🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, October 16, 2020

മഹാകവി അക്കിത്തം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

മഹാകവി അക്കിത്തം 

മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരി ഒക്ടോബർ 15-ാം തീയതി വ്യാഴാഴ്ച നമ്മോട് വിട പറഞ്ഞു. കവിതയിൽ ആധുനികതയെയും പാരമ്പര്യത്തെയും 
സമന്വയിപ്പിച്ച മഹാപ്രതിഭയായിരുന്നു അദ്ദേഹം.   
  1926-മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരാണ് അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത്.ബാല്യത്തിൽ സംസ്കൃതത്തിലും സംഗീതത്തിലും ജ്യേ തിഷത്തിലും അവഗാഹം നേടിയ അദ്ദേഹം അക്കാലത്ത് നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടി. വി.ടി ഭട്ടത്തിരിപ്പാടിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം വി ടി യുടെ നാടകങ്ങളുടെ അരങ്ങിലും അണിയറയിലും ഒരേ പോലെ പ്രവർത്തിച്ചു. 1946-49 കാലഘട്ടത്തിൽ ഉണ്ണി നമ്പൂതിരി വാരികയുടെ പ്രസാധകനും മംഗളോദയം യോഗക്ഷേമം എന്നീ മാസികകളുടെ പത്രാധി‌പസമിതി അംഗവുമായിരുന്നു. 
     വി ടി യും ഇടശ്ശേരിയും ഉറൂബും വെട്ടിത്തെളിഞ്ഞ പൊന്നാനി കളരിയായിരുന്നു അക്കിത്തത്തിൻ്റെ തട്ടകം. കൃഷ്ണപ്പണിക്കർ വായനശാലയായിരുന്നു കളരിയുടെ ആസ്ഥാനം. ഇടശ്ശേരി യായിരുന്നു ഈ കൂട്ടായ്മയുടെ ജീവനാഡി. അക്കിത്തത്തിലെ കവിയെ വളർത്തുന്നതിൽ ഈ കൂട്ടായ്മ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  ശാസ്ത്രവും സാഹിത്യവും കമ്യൂണിസവും വേദാന്തവും ഒരേ പോലെ സമന്വയിപ്പിച്ച് കവിതകൾ രചിച്ച അക്കിത്തം ആധുനികതയെ കവിതയിലേക്ക് ആവാഹിച്ച വ്യക്തിത്വമാണ്. കമ്യൂണിസത്തിൻ്റെ മാനവീകത അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു.ഇ .എം. എസ്സു മായ് മറ്റും ചേർന്ന് സജീവമായ് പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പിൽക്കാലത്ത് ശ്രീരാമകൃഷ്ണ ആശ്രമവും വിവേകാനന്ദ ദർശനങ്ങളും വലിയ സ്വാധീനം ചെലുത്തി. 1956-ൽ ആകാശവാണിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1985 ൽ എഡിറ്ററായ് വിരമിച്ചു.ഗാന്ധിയൻ ദർശനങ്ങളും വേദാന്തദർശനങ്ങളും ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം ശ്രമിച്ചു.
   ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും അദ്ദേഹം സജീവമായ് പ്രവർത്തിച്ചു.വി.ടി ഭട്ടത്തിരിപ്പാടിനോടൊപ്പമുള്ള നവോത്ഥാന പ്രവർത്തനങ്ങൾക്കിടയിലാണ് ഒരു നടൻ്റെ മേലങ്കി അദ്ദേഹം ഇടുന്നത്.1950 ൽ ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിൽ അദ്ദേഹം അഭിനയിക്കുകയുണ്ടായി. പി.കെ മുഹമ്മദ് കുഞ്ഞ്, എൻ ദാമോദരൻ, എം.ആർ.ബി എന്നിവരുടെ നാടകങ്ങളിലും അദ്ദേഹം വേഷമിടുകയുണ്ടായി.
    വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന വരികൾ കേൾക്കാത്തവർ ചുരുക്കമാണല്ലോ. മലയാള കവിതയിലെ ആധുനികതയെ അടയാളപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന കാവ്യം അക്കിത്തമെഴുതുന്നത് 1952 ലാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിലെ മാറ്റത്തിൻ്റെ സൂചനയായ് ഈ കൃതി വിലയിരുത്തപ്പെട്ടു. 1952-ലെ സഞ്ജയൻ അവാർഡ് ഈ കവിതക്ക് ലഭിച്ചു.കവിത,ചെറുകഥ, ഉപന്യാസം, വിവർത്തനം, നാടകം എന്നിങ്ങനെ എല്ലാ സാഹിത്യ വിഭാഗത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, വെണ്ണക്കല്ലിൻ്റ കഥ, ബലിദർശനം, പഞ്ചവർണ്ണക്കിളി, ഭാഗവതം (വിവർത്തനം), ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമ്യത ഗായിക തുടങ്ങിയ 46- ഓളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ബാലസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,ഓടക്കുഴൽ അവാർഡ്, എഴുത്തച്ചൻ പുരസ്ക്കാരം, വയലാർ അവാർഡ്,പത്മശ്രീ ഏറ്റവും ഒടുവിൽ രാജ്യത്തിൻ്റെ  സമുന്നത സാഹിത്യ പുരസ്ക്കാരമായ ജ്ഞാനപീഠ പുരസ്ക്കാരവും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിൻ്റെ സംഭാവനകൾ മലയാള ഭാഷ നിലനിൽക്കുന്ന കാലമത്രയും ഓർമ്മിക്കപ്പെടും.

അധ്യാപകക്കൂട്ടത്തിന് വേണ്ടി തയ്യാറാക്കിയത്
അനീഷ് ബാബു. എം
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട

No comments:

Post a Comment