🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, November 27, 2023

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്/adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

DAY  51

251) തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എന്തു പേരിലാണ് അറിയപ്പെടുന്നത്  
 ഉത്തരം  : കാലവർഷം,  ഇടവപ്പാതി 

252) വടക്കു കിഴക്കൻ മൺസൂൺ അവയപ്പെടുന്നത് 
 ഉത്തരം  : തുലാവർഷം  

253) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണനേത്രദാന ഗ്രാമമേത് 
 ഉത്തരം : ചെറുകുളത്തൂർ ( കോഴിക്കോട് )    

254) ഗവർണ്ണറായ ആദ്യ കേരളീയ വനിത  
 ഉത്തരം : എം. എസ്. ഫാത്തിമ ബീവി  

255) കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയായിരുന്നു 
 ഉത്തരം  : ആലപ്പുഴ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  52

256) കേരളത്തിലെ കാർഷിക മേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനായി  കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി
 ഉത്തരം  : പോഷക സമൃദ്ധി മിഷൻ

257) 2023ലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച രാജ്യവ്യാപക ശുചീകരണ യജ്ഞം
 ഉത്തരം : സ്വച്ഛത ഹി സേവ  

258) റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ആയ ഡിജിറ്റൽ രൂപ പ്രാബല്യത്തിൽ വന്നത്  
 ഉത്തരം  : 2022 ഡിസംബർ 1 

259) ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം  
 ഉത്തരം  : കേരളം  

260) സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കേരള ജ്യോതി പുരസ്കാരം ഈ വർഷം ലഭിച്ചത് 
 ഉത്തരം : ടി . പത്മനാഭൻ    

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  53

261) ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം  : പഞ്ചാബ്
  
262) ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിടുക്ക്   
 ഉത്തരം  : പാക് കടലിടുക്ക് 

263) ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം 
 ഉത്തരം  : കാനഡ

264) 20023 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ   സ്വർണ്ണം നേടിയ ഇന്ത്യക്കാരി
 ഉത്തരം : അന്നുറാണി 

265) 2023 ലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ രാജ്യം
 ഉത്തരം : ഇന്ത്യ (ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തി )  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  54

266) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം  
 ഉത്തരം  : ഇന്ത്യ 
  
267) ഇന്ത്യയുടെ തലസ്ഥാനം   
 ഉത്തരം  : ന്യൂഡൽഹി  

268) ഇന്ത്യയിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം  
 ഉത്തരം  : 28

269) കേന്ദ്ര ഭരണ പ്രദേശങ്ങൾ  
 ഉത്തരം : 8

270) 2019 ഒക്ടോബർ 31ന് കേന്ദ്രഭരണപ്രദേശമായ സംസ്ഥാനം 
 ഉത്തരം : ജമ്മു ആൻഡ് കാശ്മീർ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  55

271) ഇന്ത്യയിലെ  ഏറ്റവും വലിയ സംസ്ഥാനം  
 ഉത്തരം  : രാജസ്ഥാൻ   
  
272) ഏറ്റവും ചെറിയ സംസ്ഥാനം   
 ഉത്തരം  : ഗോവ   

273) ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
 ഉത്തരം  : തമിഴ്നാട് 

274) വടക്കേ അറ്റത്തുള്ള സംസ്ഥാനം 
 ഉത്തരം : ഹിമാചൽ പ്രദേശ്  

275) ഏതു ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യമാണ് ഇന്ത്യ  
 ഉത്തരം : ഏഷ്യ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  56

276) ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം   
 ഉത്തരം  : അരുണാചൽ പ്രദേശ്   
  
277) അരുണാചൽ പ്രദേശിന്റെ തലസ്ഥാനം
 ഉത്തരം  : ഇറ്റാനഗർ  

278) ഔദ്യോഗിക ഭാഷ 
 ഉത്തരം  :  ഇംഗ്ലീഷ്   

279) അരുണാചൽപ്രദേശിന്റെ സംസ്ഥാന മൃഗം
 ഉത്തരം : മിഥുൻ   

280) സംസ്ഥാന പക്ഷി   
 ഉത്തരം : വേഴാമ്പൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  57

281) ഇന്ത്യയുടെ  പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം   
 ഉത്തരം  : ഗുജറാത്ത്  
  
282) ഗുജറാത്തിന്റെ  തലസ്ഥാനം
 ഉത്തരം  : ഗാന്ധിനഗർ  

283) ഔദ്യോഗിക ഭാഷ 
 ഉത്തരം  :  ഗുജറാത്തി ഭാഷ    

284) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം  
 ഉത്തരം :  ഗുജറാത്ത് 

285) ഗാന്ധിജിയുടെ ജന്മദേശം
 ഉത്തരം  : പോർബന്തർ ( ഗുജറാത്ത് ) 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  58

286) ഇന്ത്യയുടെ  വടക്കേ  അറ്റത്തുള്ള സംസ്ഥാനം   
 ഉത്തരം  : ഹിമാചൽ പ്രദേശ്  
  
287) തലസ്ഥാനം
 ഉത്തരം  : ഷിംല    

288) ഔദ്യോഗിക ഭാഷ 
 ഉത്തരം  : ഹിന്ദി    

289) 'ദേവഭൂമി '  , 'വീര ഭൂമി 'എന്നീ പേരുകളിൽ  അറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം : ഹിമാചൽ പ്രദേശ് 

290) ഇന്ത്യയുടെ രണ്ടാമത്തെ  മലിനീകരണ രഹിത സംസ്ഥാനമായി ഹിമാചൽ പ്രദേശിനെ ഏതു വർഷമാണ് പ്രഖ്യാപിച്ചത് 
 ഉത്തരം  : 2016 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  59

291) ഇന്ത്യയുടെ  തെക്കേ  അറ്റത്തുള്ള സംസ്ഥാനം   
 ഉത്തരം  : തമിഴ്നാട്  
  
292) തലസ്ഥാനം
 ഉത്തരം  : ചെന്നൈ   

293) ഔദ്യോഗിക ഭാഷ 
 ഉത്തരം  :  തമിഴ്    

294) പ്രധാന നൃത്തരൂപം  
 ഉത്തരം : ഭരതനാട്യം  

295) അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം
 ഉത്തരം  : കന്യാകുമാരി ( തമിഴ്നാട് )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  60

296) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം   
 ഉത്തരം  : രാജസ്ഥാൻ  
  
297) തലസ്ഥാനം( ഏറ്റവും വലിയ നഗരം)
 ഉത്തരം  : ജയ്പൂർ  

298) ഔദ്യോഗിക ഭാഷ 
 ഉത്തരം  : ഹിന്ദി  

299) ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി   
 ഉത്തരം : താർ മരുഭൂമി  (രാജസ്ഥാൻ )

300) ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പർവതനിരകളിൽ ഒന്നായ ആരവല്ലി രാജസ്ഥാനിലാണ്. അതിലെ പ്രശസ്തമായ കൊടുമുടിയുടെ പേര് 
 ഉത്തരം  : മൗണ്ട് അബു 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  61

301) പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
 ഉത്തരം  : രാജസ്ഥാൻ  
  
302) ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം 
 ഉത്തരം  : ജയ്പൂർ  (രാജസ്ഥാൻ )

303) ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം 
 ഉത്തരം  : ഭരത്പുർ (രാജസ്ഥാൻ )
 കിയോലോഡിയോ നാഷണൽ പാർക്ക്  എന്നാണ് പുതിയ പേര്  

304) ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം   
 ഉത്തരം :  രാജസ്ഥാൻ 

305) ഇന്ത്യയിലെ ആണവ പരീക്ഷണ കേന്ദ്രം   
 ഉത്തരം  : പൊഖ് റാൻ ( രാജസ്ഥാൻ )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  62

306) ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം 
 ഉത്തരം  : ഗോവ 
  
307) ഗോവയുടെ തലസ്ഥാനം
 ഉത്തരം  : പനാജി  

308) ഔദ്യോഗിക ഭാഷ 
 ഉത്തരം  : കൊങ്കണി  

309) വിനോദസഞ്ചാര മേഖലയിൽ നിന്നും  ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം തരുന്ന സംസ്ഥാനം 
 ഉത്തരം : ഗോവ 

310) ഗോവയിലെ ഏറ്റവും വലിയ പട്ടണം  
 ഉത്തരം  : വാസ്കോ  ( വാസ്കോഡ ഗാമ  )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  63

311) ഗോവയിൽ എത്ര ജില്ലകളുണ്ട്  
 ഉത്തരം  : 2 ( സൗത്ത് ഗോവ  , നോർത്ത് ഗോവ )
  
312) കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം  : ഗോവ   

313) ഗോവയെ സംസ്ഥാനമാക്കിയ വർഷം 
 ഉത്തരം  : 1987 മെയ് 30   

314) ഏറ്റവും കുറച്ച് കടൽ തീരമുള്ള സംസ്ഥാനം  
 ഉത്തരം : ഗോവ 

315) എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിതമായ  ആദ്യ സംസ്ഥാനം
 ഉത്തരം : ഗോവ

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  64

316) വിസ്തൃതിയിൽ രണ്ടാമത്തെ വലിയ ഇന്ത്യൻ സംസ്ഥാനമായ ഞാൻ ഇന്ത്യയുടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
 ഉത്തരം  : മധ്യപ്രദേശ് 
  
317) തലസ്ഥാനം 
 ഉത്തരം  : ഭോപ്പാൽ   

318) ഔദ്യോഗിക ഭാഷ 
 ഉത്തരം  : ഹിന്ദി   

319) ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം  ചെയ്യുന്ന സംസ്ഥാനം 
 ഉത്തരം : മധ്യപ്രദേശ് 

320) ഏറ്റവും കൂടുതൽ വനപ്രദേശങ്ങൾ ഉള്ള സംസ്ഥാനം
 ഉത്തരം : മധ്യപ്രദേശ് 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  65

321) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം 
 ഉത്തരം  : മധ്യപ്രദേശ് 
  
322) ഇന്ത്യയിലെ കടുവ സംസ്ഥാനമെന്നറിയപ്പെടുന്നത് ( വെള്ള കടുവകളുടെ നാട് )
 ഉത്തരം  : മധ്യപ്രദേശ്    

323) 2000 നവംബർ ഒന്നിന് ഏത് സംസ്ഥാനം രൂപവൽക്കരിക്കുന്നത്  വരെയായിരുന്നു മധ്യപ്രദേശിന് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം എന്ന ബഹുമതി ഉണ്ടായിരുന്നത് 
 ഉത്തരം  : ഛത്തീസ്ഗഡ്   

324) ഐ.ഐ.ടി യും ഐ.ഐ.എമ്മും സ്ഥാപിതമായ ആദ്യ ഇന്ത്യൻ നഗരം 
 ഉത്തരം : ഇൻഡോർ ( മധ്യപ്രദേശ്  ) 

325) ഭോപ്പാൽ ദുരന്തം നടന്ന വർഷം 
 ഉത്തരം : 1984 ഡിസംബർ  3  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  66

326) ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ള ഹിന്ദു സംസ്കാരത്തിന്റെ ഉറവിട കേന്ദ്രo എന്നറിയപ്പെടുന്ന  സംസ്ഥാനം 
 ഉത്തരം  : ഹരിയാന 
  
327) തലസ്ഥാനം 
 ഉത്തരം  : ചണ്ഡീഗഡ്   

328) ഔദ്യോഗിക ഭാഷ 
 ഉത്തരം  : ഹിന്ദി, പഞ്ചാബി   

329) സംസ്ഥാനമായി നിലവിൽ വന്നത് 
 ഉത്തരം : 1966 നവംബർ 1  

330) എല്ലാ ഗ്രാമങ്ങളെയും വൈദ്യുതീകരിച്ച ആദ്യത്തെ സംസ്ഥാനം  
 ഉത്തരം : ഹരിയാന

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  67

331) മഹാഭാരതയുദ്ധം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം  
 ഉത്തരം  : ( കുരുക്ഷേത്ര )ഹരിയാന 
  
332) സംസ്ഥാനമാകും മുൻപ് ഹരിയാന ഏത് പ്രവിശ്യയുടെ ഭാഗമായിരുന്നു
 ഉത്തരം  : പഞ്ചാബ്    

333) നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം 
 ഉത്തരം  : പാനിപ്പത്ത് (ഹരിയാന ) 

334) 'ഇന്ത്യയുടെ പാൽത്തൊട്ടി' എന്നറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം : ഹരിയാന  

335) ഇന്ത്യക്കാരിയായ ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ ജന്മദേശം   
 ഉത്തരം : കർണാൽ  (ഹരിയാന)

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  68

336) പഞ്ച നദികളുടെ നാട്  എന്നറിയപ്പെടുന്ന  സംസ്ഥാനം 
 ഉത്തരം  : പഞ്ചാബ്  
  
337) തലസ്ഥാനം 
 ഉത്തരം  : ചണ്ഡീഗഡ്   

338) ഔദ്യോഗിക ഭാഷ 
 ഉത്തരം  : പഞ്ചാബി   

339) ഇന്നത്തെ പഞ്ചാബ് സംസ്ഥാനമായി നിലവിൽ വന്നത് 
 ഉത്തരം : 1969 നവംബർ 1  

340) പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്   
 ഉത്തരം : ലാലാ ലജ് പത് റായ് 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  69

341) ഇന്ത്യയിൽ പ്രസിഡണ്ട് ഭരണo നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം
 ഉത്തരം  : പഞ്ചാബ്  
  
342) വാഗ അതിർത്തി (ഇന്ത്യ _പാകിസ്ഥാൻ) അതിർത്തി ഏതു സംസ്ഥാനത്താണ് 
 ഉത്തരം  : പഞ്ചാബ് 

343) ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത് 
 ഉത്തരം  : വാഗാ അതിർത്തി   

344) ഇന്ത്യയുടെ ധാന്യ കലവറ  
 ഉത്തരം : പഞ്ചാബ്  

345) സുവർണ്ണ ക്ഷേത്രത്തിന്റെ നഗരം     
 ഉത്തരം : അമൃത് സർ   ( പഞ്ചാബ് )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  70

346) ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ട സംസ്ഥാനം 
 ഉത്തരം  : ഉത്തരാഖണ്ഡ്   
  
347) തലസ്ഥാനം 
 ഉത്തരം  : ഡെറാഡൂൺ    

348) ഔദ്യോഗിക ഭാഷ 
 ഉത്തരം  : ഹിന്ദി   

349) സംസ്ഥാനമായി നിലവിൽ വന്നത് 
 ഉത്തരം : 2000 നവംബർ  9

350) ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്    
 ഉത്തരം : ഉത്തരാഖണ്ഡ് 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  71

351) ഏതു സംസ്ഥാനം വിഭജിച്ചാണ്  ഉത്തരാഖണ്ഡ് നിലവിൽ വന്നത്
 ഉത്തരം  : ഉത്തർപ്രദേശ്  
  
352) ഉത്തരാഖണ്ഡിന്റെ ആദ്യത്തെ പേര് 
 ഉത്തരം  : ഉത്തരാഞ്ചൽ    

353) ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നറിയപ്പെട്ടത് 
 ഉത്തരം  : 2007 ൽ 

354) ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം : ഉത്തരാഖണ്ഡ്  

355) പ്രസിദ്ധമായ കുംഭമേള നടക്കുന്നത് 
 ഉത്തരം : ഹരിദ്വാർ (ഉത്തരാഖണ്ഡ് )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  72

356) ജനസംഖ്യ അനുസരിച്ച് ഒന്നാമതും വിസ്തീർണം അനുസരിച്ച് അഞ്ചാമതുമായി നിൽക്കുന്ന സംസ്ഥാനം 
 ഉത്തരം  : ഉത്തർപ്രദേശ്  
  
357) ഉത്തർപ്രദേശിന്റെ തലസ്ഥാനം  
 ഉത്തരം  : ലഖ്നൗ     

358) ഭാഷ 
 ഉത്തരം  : ഹിന്ദി, ഉർദു   

359) ഏറ്റവും വലിയ നഗരം (ഏറ്റവും വലിയ മെട്രോ )
 ഉത്തരം : കാൺപൂർ    

360) ഗംഗ,  യമുന,   സരസ്വതി  നദികളുടെ സംഗമസ്ഥാനം ഏത് സംസ്ഥാനത്ത്  
 ഉത്തരം : ഉത്തർപ്രദേശ്  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  73

361) ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം  
 ഉത്തരം  : ഉത്തർപ്രദേശ്  
  
362) ഏറ്റവും കൂടുതൽ ഗ്രാമങ്ങൾ ഉള്ള സംസ്ഥാനം   
 ഉത്തരം  : ഉത്തർപ്രദേശ്     

363) ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം 
 ഉത്തരം  : അലഹബാദ് (ഉത്തർപ്രദേശ് )  

364) ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്  
 ഉത്തരം :  ആഗ്ര  ( ഉത്തർപ്രദേശ് )  

365) ഷാജഹാൻ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്  
 ഉത്തരം : ആഗ്ര ( ഉത്തർപ്രദേശ്  )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  74

366) ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് 
 ഉത്തരം  : യമുന    
  
367) തന്റെ പത്നിയായ മുംതാസിന്റെ ഓർമ്മയ്ക്കായി ഏത് മുകഗൾ ചക്രവർത്തിയാണ് ഇത് പണികഴിപ്പിച്ചത്  
 ഉത്തരം  : ഷാജഹാൻ      

368) 22 വർഷത്തോളമെടുത്തു പൂർത്തിയാക്കിയ ഈ സ്മാരകം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്  
 ഉത്തരം  : വെണ്ണക്കല്ല്  ( white marbles )  

369) യുനെസ്കോ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ താജ്മഹലിനെ ഉൾപ്പെടുത്തിയത്
 ഉത്തരം : 1983 ൽ 

370) കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നു താജ്മഹലിനെ വിശേഷിപ്പിച്ചത് 
 ഉത്തരം : രവീന്ദ്രനാഥ ടാഗോർ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  75

371) ഇന്ത്യയുടെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്നതും  ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം എന്ന് കരുതപ്പെടുന്നതുമായ സംസ്ഥാനം 
 ഉത്തരം  : ഹരിയാന   
  
372) ഹരിയാനയുടെ തലസ്ഥാനം 
 ഉത്തരം  :  ചണ്ഡീഗഡ്      

373) പ്രധാന ഭാഷ   
 ഉത്തരം  : ഹിന്ദി 

374) മഹാഭാരതയുദ്ധം നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം  
 ഉത്തരം : കുരുക്ഷേത്ര ( ഹരിയാന )

375) സംസ്ഥാന ആകും മുൻപ് ഹരിയാന ഏത്  പ്രദേശത്തിന്റെ ഭാഗമായിരുന്നു  
 ഉത്തരം : പഞ്ചാബ്   

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

Friday, November 24, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 50 .നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും./adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

   50 .നിസ്സഹകരണ പ്രസ്ഥാനവും  ഖിലാഫത്ത് പ്രസ്ഥാനവും.

     തുർക്കിയിലെ ഖാലിഫയോട് ബ്രിട്ടൻ കാണിച്ച ചതി ഇന്ത്യയിലെ മുസ്ലിം മത വിശ്വാസികളിൽ ബ്രിട്ടനെതിരായ വികാരം വളർത്തി .ഖാലിഫയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒരു പുതിയ പ്രസ്ഥാനം തന്നെ രൂപംകൊണ്ടു- ഖിലാഫത്ത് പ്രസ്ഥാനം .അബ്ദുൾ കലാം ആസാദ് , അലി സഹോദരന്മാർ (മുഹമ്മദ് അലി, ഷൗക്കത്ത് അലി) ഹക്കീം അജ്മൽ ഖാൻ, ഹസ്രത്ത് മൊഹാനി തുടങ്ങിയവരായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ നേതൃത്വനിരയിൽ ഉണ്ടായിരുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധിജി പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. ജനങ്ങളോട് നീതി കാണിക്കാത്ത ഭരണത്തോട് അക്രമരഹിത മാർഗ്ഗത്തിലൂടെ നിസ്സഹകരിക്കുമെന്ന് 1920 മെയ് 28ന് ബോംബെയിൽ ചേർന്ന കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി പ്രഖ്യാപിച്ചു.
      ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഒരുതരത്തിലും എതിരല്ലെന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ നേതാക്കൾ ഉറപ്പുനൽകി. "ഇന്ത്യ സ്വതന്ത്രയാവുകയും മറ്റു സമുദായങ്ങൾക്കുള്ള സ്വാതന്ത്ര്യം മുസൽമാൻ മാർക്ക് കൂടി നൽകുന്ന ഒരു ഗവൺമെൻറ് ഉണ്ടാവുകയും ചെയ്താൽ ഏത് അക്രമകാരികളിൽ നിന്നും അവർ മുസ്ലിങ്ങളായാലും ഖാലിഫയുടെ തന്നെ പട്ടാളം ആയിരുന്നാലും ശരി ഈ രാജ്യത്തെ രക്ഷിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ് എന്നാണ് ഇസ്ലാം അനുശാസിക്കുന്നത്" എന്നായിരുന്നു അബ്ദുൾ കലാം ആസാദ് പറഞ്ഞത്. ഹിന്ദു- മുസ്ലിം ഐക്യം വളർത്താനായി ബക്രീദിന് ഗോവധം ഉപേക്ഷിക്കാൻ 1919 ഡിസംബറിൽ മുസ്ലിം ലീഗ് ഒരു പ്രമേയത്തിൽ ആഹ്വാനം ചെയ്യുകയുണ്ടായി.
     ഇന്ത്യയിലെ മുസ്ലീങ്ങളുടെ വികാരം മാനിക്കാനും അവരോടൊപ്പം നിൽക്കാനും മറ്റു സമുദായങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഗാന്ധിജിയും വ്യക്തമാക്കി. റൗലത്ത് നിയമത്തിന് എതിരായ പ്രക്ഷോഭത്തിൽ വളർന്നുവന്ന ഹിന്ദു-മുസ്ലിം ഐക്യം ഒന്നുകൂടി ദൃഢതരമാക്കാൻ ഖിലാഫത്ത് പ്രസ്ഥാനം വഴിയൊരുക്കി. 1920 ജൂൺ 9ന് അലഹബാദിൽ നടന്ന ഖിലാഫത്ത് കമ്മിറ്റി യോഗം പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. ഗവൺമെൻ്റുമായി നിസഹകിക്കുന്നതിന്റെ ഭാഗമായി ഗവൺമെൻറ് നൽകിയ ബഹുമതികൾ തിരിച്ചു നൽകുക, സർക്കാർ ജോലി രാജിവെക്കുക, പോലീസിലും പട്ടാളത്തിലും സേവനം അനുഷ്ഠിക്കുന്നത് ഉപേക്ഷിക്കുക, നികുതി കൊടുക്കാതിരിക്കുക, ഇതൊക്കെയായിരുന്നു സമരരൂപങ്ങൾ.
    ഖിലാഫത്ത് പ്രസ്ഥാനത്തോടൊപ്പം ദേശവ്യാപകമായി നിസ്സഹകരണ സമരം തുടങ്ങുമെന്ന് ഗാന്ധിജിയും പ്രഖ്യാപിച്ചു. 1920 ആഗസ്റ്റ് 1ന് സമരം തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ അന്ന് പുലർച്ചെ ബാലഗംഗാധര തിലകൻ കഥാവശേഷനായി. ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും തലയെടുപ്പുള്ള ആ മഹാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നാടെങ്ങും ഹർത്താലും മൗന ജാഥകളും നടന്നു. ദുഃഖാചത്തോടെ നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമാവുകയും ചെയ്തു.
     നിസ്സഹകരണ സമരം രാജ്യത്തെ ആകെ ഇളക്കിമറിച്ചു .എല്ലാ തലങ്ങളിലും ഗവൺമെൻ്റുമായി നിസ്സഹകരിക്കുക എന്നതായിരുന്നു സമര ശൈലി. നിയമനിഷേധം, സഹനസമരം, സത്യഗ്രഹ സമരം എന്നിവയെല്ലാം നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്നു. ഈ പരിപാടികൾ ജനങ്ങൾക്ക് പുത്തനായിരുന്നില്ല. സ്വദേശി പ്രസ്ഥാനത്തിൻറെ ഭാഗമായി വിദേശ വസ്ത്ര ബഹിഷ്കരണം തുടങ്ങിയപ്പോൾ ഈ സമരമുറകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു.
   മോത്തിലാൽ നെഹ്റു, സി ആർ ദാസ്,  വല്ലഭായ് പട്ടേൽ, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി , 
ടി പ്രകാശം , ആസഫ് അലി, സെയ്നുദീൻ കിച്ലു, പണ്ഡിറ്റ് നെഹ്റു തുടങ്ങിയവരെല്ലാം അഭിഭാഷക വൃത്തി ഉപേക്ഷിച്ചുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കാളികളായി. ഇന്ത്യൻ സിവിൽ സർവീസിലെ ഉന്നത ഉദ്യോഗം രാജിവെച്ച് സുഭാഷ് ചന്ദ്രബോസ്, കൽക്കത്തയിലെ സ്വദേശി കോളേജായ നാഷണൽ കോളേജിന്റെ പ്രിൻസിപ്പലായി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ക്ലാസ് ബഹിഷ്കരണത്തിൽ പങ്കെടുത്തത്.
  നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി രാജ്യത്തിൻറെ പലഭാഗങ്ങളിലും ദേശീയ വിദ്യാലയങ്ങളും കലാശാലകളും ഉയർന്നുവന്നു .കാശി വിദ്യാപീഠ്, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ നിലവിൽ വന്നത് ഈ ഘട്ടത്തിലാണ് .പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച കാശി വിദ്യാപീഠാണ് ഇപ്പോഴത്തെ ബനാറസ് സർവകലാശാലയായി വളർന്നത് .അലിഗഡിൽ തുടങ്ങിയ ജാമിയ മില്ലിയ ഇസ്ലാമിയ പിന്നീട് ഡൽഹിയിലേക്ക് മാറ്റി. ഡൽഹിയിലെ പ്രശസ്തമായ സർവകലാശാലയാണ് ഇപ്പോൾ ജാമിയ മില്ലിയ. ബീഹാറിലും ഒറീസയിലും ബംഗാളിലും ബോംബെയിലും യുപിയിലും സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ കാലഘട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
     വിദേശ വസ്ത്ര ബഹിഷ്കരണ പരിപാടിയും വൻ വിജയമായിരുന്നു. ബഹിഷ്കരണത്തിന്റെ ഭാഗമായി വിദേശ വസ്ത്രത്തിനുള്ള ഡിമാൻഡ് ഗണ്യമായി കുറഞ്ഞു. 
    മദ്യവർജ്ജനവും നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി ജനങ്ങൾ ഏറ്റെടുത്തിരുന്നു. കള്ളുഷാപ്പുകൾ പിക്കറ്റ് ചെയ്യുക തുടങ്ങിയ പരിപാടികൾ ഇതോടനുബന്ധിച്ച് നടന്നു. മദ്യപാനത്തിനെതിരായ സമരത്തിന്റെ ഫലമായി ഈ ഇനത്തിൽ ഗവൺമെന്റിന് ലഭിച്ച വരുമാനത്തിലും ഗണ്യമായ ഇടിവ് സംഭവിച്ചു.
     നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും കേരളത്തിലും സജീവമായിരുന്നു. ഗാന്ധിജി, ഖിലാഫത്ത് നേതാവായ മൗലാനാ ഷൗക്കത്തലിയുമൊത്ത് കേരളത്തിൽ വന്നു. ഗാന്ധിജിയും ഷൗക്കത്തലിയും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഹിന്ദു മുസ്ലിം മൈത്രിക്ക് വേണ്ടി പ്രസംഗിച്ചപ്പോൾ പതിനായിരങ്ങൾ ശ്രോതാക്കളായി എത്തിയിരുന്നു. ഇന്ത്യക്കാർ വ്യത്യസ്ത മതസ്ഥരെങ്കിലും നാം ഒരേ മാതൃഭൂമിയുടെ സന്തതികൾ ആണെന്നും നമ്മുടെ സുഖദുഃഖങ്ങൾ ഒന്നാണെന്നും നമ്മുടെ പ്രശ്നങ്ങൾ ഒന്നാണെന്നും ഇത് നേതാക്കളും ഉദ്ബോധിപ്പിച്ചു. അത്യാവേശത്തോടെയാണ് അന്ന് അവരുടെ പ്രഭാഷണങ്ങൾ ജനങ്ങൾ ശ്രദ്ധിച്ചത്.
    മലബാറിൽ അക്കാലത്ത്  ഖിലാഫത്ത് പ്രസ്ഥാനവും ശക്തമായിരുന്നു. വിശേഷിച്ചും കോഴിക്കോടിന് തെക്ക്, തെക്കേ മലബാറിൽ. ഏറനാട്, വള്ളു വനാട്, പൊന്നാനി ഭാഗങ്ങളിൽ. അവ  മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് പ്രസ്ഥാനവും ശക്തി പ്രാപിച്ചു.
    1921ൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഭാഗമായി കോഴിക്കോട്ട് ഒരു മഹായോഗം ചേരാൻ തീരുമാനിച്ചു .മദിരാശിയിലെ ഖിലാഫത്ത് നേതാവായിരുന്ന യാക്കൂബ് ഹസൻ ഈ യോഗത്തിൽ പ്രസംഗിക്കാൻ എത്തിയിരുന്നു. യോഗത്തിൽ പ്രസംഗിക്കേണ്ടവർ യു.ഗോപാലമേനോൻ,
 കെ മാധവൻ നായർ എന്നീ കോൺഗ്രസ് നേതാക്കളും, ഖിലാഫത്ത് നേതാവായ മൊയ്തീൻ കോയയും ആയിരുന്നു .യോഗം ആരംഭിച്ചപ്പോൾ, പ്രസംഗങ്ങൾ തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് വന്നു. ഉത്തരവ് ലംഘിച്ച് പ്രസംഗം തുടങ്ങി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. ഉത്തരവു ലംഘിച്ച നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. മലബാറിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരായിരുന്നു ഇവർ.
   ഇതേ വർഷം ഏപ്രിലിൽ 21ന് ഒറ്റപ്പാലത്ത് വെച്ച് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്നു. അഖിലകേരളാടിസ്ഥാനത്തിലുള്ള പ്രഥമ സമ്മേളനം ആയിരുന്നു ഇത്. കൊച്ചിയിൽ നിന്നും തിരുവിതാംകൂറിൽ നിന്നുമുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചു . ആന്ധ്രാകേസരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടി പ്രകാശമായിരുന്നു അധ്യക്ഷൻ .അഹിംസാ മാർഗ്ഗത്തിലൂടെ തികച്ചും ശാന്തവും ക്ഷമാപൂർണ്ണവുമായ നിലയിലായിരിക്കണം നിസ്സഹകരണ സമരങ്ങളെന്നും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർ മാത്രമേ സമരത്തിൽ പങ്കെടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു .സർവ്വമത സാഹോദര്യത്തിന്റെ മഹത്വവും അദ്ദേഹം എടുത്ത് പറഞ്ഞു.
     സമ്മേളനം നടന്നുകൊണ്ടിരിക്കെ, പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് ഒരു സംഘം പോലീസു കാരുമായി കുതിച്ചെത്തി. യാതൊരു മുന്നറിയിപ്പും കൂടാതെ യോഗം കയ്യേറി. മൃഗീയമായ കയ്യേറ്റമായിരുന്നു അത്. അത്ഭുതപൂർവ്വമായ ക്ഷമാശീലത്തോടെയാണ് സദസ്സ് പെരുമാറിയത്. അവർ മഹാത്മാഗാന്ധിക്ക്   ജയ് വിളിച്ചുകൊണ്ട് പോലീസിന്റെ പ്രഹരം നിസ്സംഗരായി ഏറ്റുവാങ്ങി.  
     എന്നാൽ മഞ്ചേരിയിൽ നടന്ന അഞ്ചാം സമ്മേളനം പതിവു പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. രാഷ്ട്രീയ രംഗത്ത് വന്നുകൊണ്ടിരുന്ന മാറ്റങ്ങളായിരുന്നു ഇതിന് കാരണം. സംഘടനയിലെ മിതവാദികളും തീവ്രവാദികളും തമ്മിലുണ്ടായ ഉരസൽ ഏറ്റവും കൂടുതൽ പ്രകടമായതും, അവർ ചേരിതിരിഞ്ഞ് പൊരുതിയതും മഞ്ചേരി സമ്മേളനത്തിൽ വച്ചായിരുന്നു. മൊണ്ടെഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെ പറ്റിയും , റൗലത്ത് കരിനിയമത്തെപറ്റിയും ചൂടേറിയ വാദപ്രതിവാദം നടന്നു. മൊണ്ടേഗു പരിഷ്കാരം ചില ഭേദഗതികളോടെ കോൺഗ്രസ് സ്വീകരിക്കണം എന്ന് അഭിപ്രായ ഗതിയായിരുന്നു സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ച ആനിബസന്റിനും മറ്റു ചിലർക്കും. അതിനായി ആനിബസന്റ് ഒരു പ്രമേയം കൊണ്ടുവന്നു. അവരെ സഹായിക്കാൻ മിതവാദികളായ ചിലരും തയ്യാറായി. മലബാറിലെ ചില ജന്മിമാരും മറ്റുമായിരുന്നു അവർ. ഒരു എതിർ പ്രമേയവുമായി കെ പി കേശവമേനോൻ തന്റെ അഭിപ്രായം തുറന്നടിച്ചു. ഒരു കാരണവശാലും ഭരണപരിഷ്കാരം സ്വീകരിക്കാൻ പാടില്ല എന്നതായിരുന്നു എതിർ പ്രമേയത്തിന്റെ ഉള്ളടക്കം. ഒടുവിൽ വോട്ടിനിടുകയും കേശവമേനോന്റെ  പ്രമേയം ഭൂരിപക്ഷം നേടുകയും ചെയ്തു. ഇതിൽ കുപിതയായ ആനി ബസന്റ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. വേറെ ചിലരും യോഗം ബഹിഷ്കരിച്ചു. ജന്മി വിഭാഗമായിരുന്നു ഇറങ്ങിപ്പോയവർ.
    കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക സംഭവമായിരുന്നു  ഇത്.
   അതിന്ശേഷമാണ് ആനിബസന്റ് തൻറെ രാഷ്ട്രീയ ജീവിതം മതിയാക്കിയതും അഡയാറിലെ തിയോസോഫിക്കൽ സ്ഥാപനത്തിൽ ഒരുങ്ങി കൂടിയതും. അന്ന് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിൻറെ നായകന്മാർ കെ കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ മൊയ്തു മൗലവി  തുടങ്ങിയവരായിരുന്നു.
 തയ്യാറാക്കിയത് പ്രസന്നകുമാരി.ജി

Monday, November 20, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 49. ഒരു പകരം വീട്ടൽ/adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

   49. ഒരു പകരം വീട്ടൽ.
      
 1919 ഏപ്രിൽ 13ആം തീയതി  ജാലിയൻവാലാബാഗിൽ നടന്ന മനുഷ്യക്കുരുതിക്ക് കാരണക്കാരനായ പഞ്ചാബ് ഗവർണർ മൈക്കിൾ  ഒ.ഡയറിനെ അദ്ദേഹത്തിൻറെ നാട്ടിൽ ചെന്ന് ഉദ്ദം സിംഗ് എന്ന ദേശസ്നേഹി വെടിവെച്ചു കൊല്ലുകയുണ്ടായി. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന് 20 വർഷത്തിനു ശേഷമാണ് ഉദ്ദംസിംഗിന് സന്ദർഭം ഒത്തു കിട്ടിയത്.
        ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ വെടിയേറ്റ് പിടയുന്ന ആൾക്കൂട്ടത്തിലായിരുന്നു ഉദ്ദംസിംഗ്. അദ്ദേഹത്തിനും പരിക്കു പറ്റിയിരുന്നു. എന്നാൽ അദ്ദേഹം രക്ഷപ്പെട്ടു. പക്ഷേ പലരെയും ഓടിപ്പിടിക്കുന്ന കൂട്ടത്തിൽ ഉദ്ദംസിംഗിനെയും പോലീസ് പിടിച്ചു .കുറ്റക്കാരൻ എന്ന നിലയിൽ അഞ്ചുകൊല്ലം തടവിലിട്ടു. കേസ് വാദിച്ചു നോക്കാൻ അവസരം ഉണ്ടായില്ല. റൗലത്ത് ആക്ട് പ്രകാരം അതിനുള്ള അവസരം പ്രതികൾക്ക് നിഷേധിച്ചിരുന്നു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്ദം സിംഗ് ദുരന്തത്തിനിടയാക്കിയ ഗവർണർ മൈക്കിൾ ഒ ഡയറെ  വധിക്കണമെന്ന് തീരുമാനിച്ചു . കൂട്ടക്കൊല നടന്ന് ദിവസങ്ങൾക്കുള്ളിൽ ഗവർണർപദവി ഉപേക്ഷിച്ചുകൊണ്ട്  ഡയർ ഇന്ത്യ വിട്ടു. 
    ഗവർണർ പദവി വിട്ട് ഇംഗ്ലണ്ടിലേക്ക് ചെന്ന ഡയറിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. യുദ്ധം ജയിച്ചു ചെല്ലുന്ന ഒരു പടനായകനെ എന്നതുപോലെ! പാരിതോഷികമായി 20,000 പവനും അദ്ദേഹത്തിന് ലഭിച്ചു .
      ഉദ്ദംസിംഗ് മുൻ ഗവർണറെയും തേടി ഇംഗ്ലണ്ടിൽ എത്തി. പോകുമ്പോൾ, ഇന്ത്യയിൽ നിന്നും തോക്കും ആവശ്യമായ വെടിയുണ്ടകളും അദ്ദേഹം കരുതിയിരുന്നു. ലണ്ടനിലേക്ക് കപ്പൽ കയറും മുമ്പ് മുൻ ഗവർണറുടെ ലണ്ടൻ വസതിയുടെ മേൽവിലാസം മനസ്സിലാക്കി വെച്ചിരുന്നു. എം ഒ ഡയർ, സണ്ണി ബേങ്ക്, കൾസ്റ്റൺ, സൗത്ത് ഡെ വോൺ.
      1940 മാർച്ച് 12. കിസിങ്ടണിലെ  വസതിയിൽ നിന്നും കുടുംബത്തോട് യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുകയായിരുന്നു ഡയർ. കാക്സ്റ്റൺ ഹാളിലേക്കാണ് യാത്ര. അവിടെ റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റിയും ഈസ്റ്റിന്ത്യാ അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ഒരു പൊതു ചടങ്ങ് നടക്കുകയാണ്. 'അഫ്ഗാനിസ്ഥാൻ പ്രശ്നങ്ങളെക്കുറിച്ച്' സംഘടിപ്പിച്ച ചർച്ചയിൽ വിഷയം അവതരിപ്പിക്കേണ്ടത് ഡയറായിരുന്നു.
    സെറ്റ്ലാൻ്റ് പ്രഭുവായിരുന്നു അധ്യക്ഷൻ. യോഗം തുടങ്ങുന്നതിന്  മിനിട്ടുകൾ മുമ്പ് അകത്തു കടന്ന് ശ്രോതാക്കളിൽ ഒരുവനായി ഉദ്ദംസിംഗും ഉപവിഷ്ടനായി. അധ്യക്ഷപീഠത്തിനടുത്ത് നാലാമത്തെയോ അഞ്ചാമത്തെയോ വരിയിൽ.  വൈകുന്നേരം കൃത്യം നാലരയ്ക്ക് യോഗം അവസാനിച്ചു.
     സദസ്യർ ഹാൾ വിട്ടു പുറത്തിറങ്ങിത്തുടങ്ങി. അപ്പോഴാണ് വർഷങ്ങളോളം കാത്തുനിന്ന ശേഷം തൻറെ ലക്ഷ്യസാധ്യത്തിനായി ഉദ്ദംസിംഗ് എളിയിലൊളിപ്പിച്ച തുരുമ്പുകയറിത്തുടങ്ങിയ കൈത്തോക്കെടുത്ത് തനിക്ക് അഭിമുഖമായി നടന്നു തുടങ്ങിയ ഇരയെ ഇത്തിരി മുന്നോട്ടാഞ്ഞുകൊണ്ട് അഞ്ചുതവണ തുടർച്ചയായി വെടിവെച്ചത്.
    ഉദ്ദംസിംഗിനെ   അവിടെ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കയ്യാമം വെച്ചു . മജിസ്ട്രേറ്റിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ഉദ്ദംസിംഗ്  മൗനിയായി നിന്നു. കോടതി നടപടികൾ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു.
       അടുത്തദിവസം കോടതിയിൽ എത്തിയപ്പോൾ ഉദ്ദം സിംഗ് പ്രസന്നവദനനായിരുന്നു. മജിസ്ട്രേറ്റ് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും യാതൊരു വളച്ചുകെട്ടും ഇല്ലാതെ മറുപടി പറഞ്ഞു. മജിസ്ട്രേറ്റ് പേരു ചോദിച്ചപ്പോൾ ഉദ്ദം സിംഗ് പറഞ്ഞത് തൻറെ പേര് റാം മുഹമ്മദ് സിംഗ് ആസാദ് എന്നായിരുന്നു. എന്നാൽ യഥാർത്ഥ നാമം മനസ്സിലായപ്പോൾ, എന്തിന് ഒരു കള്ളപ്പേര് സ്വീകരിച്ചു എന്ന് ന്യായാധിപൻ ചോദിച്ചു .അതിന് ഉദ്ദംസിംഗ് പറഞ്ഞ മറുപടി ഇതായിരുന്നു."ഇന്ത്യക്കാരായ ഞങ്ങൾ പേരിലൂടെ ജാതിയും മതവും വിളിച്ചറിയിക്കുന്ന സമ്പ്രദായക്കാരാണ്. എന്നാൽ അങ്ങനെ പാടില്ല എന്ന് എനിക്ക് തോന്നി. അതിനാൽ എൻറെ അച്ഛനമ്മമാർ എന്നോടാലോചിക്കുക പോലും ചെയ്യാതെ ചെയ്ത തെറ്റ് ഞാൻ തിരുത്തി."  തനിക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ പേര് മാറ്റത്തിൽ എന്ന് ഉദ്ദം സിംഗ് കോടതിയിൽ വെളിവാക്കി." ഈ ഞാൻ ഇവിടെ എത്തിയിരിക്കുന്നത് ഉദ്ദംസിംഗ് എന്ന സിക്കുകാരനായല്ല. എൻറെ നാട്ടിലെ വിവിധ മതസ്ഥർ അടങ്ങുന്ന ജനകോടികളെ പ്രതിനിധീകരിച്ചു കൊണ്ടാണ്. 
   റാം എന്ന ഹിന്ദു, മുഹമ്മദ് എന്ന മുസ്ലിം, സിംഗ് എന്ന സിക്കുകാരൻ, ആസാദ് എന്നാൽ സ്വാതന്ത്ര്യം!". 
      ലണ്ടനിലെ ഓൾഡ്ബെയ്ലി സെൻട്രൽ  ക്രിമിനൽ കോർട്ട്  ഉദ്ദം സിംഗിന് വധശിക്ഷ വിധിച്ചു. 1940 ജൂൺ 12ന് റാം മുഹമ്മദ് സിംഗ് ആസാദ്  എന്ന ഉദ്ദംസിംഗ്  തൂക്കിലേറ്റപ്പെട്ടു.
     സ്വതന്ത്ര ഭാരതം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഉദ്ദം സിംഗിന്റെ ഭൗതികാവശിഷ്ടങ്ങൾ ദേശീയ ബഹുമതിയോടെ ഇന്ത്യയിൽ കൊണ്ടുവന്ന് ജന്മദേശത്ത് സംസ്കരിച്ചത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി

Sunday, November 19, 2023

അധ്യാപകക്കൂട്ടം എൽ.എസ്. എസ്. പഠന സഹായി LSS:-Points to remember. /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്. എസ്. പഠന സഹായി

LSS:-Points to remember.

1. Frog is an amphibian.

2.Air, water, soil and sunlight are abiotic factors.

3.Goliyath frog is the largest frog in the world.

4.The network like venation in leaves is called reticulate venation.

5.The parallel arrangement of veins in leaves is called parallel venation.

6.Radicle will become the root of the plant.

7.Plumule becomes the stem of the plant.

8.The inner part of the stem of dicot plants is harder than the outerpart.

9. Plants with taproot system have reticulate venation and dicots.

10. Plants with fibrous root system have parallel venation and monocots.


Prepared by:-

Ramesh. P
GUPS KIZHAYUR.

നവംബർ-20 വാഗൺ ട്രാജഡി ദിനം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

നവംബർ-20 വാഗൺ ട്രാജഡി ദിനം

ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെയും ജന്മിത്വത്തിനെതിരെയും പോരാടിയ മലബാറിലെ ദേശാഭിമാനികളായ മാപ്പിളമാരുടെ കഥ.......
പ്രാണവായു ലഭിക്കാതെ ഇരുമ്പു വാഗണിൽ  ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ കദനകഥ ......

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ മുക്കം
അവതരണം: കെ.വി.പ്രസാദ്, മുക്കം.






അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 48 .ജാലിയൻവാലാബാഗ്. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

48 .ജാലിയൻവാലാബാഗ്.

      ഒരു യുദ്ധത്തിന്റെ പ്രതീതി ഉളവാക്കിക്കൊണ്ട് പഞ്ചാബിൽ പലയിടത്തും പോലീസ്സും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടി. തെരുവുയുദ്ധം നടന്നു. പഞ്ചാബിലെ അന്നത്തെ ഗവർണർ ഒ.ഡയർ ആയിരുന്നു. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുരടനായിരുന്നു ഗവർണർ ഡയർ അയാളുടെ നയ വൈകല്യം കാരണമാണ് പ്രക്ഷോഭം കലാപപൂരിതമായത്. പോലീസിന് സകല ദു:സ്വാതന്ത്ര്യവും നൽകിയിരുന്നു ഗവർണർ. പഞ്ചാബിലെ ജനങ്ങളെ ഇളക്കിവിടുന്നത് അവിടുത്തെ കോൺഗ്രസ് നേതാക്കളായ ഡോക്ടർ സെയ്ഫുദ്ദീൻ കിച്ലുവും ഡോക്ടർ സത്യപാലുമാണെന്ന് അദ്ദേഹം ധരിച്ചു. അവരെ അറസ്റ്റ് ചെയ്തു ജയിലിലിട്ടാൽ ലഹള ഒതുങ്ങിക്കൊള്ളുമെന്ന് ഗവർണർ കരുതി. പൊതുപ്രവർത്തകരെന്ന നിലയിൽ പഞ്ചാബുകാരുടെ കണ്ണിലുണ്ണികളായിരുന്നു അവർ. കോൺഗ്രസിന്റെ അടുത്ത സമ്മേളനം അമൃതസറിലാണ് നടത്തുന്നത്. അതിൻറെ പ്രവർത്തനവുമായി നടക്കുകയായിരുന്നു അവർ .അതിനിടയിലാണ് ഗവർണറുടെ നിർദ്ദേശപ്രകാരം രണ്ടുപേരെയും അമൃതസർ ജില്ലാ മജിസ്ട്രേറ്റ് അദ്ദേഹത്തിൻറെ ബംഗ്ലാവിലേക്ക് വിളിപ്പിച്ചത്. അവർ പിന്നെ തിരിച്ചുവന്നില്ല. രണ്ടുപേരെയും പോലീസ് വാഹനത്തിൽ കയറ്റി ഏതോ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. ഈ വാർത്ത നിമിഷനേരം കൊണ്ട് നഗരത്തിലെങ്ങും കാട്ടുതീ പോലെ പരന്നു. മജിസ്ട്രേറ്റിന്റെ ബംഗ്ലാവിനു മുമ്പിൽ ജനം തടിച്ചുകൂടി. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ വിട്ടുകിട്ടാൻ അവർ ബഹളം വെച്ചു. പോലീസ് ജനങ്ങളെ വിരട്ടിയോടിച്ചു. ഓടുന്ന വഴി ജനങ്ങൾ നഗരത്തിലെ നാഷണൽ ബാങ്കിന് തീ വെച്ചു. ബാങ്കിലെ വെള്ളക്കാരനായ ഉദ്യോഗസ്ഥ നെ കൊലപ്പെടുത്തി. ഈ അക്രമത്തിനിടയിൽ റോഡിൽ നടന്നു പോവുകയായിരുന്നു വേറെ അഞ്ച് യൂറോപ്യൻമാരെയും കലാപകാരികൾ വധിച്ചു.
    പഞ്ചാബിലെ സംഭവങ്ങൾ അറിഞ്ഞ ഗാന്ധിജി ബോംബെയിൽ നിന്നും പുറപ്പെട്ടു. ബോംബെ വിട്ടു പോകാൻ പാടില്ലെന്ന് നിരോധനം ഉണ്ടായിട്ടും ഗാന്ധിജി അത് വകവയ്ക്കാതെയാണ് പുറപ്പെട്ടത് .പോലീസ് തടഞ്ഞില്ല എന്നാൽ പഞ്ചാബിന്റെ അതിർത്തിയിൽ എത്തിയപ്പോൾ പോലീസ് അദ്ദേഹത്തെ പഞ്ചാബിൽ കടക്കാൻ സമ്മതിച്ചില്ല. താൻ പോകുന്നത് ലഹള ശമിപ്പിക്കാൻ ആണെന്ന് വാദിച്ചു നോക്കിയെങ്കിലും ഗാന്ധിജിയെ പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. അടുത്ത റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി തീവണ്ടിമാർഗ്ഗം ബോംബെയിലേക്ക് തിരികെ അയച്ചു. 
   ഇതും പഞ്ചാബ് ജനങ്ങളുടെ വ്രണത്തിൽ വാരി വിതറിയ ഉപ്പായിത്തീർന്നു .പക്ഷെ ലഹള പോലീസും പട്ടാളവും ചേർന്ന് തൽക്കാലം മർദ്ദിച്ചൊതുക്കി.
   എന്നാൽ, സത്യപാലിനെയും കിച്ലുവിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ വീണ്ടും രംഗത്തെത്തി .പൊതു ഹർത്താൽ ആചരിച്ചു. പട്ടാളത്തെ വീണ്ടും വിളിക്കത്തക്കവണ്ണം സ്ഥിതി മോശമായി. പട്ടാളം വന്നു .ഹർത്താൽ സംരംഭം മർദ്ദിച്ചൊതുക്കി. പതിനൊന്നാം തീയതിയായിരുന്നു ഈ സംഭവം. 1919 ഏപ്രിൽ 12ആം തീയതി ഗവൺമെൻറ് ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുയോഗം ചേരുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചു. പക്ഷേ അക്കാര്യം ആരും അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ പതിമൂന്നാം തീയതി ഹിന്ദുക്കളുടെ നവവത്സര ദിനമായ വൈശാഖപൗർണമി നാളിൽ തങ്ങളുടെ പതിവ് വാർഷികാഘോഷത്തിൽ പങ്കുചേരാൻ ആബാലവൃദ്ധം അമൃതസറിലെ ജാലിയൻവാലാബാഗിൽ തിങ്ങിക്കൂടുമായിരുന്നില്ല.
    ഗവർണർ ഡയറും സ്വഭാവം കൊണ്ടും പേരുകൊണ്ടും ഗവർണർ ഡയറിനോട് സാദൃശ്യമുള്ള ബൃഗേഡിയർ ഡയറും ചേർന്ന് ഗൂഢാലോചന നടത്തി , പഞ്ചാബിലെ ജനങ്ങളെ ആകാവുന്നത്ര കൊന്നുമുടിക്കാൻ പരിപാടിയിട്ടു. അതാണ് നിരോധന ഉത്തരവിന്റെ കാര്യം പരസ്യമായി പറയാതിരുന്നത്.
     നാലുവശവും മതിലുകളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്താണ് അന്ന് സമ്മേളനം നടന്നത്. ഏപ്രിൽ 13ന്. ഒരു പ്രവേശനമാർഗ്ഗമേ അതിനുണ്ടായിരുന്നുള്ളൂ. ഉന്തിക്കൊണ്ട് പോകാവുന്ന ഒരു കൈവണ്ടി പോലും കടത്താൻ പറ്റാത്ത മട്ടിൽ ഇടുങ്ങിയതായിരുന്നു ആ വഴി.
       തലേന്നാൾ വരെ കലാപവും ലഹളയും നടന്ന അമൃതസർ അന്ന് തികച്ചും ശാന്തം. പെട്ടെന്ന് മുഖച്ഛായ തെളിഞ്ഞതു പോലെ എങ്ങും ഉത്സാഹത്തെളിച്ചം.
 ജനങ്ങൾ വിശാലമായ മതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി. മൈതാനത്ത് ആള് നിറഞ്ഞപ്പോൾ നഗരിയിലേക്കുള്ള ഒരേയൊരു പ്രവേശനമാർഗ്ഗം പട്ടാളക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. അവരുടെ തലവനായി ബ്രിഗേഡിയർ  ഡയറും വന്നുനിൽപ്പുണ്ടായിരുന്നു. അകത്തു കടത്താൻ കഴിയാത്ത മട്ടിൽ ഒരു പീരങ്കി വണ്ടിയും വാതിൽക്കൽ നിർത്തിയിട്ടിരുന്നു. എന്നാൽ ഇതൊന്നും മതിൽക്കെട്ടിനകത്തുള്ളവർ അറിഞ്ഞിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവൻ പ്രസംഗവേദിയിലായിരുന്നു.
    പെട്ടെന്നാണ് എല്ലാം സംഭവിച്ചത് . വെടിമരുന്നുശാലയ്ക്ക് തീ പിടിച്ചതുപോലെ, ഇടിമിന്നൽ കണക്കെ, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കഴിയാതെ പ്രസംഗം ശ്രദ്ധിച്ചിരുന്നവർ പരക്കം പാഞ്ഞു .പുറത്തേക്ക് കടക്കാൻ വഴിയില്ലാഞ്ഞ് അന്യോന്യം തട്ടി വീഴുകയും ചവിട്ടി മെതിക്കപ്പെടുകയും ചെയ്തു. 10 മിനിറ്റ് നേരം ഇതേ വെപ്രാളം. പൊട്ടലും ചീറ്റലും നിലച്ചു. നിറയെ പുകപടലവും ആർത്തനാദവും കൂട്ടനിലവിളിയും.
      ബ്രിഗേഡിയർ ഡയർ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ 1600 വട്ടം വെടിയുതിർത്തു എന്നായിരുന്നു കണക്ക്. വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം സർക്കാർ കണക്കിൽ വെറും നാനൂറും. സത്യത്തിൽ ആയിരത്തിൽപരം ആളുകൾ വെടിയുണ്ടയേറ്റു മരിച്ചിരുന്നു .മുറിവേറ്റവർ അതിലേറെയായിരുന്നു. അവർ ചോര വാർന്നും ഒരു തുള്ളി ദാഹജലം പോലും കിട്ടാതെയും രാത്രി മുഴുവൻ അനാഥ പ്രേതങ്ങൾ കണക്കെ വീണു കിടന്നു. അവർക്ക് കർശനമായ കാവലും ഏർപ്പെടുത്തിയിരുന്നു. ശുശ്രൂഷിക്കാനും ദാഹജലം നൽകാനും ഓടിക്കൂടി എത്തിയവരെ ആട്ടിപ്പായിക്കാനാണ് ബ്രിഗേഡിയർ ഡയർ ഈ ക്രൂരകൃത്യം ചെയ്തത്.
      മരിച്ചവരെയും ബോധരഹിതരായവരെയും മൃതപ്രായരായവരേയും എടുത്തുകൊണ്ടു പോകാനോ ശുശ്രൂഷിക്കാനോ ദാഹജലം കൊടുക്കാനോ പട്ടാളം അനുവദിച്ചിരുന്നില്ല. മുതിർന്നവരുടെയും കുട്ടികളുടെയും ജഡങ്ങള്‍ കൂടുതലും പ്രവേശന കവാടത്തിന് അടുത്തായിരുന്നു. വെടിയുണ്ടയേറ്റു പിടയുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതാവാം അതിനു കാരണം എന്ന് ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ പറയുന്നു. ചില ശിരസ്സുകൾ ആരുടേതെന്ന് മനസ്സിലാക്കാൻ വയ്യാത്ത വിധത്തിൽ ഉടലറ്റും, രക്തത്തിൽ കുളിച്ചും കിടന്നിരുന്നു. ഇതുപോലെ അനാഥമായ കൈകാലുകളും കബന്ധങ്ങളും ധാരാളമുണ്ടായിരുന്നു.
    ബ്രിഗേഡിയറുടെ സംഹാരതാണ്ഡവം അവിടംകൊണ്ട് അവസാനിച്ചില്ല. അമൃതസറിലേക്കുള്ള വെള്ളവും വെളിച്ചവും അന്നു നിർത്തലാക്കി. പിറ്റേന്ന് മുതൽ നഗരത്തിലൂടെ കടന്നുപോകുന്ന എല്ലാ ഇന്ത്യക്കാരെയും തടഞ്ഞുനിർത്തി, കമിഴ്ന്നു കിടന്നുകൊണ്ട് നെഞ്ചുരസി ഇഴഞ്ഞുപോയിക്കൊള്ളാൻ ആജ്ഞാപിച്ചു. പഞ്ചാബ് ഗവർണറായ മൈക്കിൾ  ഒ.ഡയർ തൻറെ വിശ്വസ്ത സുഹൃത്തായ ബ്രിഗേഡിയറെ അയാളുടെ കൃത്യനിർവഹണ നിഷ്ഠയിൽ അഭിനന്ദിച്ചുകൊണ്ട് കുറിമാനം അയച്ചിരുന്നത്രേ. ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്ത ബ്രീഗേഡിയർ ഡയറിനെ ഒരു അന്വേഷണ കമ്മീഷൻ വിചാരണ നടത്തിയിരുന്നു. വിചാരണയ്ക്കിടയിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് കൊടുത്ത മറുപടി മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന രീതിയിലായിരുന്നു .ഒരു ചോദ്യത്തിന് പറഞ്ഞ മറുപടി ഇതായിരുന്നു ,"ഞാൻ വെടി നിർത്തിയത് കരുതിയിരുന്ന വെടിയുണ്ടകൾ തീർന്നു പോയതുകൊണ്ടാണ്"
    കമ്മീഷന്റെ മറ്റൊരു ചോദ്യം :പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ തോന്നിയില്ലേ?
 മറുപടി :"യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നത് എൻറെ ജോലിയല്ല."
     അന്നു രാത്രി മുതൽ അമൃതസറിന്റെ ഭരണം പട്ടാളം ഏറ്റെടുത്തു.
         ജാലിയൻവാലാബാഗ് സംഭവത്തിനുശേഷം ഉണ്ടായ ജനരോഷത്തെ അമർത്താൻ സിവിലിയൻ ഉദ്യോഗസ്ഥന്മാർക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ ഗവർണർ ഭരണം മിലിട്ടറിയെ ഏൽപ്പിക്കുകയാണുണ്ടായത്. തുടർന്ന് പട്ടാളം നാട്ടിലെങ്ങും മനുഷ്യ വേട്ട തുടങ്ങി. ഗ്രാമങ്ങളിൽ പോലും യന്ത്രത്തോക്ക് സ്ഥാപിച്ചാണ് കലാപകാരികൾക്ക് നേരെ വെടിയുണ്ട വർഷിച്ചത്. സംഗതി നിയന്ത്രണാതീതമായപ്പോൾ പഞ്ചാബും മറ്റു സംസ്ഥാനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചു. വാർത്താമാധ്യമങ്ങൾ തമ്മിലുള്ള ബന്ധം പൂർണമായും ഇല്ലാതാക്കി. അതോടെ അവിടെ നടക്കുന്നത് എന്തെന്ന് പുറംലോകത്ത് അറിയാൻ കഴിഞ്ഞില്ല .രഹസ്യമായി ചോർന്നു കിട്ടുന്ന സംഭവങ്ങളിലൂടെ മാത്രമാണ് നേതാക്കൾ പോലും കാര്യങ്ങൾ അറിഞ്ഞത്. അങ്ങനെ ചോർന്നു കിട്ടിയ പല വിവരങ്ങളും സംഭ്രമജനകമായിരുന്നു. ഒരു ഗ്രാമമായ കസൂറിൽ അതിക്രമിയായ ഒരു പട്ടാളത്തലവൻ നൂറോ,നൂറ്റിയിരുപതോ ആളുകളെ പിടിച്ചിടാൻ തക്ക വലിപ്പമുള്ള ഒരു അഴിക്കൂട് ഉണ്ടാക്കി. അതിൽ കുറെ ഗ്രാമീണരെ അടച്ചുപൂട്ടി റോഡരികിൽ പ്രദർശനത്തിന് വച്ചു. കേണൽ ജോൺസൺ എന്ന മറ്റൊരു ഭ്രാന്തൻ പട്ടാള മേധാവി ഒരു ഹിന്ദുവിനെ ഒരു മുസൽമാൻ എന്ന കണക്കിൽ കയ്യാമം വെച്ചുകൊണ്ട് ഒരു ഘോഷയാത്ര സംഘടിപ്പിച്ചു. ഹിന്ദുവും മുസൽമാനും സംഘടിച്ചാൽ ഉണ്ടാകാവുന്ന വിന കാണിക്കാനായിരുന്നു ഈ പ്രകടനം. മറ്റൊരു പട്ടാളമേധാവി ഏപ്രിൽ മാസത്തെ കത്തുന്ന ചൂടിൽ ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും ആട്ടിൻപറ്റം കണക്കെ തെളിച്ചുകൊണ്ടു പോവുകയും ഇരുമ്പു വേലിയിൽ കെട്ടി തളച്ചിടുകയും ചെയ്തു. വിവാഹ പാർട്ടിയെ തടഞ്ഞുനിറുത്തി വധൂവരന്മാരെ കയറുകൊണ്ട് വഴിയിലുള്ള മരത്തിൽ ബന്ധിക്കുകയും മറ്റുള്ളവരെ ചാട്ടവാർ കൊണ്ട് പൊതിരെ തല്ലി പരിക്കേൽപ്പിക്കുകയും ചെയ്തു. ഗ്രാമ വിദ്യാലയങ്ങൾക്ക് മുമ്പിൽ കൊടിമരം നാട്ടി, ബ്രിട്ടീഷ് പതാക കെട്ടി, മൂന്ന് നേരം സലാം വെപ്പിക്കുകയും എല്ലാവരെയും കൊണ്ട് 'ഇത് എൻറെ പതാക, ഇംഗ്ലണ്ടിൽ ഉള്ളത് എൻറെ രാജാവ്, രാജാവിനെതിരെ ഞാൻ ഒന്നും ചെയ്യാൻ പാടില്ല' എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. അധ്യാപകർ കുട്ടികൾക്ക് ഈ സത്യ വാചകം ചൊല്ലിക്കൊടുക്കാൻ ഏർപ്പാടുണ്ടാക്കി.
    പലയിടത്തും മുക്കാലികൾ സ്ഥാപിച്ചുകൊണ്ട് വഴിയാത്ര പോകുന്ന ഇന്ത്യക്കാരെ അതിനോട് ചേർത്തു കെട്ടിയിട്ട് അടിശിക്ഷ നൽകാൻ കുതിരച്ചമ്മട്ടിയുമായി പട്ടാളക്കാരെ നിയോഗിച്ചു. കണ്ണിൽ കണ്ടവരെ പിടിച്ചുകൊണ്ടുവന്ന് പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അമ്പത്തിരണ്ടുപേരെ ഇങ്ങനെ കൊന്നു എന്നാണ് ഔദ്യോഗികരേഖകൾ നൽകിയ കണക്ക്.
   എന്നാൽ ഇത്തരം അതിക്രമങ്ങളെ കയ്യുംകെട്ടി നോക്കി നിൽക്കുന്നവരായിരുന്നില്ല പഞ്ചാബികൾ. അവർക്ക് പ്രതിരോധിക്കാനും പൊരുതാനും അറിയാമായിരുന്നു. തന്റേടത്തോടെ അവർ അതു നിർവഹിക്കുകയും ചെയ്തു. അവരുടെ ശൗര്യത്തിനു മുമ്പിൽ ഇംഗ്ലീഷുകാരായ സാധാരണക്കാർ (ബംഗ്ലാവുകളിലും ഫ്ലാറ്റുകളിലും മറ്റും കുടുംബവുമായി കഴിഞ്ഞു കൂടിയവർ) എലികളെപ്പോലെ വിറച്ചു നിന്നു. അവർ ഭീരുത്വം മൂലം പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ ധൈര്യപ്പെടാതെ വീട്ടിനകത്ത് ഒളിച്ചിരുന്നു. 'ഞങ്ങളുടെ മണ്ണിൽ ഞങ്ങൾക്ക് സ്വൈര്യമില്ലെങ്കിൽ നിങ്ങൾക്കും വേണ്ട' എന്ന ശൈലിയിൽ ജനങ്ങൾ പെരുമാറി. അന്യദേശങ്ങളിലേക്ക് പോകാനും വരാനുമുള്ള തീവണ്ടി നിറുത്തലാക്കിയപ്പോൾ, തീവണ്ടി ഇല്ലെങ്കിൽ തീവണ്ടി ആപ്പീസ് എന്തിന് എന്ന രീതിയിൽ നിരവധി റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി.
   ഈ ദുർഘടം പിടിച്ച കാലം ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് സഹിക്കേണ്ടിവന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു. എല്ലാം അവസാനിച്ചപ്പോൾ ഇന്ത്യക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങി ബ്രിട്ടീഷ് ഗവൺമെൻറ് ഒരു അന്വേഷണക്കമ്മീഷനെ നിയമിച്ചു. ഹണ്ടർ കമ്മീഷൻ. കമ്മീഷൻ നടത്തിയ അന്വേഷണം സ്വാഭാവികമായും ഒരു കാട്ടിക്കൂട്ടൽ മാത്രമായിരുന്നു. ഇത്തിരിയെങ്കിലും സത്യം പുറത്തുകൊണ്ടുവന്നത് ഇന്ത്യക്കാർ നടത്തിയ അന്വേഷണമായിരുന്നു. ഗാന്ധിജി, മോത്തിലാൽ നെഹ്റു, ചിത്തരഞ്ജൻ ദാസ്, അബ്ബാസ്തയാബ്ജി, ഫസുൽ ഹക്ക് , സന്താനം തുടങ്ങിയ നേതാക്കൾ അടങ്ങിയതായിരുന്നു ആ കമ്മറ്റി.
    സ്വാതന്ത്ര്യലബ്ധിക്കുശേഷം ജാലിയൻവാലാബാഗിൽ ഒരു രക്തസാക്ഷി മണ്ഡപം പടുത്തുയർത്തി. അതൊരു പൂന്തോട്ടമാക്കി മാറ്റി. ഒടുവിൽ ഒരു രക്തസാക്ഷി സ്മാരകം പണിതു. അന്നത്തെ ചുറ്റുമതിലുകളും, മതിലിൽ അന്നു ലക്ഷ്യം തെറ്റി പാഞ്ഞ വെടിയുണ്ടകൾ നിർമ്മിച്ച പാടുകളും മായാതെ, നിത്യ സ്മാരകങ്ങളായി സൂക്ഷിക്കപ്പെട്ടു. പഞ്ചാബിലെ കൂട്ടക്കൊലയും പട്ടാളനിയമം പ്രഖ്യാപിച്ചുകൊണ്ട് അവിടെ നടത്തിയ കൊടിയ മർദ്ദനങ്ങളും, അഹമ്മദാബാദും കൽക്കത്തയും ഉൾപ്പെടെ പല നഗരങ്ങളിലും പോലീസും പട്ടാളവും നടത്തിയ അതിക്രമങ്ങളും രാജ്യവ്യാപകമായി അമർഷം വളർത്തി. മഹാകവി രവീന്ദ്രനാഥ ടാഗോർ , ബ്രിട്ടീഷ് ഗവൺമെൻറ് നൽകിയ ബഹുമതി തിരിച്ചു നൽകിയ നടപടി ജനങ്ങളുടെ വികാരത്തിൻറെ പ്രതിഫലനമായിരുന്നു. 1919 മെയ് 30ന് ടാഗോർ തനിക്ക് ലഭിച്ച ബഹുമതികളെല്ലാം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. 'ഇന്ത്യക്കാരെ അപമാനിക്കുകയും അവരോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോൾ ബഹുമതി മുദ്രകൾ ലജ്ജിപ്പിക്കുന്നവയാണെന്ന്'  ടാഗോർ പറഞ്ഞു. ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരമായ മർദ്ദനവും രാജ്യത്തിൻറെ പല ഭാഗങ്ങളിലും അരങ്ങേറിയ ആക്രമങ്ങളും കണ്ട് സത്യാഗ്രഹ സമരം പിൻവലിക്കുന്നതായി ഗാന്ധിജി പ്രഖ്യാപിച്ചു.

തയ്യാറാക്കിയത്:  പ്രസന്നകുമാരീ.ജീ.

Saturday, November 18, 2023

മൊണ്ടെഗു- ചെംസ്ഫോർഡ് ഭരണപരിഷ്കാരം/ adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

47 .മൊണ്ടെഗു- ചെംസ്ഫോർഡ് ഭരണപരിഷ്കാരം 
      1917 ൽ ബ്രിട്ടീഷ് പാർലമെൻറിലെ വിദേശകാര്യ സെക്രട്ടറിയായിരുന്ന എഡ്വിൻ മൊണ്ടെഗു  പൊതുസഭയിൽ ഇന്ത്യയെക്കുറിച്ച് ഒരു പ്രസ്താവന നടത്തി.
    'ഇംഗ്ലണ്ട് ജനായത്ത ഭരണസമ്പ്രദായമുള്ള രാജ്യമാണ് .ജനായത്തം സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ് ബ്രിട്ടൻ യുദ്ധരംഗത്ത് പൊരുതുന്നതും. ആ നിലയിൽ, നമ്മോട് സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയോട് നമുക്ക് ഇനി പീഡനനയമല്ല വേണ്ടത്. ഇന്ത്യയെ ക്രമേണ സ്വയംഭരണത്തിലേക്ക് നയിക്കണം. ഇതാണ് ഇനിയുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നയം.'
 മൊണ്ടെഗുവിന്റെ ഈ പ്രസ്താവന ആവേശത്തോടെയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇന്ത്യക്കാർക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാൻ പോകുന്നു എന്ന് കരുതി. ഉടൻ മൊണ്ടെഗു ഇന്ത്യാ സെക്രട്ടറിയായി ഇവിടെ വന്നു. ഇന്ത്യയിൽ എത്തിയ ഉടനെ അദ്ദേഹം പല നേതാക്കളുമായും ചർച്ച നടത്തി. താൻ നടത്താൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. മിതവാദികളായ സുരേന്ദ്രനാഥ് ബാനർജിയെയും മറ്റും പ്രത്യേകം കണ്ടു. ഇതിൽ അവർക്ക് ഏറെ കൃതാർത്ഥത തോന്നി. ഇത് ഭരണഘടനാപരമായ തങ്ങളുടെ നീക്കത്തിന്റെ വിജയമാണെന്ന് അവർ കരുതി.
    വൈസ്രോയിയായിരുന്ന ചെംസ് ഫോർഡിന്റെ സഹായത്തോടെ മൊണ്ടെഗു ഇന്ത്യയ്ക്ക് വേണ്ടി ഒരു പുതിയ ഭരണപരിഷ്കാര വ്യവസ്ഥയുണ്ടാക്കി. 'മൊണ്ടെഗു- ചെംസ്ഫോർഡ് റിഫോംസ്. വളരെ പ്രതീക്ഷയോടെ ഇന്ത്യക്കാർ കാത്തിരുന്ന ഈ ഭരണപരിഷ്കാരവ്യവസ്ഥ 1918 ജൂലൈ എട്ടിന് നിയമമായി വന്നു. രാഷ്ട്രീയ ബോധമുള്ള ആരെയും നിരാശരാക്കുന്നതായിരുന്നു അതിൽ നിർദ്ദേശിക്കപ്പെട്ട ഭരണപരിഷ്കാരങ്ങൾ .
     ഇത് ഒരു ഇരട്ട ഭരണ സമ്പ്രദായ പദ്ധതിയായിരുന്നു. ഗവർണർ ജനറലിനും അദ്ദേഹത്തിൻറെ നിർവഹണ കൗൺസിലിനും ആയിരുന്നു പരമാധികാരം.
    പോലീസ് പൊതുഭരണം തുടങ്ങിയ വകുപ്പുകൾ ഒക്കെ അവരുടെ കൈകളിൽ. ആരോഗ്യപരിപാലനം തുടങ്ങിയ അപ്രധാന വകുപ്പുകൾ മാത്രം ഇന്ത്യക്കാരന്.
    ഇന്ത്യക്കാരെ വിഡ്ഢികളാക്കുന്ന ഈ ഭരണപരിഷ്കാരത്തിന് നേരെയുള്ള അമർഷം പ്രകടമാക്കാൻ ആ വർഷം ആഗസ്റ്റിൽ കോൺഗ്രസിന്റെ ഒരു പ്രത്യേക സമ്മേളനം ബോംബെയിൽ വിളിച്ചുകൂട്ടി .ഹസ്സൻ ഇമാം സാഹിബിന്റെ അധ്യക്ഷതയിൽ നാലായിരത്തോളം പ്രതിനിധികൾ സംബന്ധിച്ച ഒരു മഹായോഗമായിരുന്നു അത്. എന്നാൽ മിതവാദികളായ കോൺഗ്രസുകാർ സുരേന്ദ്രനാഥ ബാനർജിയുടെ നേതൃത്വത്തിൽ യോഗം ബഹിഷ്കരിച്ചു .അവരെ പാർട്ടി അച്ചടക്കത്തിന്റെ പേരിൽ പുറത്താക്കി. പുറത്താക്കപ്പെട്ടവർ ഒരു ബദൽ സംഘടന രൂപീകരിച്ചു 'നാഷണൽ ലിബറേഷൻ ഫെഡറേഷൻ' എന്ന പേരിൽ . പക്ഷേ പറന്നുയര്‍ന്നു തുടങ്ങും മുമ്പ് ചിറകു തളർന്നു വീണ വർഷശലഭം പോലെ ആ സംഘടന നിലം പതിച്ചു.
 
വാഗ്ദാന ലംഘനവും കരി നിയമവും. 
 
   ഒന്നാം ലോക യുദ്ധത്തിൽ ബ്രിട്ടൻ ഉൾപ്പെടുന്ന സഖ്യകക്ഷികൾ വിജയിച്ചെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വകയൊന്നും ഇല്ലായിരുന്നു. യുദ്ധകാലത്ത് ഇന്ത്യക്കാരുടെ പിന്തുണ നേടാൻ വേണ്ടി നൽകിയ വാഗ്ദാനങ്ങൾ ഒന്നും ബ്രിട്ടൻ പാലിച്ചില്ല. യുദ്ധത്തിൻറെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കി. ഇതെല്ലാം കാരണം ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പിന് ശക്തി ഏറി വരികയാണെന്ന് ഭരണാധികാരികൾ മനസ്സിലാക്കി. ഇത് നേരിടാൻ അവർ പുതിയ തന്ത്രങ്ങൾ മെനയാൻ തുടങ്ങി. 
      ബ്രിട്ടീഷ് ഭരണാധികാരികളിൽ ആശങ്ക വളരാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവം ആയിരുന്നു അത് .1917 നവംബർ ഏഴിന് റഷ്യയിൽ തൊഴിലാളികളുടെയും കൃഷിക്കാരുടെയും രാഷ്ട്രീയപാർട്ടി അധികാരം പിടിച്ചെടുത്തു. സാർ ചക്രവർത്തിയുടെ വാഴ്ചയ്ക്ക് അന്ത്യം കുറിച്ചു. ലോകമെമ്പാടും ഈ വിപ്ലവം പ്രതികരണങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. തൊഴിലാളികൾക്കും കൃഷിക്കാർക്കും ഭരണത്തിൽ എത്താൻ കഴിയുമെന്ന് ആ വിപ്ലവം തെളിയിച്ചു. വിപ്ലവത്തിന് നേതൃത്വം നൽകിയ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും (ബോൾഷെവിക് പാർട്ടി) അതിന്റെ നേതാവ് ലെനിനും നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ ജനങ്ങളിൽ പുതിയ പ്രതീക്ഷകൾ സൃഷ്ടിച്ചു. സമാധാനം, ഭൂമി , അപ്പം എന്നിവയായിരുന്നു ഒക്ടോബർ വിപ്ലവത്തിന്റെ സന്ദേശം. യുദ്ധം അവസാനിപ്പിക്കാൻ പുതിയ റഷ്യൻ ഭരണം നടപടി സ്വീകരിച്ചു. ഭൂമിയുടെ ഉടമാവകാശം കൃഷി ചെയ്യുന്ന കർഷകർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു.
     റഷ്യൻ വിപ്ലവത്തെ ഇന്ത്യൻ ദേശീയ നേതാക്ക ന്മാർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. സാധാരണ ജനങ്ങളെ ഈ സംഭവവികാസങ്ങൾ സ്വാധീനിക്കുമെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ ന്യായമായും സംശയിച്ചു. ജനങ്ങളുടെ മുന്നേറ്റത്തിന് കളം ഒരുങ്ങി വരികയാണെന്ന് മനസ്സിലാക്കിയാണ് പുതിയ മർദ്ദന നിയമങ്ങൾക്ക് രൂപം നൽകാൻ അവർ ഒരുമ്പെട്ടത്. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകരമായ ഗൂഢാലോചനയുടെ സ്വഭാവവും വ്യാപ്തിയും അന്വേഷിക്കാനും അതിനെ ഫലപ്രദമായി നേരിടാനുമുള്ള നിയമപരമായ നടപടികൾ നിർദ്ദേശിക്കാനുമായി ഗവൺമെൻറ് ഒരു കമ്മറ്റിയെ നിയമിച്ചു. ജസ്റ്റിസ് റൗലറ്റിന്റെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി 1918 ഏപ്രിൽ 25ന് ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. റൗലറ്റ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ബില്ലുകൾ ഗവൺമെൻറ് തയ്യാറാക്കി ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ചു.
     ജനങ്ങൾക്ക് നീതി നിഷേധിക്കുകയും ഭരണാധികാരികളുടെ അന്യായങ്ങൾക്ക് നിയമസാധ്യത നൽകുകയും ചെയ്യുന്നവയായിരുന്നു ബില്ലിലെ വ്യവസ്ഥകൾ. ഗവൺമെൻ്റിനെതിരെ പ്രവർത്തിക്കുന്ന ആരെയും അറസ്റ്റ് ചെയ്യാം. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെടുന്നവരെ സ്പെഷ്യൽ കോടതി വിചാരണ ചെയ്യും. സാധാരണ കോടതിയിലെ തെളിവെടുപ്പ് സമ്പ്രദായം ഒന്നും ഈ കോടതിയിൽ ഉണ്ടാവില്ല. രഹസ്യമായിട്ടായിരിക്കണം വിചാരണ. സ്പെഷ്യൽ കോടതി വിധി അന്തിമമായിരിക്കും. ആ വിധിക്ക് എതിരെ അപ്പീൽ നൽകാൻ ആവില്ല. ഇത്തരത്തിലുള്ളവയായിരുന്നു ബില്ലിലെ വ്യവസ്ഥകൾ.
      മുസ്ലിംലീഗിന്റെ അധ്യക്ഷൻ എം എ ജിന്ന അസംബ്ലിയിൽ ബില്ലിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു. 'നിങ്ങൾ ഇത് നടപ്പാക്കുകയാണെങ്കിൽ ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിങ്ങൾക്ക് മുമ്പ് അനുഭവപ്പെട്ടിട്ടില്ലാത്ത മട്ടില്‍ എതിർപ്പ് നേരിടേണ്ടി വരും .ഒരു ഭീഷണിയുടെ സ്വരത്തിൽ അല്ല ഞാൻ ഇതു പറയുന്നത് പക്ഷേ നിങ്ങൾക്ക് ഇതിനെ ചിലപ്പോൾ അതിജീവിക്കാൻ പ്രയാസം നേരിടും.' അസംബ്ലിയിൽ വോട്ട് ഇട്ടപ്പോൾ എല്ലാ ഇന്ത്യൻ മെമ്പർമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. ഒരാൾ ഒഴികെ. എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരുന്ന സർ സി. ശങ്കരൻ നായർ. ഒരുകാലത്ത് കോൺഗ്രസിൻറെ പ്രസിഡൻറ് ആയിരുന്ന ഏക മലയാളി. പിന്നീട് അദ്ദേഹം കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞു. ഗാന്ധിജിയോടും വിയോജിപ്പുണ്ടായിരുന്നു. ഗാന്ധിജി ഒരു അരാജക വാദിയാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. ആ വാദം ശരിയാണെന്ന് സ്ഥാപിക്കാൻ ഒരു ഗ്രന്ഥവും എഴുതി. 'ഗാന്ധിജിയും അരാജകത്വവും.' എന്നാൽ 1919ൽ ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയെ തുടർന്ന് അദ്ദേഹം തന്റെ കൗൺസിൽ അംഗത്വം രാജിവെക്കുകയും സർ സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. എങ്കിലും ശങ്കരൻ നായരും ബില്ലിലെ ചില വ്യവസ്ഥകളെ ശക്തമായി വിമർശിച്ചു. ഇന്ത്യൻ മെമ്പർമാർ ഒന്നടങ്കം എതിർത്തിട്ടും തങ്ങളുടെ വികാരത്തെ മാനിക്കാതെ വിദേശികളായവരുടെ വോട്ടിനെ അടിസ്ഥാനപ്പെടുത്തി ബില്ലു പാസാക്കിയത് ഇന്ത്യൻ പ്രതിനിധികൾക്ക് ഇഷ്ടമായില്ല. മറ്റൊരു മുസ്ലിം മെമ്പറായ  മൻസറുൽ ഹക്കും മാളവ്യയും കൗൺസിലിൽ നിന്ന് രാജിവച്ചു .1919 ഏപ്രിൽ 6 .ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടായി നിന്ന് ബില്ലിനെതിരെ കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം നൽകി. ഉപവാസം, പ്രാർത്ഥന ഇതായിരുന്നു ഗാന്ധിജി നിർദേശിച്ച സമര ശൈലി. അഭൂതപൂർവ്വമായ പ്രതികരണമാണ് ഇതിന്‌ ലഭിച്ചത് നഗരങ്ങളും. ഗ്രാമങ്ങളും കുടിലുകളും കൊട്ടാരങ്ങളും ഉണർന്നു. .സത്യഗ്രഹികൾ സമാധാനപൂർവ്വമാണ് കലി നിയമത്തിനെതിരെ പ്രതികരിച്ചത്. എങ്കിലും പോലീസ് പലയിടത്തും പ്രശ്നമുണ്ടാക്കി. ലാത്തിയടിയും ബലപ്രയോഗവും അറസ്റ്റും വെടിവെപ്പും നടന്നു. തലസ്ഥാന നഗരിയായ ഡൽഹിയിലായിരുന്നു ഏറ്റവും രൂക്ഷം. ഡൽഹിയിൽ സമരം നടത്തിയത് മാർച്ച് 30ന് ആയിരുന്നു .ചെങ്കോട്ടയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധ മുസ്ലിം ആരാധനാലയമായ ജുമാ മസ്ജിദിന്റെ നടുമുറ്റത്തായിരുന്നു സമരവേദി. മുൻവശത്തുള്ള മൈതാനിയിലും ചാന്ദിനി പാർക്കിലും ചെങ്കോട്ടയുടെ മതിലിനരിക വരെയും ജനസഹസ്രങ്ങൾ തിങ്ങി കൂടി നിറഞ്ഞിരുന്നു. വിവിധ ജാതി മതവിഭാഗത്തിൽപ്പെട്ടവർ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരിൽ രാഷ്ട്രീയ യോജിപ്പിൽ എത്തിയത് കാരണം യോഗത്തിൽ ആയിരക്കണക്കിന് മുസ്ലീങ്ങളും സന്നിഹിതരായിരുന്നു യോഗത്തിനു മറ്റൊരു വിശിഷ്ടം കൂടിയുണ്ടായിരുന്നു. ഹിന്ദുമതത്തിലെ നവീകരണ പ്രസ്ഥാനം ആയിരുന്ന ആര്യസമാജത്തിന്റെ പുരോഹിതൻ സഹജാനന്ദ സരസ്വതിയായിരുന്നു ഈ സത്യാഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നത്. സന്യാസി വേ ഷത്തിൽ അദ്ദേഹം ജുമാ മസ്ജിദിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ആവേശം ഉണർത്തുന്ന കാഴ്ചയായിരുന്നു. മതമൈത്രിക്ക് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം ആ യോഗത്തിൽ നടത്തിയ ഉദ്ഘാടന പ്രസംഗം ജനസഹസ്രം കേട്ടുനിന്നത്. എന്നാൽ ആ കൗതുകം ഏറെ നേരം നീണ്ടു നിന്നില്ല. പോലീസും പട്ടാളവും എത്തി യോഗം അലങ്കോലപ്പെടുത്തി. ലാത്തിച്ചാർജും വെടിവെപ്പും തുടങ്ങി. ജനം ചിന്നിചിതറി സ്വാമിജിയുടെ നേരെയും പട്ടാളം ആക്രമണത്തിന് ചെന്നു . ധരിച്ചിരുന്ന കാഷായ വസ്ത്രം നീക്കി വെടിവെക്കാൻ സ്വാമിജി നെഞ്ചുകാട്ടിക്കൊടുത്തു. ഗൂർഖാ സൈന്യം പിൻവാങ്ങി .എന്നാൽ നഗരത്തിലൂടെ സമാധാനപരമായി നീങ്ങിയിരുന്ന കൂറ്റൻ ജാഥയ്ക്ക് നേരെ പോലീസ് വെടിവെച്ചു. ഒട്ടുവളരെ പേർ മരിച്ചുവീണു .അക്രമം അഴിച്ചുവിട്ടതറിഞ്ഞ ഗാന്ധിജി ബോംബെയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചു .വഴിയിൽ പോലീസ് അദ്ദേഹത്തെ തടഞ്ഞു .ഗാന്ധിജി വഴങ്ങിയില്ല .പോലീസ് ബലം ഉപയോഗിച്ച് ഗാന്ധിജിയെ ബോംബെയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി.
 ഏപ്രിൽ ആറിന് സത്യാഗ്രഹം നടന്നത് ബോംബെയിലെ ചൗപ്പാത്തി കടൽത്തീരത്ത് ആയിരുന്നു. അവിടെ ഒരു മുസ്ലിം പള്ളിയിലായിരുന്നു പ്രസംഗവേദി. ഗാന്ധിജിയാണ് ഉദ്ഘാടനം ചെയ്തത്. ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ,  രാജേന്ദ്രപ്രസാദ്,  അബ്ദുൽ കലാം ആസാദ് എന്നിവരടക്കം പലരും സന്നിഹിതരായിരുന്നു. എന്നാൽ അവിടെ സമാധാനഭംഗമുണ്ടായില്ല. ബ്രിട്ടീഷ് ഇൻറീരിയലിസത്തെയും റൗലറ്റ് കരിനിയമത്തേയും പറ്റി വിശദമായ വിമർശനങ്ങളാണ് യോഗത്തിൽ നടന്നത്. സരോജിനി നായിഡു അടക്കം പല നേതാക്കളും പ്രസംഗിച്ചു .പോലീസ് ഇടപെട്ടില്ല. 
       ഇതിനിടയിൽ ഗാന്ധിജിയുടെ സാഹിത്യ രചനകൾ പരസ്യമായി വിൽക്കുന്നതും വാങ്ങുന്നതും നിരോധിക്കപ്പെട്ടു. എന്നാൽ പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കെ സത്യാഗ്രഹികൾ ഗാന്ധി സാഹിത്യം നൂറുകണക്കിന് വിറ്റുകൊണ്ട് നിയമം ലംഘിച്ചു പോലീസ് അപ്പോഴും ഇടപെട്ടില്ല. എന്നാൽ ഇതേ ദിവസം അഹമ്മദാബാദിലും ഗുജറാത്തിലെ പല സ്ഥലങ്ങളിലും പോലീസ് മർദ്ദനം അഴിച്ചുവിട്ടിരുന്നു.
      ഡൽഹി സംഭവത്തിനുശേഷം ശക്തി പ്രയോഗിച്ച് ബോംബെയിലേക്ക് തിരിച്ചുകൊണ്ടുപോയ ഗാന്ധിജിക്ക് ബോംബെ പ്രസിഡൻസി വിട്ടു പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഗാന്ധിജിയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്നത്. ജനം പലയിടത്തും ഇളകി മറിഞ്ഞു. അക്രമം നടന്നു. പ്രക്ഷോഭം ഏറ്റവും രൂക്ഷമായത് പഞ്ചാബിൽ ആയിരുന്നു. ലോകയുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ പട്ടാളക്കാരിൽ ഏറ്റവും കൂടുതൽ പഞ്ചാബികൾ ആയിരുന്നു .അതിനാൽ തിളയ്ക്കുന്ന രോഷവുമായാണ് അവർ കഴിഞ്ഞു കൂടിയത്. ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് വാർത്ത ഏറ്റവും കൂടുതൽ അരിശം കൊള്ളിച്ചത് ക്കപഞ്ചാബ്കാരെയായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ നിയന്ത്രണാധീതമായി.

തയ്യാറാക്കിയത്: പ്രസന്നകുമാരി.ജീ.

Friday, November 17, 2023

English reading cards/adhyapakakkoottam

ADHYAPAKAKKOOTTAM ENGLISH READING CARDS

English reading cards prepared by,
Ramesh P
GUPS KIZHAYUR 



Class 4 Evs Chapter 9 Through India ( Notes ) /adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 Evs

Chapter 9
Through India
( Notes )
Prepared by :
Ramesh P
GUPS Kizhayur



ഹോംറൂൾ പ്രസ്ഥാനം /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 46 . ഹോംറൂൾ പ്രസ്ഥാനം
    1916 ൽ ഇന്ത്യൻ ദേശീയ രംഗത്ത് പുതിയ ഒരു പ്രസ്ഥാനം കൂടി രൂപം കൊണ്ടു- ഹോംറൂൾ പ്രസ്ഥാനം . ബാലഗംഗാധര തിലകനും ആനി ബസന്റുമായിരുന്നു അതിൻറെ പ്രാണേതാക്കൾ. ആ വർഷം ഏപ്രിലിൽ പൂന ആസ്ഥാനമാക്കിയാണ് തിലകൻ ഈ പ്രസ്ഥാനം ആരംഭിച്ചത്. അതേവർഷം സെപ്റ്റംബറിൽ ആനി ബസന്റും ദക്ഷിണേന്ത്യയിൽ അടയാറിൽ ഇതേ പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചു രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. രണ്ടും പിന്നീട് ഒന്നായി. ആനി ബസന്റും തിലകനും ഒപ്പം പ്രവർത്തിക്കുകയും ചെയ്തു.
   ഹോംറൂൾ പ്രസ്ഥാനം കോൺഗ്രസിന്റെ എതിർ സംഘടനയൊന്നുമായിരുന്നില്ല. ഒരു അനുബന്ധ സംഘടനയായാണ് പ്രവർത്തിച്ചിരുന്നത്. ദേശീയതയെ ഒന്നുകൂടി പ്രബുദ്ധമാക്കുക എന്നതായിരുന്നു പ്രവർത്തന ലക്ഷ്യം ഇങ്ങനെയൊരു പ്രസ്ഥാനമുണ്ടാക്കാനുള്ള പ്രചോദനം ഇതായിരുന്നു.
    'ഹോംറൂൾ'  എന്നാൽ സ്വയംഭരണം എന്നാണർത്ഥം. ഈ പ്രസ്ഥാനത്തിന് നല്ല പ്രചാരം ലഭിച്ചു.ഹോംറൂൾ(സ്വയംഭരണം) ലഭിച്ചാൽ (അത് പൂർണ്ണ സ്വരാജ് ആവില്ലെങ്കിലും) രാജ്യത്തിന് ക്ഷേമം വരുത്താൻ പ്രസ്ഥാനം ഉപയുക്തമാവും എന്നായിരുന്നു കാരണം. (പൂർണ്ണ സ്വരാജ് എന്ന സങ്കല്പം ഈ ഘട്ടത്തിലും ഉണ്ടായിരുന്നില്ല) 1916 ലക്‌നോവിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ തിലകനും അനിബെ സെന്റും സന്നിഹിതരായിരുന്നു. ഗംഭീര  സ്വീകരണമാണ് അവർക്ക് ലഭിച്ചത് .
  യുദ്ധമാരംഭിച്ചപ്പോൾ ഇന്ത്യക്കാരുടെ സഹായത്തിനും സഹകരണത്തിനും വേണ്ടി ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യൻ ജനതയെ വല്ലാതെ മോഹിപ്പിച്ചിരുന്നു .യുദ്ധം കഴിഞ്ഞാൽ, അവർ ഇന്ത്യ വിട്ടുപൊയ്ക്കൊള്ളും എന്നുപോലും ജനങ്ങൾക്ക് പ്രതീക്ഷയുണ്ടാകുന്ന രീതിയിൽ അവർ ജനങ്ങളെ പ്രലോഭിപ്പിച്ചിരുന്നു അതുകാരണം പൂർണ സഹകരണമാണ് അവർക്ക് നൽകിയിരുന്നത്. ഗാന്ധിജി പോലും രംഗത്തിറങ്ങി യുദ്ധത്തിന് അനുകൂലമായി പ്രവർത്തിച്ചു .യുവാക്കളെ പട്ടാളത്തിൽ ചേരാൻ പ്രേരിപ്പിക്കുക കൂടി ചെയ്തു .ഫണ്ടു പിരിവ് നടത്തി. എന്നാൽ അതിൻറെ ദുരന്തം താങ്ങാവുന്നതിലേറെയായിരുന്നു .ഇന്ത്യയുടെ ആയിരക്കണക്കിന് അരുമ സന്തതികൾ ആർക്കോവേണ്ടി യൂറോപ്യൻ യുദ്ധഭൂമികളിൽ ജീവനൊടുക്കേണ്ടി വന്നു. പക്ഷേ ഇതൊക്കെ ഒരു കോളനി രാജ്യത്തിന് നിർവഹിക്കേണ്ട കർത്തവ്യങ്ങൾ എന്നാണ് ബ്രിട്ടൻ കരുതിയത്.
    ഇക്കാലത്ത് ഇന്ത്യ അതിൻറെ ഏറ്റവും ദുർഘടം പിടിച്ച കാലഘട്ടങ്ങളെ നേരിടുകയായിരുന്നു. യുദ്ധം ഭീമാകാരനായ ഒരു കാട്ടാളനെ പോലെ സർവ്വനാശം വിതച്ചു. അമിതമായ വിലക്കയറ്റവും പഞ്ഞവും പട്ടിണിയും രാജ്യത്തെ നാശത്തിൽ നിന്ന് നാശത്തിലേക്ക് വലിച്ചിഴച്ചു. ഒരു ഭാഗത്ത് കൂറില്ലാത്ത ഒരു ഗവൺമെൻറ് .മറുഭാഗത്താകട്ടെ കൊള്ളലാഭക്കാരും കോതിയന്മാരുമായ ഇവിടുത്തെ ചൂഷക വർഗ്ഗവും ജനങ്ങളെ ഞെക്കിക്കൊല്ലുകയായിരുന്നു. അതിനോടൊപ്പം പകർച്ചവ്യാധിയും വ്യാപിച്ചു. 1917 ൽ പടർന്നു പിടിച്ച പ്ലേഗ് ബാധയിൽ എട്ടു ലക്ഷം ഭാരതീയരാണ് ചത്തൊടുങ്ങിയത്. അടുത്ത വേനൽക്കാലത്ത് വിഷപ്പനി മൂലം ആയി രങ്ങൾ ചത്തൊടുങ്ങി.  അതിവൃഷ്ടിയും തുടർന്നു കടുത്ത വരൾച്ചയും വന്നു. വിളവുകൾക്ക് നാശം സംഭവിച്ചു. നാശം വറുതിയുടെ രൂപത്തിൽ മൃത്യു താണ്ഡവമാടി. ഇങ്ങനെ എല്ലാംകൊണ്ടും ശകുനപ്പിഴ യുള്ള ഒരു കാലഘട്ടമായിരുന്നു യുദ്ധകാലം. എന്നിട്ടും ജനങ്ങൾ സഹിച്ചത് ബ്രിട്ടീഷുകാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിപ്പോയതുമൂലമാണ്. തിലകൻ പോലും ഈ പ്രതീക്ഷയുമായാണ് അടങ്ങിയൊതുങ്ങി കൂടിയത്. 

     ലക്നോ കരാർ.
                ലക്നോ സമ്മേളനം കോൺഗ്രസിൻറെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. ഇതോടൊപ്പം, തൊട്ടടുത്ത് മറ്റൊരു സ്ഥലത്ത് മുസ്ലിം ലീഗിൻറെ സമ്മേളനവും ചേരുന്നുണ്ടായിരുന്നു. ഇരു സംഘടനകളും പരസ്പരം യോജിച്ചു കൊണ്ടാണ് ഈ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്.
      കോൺഗ്രസ് സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് അംബികാ ചരൺ മഞ്ചുംദാർ ആയിരുന്നു. ലീഗ് സമ്മേളനം നിയന്ത്രിച്ചിരുന്നത് മുഹമ്മദലി ജിന്നയും. യുദ്ധാവസാനം സാരമായ ചില ഭരണപരിഷ്കാരങ്ങൾ ഇന്ത്യയിൽ വരുത്താനിടയുണ്ട് എന്ന ധാരണയിൽ ബ്രിട്ടീഷ് ഗവൺമെന്റിനോട് ഒന്നിച്ചു നിന്ന് വിലപേശാൻ ഒരുങ്ങുകയായിരുന്നു അവർ. അതിലെ വ്യവസ്ഥകൾ എന്തായിരിക്കണം എന്നതിന്റെ കരട് രൂപം തയ്യാറാക്കുകയായിരുന്നു ഇരു സംഘടനകളും. രണ്ട് സമ്മേളനങ്ങളും പ്രത്യേകം തീരുമാനമെടുത്ത ശേഷം സംയുക്ത യോഗം ചേർന്നു. കോൺഗ്രസിന്റെ ഭാഗത്തുനിന്നും മോത്തിലാൽ നെഹ്റുവും സുരേന്ദ്രനാഥ് ബാനർജിയും തിലകനും ആയിരുന്നു പങ്കെടുത്തത്. 
      മുസ്ലിംലീഗ് പക്ഷത്ത് മുഹമ്മദലി ജിന്നയോടൊപ്പം ഉണ്ടായിരുന്നത് മൗലാനാ മുഹമ്മദലിയും അൻസാരിയും മറ്റുമായിരുന്നു. 
    ഇരു സംഘടനകളുടെയും നേതാക്കൾ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ഐക്യത്തിന്റെ പാത വെട്ടിത്തെളിച്ചു. യുദ്ധാനന്തരം ഇന്ത്യയ്ക്ക് സ്വരാജ്യം ലഭിക്കാൻ ഹിന്ദു മുസ്ലിം ഭിന്നിപ്പ് തടസ്സമായി നിൽക്കരുത് എന്ന് ഇരു കൂട്ടരും അഭിപ്രായപ്പെട്ടു. സ്വരാജ്യം ആവശ്യപ്പെടുന്നതിൽ കോൺഗ്രസിനെ മുസ്ലിം ലീഗ് സഹായിക്കും. പ്രത്യേക നിയോജകമണ്ഡലം എന്ന ലീഗിൻറെ ആവശ്യത്തിന് കോൺഗ്രസ്, ലീഗിന് പിന്തുണ നൽകും. ഈ വ്യവസ്ഥ അടങ്ങുന്ന വിശദമായ ഒരു കരാർ അവർ എഴുതിയുണ്ടാക്കി ഗവൺമെന്റിന് സമർപ്പിച്ചു.ലക്നോ കരാർ എന്നായിരുന്നു ഇതിനുപേർ (ലക്നോ പാക്റ്റ്). ഇന്ത്യയുടെ മോചനം ഹിന്ദു- മുസ്ലിം ഐക്യം കൊണ്ടു മാത്രമേ സാധിക്കൂ എന്ന ചിന്തയാണ് ഇങ്ങനെയൊരു കരാർ എഴുതിയുണ്ടാക്കാൻ ഇരു സംഘടനകളെയും പ്രേരിപ്പിച്ചത്.
     1916 നവംബറിൽ വൈസ്രോയിയുടെ കൗൺസിലിലെ 19 അനൗദ്യോഗിക അംഗങ്ങൾ ഒപ്പിട്ടുകൊണ്ട് ലക്നോ കരാർ സർക്കാരിന് സമർപ്പിച്ചു.
     സർക്കാരിനെ സംബന്ധിച്ചിടത്തോളം അത് ഒരു അശുഭ ലക്ഷണം ആയിരുന്നു. തങ്ങൾ ഒരിക്കലും യോജിച്ചു കാണണം എന്ന് ആഗ്രഹിക്കാത്ത ഇരുവിഭാഗങ്ങൾ തമ്മിലാണ് ഐക്യം ഉണ്ടായിരിക്കുന്നത്.
    എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് ലക്നോ കരാറിനെ പറ്റി നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. കോൺഗ്രസ് അതിൻറെ തത്വങ്ങളിൽ നിന്നും പിന്നോക്കം പോയിരിക്കുകയാണ് എന്നായിരുന്നു അവരുടെ നിഗമനം. സംഘടനയുടെ മതേതര സ്വഭാവത്തിന് ലക്നോ കരാർ പരിക്കേൽപ്പിച്ചിരിക്കുകയാണ് എന്നാണ് അവർ അഭിപ്രായപ്പെട്ടത്. ലീഗിൻറെ അവകാശവാദങ്ങൾ അംഗീകരിച്ചു കൊടുക്കുന്നത് മതസംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു. ഗാന്ധിജിക്കും ഇതേക്കുറിച്ച് നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. അഭ്യസ്ത വിദ്യരും സമ്പന്നരുമായ ഹിന്ദു വിഭാഗവും അതേ തട്ടിലുള്ള മുസ്ലിം വിഭാഗവും തമ്മിലുള്ള ഈ ഉടമ്പടി ഇന്ത്യയിലെ സാധാരണക്കാരെ മറന്നു കൊണ്ടുള്ളതാണെന്ന് ഗാന്ധിജി പറഞ്ഞു. എന്തുകാരണം കൊണ്ടോ ലക്നോ കരാർ പിന്നെ അടുത്ത വർഷങ്ങളിലൊന്നും വെളിച്ചം കണ്ടില്ല. പുറത്തുവന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം 1921ൽ.
തയ്യാറാക്കിയത്:  പ്രസന്നകുമാരി. ജീ.

Thursday, November 16, 2023

കുഞ്ചൻ നമ്പ്യാർ /adhyapakakkoottam

അധ്യാപകക്കൂട്ടം സാഹിത്യകാരന്മാരെ അറിയാം

കുഞ്ചൻ നമ്പ്യാർ

പണ്ട് ഒരു ബ്രാഹ്മണൻ കിളളിക്കുറിശ്ശിമംഗലം ക്ഷേ ത്രത്തിലെത്തി. അദ്ദേഹത്തിൻറെ.കയ്യിൽ ഒരു പണക്കിഴി ഉണ്ടായിരുന്നു. ഇന്നത്തെ പാലക്കാട് ജില്ലയിലാണ് കി ളളിക്കുറിശ്ശിമംഗലം എന്ന ഗ്രാമം,

പണക്കിഴി ക്ഷേത്രക്കുളപ്പടവിൽ വച്ച് ബ്രാഹ്മണൻ കുളിക്കാനിറങ്ങി. ആ സമയത്ത് ഒരു പശു വന്ന് പണക്കി ഴിക്ക് മേലെ ചാണകമിട്ടു. കുളി കഴിഞ്ഞ് കയറിയ ബ്രാഹ്മണൻ പണക്കിഴി കാണാതെ ആകെ പരിഭ്രാന്തനായി നിലവിളി തുടങ്ങി. ആ നാട്ടിലുളളവരെല്ലാം വിവരമറി ഞ്ഞു. ബ്രാഹ്‌മണൻ സങ്കടപ്പെട്ട് അവിടെയുളള ആൽ ത്തറയിലിരുന്നു.

ആ ക്ഷേത്രത്തിൽ കഴകക്കാരിയായിരുന്ന നങ്ങ്യാർക്ക് (ക്ഷേത്രവും പരിസരവും വൃത്തിയാക്കലും മാലകെട്ടലും മറ്റുമാണ് കഴകക്കാരുടെ ജോലി) കുളപ്പടവ് വൃത്തിയാ ക്കാനായി ചാണകം വാരിയപ്പോൾ പണക്കിഴി കിട്ടി. അവരത് വേഗം ബ്രാഹ്‌മണന് നൽകി. അത് വാങ്ങിയ അദ്ദേഹം സന്തോഷത്തോടെ നങ്ങ്യാരെ അനുഗ്രഹിച്ചു.

“നല്ലവളായ നിനക്ക് ഒരു മകൻ ഉണ്ടാകട്ടെ. അവൻ അതിപ്ര ശസ്തനായിരിക്കട്ടെ.....

ആ മകനാണ് കുഞ്ചൻ നമ്പ്യാർ! നമ്പ്യാരുടെ ജനനത്തെക്കുറിച്ച് ഈ ഐതിഹ്യമല്ലാതെ വ്യ ക്തമായ മറ്റ് രേഖകളില്ല.

പ്രാരംഭവിദ്യാഭ്യാസം നേടിയ ശേഷം നമ്പ്യാർ ചെമ്പകശ്ശേരി രാജധാനിയായ അമ്പലപ്പുഴയി ൽ ചെന്നു താമസമാക്കി. ഇവിടെ താമസിക്കുന്ന കാലത്താണ് നമ്പ്യാർ സംസ്കൃതത്തിലും മല യാളത്തിലും പാണ്ഡിത്യം നേടിയത്.

ഓട്ടൻതുള്ളൽ ആവിർഭാവിക്കുന്നു

ഒരിക്കൽ അമ്പലപ്പുഴ ക്ഷേത്ര ത്തിൽ ചാക്യാർ കൂത്തു പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കൂത്തിന് മിഴാവു കൊട്ടിയിരുന്നത് കുഞ്ചൻ നമ്പ്യാരായിരുന്നു


കൂത്തിനിടയ്ക്ക് നമ്പ്യാർക്ക് ഉറ ക്കം വന്നു. മിഴാവ് കൊട്ടുന്നിടത്തു തന്നെ ഇരുന്ന് നമ്പ്യാർ ഉറങ്ങാൻ തുടങ്ങി. ഈ തക്കത്തിന് ചാക്യാർ നമ്പ്യാരെ കണക്കിനു കളിയാക്കി. ചാക്യാരുടെ പരിഹാസത്തിനു പ്ര തികാരം ചെയ്യുന്നതിനായി അന്നു രാത്രിയിൽ തന്നെ 'കല്യാണസൗഗ ന്ധികം' കഥ നമ്പ്യാർ തുള്ളൽ രൂപ ത്തിലെഴുതി.

അടുത്ത ദിവസം ചാക്യാർ കൂത്തു തുടങ്ങിയപ്പോൾ കുരുത്തോലയും മറ്റും അണിഞ്ഞ് താളമേളങ്ങ ളോടുകൂടി പടിഞ്ഞാറേ കളിത്തട്ടി ൽ നിന്നുകൊണ്ട് നമ്പ്യാർ തുള്ളൽ തുടങ്ങി. പുതിയ കലാരൂപം അവി ടെ വന്ന ജനത്തിന് നന്നേ രസിച്ചു. ജനങ്ങൾ കൂത്തുകാണാൻ നിൽ ക്കാതെ തുള്ളൽ കാണാൻ ചെന്നു. ഇതാണ് തുള്ളലിന്റെ ആവിർഭാവത്തിനു പിന്നിലുള്ള ഐതിഹ്യം.

ചാക്യാരുടെ പരാതിയനുസരിച്ച് ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിൽ തുള്ളൽ വിലക്കിയി രുന്നുവെന്ന കാര്യം ഈ ഐതിഹ്യ ത്തിനു ബലം നൽകുന്നു

ഓട്ടൻ, പറയൻ, ശീതങ്കൻ എന്നി
ങ്ങനെ തുള്ളലുകൾ മൂന്നു വിധമുണ്ട്.

ഓട്ടൻ തുളളലിൽ വേഷം കെട്ടുന്നയാൾ തന്നെയാണ്പാടുകയും ചെയ്യുന്നത്. പക്ക മേളക്കാർ അതേറ്റു പാടും. മദ്ദളവും കൈമണിയുമാണ് പക്ക മേളം. പഴയ പടയണിതുള്ളലിലെ വേഷം പരിഷ്കരിച്ചാണ് തുള്ളലിൽ സ്വീകരിച്ചിരിക്കു ന്നത്. മൂന്നു തുള്ളലിന്റെയും വേഷവിധാനത്തിന് വ്യത്യാസമുണ്ട്. 

നമ്പ്യാർ സാഹിത്യത്തിന്റെ സവി ശേഷത, അതിനു കേരളം വിട്ടൊരു കഥാരംഗവും വർത്തമാനകാലം വിട്ടൊരു കാലവും ഇല്ലെന്നുള്ളതാണ്.

 സംസ്കൃതത്തിലും മലയാളത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹത്തിന് ഹിന്ദു സ്‌ഥാനി,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു.  സമൂഹത്തിലെ ദുരാചാരങ്ങൾ ക്കും ദുർനയങ്ങൾക്കുമെതി രെയാണ് അദ്ദേഹം ആക്ഷേപ ഹാസ്യം ചൊരിഞ്ഞത്. ജനങ്ങളുടെ സംഭാഷണശൈലി യിൽ നിന്ന് ഇത്രയധികം പഴഞ്ചൊല്ലുകളും പദശൈലി കളും സ്വീകരിച്ച മറ്റൊരു കവി മലയാള ഭാഷയിലില്ല.


നമ്പ്യാരുടെ കാവ്യ പ്രപഞ്ചം

"ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന് “എമ്പ്രാനല്പ്‌പം കട്ടു ഭുജിച്ചാ- ലമ്പലവാസികളൊക്കെ കക്കും." "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം."

'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ." കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം" 'പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ" ' പക്ഷീന്ദ്രനുണ്ടു ഗരുഢനെന്നോർത്തിട്ടു മക്ഷികക്കൂട്ടം ഗരിക്കും കണക്കിനെ"
'ഭടജനങ്ങടെ നടുവിലിന്നൊരു പടയണിക്കിഹ കൂടുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷ തന്നെ ചിത്രം വരൂ"

• "കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും" "പരമാർത്ഥത്തെ വിചാരിപ്പാതെ പരിഹാസത്തെ നടത്തീടരുത്"

**********************
രചന : ഗീത പി.
എസ്.പി.എം. യു.പി.എസ്
ആയിക്കുന്നം
കൊല്ലം.

അധ്യാപകക്കൂട്ടം NUMATS 16/11/23 ൽ അജസ് മാഷ് എടുത്ത NuMATS ക്ലാസ്. /Adhyapakakkoottam

അധ്യാപകക്കൂട്ടം NUMATS

16/11/23 ൽ അജസ് മാഷ് എടുത്ത NuMATS ക്ലാസ്.


തുണിമിൽ തൊഴിലാളി സമരം /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 45 . തുണിമിൽ തൊഴിലാളി സമരം

ഖേദ സമരം പോലെയുള്ള ഒരു സമരമായിരുന്നു ഗുജറാത്തിലെ തന്നെ അഹമ്മദാബാദിൽ നടന്നത് .അഹമ്മദാബാദ് തുണി മില്ലുകളുടെ കേന്ദ്രമായിരുന്നു. യുദ്ധകാലമായതിനാൽ മില്ലുടമകൾക്കും വ്യാപാരികൾക്കും നല്ല കൊയ്ത്തായിരുന്നു. അവർക്കു മാത്രമായിരുന്നില്ല, കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും സുവർണ്ണകാലം തന്നെ. കഷ്ടപ്പെടുന്നതും ദുരിതം അനുഭവിക്കുന്നതും സാധാരണക്കാർ. അഹമ്മദാബാദിലെ മില്ലുടമകൾ അവരുടെ സ്ഥാപനത്തിലെ തൊഴിലാളികളുമായി നിരന്തര മത്സരത്തിലായിരുന്നു. തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നും വേതനം കൃത്യമായി ലഭിക്കുന്നില്ല എന്നും വേതന വർദ്ധനവിന് കാലമായിട്ടും മുതലാളിമാർ നൽകാൻ കൂട്ടാക്കുന്നില്ല എന്നുമുള്ള പരാതികളായിരുന്നു തൊഴിലാളികൾക്ക്. മദ്ധ്യസ്ഥ ശ്രമങ്ങൾ പലവട്ടം നടന്നിട്ടും മുതലാളിമാരുടെ മർക്കട മുഷ്ടി കാരണം എല്ലാം പാഴായി . ഈ സാഹചര്യത്തിലാണ് ഗാന്ധിജി ഇടപെടണമെന്ന് തൊഴിലാളികൾ അഭ്യർത്ഥിച്ചത്.
     ഗാന്ധിജി തുണിമിൽ മുതലാളിമാരുമായി ഇക്കാര്യം സംസാരിച്ചു. അവർ പിടിവാശിയിൽ തന്നെ നിന്നു. ഗത്യന്തരമില്ലെന്ന് കണ്ട് ഗാന്ധിജി തൊഴിലാളികളോട് കമ്പനിയുടമകൾക്കെതിരെ സമരം നടത്താൻ ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഒരു വ്യവസ്ഥ പാലിക്കേണ്ടതുണ്ടായിരുന്നു. ബലപ്രയോഗത്തിനോ അക്രമത്തിനു തുനിയരുത്. തികച്ചും സമാധാനപരമായി സമരം നടത്തണം .ഗാന്ധിജിയുടെ വാക്കുകളോട് ആദരവ് കാട്ടിക്കൊണ്ട് അവർ സമരം തുടങ്ങി .എന്നാൽ മില്ലുടമകൾ അവരെ അവഗണിച്ചു. രണ്ടാഴ്ചയോളം സമാധാനപരമായ കുത്തിയിരുപ്പ് സമരം നടത്തിയിട്ടും മുതലാളിമാർ ശ്രദ്ധിച്ചില്ല. തൊഴിലാളികളുടെ നിസ്സഹായതയിൽ മനമലിഞ്ഞ ഗാന്ധിജി അവരോടൊപ്പം സമരത്തിന് ഇരുന്നു. മുതലാളിമാർക്ക് മനസ്സുമാറ്റം ഉണ്ടാകും വരെ താൻ ഉപവസിക്കുകയാണ് എന്ന് പ്രസ്താവിച്ചു കൊണ്ടാണ് ഗാന്ധിജി സമരം ആരംഭിച്ചത് .
   ഗാന്ധിജിയുടെ ഉപവാസ സമര വാർത്ത ഇന്ത്യയിലും വിദേശങ്ങളിലും ഉള്ള പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും മുഖപ്രസംഗങ്ങൾ എഴുതുകയും ചെയ്തു. വിദേശങ്ങളിൽ നിന്ന് പത്രപ്രതിനിധികൾ അഹമ്മദാബാദിലെത്തി. ഗാന്ധിജി നാല് ദിവസത്തെ ഉപവാസം പൂർത്തിയാക്കും മുമ്പ് മുതലാളിമാർ ഗാന്ധിജിയെ സന്ദർശിച്ച് ഉപവാസം പിൻവലിക്കാൻ അഭ്യർത്ഥിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാമെന്ന് അവർ ഗാന്ധിജിക്ക് വാക്കു കൊടുത്തു.  തൊഴിലാളികൾക്ക് മുപ്പത്തഞ്ച് ശതമാനം വേതന വർദ്ധനവ് നൽകി. അതോടെ ഗാന്ധിജിയുടെ പ്രശസ്തി ഉയർന്നു. ഗാന്ധിജി ഇന്ത്യയിലെ സാധാരണക്കാരുടെ നേതാവായി.
   ഇന്ത്യൻ ദേശീയത ഓഫീസുമുറികളിലെ കസാലകളിൽ നിന്നും താഴോട്ടിറങ്ങുകയും സാധാരണക്കാരുടെ ഹൃദയസ്പന്ദനങ്ങളുടെ ഭാഗമായിത്തീരുകയും ചെയ്തു. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും മുഖ്യമായും ഇടത്തരക്കാരെയാണ് അന്നോളം പ്രതിനിധീകരിച്ചിരുന്നത്. ഈ ബുദ്ധിജീവികൾ പരസ്പരം അറിഞ്ഞിരുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനസാമാന്യത്തെ അറിയുകയോ അവരെപ്പറ്റി ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന് അകത്തു നിന്നുകൊണ്ട് കൂടുതൽ സൗകര്യമുള്ള ഒരു സ്വയംഭരണ സമ്പ്രദായം ഇന്ത്യക്ക് ലഭിക്കണമെന്നല്ലാതെ അതിനപ്പുറം അവരുടെ ചിന്ത കാര്യമായി ഒന്നും വ്യാപരിച്ചിരുന്നില്ല .
   എന്നാൽ ഗാന്ധിജി സങ്കൽപ്പത്തിന് ഒരു പുതിയ വ്യാഖ്യാനം നൽകി. തൻറെ സങ്കൽപ്പത്തിലുള്ള ഇന്ത്യ എന്തായിരിക്കണം എന്ന് അദ്ദേഹം അസന്നിഗ്ധമായ ഭാഷയിൽ പ്രഖ്യാപിച്ചു.
   " പട്ടിണിപ്പാവങ്ങൾക്ക് പോലും ഇതു തൻറെ നാടാണ് എന്ന് ബോധ്യം ഉണ്ടാവുന്ന ഒരു ഇന്ത്യക്കു വേണ്ടിയാണ് നാം പ്രയത്നിക്കേണ്ടത്.  ഈ നാട് പടുത്തുയർത്തുന്നതിൽ അവർക്കു കൂടി സജീവ പങ്കാളിത്തമുണ്ടാവണം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇന്ത്യയിൽ താഴ്ന്നവനെന്നോ, ഉയർന്നവനെന്നോ ഭേദമുണ്ടാവില്ല. സമുദായങ്ങൾ തമ്മിൽ വൈജാത്യമുണ്ടാവില്ല. അവിടെ ഭിന്നതയില്ല അപകടകരമായ മത്സര്യമില്ല. അയിത്താചരണത്തിന് സ്ഥാനം ഉണ്ടാവില്ല.  ഹിന്ദുവെന്നോ, മുസ്ലിമെന്നോ, പാർസിയെന്നോ,  ക്രിസ്ത്യാനിയെന്നോ ഭേദമുണ്ടാവില്ല. എല്ലാവരും ഒരേ മാതാവിന്റെ സന്തതികൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം തുല്യ പ്രാതിനിധ്യം .ഹിന്ദുവിനും അഹിന്ദുവിനും തുല്യപങ്കാളിത്തം .എൻറെ സങ്കല്പത്തിൽ ഉള്ളത് രാമരാജ്യം .തുല്യനീതി തുല്യനിയമം തു ല്യപങ്കാളിത്തം .ഇതാണ് എൻറെ സങ്കല്പത്തിലുള്ള ഇന്ത്യ."
     തീണ്ടൽ ജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്നവരെ ഗാന്ധിജി ദൈവത്തിനരികിലാണ് പ്രതിഷ്ഠിച്ചിരുന്നത് .ആ നിലയിൽ ഗാന്ധിജി അവർക്കൊരു പുതിയ പേർ നൽകി. ദൈവത്തിൻറെ സ്വന്തം മക്കൾ എന്നർത്ഥം വരുന്ന പദമായിരുന്നു അത്-ഹരിജനങ്ങൾ ഇതേ നാമത്തിൽ ഗാന്ധിജി തന്റെ ആശയ അഭിലാഷങ്ങളും സന്ദേശവും പ്രചരിപ്പിക്കാൻ സബർമതിയിൽ ഒരു പുതിയ പത്രം ആരംഭിച്ചിരുന്നു 'യങ് ഇന്ത്യ' എന്ന മറ്റൊരു പ്രസിദ്ധീകരണവും. ഇന്ത്യയുടെ യുവ ചൈതന്യങ്ങളെ ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ഈ പ്രസിദ്ധീകരണം.
 തയ്യാറാക്കിയത് : പ്രസന്നകുമാരി ജി

Monday, November 13, 2023

NuMATS ക്ലാസ്. /adhyapakakkoottam

അധ്യാപകക്കൂട്ടം NuMATS

ലിജി ടീച്ചർ എടുത്ത NuMATS ക്ലാസ്.



അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ 44. ഖേദാ സമരം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ

 44. ഖേദാ സമരം.
    ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ സത്യഗ്രഹ സമരം അദ്ദേഹത്തിൻറെ തന്നെ ജന്മനാടായ ഗുജറാത്തിൽ ആയിരുന്നു. ഗുജറാത്തിലെ ഖേദ ജില്ലയിലെ വരൾച്ചയും ക്ഷാമവും ആയിരുന്നു പ്രശ്നം. കാലം ചതിച്ചതുമൂലം ഗുജറാത്തിൽ മഴ ലഭിച്ചിരുന്നില്ല .പാടങ്ങൾ മഴയുടെ ദൗലഭ്യം മൂലം ഉണങ്ങി വിണ്ടുകീറുകയും കൃഷിയ്ക്ക് യോഗ്യമല്ലാതാവുകയും ചെയ്തു. പലരും കൃഷിപ്പണി നടത്തിയില്ല. വെള്ളമില്ലാതെ വിത്തിറക്കിയിട്ട് പ്രയോജനം എന്ത് എന്ന പരിഭ്രാന്തിയിൽ ആയിരുന്നു അവർ. അതോടെ ക്ഷാമം പിടിപെടുകയും ജനങ്ങൾ പട്ടിണിയിലാവുകയും ചെയ്തു. എന്നാൽ ഇതൊന്നും നികുതി ഉദ്യോഗസ്ഥന്മാരുടെ കാഴ്ചപ്പാടിൽ അവർക്ക് നികുതി കൊടുക്കാതിരിക്കാനുള്ള കാരണമായിരുന്നില്ല. നിയമാനുസൃതമായി വിളയുടെ നാലിൽ മൂന്നു ഭാഗം. വിളവ് നാശം വന്നാൽ കർഷകരെ നികുതിഭാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. പക്ഷേ സർക്കാർ വിളനാശത്തിന് നേരെ കണ്ണടച്ചു അഭ്യർത്ഥനകളും അപേക്ഷകളും എല്ലാം നിഷ്ഫലമായപ്പോൾ 1918 മാർച്ചിൽ നികുതി നിഷേധ സമരം തുടങ്ങാൻ ഗാന്ധിജി കൃഷിക്കാരെ ആഹ്വാനം ചെയ്തു. "കണ്ണിൽ ചോരയില്ലാത്ത, പ്രതികാര വാഞ്ചയോടു കൂടിയ നയത്തിനെതിരെ മരണംവരെ പൊരുതാൻ ഗാന്ധിജി ഉദ്ബോധിപ്പിച്ചു. "ജനങ്ങളുടെ അനുമതിയില്ലാതെ അവരെ ഭരിക്കുക അസാധ്യമാണെന്ന് കാണിച്ചു കൊടുക്കണം" അദ്ദേഹം പറഞ്ഞു
    വല്ലഭായ് പട്ടേൽ, ഇന്ദുലാൽ യജ്ഞിക്ക് തുടങ്ങിയവരോടൊപ്പം ഗാന്ധിജി ഗ്രാമങ്ങൾതോറും സഞ്ചരിച്ച് കർഷകർക്ക് ധൈര്യം പകർന്നു .ദേശീയ നേതാക്കന്മാരിലൊരാളായി വളർന്ന വല്ലഭായ് പട്ടേൽ ഖേദ ജില്ലക്കാരനാണ്.
    നികുതി നിഷേധ സമരത്തെ സർക്കാർ ശക്തമായിത്തന്നെ നേരിട്ടു. നികുതി കൊടുക്കാൻ വിസമ്മതിക്കുന്ന കർഷകരുടെ വീട്ടുപകരണങ്ങൾ ബലമായി എടുത്തുകൊണ്ടുപോയി. വിളകൾ കണ്ടുകെട്ടി. കന്നുകാലികളെ പിടിച്ചുകൊണ്ടുപോയി. ഭീഷണികൾക്കും മർദ്ദനങ്ങൾക്കും മുമ്പിൽ കർഷകർ മുട്ടുകുത്തിയില്ല.വിളനാശം സംഭവിച്ച കർഷകരുടെ നികുതി ഒഴിവാക്കാൻ സമ്മതിച്ചില്ലെങ്കിൽ നികുതി നൽകില്ലെന്ന് കർഷകർ യോഗം ചേർന്ന് പ്രതിജ്ഞയെടുത്തു. തികച്ചും ന്യായമായ ആവശ്യമാണ് കർഷകർ ഉന്നയിച്ചത് .കർഷകരുടെ സമരത്തിന് മുമ്പിൽ കീഴടങ്ങി, ആവശ്യം അംഗീകരിച്ചു എന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. അതുകൊണ്ട് സർക്കാർ ഒരു രഹസ്യ നിർദ്ദേശം നൽകി 
 "നികുതി കൊടുക്കാൻ   ശേഷിയുള്ള കർഷകരിൽ നിന്നും മാത്രം നികുതി ഈടാക്കിയാൽ മതി".
    സർക്കാർ പരസ്യമായി സമ്മതിച്ചില്ലെങ്കിലും കർഷകരുടെ ആവശ്യം അംഗീകരിച്ചതോടെ സമരം പിൻവലിച്ചു .നികുതി നിഷേധസമരമുറയുടെ വിജയമായിരുന്നു ഖേദയിൽ നടന്നത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

Sunday, November 12, 2023

NuMATS /Adhyapakakkoottam

അധ്യാപകക്കൂട്ടം NuMATS

NuMATS എന്ത് എന്തിന് ?
ശ്രീമതി ശ്രീകുമാരി. ടി, സീനിയർ ഡയറ്റ് ലക്ച്ചർ, ആലപ്പുഴ.
ആദ്യ ക്ലാസ്:
നയിച്ചത് :
ശ്രീ. അജസ് വെളുപ്പറമ്പിൽ
ഇടുക്കി.



Friday, November 10, 2023

നവംബർ - 11 ദേശീയ വിദ്യാഭ്യാസ ദിനം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 നവംബർ - 11
ദേശീയ വിദ്യാഭ്യാസ ദിനം.

ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, വിദ്യാലയങ്ങളിലാണെന്ന്  പ്രഖ്യാപിച്ച ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസമന്ത്രി മൗലാനാ അബുൾ കലാം ആസാദിന്റെ  ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെക്കുറിച്ചും ഒരന്വേഷണം.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.




Thursday, November 9, 2023

43 . ഗാന്ധിജി നേതൃത്വത്തിലേക്ക്. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

 43 .  ഗാന്ധിജി നേതൃത്വത്തിലേക്ക്. 
     1914 ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ചു. യുദ്ധത്തിലെ ഒരു കക്ഷിയായ ബ്രിട്ടന്റെ കോളനി എന്ന നിലയിൽ,  യുദ്ധം ഇന്ത്യയിലും പ്രതികരണങ്ങൾ സൃഷ്ടിച്ചു. 1914 നു മുൻപ് തന്നെ യുദ്ധത്തിൻറെ കേളികൊട്ടു തുടങ്ങിയിരുന്നു. യൂറോപ്പിലെ വൻ ശക്തികൾ തമ്മിൽ ആധിപത്യത്തിനുവേണ്ടി നടന്നുവന്ന മത്സരമാണ് യുദ്ധത്തിൽ കലാശിച്ചത്. ഒരു ചേരിയുടെ നേതൃത്വം ജർമ്മനിക്കായിരുന്നു.
 ജർമ്മനിയോടൊപ്പം ആസ്ട്രിയയും തുർക്കിയും ബള്‍ഗേറിയ യും ചേർന്നു. റഷ്യയും ബ്രിട്ടനും ഫ്രാൻസും ജപ്പാനും ഇറ്റലിയും മറുചേരിയിലും. ബ്രിട്ടീഷുകാർ മറ്റു സഖ്യകക്ഷികളെക്കാൾ കൂടുതൽ യുദ്ധതൽപരരായിരുന്നു. സാമ്രാജ്യം വിഭജിക്കാനും തങ്ങളുടെ ആധിപത്യം അറേബ്യയിലേക്ക് വ്യാപിപ്പിക്കാനും ബ്രിട്ടൻ കണക്കുകൂട്ടി. നാലുവർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും ലോകത്തിലെ ചെറുതും വലുതുമായ അനേകം ശക്തികൾ യുദ്ധത്തിൽ പങ്കാളികളായി മാറിയിരുന്നു . 
  ഇന്ത്യയ്ക്ക് ഈ യുദ്ധവുമായി നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യക്കാർക്ക് യുദ്ധത്തിൽ താല്പര്യവുമില്ലായിരുന്നു. യുദ്ധം തുടങ്ങുമ്പോൾ ബ്രിട്ടൻ നമ്മുടെ ദേശീയ നേതാക്കളോട് കൂടിയാലോചിച്ചില്ല .പക്ഷേ പിന്നീട് ബ്രിട്ടൻ കൂടിയാലോചനയ്ക്ക് തയ്യാറായി. ഇന്ത്യയുടെ ഭാവി ഈ യുദ്ധത്തിന്റെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് അവർ നമ്മെ ഓർമിപ്പിച്ചു. ജർമ്മനി ജയിക്കുകയാണെങ്കിൽ ഇവിടെ സ്വേച്ഛാധിപത്യമാണ് വരുക. ജർമ്മനി ഭരിച്ചിരുന്നത് ഒരു സ്വേച്ഛാധിപതി ആയിരുന്നു.
    സ്വാതന്ത്ര്യം കൊതിക്കുന്ന കോളനി രാജ്യങ്ങളുടെ മോചനം കൂടിയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു .തൻമൂലം ഈ യുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കുകയാണ് നാം ചെയ്യേണ്ടത് എന്ന് ദേശീയ പാർട്ടികൾ തീരുമാനിച്ചു. ബർമയിൽ നിന്ന് ജയിൽ ശിക്ഷ കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ തിലകനും ഈ അഭിപ്രായമാണ് ഉണ്ടായിരുന്നത്.ബ്രിട്ടനെ ഈ ഘട്ടത്തിൽ സഹായിക്കേണ്ടതാണെന്ന നിലപാട് മുസ്ലിം ലീഗും സ്വീകരിച്ചു. ഇതിനെ എതിർത്തത് ഭീകര പ്രസ്ഥാനക്കാർ മാത്രമായിരുന്നു.
     യുദ്ധകാലത്ത് എല്ലാ ഭരണാധികാരികളെയും പോലെ ബ്രിട്ടനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യൻ രാജ്യരക്ഷാ നിയമം തന്നെ അവർ കൊണ്ടുവന്നു. 'ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് ' 1915ൽ ഇതു പ്രകാരം നമ്മുടെ മൗലികാവകാശങ്ങളിൽ പോലും അവർ കൈകടത്തി. ഗവൺമെന്റിന്  സംശയം തോന്നുന്ന ആരെയും രാജ്യരക്ഷാ നിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും വിചാരണ കൂടാതെ ശിക്ഷിക്കുകയും ചെയ്യാം .
   ഇന്ത്യൻ ദേശീയതയ്ക്ക് ഇതൊരു വല്ലാത്ത പരീക്ഷണഘട്ടം ആയിരുന്നു .എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് യുദ്ധകാലം ഉർവശി ശാപമായി. തെറ്റിപ്പിരിഞ്ഞവർ ഒന്നായി ചേർന്നു. തിലകനും കൂട്ടരും വൈരം മറന്ന് പ്രസ്ഥാനത്തിൽ ലയിച്ചു .ഫിറോസ്ഷാ മേത്തയുടെയും ഗോപാലകൃഷ്ണ ഗോഖലയുടെയും നിര്യാണവും ശിക്ഷകഴിഞ്ഞ് ബർമയിൽ നിന്നുള്ള തിലകന്റെ തിരിച്ചുവരവും ഇതിന് ആക്കം കൂട്ടി. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകയായിരുന്ന ആനിബസന്റും ഈ ഏകീകരണത്തിനു വേണ്ടി പ്രവർത്തിച്ചു. ഈ സാഹചര്യത്തിലാണ് 1915ൽ ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ തീവ്രവാദികൾക്ക് യഥേഷ്ടം അംഗത്വം അനുവദിച്ചത്. ഗവൺമെൻറ് ഇതൊക്കെ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും യുദ്ധ യജ്ഞങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടതിനാൽ തിലകന്റെ തുടർന്നുള്ള പ്രത്യക്ഷമായ പ്രവർത്തനങ്ങളിൽ അവർ ഇടപെട്ടില്ല .
    ഈ ഘട്ടത്തിലാണ് 1915ൽ ദക്ഷിണാഫ്രിക്കയിലെ ദൗത്യം പൂർത്തീകരിച്ച് ഗാന്ധിജി ഇന്ത്യയിൽ എത്തുന്നത്. അന്നുവരെ കണ്ടും കേട്ടും പരിചയിച്ച കോൺഗ്രസ് നേതാക്കന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു ഗാന്ധിജി. നടപ്പിലും വേഷത്തിലും എല്ലാം വ്യത്യസ്തൻ. ലളിതമായ വസ്ത്രധാരണം, ലളിതമായ പെരുമാറ്റം, ലളിതമായ സംഭാഷണ ശൈലി എന്നിവ ഗാന്ധിജിയുടെ മുഖമുദ്രകൾ ആയിരുന്നു. പറയുന്നത് ലളിതമായ കാര്യങ്ങൾ. പെരുമാറുന്നവരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള സമീപനം സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും .അദ്ദേഹത്തെ കണ്ടാൽ ഒരു നാടൻ കൃഷിക്കാരനെ പോലെയാണ് തോന്നുക.
     ഇന്ത്യയിൽ എത്തിയ ഉടൻ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടാൻ മുതിർന്നില്ല. അദ്ദേഹം ഗുജറാത്തിൽ അഹമ്മദാബാദിലെ സബർമതി ഗ്രാമത്തിൽ നദീതീരത്ത് ഒരു ആശ്രമം ഉണ്ടാക്കി.പനമ്പും കച്ചിയും പനയോലയും കൊണ്ട്. അന്തേവാസികളായി 25 പേരായിരുന്നു തുടക്കത്തിൽ.
     അന്തേവാസികൾ ഒരു കുടുംബം പോലെ . സത്യം അഹിംസ നിർഭയത്വം ബ്രഹ്മചര്യം ആത്മശുദ്ധി എന്നിവ ജീവിതവ്രതമായി അംഗീകരിക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രമേ യുവാക്കൾക്ക് അവിടെ സ്ഥാനമുള്ളൂ. അയിത്തം ആചരിക്കരുത്. ഖദർ മാത്രം ധരിക്കണം. സ്വദേശി വ്രതം ആചരിക്കണം. വിദേശ വസ്തുക്കൾ ഒന്നും ഉപയോഗിക്കരുത് .മദ്യം കൈകൊണ്ട് സ്പർശിക്കുക പോലും അരുത്. ഏത് ജോലിയും ചെയ്യണം, കക്കൂസ് വൃത്തിയാക്കൽ വരെ.  കർശനമായ ജീവിതരീതി പാലിക്കണം ശത്രുത ആശയങ്ങളോട് മാത്രം. വ്യക്തികളോട് ആവരുത്. ഇതും നിർബന്ധമായി പാലിക്കപ്പെടേണ്ട ഗുണമായിരുന്നു.
    ഇവർക്ക് ഗാന്ധിജി നൽകിയ പേർ 'സത്യഗ്രഹികൾ' എന്നായിരുന്നു. സത്യത്തെ മുറുകെപ്പിടിക്കുന്നവർ എന്നാണ് ഇതിനർത്ഥം. അഹിംസയിൽ നിന്നാണ് സത്യാഗ്രഹത്തിന്റെ ഉത്ഭവം. സത്യഗ്രഹി തിന്മയെ വെറുക്കുന്നു പക്ഷേ തിന്മയെ അല്ലാതെ നന്മ ചെയ്യുന്നവനെ വെറുക്കുന്നില്ല. സ്നേഹത്തിൻറെ ശക്തികൊണ്ട് എതിരാളികളെ കീഴടക്കുകയാണ് ലക്ഷ്യം. തിന്മ ചെയ്യുന്നവന് ദോഷം വരണം എന്ന് പോലും ആഗ്രഹിക്കുന്നില്ല. ഈ സമരമുറ വ്യക്തിയോടും സമൂഹത്തോടും രാഷ്ട്രത്തോടും പ്രയോഗിക്കാം. രാഷ്ട്രത്തോട് ആവുമ്പോൾ നിസ്സഹകരണം കരി നിയമങ്ങളുടെ ലംഘനം നിരാഹാരം എന്നീ സമരമുറകൾ സ്വീകരിക്കാം. പക്ഷേ അനീതിപരമായ സമ്മർദ്ദ തന്ത്രം പ്രയോഗിക്കരുത്.
      ഇതൊക്കെയായിരുന്നു ഗാന്ധിജിയുടെ സമരമുറ. വിജയം നേടാൻ ഈ മാർഗം മതിയാവും എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഈ സമരമാർഗ്ഗമാണ് ഗാന്ധിയൻ മാർഗ്ഗം എന്ന് പറയപ്പെട്ടത് മനുഷ്യരക്തത്തിന്റെ മണവും വെടിമരുന്നിന്റെ ഗന്ധവും മുറ്റിനിന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തിന് ഒരു പുതിയ മാനം നൽകാൻ ശ്രമിക്കുകയായിരുന്നു ഗാന്ധിജി്‌
     യുദ്ധം എന്നാൽ അദ്ദേഹത്തിന് ഹിംസയല്ല. രക്തം ചിന്തേണ്ടതില്ല. അമ്പും വില്ലും വാളും കുന്തവും തോക്കും ബോംബും വേണ്ടതില്ല. അതേക്കാൾ ഫലപ്രദവും മൂർച്ചയേറിയതുമായ ആയുധവുമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അഹിംസ കൊണ്ട്  ഹിംസയെ ജയിക്കാം എന്നും കാട്ടിത്തന്നു.  
        ചമ്പാരൻ സമരം.
 ഈ ശൈലിയിലുള്ള ആദ്യ പരീക്ഷണം ചമ്പാരനിലാണ് ഗാന്ധിജി നടത്തിയത്. അവിടുത്തെ പാവങ്ങളായ നീലം കൃഷിക്കാരെ രക്ഷിക്കാൻ .ചമ്പാരൻ ബീഹാർ സംസ്ഥാനത്താണ്. ചതുപ്പ് നിലങ്ങളും കൊച്ചുകൊച്ചു വെള്ളക്കെട്ടുകളും നിറഞ്ഞ ഭൂപ്രദേശം കണ്ടൽക്കാടുകളും കൊച്ചു കുന്നുകളും കൊണ്ട് വികൃതമാക്കപ്പെട്ട ശാപഭൂമി .ആദ്യം അവിടെ ജനവാസം ഉണ്ടായിരുന്നില്ല. എന്നാൽ ക്രമേണ കുടിയേറ്റക്കാർ കയ്യേറി ഭൂമി സ്വന്തമാക്കി. കുടിയേറ്റക്കാർ തദ്ദേശീയരായ പാവങ്ങൾക്ക് ഭൂമി പാട്ടത്തിന് കൊടുക്കുകയും അതിനായി സ്വന്തം നിലയിൽ ചില വ്യവസ്ഥകൾ ഉണ്ടാക്കുകയും ചെയ്തു. സ്വന്തം ആവശ്യത്തിനു കൃഷിത്തൊഴിലാളിക്ക് തന്നിഷ്ടം പോലെ കൃഷി നടത്താം .എന്നാൽ  ഇരുപത് ഭാഗം കൃഷിഭൂമിയിലെ വിളവിന് മൂന്നു ഭാഗത്തെ വിളവ് എന്ന കണക്കിൽ  ഭൂവുടമയ്ക്ക് വേണ്ടി നീലം കൃഷി നടത്തുകയും അവർക്ക് വിള എത്തിച്ചു കൊടുക്കുകയും വേണം. ഈ നിയമം "തീൻ കാദിയ" വ്യവസ്ഥ എന്നാണ് അറിയപ്പെട്ടിരുന്നത്. (20 കാദിയ ഒരു ഏക്കറിന് തുല്യമാണ്) . ഇത് പാട്ടക്കുടിയാന്മാർക്ക് വമ്പിച്ച നഷ്ടം വരുത്തിയിരുന്നു. അതിനാൽ ഓരോ വിളവെടുപ്പ് കഴിയുംതോറും അവർ കൂടുതൽ കൂടുതൽ കടക്കാരാവുകയായിരുന്നു. എന്നാൽ വ്യവസ്ഥ തെറ്റി നടക്കാൻ അവർക്ക് തന്റേടം ഉണ്ടായിരുന്നില്ല.ഭൂവുടമ കടക്കാർക്കു വേണ്ടി കാട്ടിൽ തടവറകൾ പണിതു വച്ചിരുന്നു. അവർ അത്തരക്കാർക്ക് ശിക്ഷ വിധിക്കുകയും തടവറയിൽ ഇട്ടു പീഡിപ്പിക്കുകയും ചെയ്തു. ഗുണ്ടകളെ കൊണ്ട് അവരെ ഉപദ്രവിക്കുകയും പതിവായിരുന്നു.  
      ഇതുകൂടാതെ വേറെയും ചില നികുതികൾ ഭൂവുടമകൾ വസൂലാക്കിയിരുന്നു. വീടുകളിൽ വിശേഷം ഉണ്ടായാൽ ആണ് ഇതു നൽകേണ്ടി വന്നിരുന്നത്. കേരളത്തിലും പണ്ട് ഈ സമ്പ്രദായം ഉണ്ടായിരുന്നു. ജന്മി -കുടിയാൻ വ്യവസ്ഥ ഉണ്ടായിരുന്ന കാലത്ത് കുടിയാൻ്റെ ,കുടുംബങ്ങളിലും ജന്മിയുടെ കുടുംബങ്ങളിലും വിശേഷദിവസമുണ്ടാകുമ്പോൾ ,കുടിയാൻ, ജന്മിക്കു കാഴ്ച വസ്തുക്കൾ എത്തിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു .കോൺഗ്രസിന്റെ വാർഷിക സമ്മേളനം നടന്നപ്പോൾ അതിൽ സന്നിഹിതനായിരുന്ന ഗാന്ധിജിയോട് ബീഹാറിൽ നിന്നും വന്ന ഒരു പ്രതിനിധി ചമ്പാരനിലെ കൃഷിക്കാരുടെ ദയനീയ നില വിശദീകരിച്ചു കൊടുത്തു 
ഈ പ്രശ്നം ഏറ്റെടുത്തു നടത്താൻ ഗാന്ധിജിയെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. അതനുസരിച്ച് ഗാന്ധിജി ഒരു സംഘം സത്യാഗ്രഹകളുമായി ചമ്പാരനിലേക്ക് പോകാൻ തീരുമാനിച്ചു .വഴിയിൽ തോട്ടം ഉടമാസംഘ പ്രസിഡണ്ടിനെ കണ്ടു വിവരമന്വേഷിക്കാൻ ശ്രമിച്ച ഗാന്ധിജിയോട് അയാൾ ധിക്കാരം പറഞ്ഞു "ഇത് തോട്ടം ഉടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്നമാണ് അന്യനായ നിങ്ങൾക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമില്ല വന്ന വഴി തിരിച്ചു പോവാം". ഗാന്ധിജി പിന്നീട് സംഘവുമായി പോലീസ് കമ്മീഷണറെ കണ്ടു. കമ്മീഷണറും പരുക്കൻ മട്ടിലാണ് ഗാന്ധിജിയോട് പെരുമാറിയത്. ഗാന്ധിജിയുടെ തന്നെ വാക്കുകളിൽ "കമ്മീഷണർ എന്നെ ഭീഷണിപ്പെടുത്തുകയും ഉടൻ ,തിർഹാട്ട് (:ചമ്പാരൻ ജില്ലയിലെ പോലീസ് ഡിവിഷൻ ആസ്ഥാനം') വിട്ടുകൊള്ളാൻ അജ്ഞാപിക്കുകയും ചെയ്തു.
 ഗാന്ധിജിയും സംഘവും യാത്ര തുടർന്നു. 
നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഗാന്ധിജി ദിവസങ്ങളോളം അവരോടൊപ്പം കഴിച്ചുകൂട്ടി. ഗ്രാമീണരുടെ കൂരകളിൽ കയറിച്ചെന്നു. അവരോടൊപ്പം ഭക്ഷണം കഴിച്ചു .അവരുടെ ജീവിതശൈലിയും ദുരിതങ്ങളും മനസ്സിലാക്കി. അവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ നീണ്ട കഥ ഒന്നൊഴിയാതെ അവർ ഗാന്ധിജിയുടെ മുമ്പിൽ നിരത്തി.  ഗാന്ധിജിയിൽ അവർ അവരുടെ രക്ഷകനെ കണ്ടെത്തി. ഗാന്ധിജി കൃഷിക്കാരുടെ പ്രശ്നങ്ങൾ അധികൃതരുമായി സംസാരിച്ചു .ഭൂ ഉടമകളെയും കണ്ടു. സംയമനത്തിന്റെ മാർഗ്ഗം സ്വീകരിക്കാൻ ഗാന്ധിജി ഭൂവുടമകളെ ഉപദേശിച്ചു.
     കോൺഗ്രസിന്റെ നിരവധി പ്രവർത്തകരും നേതാക്കന്മാരും ഗാന്ധിജിയോടൊപ്പം ചമ്പാരനിൽ എത്തിയിരുന്നു . ഈ സമരകാലത്താണ് രാജേന്ദ്രപ്രസാദ് ഗാന്ധിജിയുമായി ബന്ധപ്പെടുന്നത് .പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദ് അന്നുമുതൽ ഗാന്ധിജിയുടെ അടുത്ത അനുയായികളിൽ ഒരാളായി മാറി.
 സർക്കാരിന് എന്തെങ്കിലും പറഞ്ഞ് ഗാന്ധിജിയെ ഒഴിവാക്കാനാവുമായിരുന്നില്ല .അത്രയും നന്നായി നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ ഗാന്ധിജി സർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. സർക്കാരിന് ഗാന്ധിജിയെ ഭയവുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തിയ ഇതിഹാസ തുല്യമായ സമരത്തെപ്പറ്റി അവർക്ക് കേട്ടറിവുണ്ടായിരുന്നു. ഇന്ത്യയിലെ തൻറെ പ്രഥമ സംരംഭം പരാജയപ്പെട്ടാൽ അതു രാജ്യത്തിൻറെ തന്നെ പരാജയമായി തീർന്നേക്കും എന്ന് ഗാന്ധിജിക്കും തോന്നി. അതിനാൽ പ്രശ്നം പരിഹൃതമാകുവോളം പിൻവാങ്ങാൻ ഭാവമില്ലാത്ത കർക്കശ നിലപാടിലായിരുന്നു ഗാന്ധിജി .
   ഒടുവിൽ സർക്കാർ കീഴടങ്ങി .പ്രശ്ന പരിഹാരത്തിന് ഗാന്ധിജിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരു അന്വേഷണ കമ്മീഷനെ നിശ്ചയിക്കാൻ ഗവൺമെൻറ് തയ്യാറായി. കൃഷിക്കാരുടെ അവശതകൾ എന്തൊക്കെയെന്നും ഏതെല്ലാം മാർഗത്തിൽ പരിഹരിക്കാമെന്നും കണ്ടെത്തുകയായിരുന്നു കമ്മീഷന്റെ ജോലി. കമ്മിറ്റിയുടെ നിഗമനം നീലം കർഷകർക്ക് അനുകൂലമായ വിധത്തിലായിരുന്നു. ഗവൺമെന്റിന് അതു നടപ്പാക്കേണ്ടിയും വന്നു.
    ഗാന്ധിജി ഇന്ത്യയിൽ വിജയം വരിച്ച ആദ്യത്തെ സമരമായിരുന്നു ചമ്പാരനിലേത്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി.

ശാസ്ത്രോത്സവം റിസൽട്ട് /Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

എല്ലാ ജില്ലകളിലും നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവം,ഗണിത മേള സാമൂഹ്യശാസ്ത്ര മേള ,വർക്ക് എക്സ്പീരിയൻസ്, ഐടി മേളകളുടെ റിസൽട്ട് അറിയുന്നതിന്.


Wednesday, November 8, 2023

മിന്റോ - മോർലി ഭരണപരിഷ്കാരം /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

42. മിന്റോ - മോർലി ഭരണപരിഷ്കാരം.
      ബാലഗംഗാധരതിലകനടക്കം എല്ലാ തീവ്രവാദി നേതാക്കളേയും ജയിലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്തു .1910 ആയപ്പോഴേക്കും തീവ്രവാദികളുടെ ഒരൊറ്റ നേതാവും വെളിയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധയോഗങ്ങളും രാഷ്ട്രീയ യോഗങ്ങളും നിരോധിച്ചത് കാരണം നാട്ടിൽ എന്ത് നടക്കുന്നു എന്ന് പൊതുജനങ്ങൾ അറിഞ്ഞുമില്ല . രാഷ്ട്രീയത്തടവുകാരെക്കൊണ്ട് ആന്തമാൻ ദ്വീപിലെ ജയിലറകൾ നിറഞ്ഞു. പ്രവർത്തനരംഗത്ത് ഉണ്ടായിരുന്നത് മിതവാദികളായ നേതാക്കൾ മാത്രമായിരുന്നു. അവർ നിരുപദ്രവികളായ മാന്യന്മാരെന്നാണ് കണക്കാക്കിയിരുന്നത്. ഈ നിലയിൽ ഒട്ടൊന്നു ശാന്തമായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷം. ഈ ഘട്ടത്തിലാണ് സർക്കാർ ഭരണപരമായ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. അത്തരം പരിഷ്കാരങ്ങളിൽ മിതവാദികൾ സന്തുഷ്ടരായിക്കൊള്ളുമെന്ന കണക്കുകൂട്ടൽ ആയിരുന്നു ബ്രിട്ടീഷ് സർക്കാരിന്. മിതവാദികൾ അങ്ങനെയൊരു പ്രതീക്ഷയും സർക്കാരിൽ ഉണ്ടാക്കിയിരുന്നു 'ഭരണപരമായ മാർഗത്തിലൂടെ സ്വയംഭരണം' എന്ന മുദ്രാവാക്യം ആയിരുന്നല്ലോ അവരുടേത്.  അതിന്റെ തുടക്കം എന്ന നിലയിലാണ് മിന്റോ- മോർലി ഭരണപരിഷ്കാരം വന്നത്. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരത്തോടുകൂടി വൈസ്രോയി മിന്റോയും മോർലിയും സംയുക്തമായി സംവിധാനം ചെയ്ത നിയമപരിഷ്കാരമായതിനാലാണ് ഇതിന് മിന്റോ മോർലി ഭരണപരിഷ്കാരം എന്നു പേരു വന്നത്. 
      ഇങ്ങനെയൊരു പരിഷ്കാരം നടപ്പാക്കുന്നതിൽ ഗവൺമെന്റിന് ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് രൂപീകരണ വേളയിൽ അതിൻറെ നേതാക്കൾക്ക് നൽകിയ ഒരു ഉറപ്പ് പാലിക്കേണ്ടതുണ്ടായിരുന്നു സർക്കാരിന് .മുസ്ലിം സമൂഹത്തിനു മാത്രമായി ഒരു പ്രത്യേക മണ്ഡലം നൽകും എന്നതായിരുന്നു അത്. ദേശീയധാരയിൽ നിന്നും മാറിനിന്നുകൊണ്ട്, ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന് അവരുടെ നയത്തിനുള്ള പ്രതിഫലം.
   1909 ലാണ് പാർലമെൻറ് 'ഇന്ത്യൻ കൗൺസിൽ ആക്ട്' എന്ന നാമത്തിൽ ഈ നിയമം അംഗീകരിച്ചത്. ഇതുപ്രകാരം വൈസ്രോയിയുടെയും സ്റ്റേറ്റ് സെക്രട്ടറിയുടെയും ഭരണസമിതിയിൽ ഓരോ അനൗദ്യോഗിക ഇന്ത്യൻ പ്രതിനിധിയെ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തിരുന്നു .  ഇവർ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാവണം എന്നാൽ അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് ചില കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അഭിപ്രായം തുറന്നു പറയുകയും ചർച്ചയിൽ സജീവമായി പങ്കെടുക്കുകയും ചെയ്യാമെങ്കിലും അവർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. 
    മുസ്ലിം സമുദായത്തിന് പ്രത്യേക നിയോജക മണ്ഡലവും സാമുദായിക അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യവും നൽകുന്നതിന്റെ ലക്ഷ്യം ഇന്ത്യയിലെ രണ്ട് പ്രമുഖ സമുദായങ്ങളെ ഭിന്നിപ്പിച്ചു നിർത്തുക എന്നതായിരുന്നു.
   മുസ്ലീങ്ങളെ ഇന്ത്യയ്ക്കുള്ളിൽ ഇന്ത്യ എന്ന രീതിയിൽ ഒരു പ്രത്യേക വിഭാഗമായി അംഗീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിന് ആദ്യം മിതവാദികൾ അനുകൂലിച്ചെങ്കിലും ഉള്ളിലിരുപ്പ് മനസ്സിലായപ്പോൾ എതിർത്തു .എന്നാൽ അവർക്ക് ഒരു ബദൽ സംവിധാനം നിർദ്ദേശിക്കുവാൻ കഴിഞ്ഞില്ല. അതുകാരണം എതിർപ്പിന്റെ രംഗത്ത് പോലും അവർ ഒരു ഒഴുക്കൻ നയമാണ് കൈക്കൊണ്ടത്.
     തീവ്രവാദികൾ തുടക്കം മുതൽക്കുതന്നെ ബില്ലിനെ നഖശിഖാന്തം എതിർത്തു. മിതവാദികളുടെ നിസ്സംഗ നയത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പിന്നീട് മിതവാദികളും ബില്ലിനെതിരെ രംഗത്തുവന്നു.
    കോൺഗ്രസിൻറെ 25ആം സമ്മേളനം ആ വർഷം ലാഹോറിൽ നടന്നപ്പോൾ ഈ ഭരണപരിഷ്കാരത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റി വിശദമായ വിമർശനം ഉണ്ടായി. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയായിരുന്നു ആധ്യക്ഷം വഹിച്ചത് അധ്യക്ഷ പ്രസംഗത്തിൽ മാളവ്യ പറഞ്ഞു "വിദേശീയരായ ഒന്നോ രണ്ടോ ഭരണകർത്താക്കൾ ഒരു മേശക്കിരുപുറവും ഇരുന്നുകൊണ്ട് തന്നിഷ്ടം പോലെ നടത്താനുള്ളതല്ല ഇത്തരം ഭരണപരിഷ്കാരങ്ങൾ. ഇത് രൂപപ്പെടുത്തേണ്ടത് ഇന്ത്യക്കാർക്ക് ഭൂരിപക്ഷമുള്ള നിയമനിർമ്മാണ സഭകളിലാവണം. അങ്ങനെയല്ലാത്ത യാതൊന്നും നമുക്ക് സ്വീകാര്യമല്ല" . സാമുദായിക അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായവും സമ്മേളനത്തിന്റെ രൂക്ഷമായ വിമർശനത്തിന് വിധേയമായി .സയ്ദ് ഹസ്സൻ ഇമാം എന്ന പ്രതിനിധിയാണ് ഈ  ഭിന്നിപ്പിച്ചു നിർത്തലിനെ എതിർത്തത് .സമുദായ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തി ഇവിടെ സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് കുതന്ത്രങ്ങളെ തൊലിയുരിച്ചു കാട്ടി അദ്ദേഹം .
ബനാറസ്  ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ മദൻമോഹൻ മാളവ്യ ഉന്നതനായ വിദ്യാഭ്യാസ പരിഷ്കർത്താവ് ആയിരുന്നു. കോൺഗ്രസിലെ മിതവാദികളുടെ ഒപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചത്. ഫിറോസ് ഷാ മേത്തയുടെയും ഗോപാലകൃഷ്ണ ഗോഖലയുടെയും ഒപ്പം അവരുടെ സമശീർഷനായി ചേർന്നാണ് അവർ സങ്കൽപ്പിക്കുന്ന ഇന്ത്യയുടെ 'സ്വരാജ്യ സങ്കല്പം' എഴുതിയുണ്ടാക്കിയത്. പാർട്ടിയുടെ നയം എന്ന നിലയിൽ അതിൽ പറഞ്ഞിരിക്കുന്നത് ബ്രിട്ടീഷ് പാർലമെൻ്ററി മാതൃകയിലുള്ള ഒരു സ്വതന്ത്ര ഭരണത്തെ ക്കുറിച്ചായിരുന്നു .മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ അവർക്ക് മാത്രമായി ഒരു പ്രത്യേക സംസ്ഥാനം നൽകണമെന്ന് മിന്റോ - മോർലി ഭരണ വ്യവസ്ഥയുടെ നിരർഥകതയെ ലാഹോർ സമ്മേളനത്തിൽ മാളവ്യ ചോദ്യം ചെയ്തത് ഇങ്ങനെയായിരുന്നു 'എങ്കിൽ അവിടെ ന്യൂനപക്ഷമാവുന്ന മറ്റു സമുദായക്കാർക്ക് എന്ത് സംരക്ഷണമാണ് ബ്രിട്ടീഷ് സർക്കാരിന് നിർദ്ദേശിക്കാൻ ഉള്ളത്'?'
    1861ലാണ് മാളവ്യ ജനിച്ചത്. ഒരു ബ്രാഹ്മണ കുടുംബത്തിൽ . 21 വയസ്സിൽ മാളവ്യ ബിരുദമെടുക്കുകയും അധ്യാപക വൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. പിന്നെ നിയമപഠനം നടത്തി എൽ എൽ ബി പരീക്ഷ പാസായി. അലഹബാദിൽ അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടു. ഒപ്പം 'ഹിന്ദുസ്ഥാനി' എന്ന ഹിന്ദി പത്രവും 'ഹിന്ദുസമാജം' എന്ന സംഘടനയും ഉണ്ടാക്കി .ഹൈന്ദവ തത്വ പ്രചാരണം ആയിരുന്നു ലക്ഷ്യം. തുടക്കം മുതൽക്ക് തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രവർത്തകനും നേതാവുമായിരുന്നു അദ്ദേഹം. എന്നാൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തോട് യോജിപ്പുണ്ടായിരുന്നില്ല.മാളവ്യ ഒരു യാഥാസ്ഥിതിക ബ്രാഹ്മണനെങ്കിലും ഗാന്ധിജിയോടൊപ്പം അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്നു.
  അവസാനകാലങ്ങളിൽ അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിന്നും ഒഴിഞ്ഞു നിൽക്കുകയും വിദ്യാഭ്യാസ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ ചെലുത്തുകയും ചെയ്തു.1946 നവംബർ 12ന് അന്തരിച്ചു.
  മിന്റോ മോർലി ഭരണപരിഷ്കാരം ഇന്ത്യയ്ക്ക് ദോഷം ചെയ്യും എന്ന് അന്നത്തെ സമ്മേളനത്തിൽ ശക്തിയായി വാദിച്ചവരിൽ മുഹമ്മദലി ജിന്നയും ഉണ്ടായിരുന്നു. പിന്നീട് മുസ്ലിംലീഗിന്റെ സമുന്നത നേതാവും പാക്കിസ്ഥാൻ രൂപീകരണത്തിനു ശേഷം അതിൻറെ ആദ്യത്തെ ഗവർണർ ജനറലും ആയ അദ്ദേഹം അന്ന് കോൺഗ്രസ് പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും നേതൃസ്ഥാനങ്ങളിൽ തിളങ്ങി നിന്നിരുന്ന ദേശീയ വാദിയുമായിരുന്നു. മിതവാദി നേതാക്കളോടൊപ്പമാണ് ജിന്ന നിലയുറപ്പിച്ചത്. ഗോപാലകൃഷ്ണ ഗോഖലെയുമായി അദ്ദേഹം ഉറ്റ ബന്ധം പുലർത്തിയിരുന്നു .
  1909 ൽ മിന്റോ മോർലി ഭരണപരിഷ്കാരം നിലവിൽ വന്നതായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അത് സ്വീകരിച്ചില്ല.
    ആ ഘട്ടത്തിലാണ് 1911ൽ മിന്റോ വിനു പകരം ഹാർഡിഞ്ച് പ്രഭു വൈസ്രോയിയായി വന്നത്. ആ വർഷം ഇന്ത്യ സന്ദർശിക്കാൻ ഇംഗ്ലണ്ടിൽ നിന്നും ജോർജ് അഞ്ചാമൻ ചക്രവർത്തിയും പത്നിയും വന്നു. ചക്രവർത്തിയുടെ ഒരു പ്രത്യേക വിളംബര പ്രകാരം ബംഗാളിന്റെ വിഭജനം റദ്ദാക്കി. അതോടൊപ്പം ചക്രവർത്തി മറ്റൊരു പ്രഖ്യാപനവും നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നു. ബംഗാളിന്റെ പുനരേകീകരണം നടന്നു കഴിയുകയും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുകയും ചെയ്താൽ പ്രക്ഷോഭം കെട്ടടങ്ങും എന്നു കരുതിയ ഭരണാധികാരികൾക്ക് തലസ്ഥാനം മാറ്റി ഒരു വർഷം തികയും മുമ്പ് മറ്റൊരു ആക്രമണത്തെ നേരിടേണ്ടിവന്നു .1912 ഡിസംബർ 23. ഹാർഡിഞ്ച് പ്രഭുവിന് നൽകിയ വരവേൽപ്പ് ചടങ്ങായിരുന്നു രംഗം. വൈസ്രോയിയും പത്നിയും നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്താണ് എഴുന്നള്ളുന്നത്. രണ്ടുപേർക്കും വർണക്കുട പിടിച്ചുകൊണ്ട് മേജർ മഹാവീർ സിംഗ് എന്ന ഇന്ത്യക്കാരനായ പട്ടാള ഉദ്യോഗസ്ഥനും ആനപ്പുറത്ത് ഉണ്ടായിരുന്നു. 
വഴിനീളെ സ്വീകരണം നടന്നു. ചെങ്കോട്ട ലക്ഷ്യം വച്ചുകൊണ്ട് ആനയും അമ്പാരിയുമായി ഹാർഡിഞ്ചും പത്നിയും ചാന്ദിനി ചൗക്കിൽ എത്തി. അപ്പോഴാണ് ഒരു സ്ഫോടന ശബ്ദം കേട്ടത്. വെടിക്കെട്ട് ആവുമെന്ന് ജനങ്ങൾ ധരിച്ചു. അങ്ങനെ കരുതിയ പോലീസും ശ്രദ്ധിക്കാൻ പോയില്ല പക്ഷേ സ്ഫോടനത്തോടൊപ്പം ആനപ്പുറത്ത് കുടപിടിച്ചുകൊണ്ട് ഞെളിഞ്ഞിരുന്ന ഇന്ത്യക്കാരനായ മേജർ കുടയുമായി ചരിഞ്ഞുവീണു .അപ്പോൾ മാത്രമാണ് ജനക്കൂട്ടത്തിൽ നിന്നും ആരോ ബോംബറിഞ്ഞതാണെന്ന് പോലീസിന് പോലും മനസ്സിലായത്. ആനപ്പുറത്തുനിന്ന് നിലത്ത് വീണ ഉടൻതന്നെ മേജർ അന്ത്യശ്വാസം വലിച്ചു. വൈസ്രോയിയും പത്നിയും പരിക്കുകളോടെ രക്ഷപ്പെട്ടു. ആരാണ് അക്രമി എന്നോ ആരെ ലക്ഷ്യം വെച്ചാണ് ബോംബിറഞ്ഞതെന്നോ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.റാഷ് ബിഹാരിയായിരിക്കണം എന്ന് പോലീസ് സംശയിച്ചു. അദ്ദേഹത്തിൻറെ പേരിൽ കേസും ചാർജ് ചെയ്തു. പക്ഷേ പിടികിട്ടിയില്ല. ഒരിക്കലും പോലീസിൻറെ കെണിയിൽ പെടാതിരുന്ന ഒരേയൊരു വിപ്ലവകാരിയായിരുന്നു റാഷ്ബിഹാരി. അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവർക്കോ പിടിക്കാൻ സഹായിക്കുന്നവർക്കോ ഒരു ലക്ഷം രൂപ പ്രതിഫലം കൊടുക്കുമെന്ന് ഗവൺമെൻറ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വേറെ നാലുപേർ പിടിയിൽ ആവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു .മാസ്റ്റർ അമീർ ചന്ദ്, അബോദ് ബിഹാരി, ഭായിമുകുന്ദ് ,  ബസന്ത്ബിശ്വാസ്  എന്നിവരെയാണ് ചാന്ദിനി ചൗക്ക് സംഭവത്തിന്റെ പേരിൽ തൂക്കിലേറ്റിയത്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി.ജീ.