അധ്യപകക്കൂട്ടം ദിനാചരണങ്ങൾ
ലിയോ ടോൾസ്റ്റോയ് ഒരോർമ്മ..
ഇന്ന് ഒക്ടോബർ 20 മഹാനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ് സ്റ്റോയുടെ ചരമദിനം. 'ഈ ചെറുപ്പക്കാരൻ്റെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കരുത്. അവനെ സൈന്യത്തിൻ്റെ ഏറ്റവും പിന്നണിയിലേക്ക് ഉടൻ മാറ്റുക ' യുദ്ധമുൻനിരയിൽ നിന്ന് ധീരനായ ആ പട്ടാളക്കാരനെ പിൻനിരയിലേക്ക് മാറ്റുവാനായ് ഉത്തരവിട്ടത് സാക്ഷാൽ സാർ ചക്രവർത്തി ആയിരുന്നു. ടോൾസ് റ്റോയ് എന്ന സൈനികൻ്റെ പ്രഥമ കൃതിയായ ' ബാല്യം ' വായ്ച്ച് ആ മഹാപ്രതിഭയെ തിരിച്ചറിഞ്ഞ ചക്രവർത്തിക്ക് മറിച്ചൊരുത്തരവ് ഇടാൻ സാധിക്കുമായിരുന്നില്ല. റഷ്യയിലെ യാസ് നപോല്യാന എന്ന സ്ഥലത്ത് 1828-ഓഗസ്റ്റ് 28നാണ് ലിയോ ജനിക്കുന്നത്. സമ്പന്നതയുടെ മടിത്തട്ടിലാണ് ലിയോ പിറന്നു വീണത്. ചെറുപ്പം മുതൽ തന്നെ ലിയോപഠനത്തിൽ വലിയ താൽപര്യം കാണിച്ചിരുന്നില്ല. ചെറുപ്പത്തിൽ തന്നെ ലിയോയുടെ മാതാപിതാക്കൾ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ അച്ഛൻ്റെ സഹോദരിയാണ് പിന്നീട് ലിയോയെ വളർത്തിയത്. പ്രഭു കുടുംബത്തിൽ പിറന്നെങ്കിലും ചെറുപ്പം മുതൽ പാവപ്പെട്ട കർഷകത്തൊഴിലാളികളോട് അദ്ദേഹം വളരെയധികം അനുകമ്പ കാണിച്ചിരുന്നു. യൂണിവേഴ്സിറ്റി പoനം പാതിവഴിയിൽ ഉപേക്ഷിച്ച അദ്ദേഹം ജന്മനാട്ടിൽ കർഷകരുടെ കുട്ടികൾക്കായ് ഒരു സ്കൂൾ ആരംഭിച്ചു. എന്നാൽ പ്രഭു കുടുംബത്തിൻ പിറന്ന ലിയോ നടത്തിയ സ്ഥാപനത്തെ സംശയദൃഷ്ടിയോടെയാണ് നാട്ടുകാർ കണ്ടത്.പിന്നീട് മോസ്കോയിലേക്ക് തിരിച്ചുവന്ന അദ്ദേഹം മദ്യപാനത്തിന് അടിമയാകുകയും വളരെ കുത്തഴിഞ്ഞ ജീവിതം ആരംഭിക്കുകയും ചെയ്തു. പട്ടാളക്കാരനായ മൂത്ത സഹോദരൻ്റെ പട്ടാളക്കഥകൾ കേട്ട് ആവേശം തോന്നിയ അദ്ദേഹം പട്ടാളത്തിൻ ചേർന്നു. പല സന്ദർഭങ്ങളിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റി. എന്നാൽ മേലുദ്യോഗസ്ഥരുടെ കഴിവ് കേടുകളെക്കുറിച്ച് കഥകളും തമാശപ്പാട്ടുകളും ഉണ്ടാക്കി നടന്ന ലിയോ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായി. തന്നെ സഹ പ്രവർത്തകരെ കഥകൾ പറഞ്ഞ് സരിപ്പിച്ചിരുന്ന ലിയോ പതിയെ എഴുത്തിൻ്റെ ലോകത്തേക്ക് കടന്നു. പട്ടാള ക്യാമ്പിൽ വെച്ചാണ് 'ബാല്യം' എന്ന കൃതി അദ്ദേഹം പൂർത്തിയാക്കിയത്. എൽ.എൽ എന്ന തൂലികാനാമത്തിൽ അക്കാലത്തെ പ്രശസ്ത മാസികയായ ' കണ്ടംപററി' യിൽ വന്ന ഈ സാഹിത്യ സൃഷ്ടിക്ക് വൻ വരവേൽപ്പാണ് റഷ്യൻ സാഹിത്യ ലോകത്ത് നിന്ന് ലഭിച്ചത്.കൗമാരം, യൗവ്വനം എന്നിങ്ങനെ രണ്ട് കൃതികൾക്കൂടി അദ്ദേഹം രചിച്ചു. ടോൾസ്റ്റോയി എഴുതിയ. ഒരു കുതിരയുടെ കഥ എന്ന നോവലും വൻ ജനപ്രീതി നേടുകയുണ്ടായി. 34 -ാം വയസ്സിൽ അദ്ദേഹം വിവാഹിതനായി. സോഫിയ ആയിരുന്നു വധു. ടോൾസ് റ്റോയുടെ എഴുത്തിൽ എന്നും കൂട്ടായ് അവർ നിന്നു. ഒരു വലിയ നോവലെഴുതുക എന്ന ആശയം അദ്ദേഹത്തിൻ്റെ മനസ്സിൽ രൂപപ്പെട്ടു വരികയായിരുന്നു. ഫ്രഞ്ച് ചക്രവർത്തി ആയിരുന്ന നെപ്പോളിയൻ്റെ മോസ്ക്കോ ആക്രമണത്തെ അവലംബിച്ച് ഒരു നോവൽ രൂപപ്പെടുത്താൻ അദ്ദേഹത്തിന് എട്ടു വർഷത്തെ അധ്വാനം വേണ്ടിവന്നു. യുദ്ധവും സമാധാനവുമെന്ന ലോക സാഹിത്യ ചരിത്രത്തിലെ ഒരു പുതിയ ഇതിഹാസം അവിടെ പിറക്കുകയായിരുന്നു. യൂറോപ്യൻ സംസ്കാരം സൃഷ്ടിച്ചിട്ടുള്ള ഏറ്റവും മഹത്തായ നോവലാണ് യുദ്ധവും സമാധാനവും എന്നാണ് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ഇ .എം ഫോറസ്റ്റർ അഭിപ്രായപ്പെട്ടത്.
ഒരിക്കൽ ടോൾസ് റ്റോയുടെ ഒരു സുഹൃത്തിൻ്റെ കൂട്ടുകാരി ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്യുക ഉണ്ടായി. വഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ട ടോൾസ്റ്റോയി വളരെയധികം അസ്വസ്ഥനായി. വൈകാതെ അദ്ദേഹം തൻ്റെ അടുത്ത നോവലിൻ്റെ പണിപ്പുരയിലേക്ക് കടന്നു. അന്നാ കരീനിന എന്ന ലോക സാഹിത്യത്തിലെ എക്കാലത്തെയും എണ്ണപ്പെട്ട ക്ലാസിക്ക് കൃതി അവിടെ പിറവിയെടുത്തു. മൂന്ന് മാസം കൊണ്ട് എഴുതി തീർന്ന കൃതി പക്ഷെ മിനുക്കുപണികൾ നടത്തി പുറത്തിറങ്ങാൻ 3 വർഷം വേണ്ടിവന്നു സാഹിത്യ ലോകം വളരെ ആവേശപൂർവ്വം ആ കൃതി സ്വീകരിച്ചു. നല്ല മനസ്സുള്ള ഒരു വ്യക്തിയെ സഹചര്യങ്ങൾ ദുരന്തത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് ടോൾസ്റ്റോയി മനോഹരമായ് ചിത്രീകരിച്ചു. അപ്പോഴേക്കും ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്ന ഒരു എഴുത്തുകാരനായ് അദ്ദേഹം മാറി. എഴുത്തിലൂടെ ധാരാളം പണം സമ്പാദിച്ച അദ്ദഹം സ്വന്തമായ് ഒരു വലിയ ബംഗ്ലാവും എസ്റ്റേറ്റും സ്വന്തമാക്കി.എന്നാൽ ടോൾസ്റ്റോയി എന്നും ലളിത ജീവിതം ഇഷ്ടപ്പെട്ടയാളായിരുന്നു. കുട്ടികൾക്ക് വേണ്ടിയും ടോൾസ്റ്റോയ് രസകരമായ കഥകൾ എഴുതിയിട്ടുണ്ട്. ഒരാൾക്ക് എത്ര ഭൂമി വേണം? തുടങ്ങി ഒട്ടനവധി സാരോപദേശകഥകൾ അദ്ദേഹം കുട്ടികൾക്കായ് എഴുതി. വളർത്തമ്മയും ഇളയ മകനും അടക്കം രണ്ടു വർഷത്തിനിടെ നടന്ന അഞ്ച് മരണങ്ങൾ അദ്ദേഹത്തെ തളർത്തി അദ്ദേഹം പതിയെ ആത്മീയതയിലേക്ക് തിരിഞ്ഞു. സാധാരണ തൊഴിലാളികളുടെ വേഷം ധരിച്ച അദ്ദേഹം നാടുനീളെ സഞ്ചാരം ആരംഭിച്ചു. കൃസ്തീയ ദർശനങ്ങളോട് താൽപര്യം തോന്നിയ അദ്ദേഹം കൃസ്തീയ ദർശനങ്ങൾ അടിസ്ഥാനമാക്കി ഗ്രന്ഥങ്ങൾ രചിച്ചു തുടങ്ങി. ഇവാൻ ഇല്ലിച്ചിൻ്റെ മരണം ഇക്കാലത്തെ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഒരു രചനയായിരുന്നു. അക്രമണത്തിൻ്റെ പാതവിട്ട് അഹിംസാ മാർഗ്ഗമാണ് ലോകം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. 'നിങ്ങളുടെ ദൈവരാജ്യം നിങ്ങളിൽത്തന്നെ ' എന്ന ടോൾസ്റ്റോയ് കൃതി ഗാന്ധിജിയെ ആഴത്തിൽ സ്വാധീനിച്ചു. ഗാന്ധിജി ടോൾസ്റ്റോയുമായ് കത്തിടപാടുകൾ നടത്തിയിരുന്നു. ടോൾസ്റ്റോയ് അവസാന കാലത്ത് ലളിത വസ്ത്രം ധരിക്കുവാനും സ്വയം ചെരുപ്പുണ്ടാക്കുവാനും ആരംഭിച്ചു.ഗാന്ധിജിയും പിന്നീട് ആ മാർഗ്ഗം പിൻതുടർന്നു. ദക്ഷിണാഫ്രിക്കയിൽ താൻ സ്ഥാപിച്ച ആശ്രമത്തിന് ഗാന്ധിജി ടോൾസ് റ്റോയി ഫാം എന്ന പേരാണ് നൽകിയത്. അഹിംസ, ലളിത ജീവിതം എന്നിവയിലെല്ലാം ടോൾസ്റ്റോയിയുടെ ജീവിതം ഗാന്ധിജിയെ സ്വാധീനിച്ചു.
തൻ്റെ അവസാന കാലത്ത് തൻ്റെ കൃഷിഭൂമി കൃഷിക്കാർക്ക് കൈമാറാൻ അദ്ദേഹം തീരുമാനിച്ചു. തൻ്റെ കൃതികളുടെ പകർപ്പവകാശം ഉപേക്ഷിക്കുവാനും അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങൾ ഈ തീരുമാനത്തെ അതിശക്തമായ് എതിർത്തു. സ്വത്തുക്കൾ നഷ്ടപ്പെടുന്നത് അവർക്ക് സഹിക്കാനായില്ല. നിരാശനായ ടോൾസ് റ്റോയ് വീട് വിട്ടിറങ്ങി. അദ്ദേഹം ആരുടെ കൂടെയും താമസിക്കാൻ തയ്യാറായില്ല. യാത്രക്കിടയിൽ ന്യുമോണിയ ബാധിച്ച അദ്ദേഹം ഒരു റെയിൽവേ സ്റേഷനിൽ ഇറങ്ങി. മഹാനായ ആ സാഹിത്യകാരൻ അവിടെക്കിടന്ന് ഈ ലോകത്തോട് വിട പറഞ്ഞു.
No comments:
Post a Comment