🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, November 2, 2020

നവംബർ - 2 ഡോ.പൽപ്പു ജന്മദിനം. Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


നവംബർ - 2 ഡോ.പൽപ്പു ജന്മദിനം കേരള നവോത്ഥാനത്തിലെ തിളക്കമാർന്ന ഒരു ഏടാണ് ഡോ. പൽപ്പുവിൻ്റെ ജീവിതം. 1863 നവംബർ രണ്ടിന് തിരുവനന്തപുരത്തെ പേട്ടയിലാണ് പൽപ്പുവിൻ്റെ ജനനം. പിതാവ് മാതിക്കുട്ടി (പപ്പു) മാതാവ് മാതാപ്പരുമാൾ. കുടിപ്പള്ളിക്കൂട പഠനം തുടങ്ങിയ കാലം മുതൽ പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയ വ്യക്തിയായിരുന്നു പൽപ്പു.ഫെർണ്ണാണ്ടസ് എന്ന വെള്ളക്കാരനായ അധ്യാപകന് കീഴിൽ 3 വർഷത്തോളം ഇംഗ്ലീഷ് പഠിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.പ്രതിമാസ ഫീസായ നാല് ചക്രം നൽകാൻ അദ്ദേഹം പലപ്പോഴും ബുദ്ധിമുട്ടി. എന്നാൽ പഠനത്തിൽ സമർത്ഥനായിരുന്ന തൻ്റെ ശിഷ്യനെ അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചു. അദ്ദേഹം പൽപ്പുവിന് വായ്ക്കുവാനായ് ധാരാളം പുസ്തകങ്ങൾ നൽകുകയും തുടർ പഠനത്തിനുള്ള പണം കണ്ടെത്തുവാനായ് സമ്പന്ന വീടുകളിലെ കുട്ടികൾക്ക് ട്യൂഷനെടുക്കുവാനുള്ള അവസരം നൽകുകയും ചെയ്തു. അതിന് ശേഷം തിരുവനന്തപുരത്തെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർന്ന പൽപ്പുവിന് ജാതിപരമായ പല വിവേചനങ്ങളും നേരിടേണ്ടി വന്നു. പഠനത്തിൽ ഒന്നാമനായ പൽപ്പുവിന് ഏറ്റവും പിന്നിലെ സീറ്റിലേ ഇരിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു. 1883ൽ മെട്രിക്കുലേഷൻ പാസ്സായ അദ്ദേഹം തിരുവിതാംകൂർ ഗവൺമെൻ്റിൻ്റെ മെഡിക്കൽ സ്ക്കൂളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചുവെങ്കിലും പൊതു സമൂഹത്തിൽ നിന്ന് അദ്ദേഹത്തിന് ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നു. യോഗ്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ അദ്ദേഹത്തിൻ്റെ മെഡിക്കൽ പ്രവേശനത്തെ ചില സവർണ്ണ വിഭാഗക്കാർ ശക്തമായ് എതിർത്തു. നിസ്സാര കാരണം പറഞ്ഞ് അദ്ദേഹത്തിൻ്റെ അപേക്ഷ തള്ളപ്പെട്ടു ജാതിയുടെ പേരിലുള്ള ഈ വിവേചനം അദ്ദേഹത്തിന് സഹിക്കാവുന്നതിലും ഏറെയായിരുന്നു. എങ്ങനെയും താൻ മെഡിക്കൽ പഠനം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢനിശ്ചയമെടുത്തു. എന്നാൽ ജാതിയുടെ പേരിലുള്ള വിവേചനം കൊടികുത്തി വാഴുന്ന തിരുവിതാംകൂറിൽ തനിക്കിനിയും പഠനം തുടരാനാവില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മദ്രാസിലേക്ക് പോകുവാനായ് തീരുമാനിച്ചു. എന്നാൽ അതിനുള്ള പണം അദ്ദേഹത്തിൻ്റെ പക്കൽ കണ്ടായിരുന്നില്ല. കൂട്ടുകാരിൽ പലരും അദ്ദേഹത്തെ പണം നൽകി സഹായിച്ചു. അദ്ദേഹത്തിൻ്റെ മാതാവായ മതപ്പെരുമാൾ തൻ്റെ ആഭരണങ്ങൾ എല്ലാം പുത്രന് നൽകി. എല്ലാം വിറ്റ് പെറുക്കി ഒരു വിധം അദ്ദേഹം മദ്രാസ്സിലേക്ക് പുറപ്പെട്ടു. 1885 ൽ പൽപ്പു മദ്രാസിൽ വൈദ്യശാസ്ത്ര ബിരുദ കോഴ്സിന് പ്രവേശനം നേടി. സുമനസ്സുകളായ പലരുടെയും സഹായം കൊണ്ടാണ് അദ്ദേഹത്തിൻ്റെ പഠനം മുന്നോട്ട് നീങ്ങിയത്. പലപ്പോഴും അദ്ദേഹം പട്ടിണിയിലായിരുന്നു. വിജയമായ് പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് സ്വന്തം നാട്ടിൽ ജോലി നിക്ഷേധിക്കപ്പെട്ടു. തിരുവിതാംകൂറിൽ അക്കാലത്ത് നിലനിന്നിരുന്ന ജാതിവിവേചനം തന്നെയായിരുന്നു അതിന് കാരണം. അങ്ങനെ പൽപ്പു മദ്രാസിലേക്ക് പോവുകയും 70 രൂപ ശമ്പളത്തിൽ അവിടെ ജോലി ലഭിക്കുകയും ചെയ്തു. കഠിനാധ്വാനിയായിരുന്ന അദ്ദേഹത്തിന് ധാരാളം അംഗീകാരവും സ്ഥാനക്കയറ്റങ്ങളും നൽകി മറുനാട്ടുകാർ അദ്ദേഹത്തെ ആദരിച്ചപ്പോൾ ജൻമനാട് അദ്ദേഹത്തോട് പുറം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്തത്. മുപ്പത് വർഷത്തോളം അദ്ദേഹം മൈസൂറിൽ സേവനം ചെയ്തു. പ്ലേഗ് എന്ന മഹാമാരിമൈസൂറിൽ പടർന്നു പിടിച്ചപ്പോൾ പല സീനിയർ ഡോക്ടർമാരും മാറി നിന്ന സമയത്ത് രോഗികളെ ചികിത്സിക്കുവാനായ് അദ്ദേഹം ധൈര്യപൂർവ്വം മുന്നോട്ടുവന്നു. 1899-ൽ അദ്ദേഹത്തെ ഗവൺമെൻ്റ് ഉന്നതപഠനത്തിനായ് ഇംഗ്ലണ്ടിലേക്ക് അയച്ചു. പാശ്ചാത്യ ജീവിതം മനസ്സിലാക്കാനും പുരോഗമനപരമായ വിദ്യാഭ്യാസ ആശയങ്ങളുമായ് പരിചയപ്പെടാനും വിദേശവാസം അദ്ദേഹത്തെ സഹായിച്ചു . മൈസൂറിൽ മടങ്ങി വന്ന ഡോ.പൽപ്പു നഗരത്തിലെ ഹെൽത്ത് ഓഫീസറായ് നിയമിക്കപ്പെട്ടു. സത്യസന്ധനായ വ്യക്തിയായിരുന്നു അദ്ദേഹം ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളിൽ അദ്ദേഹം എന്നും ഉറച്ചുനിന്നു. ഇതു മൂലം അദ്ദേഹത്തിന് ഔദ്യോഗിക ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മൗലിക അവകാശങ്ങൾ തലമുറകളായ് നിഷേധിക്കപ്പെട്ട ഒരു ജനതക്കായ് അദ്ദേഹം നിരന്തരം പ്രവർത്തിച്ചു. 1891- ജനുവരിമാസം തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ച 'മലയാളി മെമ്മോറിയലിന് ' പിന്നിൽ ജി.പി പിള്ളക്കൊപ്പം ഡോ. പൽപ്പുവിൻ്റെ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. അക്കാലത്ത് തിരുവിതാംകൂറിൽ മലയാളികളെ ഒഴിവാക്കി തമിഴ് ബ്രാഹ്മണരായിരുന്നു സർക്കാർ സർവ്വീസ് കൈയ്യടക്കി വെച്ചിരുന്നത്.ഇതിനെതിരെയാണ് മലയാളി മെമ്മോറിയൽ എന്ന ഭീമ ഹർജി സമർപ്പിക്കപ്പെട്ടത്. 1896-ൽ ഡോ.പൽപ്പുവിൻ്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട ഒരു ഹർജി തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കപ്പെട്ടു ഇതാണ് ഈഴവ മെമ്മോറിയൽ. ഈഴവ വിഭാഗത്തിൽ നിന്ന് യോഗ്യരായ ചെറുപ്പക്കാർ ഉണ്ടായിരുന്നിട്ടും അവർക്ക് സർക്കാർ ജോലി നിക്ഷേധിക്കുന്നതിനെതിരെ ഉള്ള ശക്തമായ ഒരു പ്രതിക്ഷേധമായിരുന്നു അത്. 1892-ലാണ് ഡോ.പൽപ്പുവിൻ്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായത്.ഭാരത പര്യടനത്തിലായിരുന്ന സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ച്ച ആയിരുന്നു അത്. അക്കാലത്തെ കേരള സമൂഹത്തിലെ ജാതീയത കണ്ട അദ്ദേഹം കേരളത്തെ ഭ്രാന്താലയം എന്നാണ് വിശേഷിപ്പിച്ചത്.ഇന്ത്യയെ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യണമെങ്കിൽ മതമാകുന്ന കൈപ്പിടിയിൽ തൂക്കിയിട്ടു വേണം എന്ന ആശയം സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിന് നൽകി.'നിങ്ങളുടെ രാജ്യത്തെ ഒരു അധ്യാത്മിക ഗുരുവിനെ കേന്ദ്രമാക്കി പ്രവർത്തിക്കുകയാകും സാമൂഹിക നവോത്ഥാനത്തിനുള്ള ഫലപ്രദമായ മാർഗ്ഗം ' എന്ന സ്വാമി വിവേകാനന്ദൻ്റെ വാക്കുകളാണ് ശ്രീ നാരായണ ഗുരുവുമായ് ഒന്നിച്ച് പ്രവർത്തിക്കാൻ ഡോ.പൽപ്പുവിന് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിനെ ഡോ.പൽപ്പുവിന് നേരത്തേ പരിചയമുണ്ടായിരുന്നു. ഗുരു പലപ്പോഴും ഡോക്ടറുടെ വീട്ടിൽ താമസിച്ചിട്ടുണ്ടായിരുന്നു. ഗുരുവിൻ്റെ ശിഷ്യനും മഹാകവിയുമായിരുന്ന കുമാരനാശാൻ ഉപരി പഠനത്തിനായ് നിന്നത് ഡോക്ടറുടെ വീട്ടിലായിരുന്നു. ശ്രീ നാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ നടന്ന അരുവിപ്പുറം ശിവ പ്രതിഷ്ഠ കേരള സമൂഹത്തിലെ വിപ്ലവകരമായ ഒരു സംഭവമായ് മാറി.അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു ' വാവൂട്ട് യോഗവും ' വിജയകരമായ് പ്രവർത്തിച്ചു വന്നു. ഡോ.പൽപ്പു ശ്രീനാരായണ ഗുരുവുമായ് ഒന്നിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു. 1903-മെയ് 15-ാം തീയ്യതി അരുവിപ്പുറം ക്ഷേത്ര യോഗത്തെ എസ്.എൻ .ഡി.പി യോഗം എന്നാക്കി മാറ്റി. കുമാരനാശാനെ എസ്.എൻ.ഡി.പി യുടെ ജനറൽ സെക്രട്ടറിയായ് നിയമിച്ചു. അങ്ങനെ കേരള നവോത്ഥാനത്തിലെ പുതിയ ഒരു ഏട് പിറക്കാൻ കാരണക്കാരനായ വ്യക്തിയാണ് ഡോ.പൽപ്പു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം തിരുവനന്തപുരത്ത് വിശ്രമ ജീവിതം നയിച്ചു.1950- ജനുവരി 25ന് അദ്ദേഹം അന്തരിച്ചു. ജാതീയത എന്ന സാമൂഹിക വിപത്തിനെതിരെ ജീവിതകാലം മുഴുവൻ ഉജ്വലമായ് പോരാടിയ വ്യക്തിയായിരുന്നു ഡോ.കറുപ്പൻ.

അധ്യാപകക്കൂട്ടത്തിന് വേണ്ടി തയ്യാറാക്കിയത് അനീഷ് ബാബു. എം ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട് പത്തനംതിട്ട.



No comments:

Post a Comment