🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, August 3, 2020

അധ്യാപകക്കൂട്ടം ലേഖനങ്ങള്‍

രവീന്ദ്ര നാഥ ടാഗോര്‍:

തയ്യാറാക്കിയത് : ശുഹൈബ തേക്കില്‍.

രവീന്ദ്രനാഥാ ടാഗോര്‍. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ബഹുമുഖ പ്രതിഭ. കവി,
തത്ത്വചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്,
 നോവലിസ്റ്റ് , സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങി പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം
വേറിട്ട ധിഷണ പ്രകടിപ്പിച്ച ആ അതുല്യ വ്യക്തിത്വം ഓര്‍മയായിട്ട് 79വര്‍ഷം
പൂര്‍ത്തിയാകുകയാണ്. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയുടെ വാര്‍ഷികദിനം
 കൂടി കടന്നുവരുമ്പോള്‍ നമ്മുടെ ദേശീയ ഗാനത്തിന്റെ ശില്‍പ്പികൂടിയായ
 അദ്ദേഹത്തെക്കുറിച്ച്....
ഏകാന്തതയുടെ അവദൂതന്‍ 
ശുഹൈബ തേക്കില്‍


ഏകാന്തതയുടെ ബാല്യം

കല്‍ക്കത്തയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു
ടാഗോറിന്റെ ജനനം. പീരലി ബ്രാഹ്മണ വംശം. എല്ലാ
സൗഭാഗ്യങ്ങളുമുണ്ടായിരുന്നു വീട്ടില്‍. ഏറ്റവും മുന്തിയ
സ്‌കൂളില്‍ പഠനം. കൂട്ടുകൂടാനും കൂടെ നടക്കാനും
ധാരാളം കൂട്ടുകാര്‍. എന്നിട്ടും കൊച്ചു ടാഗോറിന്
അതൊന്നും ഇഷ്ടമായില്ല. രാവിലെ ആറുമണി മുതല്‍
 രാത്രി വരെ പഠനം. അതിരാവിലെ തുടങ്ങുന്ന ട്യൂഷന്‍.
 അതു കഴിഞ്ഞാല്‍ സ്‌കൂള്‍. മടങ്ങിയെത്തിയാല്‍
പിന്നെയും ട്യൂഷന്‍. രവിക്ക് മടുത്തു.
ഏറെ ഇഷ്ടം പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതി
ലായിരുന്നു. ഈ സമയത്താണ് രവിയുടെ ഉപനയന
കര്‍മം നടന്നത്.
 തലമുണ്ഡനം ചെയ്തതു കാരണം സ്‌കൂളില്‍ പോകാന്‍
 മടിച്ചു. ആ സമയത്താണ് പിതാവ് ഹിമാലയ യാത്ര നടത്താന്‍
തീരുമാനിച്ചത്. മകന് ഒരു മാറ്റമാകട്ടെയെന്ന് കരുതി അദ്ദേഹം
യാത്രയില്‍ അവനെകൂടികൂട്ടി. ഹിമാലയത്തില്‍ പോകുന്ന
 വഴി പില്ക്കാലത്ത് ശാന്തിനികേതന്‍ സ്ഥാപിച്ച സ്ഥലത്തും
 ഏതാനും ദിവസം അവര്‍ താമസിച്ചു. നഗരത്തിന്റെ ബഹളങ്ങളില്‍
നിന്ന് ഒഴിഞ്ഞുമാറിയുള്ള ഈ സ്ഥലം വല്ലപ്പോഴുമൊരു
ഏകാന്തവാസത്തിനു വേണ്ടി രവിയുടെ പിതാവ് വാങ്ങിയതായിരുന്നു.
ഹിമാലയ കാഴ്ചകളില്‍ വളരെ സന്തുഷ്ടനായ മകന്‍ യാത്രകഴിഞ്ഞ്
തിരിച്ചെത്തിയാല്‍ നല്ല മിടുക്കനായി
മാറുമെന്ന് കരുതിയ മാതാപിതാക്കള്‍ക്കു തെറ്റി. രവി പഴയതുപോലെ തന്നെ.
സ്‌കൂളില്‍ പോകില്ല. പാഠപുസ്തകങ്ങള്‍ വായിക്കില്ല. ആരോടും മിണ്ടില്ല.
അവസാനം വീട്ടുകാരും അധ്യാപകരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു.
രവി ഇനി സ്‌കൂളില്‍ പോകേണ്ട. വീട്ടിലിരുന്ന് പഠിച്ചാല്‍ മതി.
പിന്നെ അധ്യാപകര്‍ വീട്ടിലെത്തി. കൂടുതല്‍ സമയം രവിയെ സ്വതന്ത്രനാക്കി
 വിട്ടു. ഏകാന്തതയെ പ്രണയിച്ച അവന്‍ പതുക്കെ പഠനം തുടങ്ങി.
ഏറെ വായിക്കാനും. അന്ന് എട്ട് വയസ്സാണ് പ്രായം. ഒരു ദിവസം സഹോദരന്റെ
മകന്‍ ജ്യോതിപ്രകാശ് ഒരു കടലാസു കഷ്ണവുമായി രവിയുടെ
അരികിലെത്തി പറഞ്ഞു. ഒരു കവിത എഴുതൂ. 
എനിക്ക് എഴുതാനറിഞ്ഞു കൂടാ രവി പറഞ്ഞു. അവനേക്കാള്‍ നാല്
 വയസ്സിന് മൂത്തവനാണ് ജ്യോതിപ്രകാശ്. അവനപ്പോള്‍ കവിതയുടെ
വൃത്തത്തെക്കുറിച്ചും മറ്റും പറഞ്ഞുകൊടുത്തു. 
ഇനി എഴുതൂ... രവി ഏറെ നേരം ആലോചിച്ചിരുന്നു. പിന്നെ ഒരു കവിത
 എഴുതി സഹോദരന്റെ മകന് കാണിച്ചുകൊടുത്തു. ഉഗ്രന്‍. അവന്‍ വായിച്ച്
അത്ഭുതം കൂറി. അതായിരുന്നു തുടക്കം. പിന്നീട് ഒരു വലിയ നോട്ടു പുസ്തകം
നിറയെ കവിതകള്‍ രവി എഴുതി നിറച്ചു. ഒരിക്കല്‍ മറ്റൊരു സുഹൃത്തിനെ
 വിളിച്ച് അതെല്ലാം വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു. ഞാനിതെല്ലാം
ഒരു പഴയ ഗ്രന്ഥത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ്. അപ്പോള്‍
സുഹൃത്ത് പറഞ്ഞു. 
ഏതായാലും പ്രഗത്ഭനായ ഏതോ ഒരു കവിയുടെ വരികളാവാമിത്.
അത്രക്ക് മനോഹരമാണ് അവ.
ചിരിച്ചുകൊണ്ട് രവി പ്രതികരിച്ചു. ഈ വരികള്‍ ഒരു പ്രഗത്ഭന്റേതാണെങ്കില്‍
ആ പ്രഗത്ഭന്‍ ഞാന്‍ തന്നെയാണ്. 
അലസനും മടിയനുമായിരുന്ന ഈ ഏകാന്തതയുടെ കാമുകനാണ് പില്ക്കാലത്ത്
ലോകസാഹിത്യത്തിന് അനശ്വരങ്ങളായ കവിതകളും നോവലുകളും അനേകം
സാഹിത്യകൃതികളും സംഭാവന ചെയ്ത രവീന്ദ്രനാഥ ടാഗോര്‍ ആയി തീര്‍ന്നത്.
 പതിനാറാമത്തെ വസ്സില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമം സ്വീകരിച്ചു
. ആദ്യ കവിതാസമാഹാരം ആ പേരിലാണ് പുറത്തിറക്കിയത്. 1877 മുതല്‍ അദ്ദേഹം
ചെറുകഥകളും നാടകങ്ങളും എഴുതി തുടങ്ങി. 

സാഹിത്യ സംഭാവനകള്‍

മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍
 ടാഗോറിന്റേതായിപുറത്തിറങ്ങിയിട്ടുണ്ട്. രണ്ടായിരത്തി മുന്നൂറോളം
 ഗാനങ്ങളുമെഴുതി, അന്‍പത് നാടകങ്ങള്‍,കലാഗ്രന്ഥങ്ങള്‍ വേറെ,
ലേഖന സമാഹാരങ്ങള്‍ വേറെയുമുണ്ട്. ഇതിനെല്ലാം പുറമേ
ഒരു ചിത്രകാരന്‍, നാടകനടന്‍, ഗായകന്‍ ഇവയൊക്കെയായിരുന്നു
അദ്ദേഹം. ചിത്രരചന ആരംഭിച്ചതോ 68 ാം വയസില്‍.
ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു.
ഗീതാജ്ഞലി എന്ന പദ്യകൃതിയിലൂടെ സാഹിത്യത്തിലെ നൊബേല്‍
 സമ്മാനം അദ്ദേഹത്തെ തേടി എത്തി. 1913ലായിരുന്നു ഇത്. ഈ പുരസ്‌കാരം
ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.
രബീന്ദ്രനാഥ ടാഗോര്‍,അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍
എന്നിങ്ങനെ ഇന്ത്യയുടെ കലാസാഹിത്യ രംഗത്തും , മതസാമൂഹിക
പരിഷ്‌കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍
ഈ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ
സമരത്തെ പൂര്‍ണമായി പിന്തുണച്ചു. ഗാന്ധിജിക്കൊപ്പം നിന്നു.
എന്നാല്‍ ദുരന്തപൂര്‍ണമായൊരു ജീവിതമായിരുന്നു
അദ്ദേഹത്തിന്റേത്. കുടുംബത്തിലെ മിക്കവാറും എല്ലാവരുടെയും
വിയോഗങ്ങള്‍ ടാഗോറിനെ തളര്‍ത്തി.
എന്നാല്‍ ആ ഘട്ടത്തിലാണ് അദ്ദേഹം തന്റെ മികച്ച കൃതികളെല്ലാം രചിച്ചത്.
ദുരന്തങ്ങളെ സര്‍ഗാത്മകതകൊണ്ട് അദ്ദേഹം അതിജീവിച്ചു.
ആ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയും
ഇന്നും ലോകത്തിനു മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു.
1941 ഓഗസ്റ്റ് ഏഴിനായിരുന്നു ആ വിശ്വ പ്രതിഭ അരങ്ങൊഴിഞ്ഞത്.

നമ്മുടെ ദേശീയ ഗാനം

ദേശീയ ഗാനത്തെക്കുറിച്ച് പറയാതെ ടാഗോറിന്റെ സംഭാവനകള്‍
പൂര്‍ണമാകില്ലല്ലോ.അദ്ദേഹത്തിന്റെ ജനഗണമന എന്നുതുടങ്ങുന്ന
 ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനമായി
 മാറിയത്. 1912 ജനുവരിയില്‍ തത്വബോധി എന്ന   ഭാരത് വിധാത
 എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകരിച്ചത്. ടാഗോര്‍
തന്നെ ആയിരുന്നു ഇതിന്റെ പത്രാധിപര്‍. അഞ്ചുചരണങ്ങളാണ്
ഈ ഗാനത്തിന് ഉള്ളത്.ആദ്യത്തെ ചരണമാണു ദേശീയ ഗാനമായി
മാറിയത്. 1950 ജനുവരി 24ാം തീയതി ഇന്ത്യന്‍ പാര്‍ലമെന്റാണ്
ഈ ഗാനത്തെ ദേശീയ ഗാനമായി അംഗീകരിച്ചത്. അന്നുമുതല്‍
 'ജനഗണമന' ദേശീയഗാനമായി മാറി.1911 ഡിസംബര്‍27ന്
കല്‍ക്കത്തയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 28ാം
വാര്‍ഷികാഘോഷിച്ചപ്പോള്‍ ആദ്യമായി ഈ ഗാനം ടാഗോര്‍ ആലപിച്ചു.
ബംഗാളിയില്‍ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം
പേരിട്ടിരുന്നത്.ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും
 മൊഴിമാറ്റി. ഔപചാരികാവസരങ്ങളില്‍ ഈ ഗാനം ആലപിക്കാന്‍ 52
സെക്കന്‍ഡാണ് എടുക്കുന്ന സമയം.
ഔദ്യോഗികമായി നിശ്ചയിച്ച രീതിയില്‍ ദേശീയഗാനം ആലപിക്കണം.
അതിനു സാക്ഷ്യം വഹിക്കുന്നവരെല്ലാം ദേശത്തോടുളള ആദരസൂചകമായി
എഴുന്നേറ്റുനില്‍ക്കണം.
സ്വാതന്ത്ര്യദിനം, റിപ്പബഌക് ദിനം എന്നിവ ആഘോഷിക്കുമ്പോഴും
ഔദ്യോഗിക ചടങ്ങുകളുടെ ആരംഭത്തിലും ചില നിശ്ചിത ചടങ്ങുകളുടെ
 അന്ത്യത്തിലും ദേശീയഗാനം ആലപിക്കണമെന്നും ചട്ടമുണ്ട്.
വിദേശ ഭരണാധികാരികള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ചടങ്ങുകളിലും
ഭാരതം വിദേശരാജ്യങ്ങളില്‍ വച്ച് ഔദ്യോഗികമായി പങ്കെടുക്കുന്ന
ചടങ്ങുകളിലുംരണ്ടു രാജ്യത്തിന്റേയും ദേശീയഗാനങ്ങള്‍ ആലപിക്കണമെന്നും
വ്യവസ്ഥയുണ്ട്.അന്തര്‍ദേശീയ കലാ, കായിക മേളകളിലും മറ്റും
ഓരോ രാജ്യത്തിന്റേയുംപ്രതിനിധികള്‍ സമ്മാനിതരാവുമ്പോഴും
 അതതു രാജ്യത്തിന്റെ ദേശീയഗാനം
ആലപിക്കുന്ന സമ്പ്രദായം അന്തര്‍ദേശീയമായി അംഗീകരിച്ചിട്ടുണ്ട്.



ശുഹൈബ തേക്കില്‍.
നല്ലൂര്‍ നാരായണ എല്‍.പി.ബി.എസ് 
കോഴിക്കോട്.
Attachments area

1 comment: