🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, November 14, 2020

പുസ്തക പരിചയം ഇതെൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തു കൊള്ളുക'

അധ്യാപകക്കൂട്ടം അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം

ഇതെൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തു കൊള്ളുക' 


 രചന:എച്ച്മുക്കുട്ടി 

പ്രസാധകർ: ഡി.സി ബുക്സ്
വില: 270 രൂപ

പരിചയക്കുറിപ്പ് തയ്യാറാക്കിയത്: 
 എം.എസ് പത്മശ്രീ MRNMLLP സ്കൂള്‍, പട്ടാമ്പി.


             എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മകഥയാണ് ' ഇതെൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തു കൊള്ളുക' എന്ന പുസ്തകം..താൻ സഞ്ചരിച്ച ജീവിത വഴികളെ ലളിതമായ ഭാഷാപ്രയോഗങ്ങളിലൂടെ അനുവാചക ഹൃദയങ്ങളിൽ എത്തിക്കുന്നതിന് എച്ച്മുക്കുട്ടിക്കായിട്ടുണ്ട്. ജീവിതത്തിൽ അവരനുഭവിച്ച നരകയാതനകളും കൊടും വേദനകളും ഈ പുസ്തകത്തിലൂടെ അവർ നമ്മുക്ക് മുന്നിൽ തുറന്നെഴുതിയിട്ടുണ്ട്. ഏതൊരു വായനക്കാരനേയും പിടിച്ചുലക്കുന്ന അതിതീവ്ര വേദനയിലൂടെ കടന്നുപോകുന്നു പുസ്തകത്തിൻ്റെ ഓരോ താളും. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതയിൽ നിന്നുള്ള രണ്ട് വരികൾ പേരായി തെരഞ്ഞെടുത്ത ഒരു ആത്മകഥാ പുസ്തകം. ഇതൊരു പോരാട്ടത്തിൻ്റെ കഥയാണ്.


എച്ചുമുക്കുട്ടി എന്ന എഴുത്തുകാരി തിരുവനന്തപുരത്താണ് ജനിച്ചത് .എം.എ ബിരുദം ഓൺലൈൻ മാധ്യമത്തിൽ എച്ച മുമ്പോടുലകം എന്ന ബ്ലോഗിലും ഫേസ്ബുക്കിലും വിവിധ ഓൺലൈൻ ഹോട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതാറുണ്ട് .വിവിധ മാധ്യമങ്ങളിൽ കഥകളും നോവലുകളും യാത്ര കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് കഥകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക് ബ്ലോഗ് സുവനീർ, ഭാവാന്തരങ്ങൾ ,നേരും വകൾ,കഥാമിനാരങ്ങൾ എന്നിവയിൽ പങ്കാളി. അമ്മീമ്മ കഥകൾ, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ, വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത് എന്നിവയാണ് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ 

           
 അച്ഛനും അമ്മയും രണ്ട് അനിയത്തിമാരുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലാണ് കല എന്ന എച്ച്മുക്കുട്ടിയുടെ ജനനം. മിശ്ര വിവാഹിതരായ മാതാപിതാക്കൾ, അവരുടെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ, അമ്മയോടും താനടങ്ങുന്ന മൂന്ന് പെൺമക്കളോടും എന്നും മോശമായി പെരുമാറുന്ന അച്ഛൻ.. ഇത്തരം കുടുംബ പശ്ചാത്തലത്തിൽ നിന്ന് വൈകാരികാശ്രിതത്വം കൊതിക്കുന്ന തലത്തിലേക്ക് എച്ച്മുക്കുട്ടി മാറുന്നു .    അവരുടെ കോളേജ് വിദ്യാഭ്യാസ കാലത്ത് സംഭവിച്ച പ്രണയം....  ഗുരുവായും സുഹൃത്തായും പിന്നെ കാമുകനായും മാറിയ ജോസഫ്.... അത് പിന്നീട് ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത വ്രണമായി മാറിയ ജീവിത യാഥാർത്ഥ്യം.. മറവിരോഗം ബാധിച്ചാൽ പോലും മറക്കാനാവാത്ത തിക്താനുഭവങ്ങൾ .... അതു തന്നെയാണ് ഈ ആത്മകഥയുടെ പ്രമേയം. അതിജീവനത്തിൻ്റേയും ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെ യഥാർത്ഥ ചിത്രവും അനുഭവങ്ങളുടെ രൂക്ഷതയും വായനക്കിടയിൽ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു.

     ഈ ആത്മകഥയിൽ നിരവധി വ്യക്തികളെക്കുറിച്ച് പറയുന്നുണ്ട്. അവരിൽ ചിലരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ചിലരെ സാങ്കല്പിക പേരുകളിലൂടെയാണ് 
എഴുത്തുകാരി നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് 

മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരും ഈ ആത്മകഥാ  പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കുഞ്ഞുണ്ണി മാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അയ്യപ്പൻ ,വിനയചന്ദ്രൻ സാറ ടീച്ചർ തുടങ്ങിയ പലരും. മലയാള സാഹിത്യ രംഗത്തെ ചില  അധികായരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന ചില പരാമർശങ്ങൾ വായനക്കാരിൽ ആശങ്ക ഉളവാക്കുന്നതാണ്.

          ഈ ആത്മകഥയിലെ പ്രധാന കഥാപാത്രമാണ് ജോസഫ് .അദ്ദേഹത്തിന്റെ  യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല. എച്ച്മുക്കുട്ടിയുടെ ആദ്യ ജീവിതപങ്കാളിയായിരുന്ന ജോസഫ് പിന്നീട് വിവാഹം കഴിച്ച് മിസ്സിസ്  ജോസഫിൻ്റേയും പേര് എഴുത്തുകാരി വെളിപെടുത്തുന്നില്ല.  ആ പേരുകൾ താൻ ഉച്ചരിക്കുക പോലുമില്ലെന്ന് ഗ്രന്ഥകാരി ആമുഖത്തിൽ പറയുന്നുണ്ട്. എന്താണിതിൻ്റെ കാരണമെന്നറിയണമെങ്കിൽ ഈ പുസ്തകം മുഴവൻ വായിക്കണം.
        ജോസഫ് എന്ന വ്യക്തി
തൻറെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഭാവിയിൽ താനതിന് കനത്ത വില നൽകേണ്ടി വരുമെന്നോ തൻ്റെ ജീവിതം തന്നെ ഇരുണ്ടതായി തീരുമെന്നോ എച്ച്മുക്കുട്ടി കരുതിയിരുന്നില്ല .
പതിനെട്ടിലെ പ്രണയത്തിൽ നിന്ന് തിരിച്ചറിവിൻ്റെ നാളിലേക്ക് അധികദൂരം ഉണ്ടായിരുന്നില്ല എന്ന് പുസ്തകത്തിലുണ്ട്. നവോത്ഥാനത്തിൻറെയും പുരോഗമനത്തിൻ്റേയും  പാതയിൽ ജാതിയുടെയും മതത്തിന്റെയും  സ്വാധീനം ആഴത്തിലുണ്ടെന്ന് അവർക്ക് വിവാഹാനന്തര ജീവിതത്തിൻ്റെ ആദ്യനാളുകളിൽ തന്നെ തിരിച്ചറിയാനായിട്ടുണ്ട്. ആ സ്വാധീനം മാനസികമായും ശാരീരികമായും ഒരു സ്ത്രീയെ തകർക്കുമെന്ന് അവർ മനസ്സിലാക്കുന്നത് വായനക്കാർക്ക് കടുത്ത മനോവേദന ഉളവാക്കുന്നതാണ്.ജോസഫ് ദിനംപ്രതി നൽകുന്ന ക്രൂരപീഡനത്തിൽ നിന്ന്  രക്ഷപ്പെടാനായി അവർ കുഞ്ഞിനേയും കൊണ്ട് മനസിൽ നന്മയും കരുതലുമുള്ള പപ്പൻ എന്നയാളോടൊപ്പം ഇറങ്ങി പുറപ്പെടുമ്പോഴും ജോസഫിൻ്റെ സ്വാധീനവലയങ്ങൾക്കപ്പുറമെവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കാമെന്ന മോഹമായിരുന്നു അവർക്ക് .  എന്നാൽ അവിടെയും ദുരനുഭവങ്ങൾ അവരെ തേടിയെത്തി. 

       താൻ നൊന്തു പ്രസവിച്ച തൻറെ കുഞ്ഞിനെക്കുറിച്ചുള്ള 
ആധിയാൽ ആ അമ്മ വെന്തുരുകി. ജന്മം നൽകിയ പിതാവിൽനിന്ന് നിഷ്കളങ്കയായ തൻ്റെ മകൾ അനുഭവിച്ച  ദുരന്തമറിഞ്ഞ ആ അമ്മയുടെ ദയനീയതയും നിസ്സഹായാവസ്ഥയും വായിച്ചാൽ അനുവാചക ഹൃദയങ്ങൾ തകർന്നു പോവുക തന്നെ ചെയ്യും. സ്വന്തം കുഞ്ഞിനെ ലഭിക്കുന്നതിനായി  നിയമപോരാട്ടം തന്നെ അവർ നടത്തുന്നുണ്ട്. അതിനായി പല കോടതികളിലും അവർ കയറിയിറങ്ങി .ഇന്ത്യയുടെ അറ്റോർണി ജനറലായ അഡ്വക്കേറ്റ് കെ കെ വേണുഗോപാൽ പോലുള്ള ചുരുക്കം ചിലർ അക്കാലത്ത് അവരോട് സഹാനുഭൂതിയോടെ വളരെ മാന്യമായി പെരുമാറി .എന്നാൽ മറ്റു ചിലരാകട്ടെ കൂടെ നിൽക്കുന്നു എന്ന വ്യാജേന ജോസഫിൻ്റെ സ്വാധീനത്തിനും ,സമൂഹത്തിൽ അയാൾക്കുള്ള സ്ഥാനത്തിനും വഴങ്ങി അയാൾക്കൊപ്പം നിലകൊണ്ടു.
           സമൂഹത്തിൽ മാന്യരെന്ന് നടിക്കുന്ന പല മനുഷ്യരുടെയും വാക്കുകളും പ്രവൃത്തികളും മൂല്യങ്ങൾ സംരക്ഷിക്കുന്നതാണെന്നു തോന്നാമെങ്കിലും അവരൊന്നും സ്വന്തം ജീവിതത്തിൽ ഇത്തരം മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നില്ലെന്നുള്ള വലിയൊരു തിരിച്ചറിവ് ഈ പുസ്തകവായനയിലൂടെ നമ്മുക്ക് തോന്നാം. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമൊന്നും ആരും ചിന്തിക്കുന്നില്ല. സമൂഹത്തിൽ മാന്യരായി അന്തസ്സുള്ളവരായി ജീവിക്കുന്ന പലർക്കും അതിനുള്ള യോഗ്യതയില്ല. പക്ഷേ പണത്തിനും പ്രതാപത്തിനും പിറകിലൂടെ ഓടുന്ന സമൂഹം ഇത്തരത്തിലുള്ളവരെ അവിശ്വസിക്കുകയുമില്ല. സമൂഹം തന്നെയാണ് ഇത്തരത്തിലുള്ളവരെ വളർത്തുന്നതും .
                     കഥയും കഥാപാത്രങ്ങളും മറക്കാൻ കഴിയും. ജീവിതയാഥാർത്ഥ്യങ്ങൾ മറക്കാനാവുമോ ?പിന്നിട്ട കനൽവഴികളിലെ  തീ അണയ്ക്കാൻ കാലങ്ങൾ തന്നെ വേണ്ടി വന്നേക്കാം.

വിപ്ലവത്തിൻറെ വക്താക്കളായി 
ആക്ടിവിസ്റ്റുകളായി സൈദ്ധാന്തികരായി ചമയുന്ന പലരും ഫ്യൂഡൽ പ്രഭുക്കളുടെയും സ്വേച്ഛാധിപതികളുടെയും പ്രേതങ്ങൾ മാത്രമാണ്. എല്ലാത്തരം മനുഷ്യവിരുദ്ധതയും പ്രകൃതി വിരുദ്ധതയും അവരിലും സമ്മേളിച്ചിരിക്കുന്നു .....ഈ വാക്കുകൾ പുസ്തകത്തിൽ ഉപസംഹരിച്ചിട്ടുണ്ട്.

സ്ത്രീ ജീവിതം എത്ര ദുഷ്കരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് പൊള്ളുന്ന അനുഭവങ്ങളിലൂടെ എച്ചുമുക്കുട്ടി. അച്ഛനും ഭർത്താവും പുരുഷ സമൂഹവും മതവും അധികാര സ്ഥാപനങ്ങളും എങ്ങനെ സ്ത്രീയെ ചവിട്ടി തേക്കുന്നുവെന്നും എന്നിട്ടും മഹാമാന്യതയുടെ  പൊയ്മുഖമണിഞ്ഞ് അവർ എങ്ങനെ സമൂഹത്തിൽ നടുനായകത്വം വഹിക്കുന്നുവെന്നും ഈ അനുഭവകഥ ബോധ്യപ്പെടുത്തുന്നു. പൊള്ളുന്ന ലോഹലായി നി ജീവിതത്തിലുടനീളം കുടിക്കേണ്ടി വരുന്ന ഒരുവളുടെ തുറന്നു പറച്ചിലിലൂടെ മലയാളി പുരുഷൻ്റേയും കുടുംബ രൂപത്തിൻ്റെയും 
കാപട്യങ്ങളാണ് വെളിപ്പെടുന്നത് .

കടുത്ത മാനസിക സംഘർഷങ്ങളിലൂടെയല്ലാതെ..... കണ്ണീരോടെയല്ലാതെ..... ആർക്കും ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല.
 
തൻ്റെ ജീവിത യാഥാർത്ഥ്യം തുറന്നെഴുതിയ എച്ച്മുക്കുട്ടിക്കും ഈ ആത്മകഥാ പുസ്തകം വായനകർക്ക് സമ്മാനിച്ച ഡി.സി ബുക്സിനും നന്ദി ........


No comments:

Post a Comment