അധ്യാപകക്കൂട്ടം മലയാളം
സുനിൽ പി. മതിലകത്തിന്‍റെ നല്ലെഴുത്ത് തുടരുന്നു. 12 മുതല്‍ 15 വരെ ഭാഗങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്.
അധ്യാപകക്കൂട്ടം ബ്ലോഗില്‍ USS,UP മലയാളം,അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,HS മലയാളം, എന്നീ LABAL കളില്‍
1 മുതല്‍ 11 വരെയുള്ള എഴുത്തുകള്‍ ലഭ്യമാണ്.
നല്ലെഴുത്ത്-12
# സുനിൽ പി. മതിലകം
🔏
ഉത്തരവാദിത്വം
∆
ഉത്തരവാദിത്തം എന്ന് അച്ചടിക്കുന്നതും എഴുതുന്നതും കാണാം.
ലളിതമായ ഒരു നിയമം ഓർത്തിരുന്നാൽ ഈ തെറ്റായ പദം ഉപയോഗിക്കുന്നത് ഒഴിവാക്കാം.
സംസ്കൃത ശബ്ദങ്ങളോട് ത്വം
എന്നും മലയാള ശബ്ദങ്ങളോട് ത്തം എന്നും ചേർക്കണമെന്നാണ് ഭാഷാനയം.
ഉത്തരവാദി എന്നതൊരു സംസ്കൃതത്സമമാണ്. അതിനോട് ത്വം എന്ന സംസ്കൃതപ്രത്യയമേ ചേരു. ഉത്തരവാദിത്വ
മാണ് ശരി (ഉത്തര +വാദി + ത്വം )
അടിമത്തം, കോമാളിത്തം, വിഡ്ഢിത്തം, പോഴത്തം
എന്നും
മനുഷ്യത്വം സ്ത്രീത്വം, സമത്വം, യുവത്വം എന്നും
ശുദ്ധരൂപങ്ങൾ തന്നെ.
നല്ലെഴുത്ത്-13
കൈയൊപ്പ്
∆
കൈയ്യൊപ്പ് എന്നും കൈയ്യും എന്നെല്ലാം എഴുതുകയും അച്ചടിക്കുകയും ചെയ്യുന്നത് ശരിയെന്ന മട്ടിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നു.
ക് എന്ന വർണ്ണത്തോട് ഐ എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരമാണ് കൈ അതിനോട് ഒപ്പ് ചേരുമ്പോൾ യകാരം ഇരിട്ടിക്കേണ്ടതില്ല.
കൈയൊപ്പ് എന്നു മതി.
( കൈയടി, കൈയാല, കൈയുറ, കൈയെഴുത്ത്, കൈയേറ്റം എന്നിവ മറ്റു ഉദാഹരണ രൂപങ്ങൾ )
ഐ കാരം ചേർന്നു കഴിഞ്ഞാൽ യ കാരത്തിന് ദ്വിത്വം വരില്ല എന്ന സാമാന്യ നിയമമാണ് ഇവിടെ പാലിക്കേണ്ടത്.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
നല്ലെഴുത്ത്-14
ചെമപ്പ്
∆
ചുവപ്പ്, ചുമപ്പ്, ചുകപ്പ്, ചൊവപ്പ്, ചൊമപ്പ്, ചൊകപ്പ്, ചോപ്പ് ... എന്നിങ്ങനെ പല രൂപങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യാറുണ്ട്.
എന്നാൽ ഇതിൽ ഏതാണ് ശരിയായ വാക്ക് ?
ചെമപ്പ് ശരി.
രക്തവർണ്ണത്തെ കുറിക്കുന്നതിന് ചെം എന്നതിന് ചെമന്ന നിറമാകുക എന്നാണർത്ഥം. അതിൽനിന്നുണ്ടാകുന്ന നാമം ചെമപ്പ് എന്നാവാനേ ന്യായമുള്ളൂ. വിശേഷണമായി ചെമന്ന എന്നും ക്രിയമായി ചെമക്കുക
എന്നും ആകും.
(ചെം + താമര = ചെന്താമര, ചെം + കല്ല് = ചെങ്കല്ല്, ചെം + കൊടി = ചെങ്കൊടി, ചെം തളിർ = ചെന്തളിൽ )
✒️ നല്ലെഴുത്ത്-15
പ്രചരണം - പ്രചാരണം
∆
പ്രചരണവും പ്രചാരണവും രണ്ടിന്റെയും അർത്ഥം ഒന്നെന്നമട്ടിൽ നമ്മൾ യഥേഷ്ടം ഉപയോഗിച്ചു വരുന്നു.
പ്രചരണം = പ്രചരിക്കൽ
പ്രചാരണം = പ്രചരിപ്പിക്കൽ
പ്രചരണം സ്വമേധയാ വ്യാപിക്കലാണ്. അവിടെ മറ്റൊരാളുടെ ഇടപെടൽ ഇല്ല.
പ്രചാരണം - അവിടെ മറ്റൊരാളുടെ ഇടപെടൽ ഉണ്ട്.
ഇലക്ഷൻ പ്രചരണം അല്ല , ഇലക്ഷൻ പ്രചാരണം എന്നായാലേ ശരിയാകു.
പ്രചരണയോഗമല്ല, പ്രചാരണയോഗമാണ്.
ആശയപ്രചരണമല്ല,
ആശയപ്രചാരണമാണ്.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം
No comments:
Post a Comment