അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ഇന്ത്യയുടെ പക്ഷി മനുഷ്യൻ ഇന്ന് നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം.ലോക പ്രശസ്ത പക്ഷി നിരീക്ഷകനായ സാലിം അലിയുടെ ജൻമദിനമാണ് നമ്മൾ ദേശീയപക്ഷി നിരീക്ഷണ ദിനമായ് ആചരിക്കുന്നത്. ഇന്ത്യയിൽ പക്ഷി നിരീക്ഷണ ശാസ്ത്ര ശാഖയെ ജനകീയമാക്കിയതും ശാസ്ത്രീയമായ് പക്ഷികളെക്കുറിച്ച് പഠിച്ച് രേഖപ്പെടുത്തലുകൾ നടത്തി അവയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനായ് അക്ഷീണം പരിശ്രമിച്ചതുമായ പ്രകൃതി സ്നേഹിയായിരുന്നു സാലിം അലി.ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്ന് അദ്ദേഹം അറിയപ്പെടുന്നു. അമ്മാവൻ്റെ കൈയ്യിൽ നിന്ന് ലഭിച്ച എയർഗൺ ഉപയോഗിച്ച് കുരുവികളെ വെടിവെച്ചിടുകയായിരുന്നു ആ പത്തു വയസ്സുകാരൻ്റെ വിനോദം. വേട്ടയ്ക്കിടെ വെടിവെച്ചിട്ട കഴുത്തിൽ മഞ്ഞ അടയാളമുള്ള കുരുവിയെ തിരിച്ചറിയാൻ ബോബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ സെക്രട്ടറിയായ W. H മിലാഡിനെ സമീപിച്ച ആ ബാലനെ സൊസൈറ്റിയിൽ സംസ്ക്കരിച്ച് സൂക്ഷിച്ചിരുന്ന പക്ഷികളുടെ ശേഖരം (Stuffed Birdട) അദ്ദേഹം പരിചയപ്പെടുത്തി.മഞ്ഞത്താലി (Yellow - throated sparrow) എന്ന പക്ഷിയെ ആയിരുന്നു അദ്ദേഹം വെടിവെച്ചിട്ടത്. ഈ സന്ദർശനം അദ്ദേഹത്തെ ഒരു പക്ഷി പ്രേമിയാക്കി മാറ്റി. ഇന്ത്യ കണ്ട ഏറ്റവും വലിയ പക്ഷി നിരീക്ഷകൻ അവിടെ പിറവിയെടുത്തു. ബോംബേ സെൻ്റ് സേവ്യേഴ്സ് കോളേജിൽ ചേർന്ന അദ്ദേഹം ഒരു വർഷത്തിന് ശേഷം പഠനം ഉപേക്ഷിക്കുകയും മ്യാൻമാറിലെ വനപ്രദേശത്തുള്ള ഖനിയുടെയും വനവിഭവങ്ങളുടെയും ചുമതലക്കാരനായ് ജോലിനോക്കുകയും ചെയ്തു. അലിക്ക് മ്യാൻമാറിലെ പ്രകൃതിയും പക്ഷികളും വലിയ ആവേശം പകർന്നു. പിന്നീട് ജർമനിയിൽ ഉപരിപഠനത്തിനായ് പോയ അലി ബെർലിൻ സർവ്വകലാശാലയിലെ സുവോളജിക്കൽ മ്യൂസിയത്തിൽ പ്രൊഫസർ ഇർവ്വിൻ്റെ മേൽനോട്ടത്തിൽ ഉപരിപഠനം പൂർത്തിയാക്കി. 1930-ൽ സാലിം അലിയും ഭാര്യ തെഹ് മിനയും ആറ്റക്കുരുവികളെ ( Baya Weaver) നിരീക്ഷിക്കാൻ തുടങ്ങി. ഈ നിരീക്ഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചതോടെ പക്ഷി നിരീക്ഷണ രംഗത്ത് അലി ശ്രദ്ധേയനായ്ത്തുടങ്ങി. 1930-കളിൽ അലി ഹൈദ്രാബാദ്, കൊച്ചി, തിരുവിതാംകൂർ, ഗ്വാളിയർ, ഇൻഡോർ, ഭോപാൽ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിനടന്ന് പക്ഷി നിരീക്ഷണം നടത്തി ചിത്രങ്ങൾ സഹിതമുള്ള കുറിപ്പുകൾ അദ്ദേഹം തയ്യാറാക്കി. ഹഗ്ഗ് വിസ്ലർ, മെനെർട്സ് ഹാജൻ തുടങ്ങി അക്കാലത്തെ പ്രശസ്ത പക്ഷി നിരീക്ഷകരുടെയും ഉപദേശങ്ങൾ അദ്ദേഹത്തെ ഒരു മികച്ച പക്ഷി നിരീക്ഷകനാക്കി മാറ്റി. സാലിം അലി പക്ഷികളെക്കുറിച്ച് 25-ഓളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ഇവയെല്ലാം ഇന്നും പക്ഷി നിരീക്ഷണത്തെപ്പറ്റിയുള്ള ആധികാരിക റഫറൻസ് ഗ്രന്ഥങ്ങളായ് ഉപയോഗിക്കുന്നു. ദ ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് (1941), ദ ബേഡ്സ് ഓഫ് കച്ച് (1945), ദ ഹിൽ ബേഡ്സ് (1949) , ദ ബേഡ്സ് ഓഫ് ട്രാവൻകൂർ, കൊച്ചിൻ (1953), ബേഡ്സ് ഓഫ് കേരള എന്നിവ അദ്ദേഹത്തിൻ്റെ പക്ഷി നിരീക്ഷണ ഗ്രന്ഥങ്ങളാണ്. 'എ ഫാൾ ഓഫ് എ സ് പാരോ' അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഭരത്പൂർ പക്ഷിസങ്കേതവും സൈലൻ്റ് വാലി ദേശീയ ഉദ്യാനവും സംരക്ഷിക്കുന്നതിൽ സാലിം അലി വഹിച്ച പങ്ക് നിസ്സീമമാണ്. അദ്ദേഹം പലതവണ തട്ടേക്കാട് വരികയും അവിടം പക്ഷിസങ്കേതമാക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. പശ്ചിമഘട്ടത്തിൽ തന്നെ അപൂർവ്വമായ മാക്കാച്ചിക്കാട (Sri Lanka frogmouth) എന്ന അപൂർവ്വയിനം പക്ഷിയുടെ ആവാസ കേന്ദ്രമാണ് ഇവിടം. സാലിം അലിയോടുള്ള ബഹുമാനാർത്ഥം ഈ പക്ഷിസങ്കേതത്തിന് ഡോ. സാലിം അലി പക്ഷിസങ്കേതമെന്ന് നാമകരണം ചെയ്യുകയുണ്ടായി. 1987- ജൂൺ 7 ന് ആ മഹാനായ പക്ഷി മനുഷ്യൻ നമ്മെ വിട്ടു പിരിഞ്ഞു.


No comments:
Post a Comment