിഞ്ഞെടുപ്പിന് സിലക്ഷൻ എന്നുമാണർത്ഥം. രണ്ടിന്റെയും രൂപഭേദം മാത്രമാണ് "തെരഞ്ഞെടുപ്പ് "
വാമൊഴിയിൽ വരുന്ന മാറ്റമാണ് ഇവിടെ സംഭവിക്കുന്നത്.
ഇല - എല, കുട - കൊട, വില - വെല , വിറക് - വെറക്
ഇങ്ങനെ എഴുത്തിലും ഉച്ചാരണത്തിലും വരുന്ന ഭേദങ്ങൾ നമുക്ക് പരിചിതമാണല്ലൊ.
ഏറ്റവും അനുയോജന്യമായ പദം " തിരഞ്ഞെടുപ്പ് "ആണ്.
✒️
അവലംബം : പദശുദ്ധി കോശം
നല്ലെഴുത്ത്: 3
അതിഥി
∆
എഴുതുമ്പോൾ പലർക്കും തെറ്റു സംഭവിക്കുന്ന ഒരു പദമാണ് അതിഥി.
അധിതി, അഥിതി, അതിധി എന്നെല്ലാം പ്രയോഗിച്ചു കാണാം.
അതിഥിക്ക് വിരുന്നുകാരൻ (Guest)എന്നാണ് അർത്ഥം കല്പിക്കുന്നത്
(ഗൃഹാഗതൻ )
ശുദ്ധരൂപം അതിഥി എന്നാണ്.
അ+ തിഥി = അതിഥി (ഒരു ദിവസം തികച്ച് താമസിക്കാത്തവൻ)
അതിഥിയിൽ നിന്ന് നിഷ്പന്നമാകുന്ന നാമരൂപങ്ങളാണ്
ആതിഥ്യവും
ആതിഥേയനും
ആതിഥ്യത്തിന് അതിഥിസത്കാരമെന്നും ആതിഥേയന് അതിഥി സത്കാരം ചെയ്യുന്നവർ എന്നും
അർത്ഥം.
✒️
സഹായ ഗ്രന്ഥം: പദശുദ്ധി കോശം
നല്ലെഴുത്ത്: 4
അത്ഭുതം
∆
സംസ്കൃതത്തിൽ നിന്നും കടം കൊണ്ട പദങ്ങളിലൊന്നാണ് അത്ഭുതം.
അദ്ഭുതം, അൽഭുതം ഇങ്ങനെയും എഴുതുകയും ഉച്ചരിക്കുകയും ചെയ്യാറുണ്ട്.
അത്ഭുതത്തിന് അസാധാരണമായ വസ്തുവോ സംഭവമോ ഉണ്ടാക്കുന്ന വികാരം, ആശ്ചര്യം, വിസ്മയം എന്നെല്ലാമാണ് സാമാന്യ അർത്ഥങ്ങൾ ...
അദ്ഭുതം എന്ന സംസ്കൃത ശബ്ദത്തെ തത്ഭവം ആക്കിയാണ് മലയാളം സ്വീകരിച്ചത്.
അതായത്, ദ കാരന്റെ സ്ഥാനത്ത് ത
കാരം ഉപയോഗിക്കാമെന്നു വന്നു.
ശുദ്ധവും പ്രായോഗികവുമായ അത്ഭുതം എന്ന രൂപത്തെ നിലനിർത്തി പ്രചരിപ്പിക്കുന്നതാണ് ഉചിതം.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
നല്ലെഴുത്ത്: 5
ആസ്വാദ്യം
∆
പതിവായി പറയുകയും എഴുതി കാണുകയും ചെയ്യുന്ന ആസ്വാദ്യകരം തെറ്റാണ്.
ആസ്വാദ്യം എന്ന എന്ന മൂലപദത്തിന് ആസ്വാദിക്കുന്നത്, രുചികരമായത് എന്നെല്ലാമാണ് അർത്ഥം.
ആസ്വാദ്യത്തോട് വിശേഷണ രൂപമുണ്ടാക്കാനുള്ള കരം ചേരുകയില്ല. നാമരൂപത്തോടേ കരം ചേരുകയുള്ളൂ.
(രുചികരം, സുഖകരം, രസകരം ) വിശേഷണമായ കര
ത്തിന് ചെയ്യുന്ന, ഉണ്ടാക്കുന്ന എന്നെല്ലാമർത്ഥമുള്ളതിനാൽ ആസ്വാദ്യത്തോട് വീണ്ടും
കരം ചേർത്ത് ആസ്വാദ്യകര മായ പദം സൃഷ്ടിക്കാൻ പാടില്ല. ആസ്വാദകരം ആണ് ആസ്വാദ്യം.
ഇതുപോലെ തെറ്റാണ് വിഷമകരം എന്നുപയോഗിക്കുന്നതും. വിഷമത്തിന്റെ നാമരൂപം വൈഷമ്യം (വിഷമാവസ്ഥ ) എന്നാണ്. വൈഷമ്യകരം
എന്നു തന്നെ ഉപയോഗിക്കുന്നതാണ് ശരി.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
നല്ലെഴുത്ത്: 6
ചെലവ്
∆
പറയുമ്പോൾ ശരിയായി പറയുകയും എഴുതുമ്പോൾ തെറ്റായി എഴുതുകയും ചെയ്യുന്ന ഒരു വാക്കാണ്
ചെലവ്
എഴുതുമ്പോഴും അച്ചടിക്കുമ്പോഴും
ചിലവ് എന്ന് പൊതുവേ ഉപയോഗിക്കുന്നത് കാണാം.
വരവ് - ചിലവ് കണക്കുകൾ എന്ന് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് സർവ്വസാധാരണയായിട്ടുണ്ട്.
ശരിയായ പദം ചെലവ് എന്നു തന്നെ ഉപയോഗിക്കണം.
ചെല്ലുന്നതാണ് ചെലവ്
✒️
സഹായ ഗ്രന്ഥം : മലയാള പുതുശൈലി
നല്ലെഴുത്ത്: 7
ഐച്ഛികം
∆
"മലയാളം ഐശ്ചിക
മായി എടുത്ത അഭിഷേകിന് സിവിൽ സർവീസിൽ റാങ്ക് എന്നെല്ലാം നമ്മൾ വായിക്കാറുണ്ട്.
എന്നാൽ ഐശ്ചിക
എന്നൊരു പദം മലയാളത്തിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
പത്രത്തിൽ ഈ തെറ്റ് ആവർത്തിക്കപ്പെടുന്നു ഇപ്പോഴും.
ഐശ്ചികം, ഐച്ഛീകം എന്നിവ തെറ്റായ രൂപങ്ങളാണ്.
ഐച്ഛികം എന്ന ശരിയായ വാക്ക് എന്നെഴുതുകയും പറയുകയും വേണം.
ഇച്ഛ എന്നാൽ ആഗ്രഹം , താല്പര്യം എന്നെല്ലാം അർത്ഥം.
ഇച്ഛ യിൽ നിന്ന് നിഷ്പന്നമാകുന്ന ഐച്ഛിക
ത്തിന് ഇഷ്ടം പോലെയുള്ള, ആഗ്രഹിക്കുന്നതിനനുസരിച്ചുള്ള എന്നെല്ലാമാണ് അർത്ഥം.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
നല്ലെഴുത്ത്: 8
ഹാർദ്ദം
∆
പരിപാടികളിലെ സ്വാഗതപ്രസംഗകർ പൊതുവേ ആവേശത്തോടെ എടുത്തുപയോഗിക്കുന്ന തെറ്റായ ഒരു വാക്കാണ് ഹാർദ്ദവം
"ബഹുമാന്യനായ നമ്മുടെ എം.എൽ.എയെ ഞാനീ വേദിയിലേക്ക് ഹാർദ്ദവ മായി സ്വാഗതം ചെയ്യുന്നു ...."
ഇങ്ങനെ തെറ്റായി, ശരിയെന്ന മട്ടിൽ അലങ്കാരികമായി നിരന്തരം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു...
നമ്മളും ശരിയെന്ന മട്ടിൽ ഇതിനെ അംഗീകരിച്ചു വരുന്നു.
ഹാർദ്ദം എന്നാണ് ശരിയായ രൂപം. സ്നേഹം, ദയ, വിചാരം, നിശ്ചയം എന്നെല്ലാം ഹാർദ്ദം എന്ന പദത്തിന് "ശബ്ദതാരാവലി " യിൽ അർത്ഥം കല്പിക്കുന്നു. ( നിഷ്പത്തിക്രമ പ്രകാരം : ഹൃദയത്തെ സംബന്ധിച്ച്, ഹൃദയത്തിലുണ്ടായത് )
ഹാർദ്ദം ഇതിൽ ദ ഇരട്ടിക്കണോ എന്നൊരു സംശയം വരാം. ർ കഴിഞ്ഞ് ക, ച, ട, ത, പ മാത്രം ഇരട്ടിച്ചാൽ മതിയാകും.
ഹാർദം എന്നും ശുദ്ധരൂപം തന്നെ.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
നല്ലെഴുത്ത്: 9
അങ്കണവാടി
∆
ആങ്ഗൻവാടി എന്ന ഹിന്ദി പദത്തിന്റെ ശുദ്ധ മലയാള രൂപമാണ് അങ്കണവാടി( മുറ്റത്തെ പൂന്തോട്ടമെന്ന് പദാർത്ഥം)
ചിലർ ഇതിനെ തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്നു.
അംഗനവാടി , അങ്കൻവാടി, അംഗൻവാടി
ഇതെല്ലാം അബദ്ധപ്രയോഗങ്ങളായി മാറുന്നത് അറിയാതെ പോകുന്നു.
അംഗന ,വാടി എന്നീ വാക്കുകൾ ചേർന്ന് വരുന്ന പദമാണല്ലൊ അംഗനവാടി
അംഗന = അംഗങ്ങളോടു കൂടിയ വൾ (സുന്ദരി / സ്ത്രീ എന്നർത്ഥം) വാടി = പൂന്തോട്ടം
അപ്പോൾ സുന്ദരിമാരുടെ പൂന്തോട്ടമെന്നാണ് അംഗനവാടി
യുടെ അർത്ഥം.
അങ്കൻവാടി വിലക്ഷണ രൂപവും.
അങ്കണവാടി
എന്ന നല്ല മലയാള പദത്തെയാണ് നമ്മൾ "പരിഷ്ക്കരിച്ച് ... പരിഷ്ക്കരിച്ച് "
ഇങ്ങനെ വികലമാക്കുന്നത്.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
നല്ലെഴുത്ത്: 10
അങ്ങനെ
∆
അങ്ങനെ, ഇങ്ങനെ, എങ്ങനെ എന്നീ രൂപങ്ങൾ ഇ കാരഛായയിൽ
അങ്ങിനെ, ഇങ്ങിനെ, എങ്ങിനെ എന്നെഴുന്നത് തെറ്റാണ്.
അ, ഇ, എ എന്നീ ചുട്ടെഴുത്തുകളോട് പ്രകാരം (വിധം ) എന്നർത്ഥമുള്ള ങനം എന്ന തമിഴ് ശബ്ദം ആദ്യം ചേരുന്നു.
പിന്നീട് ഏ ചേർന്ന് രൂപം അ+ ങനം + എ= അങ്ങനെ (അപ്രകാരം)
ഇ+ങനം + എ= ഇങ്ങനെ (ഇപ്രകാരം)
എ + ങനം + എ= എങ്ങനെ (എപ്രകാരം)
അർത്ഥത്തിന് ശക്തികൊടുക്കേണ്ടിവരുമ്പോൾമാത്രം ഏ എന്ന് ദീർഘിപ്പിച്ചാൽ മതി. ചുട്ടെഴുത്തുകളോട് ങനം ചേരുമ്പോൾ ങ ഇരട്ടിക്കും.
രൂപഭേദം മാത്രമായ
ങ്ങി
യെ മേല്പറഞ്ഞവിധം വ്യാഖ്യാനിക്കാനാവില്ല.
അതിനാൽ അങ്ങനെ, ഇങ്ങനെ, എങ്ങനെ എന്ന് പറയുകയും എഴുതുകയും ചെയ്യുന്നതാണ് ശരി.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
നല്ലെഴുത്ത്: 11
അസ്തമയം
∆
അസ്തമയ
ത്തെക്കാൾ അസ്തമന ത്തിന് ശബ്ദഭംഗി കൂടുതലുള്ളതിനാൽ ചില ചലച്ചിത്ര ഗാനങ്ങളിൽ അസ്തമനം എന്ന് നിരന്തരം ഉപയോഗിച്ചിരിക്കുന്നത് കേൾക്കാം...
അസ്തമന മെന്ന് നമ്മൾ പറയാറുമുണ്ട്.
ഏതാണ് ശുദ്ധരൂപം എന്ന് ചോദിച്ചാൽ
തർക്കമില്ലാതെ പറയാം : അസ്തമയം
ഉദ്+അയം = ഉദയവും
അസ്തം + അയം = അസ്തമയവും
അയം (പോക്ക്, ഗതി, പ്രാപിക്കൽ എന്നെല്ലാം അർത്ഥം )
ഉയർച്ചയെ പ്രാപിക്കുന്നത് ഉദയവും അസ്തത്തെ ( താഴ്ചയെ ) പ്രാപിക്കുന്നത് അസ്തമയവും.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
No comments:
Post a Comment