🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, November 24, 2020

ആലാഹയുടെ പെണ്മക്കൾ കഥാപ്രസംഗം രൂപത്തിൽ

അധ്യാപകക്കൂട്ടം വായനശാല


മലയാള സാഹിത്യ രംഗത്ത് അത്യപൂർവ്വം എന്ന് വിശേഷിപ്പിക്കാവുന്ന സാറാ ജോസഫിൻ്റെ ശ്രദ്ധേയമായ ഒരു
 നോവൽ..... 
ആലാഹയുടെ പെണ്മക്കൾ കഥാപ്രസംഗം രൂപത്തിൽ 

ഇത് കോക്കാഞ്ചിറക്കാരുടെ കഥ ......കോക്കാഞ്ചിറ എന്ന പ്രദേശത്തെ കേന്ദ്രീകരിച്ച് എഴുതിയ കഥ ........
നഗരങ്ങളുടെ വളർച്ച കാരണം സ്വന്തം നാട്ടിൽ നിന്ന് പിന്തള്ളപ്പെടുന്നു ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള കഥ ....... സ്ത്രീകളുടെ  ദുരിതങ്ങളുടെ കഥ....എട്ടുവയസ്സുകാരി ആനയുടെ  ചിന്തയിലൂടെ , ജീവിതത്തിലൂടെ പോകുന്ന കഥ ..... 


ആനി കിടാവൊരു സുന്ദരിയാണേ..... ഒന്നുമറിയാത്ത  
                    കുഞ്ഞിക്കിടാവുമാണേ....  കണ്ടതും കേട്ടതും സംശയിക്കുമവൾ
എങ്കിലുമെല്ലാർക്കും പ്രിയങ്കരിയാണേ....


ഒരു എട്ടു വയസ്സുകാരിയുടെ മനസ്സിലുദിക്കുന്ന സംശയങ്ങളും അതിൻ്റെ ഉത്തരം തേടി അമ്മയുടെയും അമ്മാമ്മ യുടെയും കുട്ടിപാപ്പാൻ്റേയും അമ്മായിമാരുടേയും അടുത്തു പോകുന്നതും സംശയങ്ങൾക്ക് അവർ നൽകുന്ന മറുപടികളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത് .നാടുവിട്ടു പോയ ഭർത്താവിനെ കാത്തിരിക്കുന്നവളാണ് ആനിയുടെ അമ്മ. ആനിയുടെ അച്ഛൻ്റെ സഹോദരനാണ് ഗാന്ധിസത്തിൽ വിശ്വസിക്കുന്ന പ്രാഞ്ചി എന്ന കുട്ടിപാപ്പൻ. 


കോക്കാഞ്ചിറയിലുണ്ടൊരു ചർക്കക്ലാസ്സ് 
പ്രാഞ്ചിചേട്ടൻ്റെ ചർക്ക ക്ലാസ്സ് 
സ്ത്രീകൾക്കായൊരു ചർച്ച ക്ലാസ് 
കുട്ടി പാപ്പൻ്റെ ചർക്ക ക്ലാസ് 


തീപ്പെട്ടി കമ്പനിയിലും ബട്ടൻ കമ്പനിയിലും ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് ചർക്കയിൽനിന്ന് തുച്ഛമായ വരുമാനം മാത്രമേ കിട്ടിയിരുന്നുള്ളൂ. അതിനാൽ അവർ അത് ഉപേക്ഷിച്ചുപോയി .അങ്ങനെ കുട്ടിപാപ്പന് ചർക്ക ക്ലാസ്സ് അവസാനിപ്പിക്കേണ്ടി വന്നു. ഒടുവിൽ ക്ഷയരോഗ പിടിപെട്ട് അദ്ദേഹം കിടപ്പിലായി .


കഥകൾ പലതും കേട്ടുവല്ലോ
സംശയങ്ങളോടിയെത്തിയല്ലോ
കുട്ടിപാപ്പനവൾക്കുത്തരം നൽകിയല്ലോ
കുഞ്ഞു മനസങ്ങനെ വളർന്നുവല്ലോ

കുട്ടി പാപ്പാനും സുഹൃത്തായ കൊച്ചച്ചൻ എന്നു വിളിക്കുന്ന പള്ളീലച്ഛനും കൂടി പല ദേശീയ-അന്തർദേശീയ സംഭവവികാസങ്ങളും ചരിത്രപാഠങ്ങളും
എല്ലാം പറയുന്നത് കേട്ട് ആനി വളർന്നു.  ആനിയുടെ സ്ക്കൂൾ ജീവിതവും അപമാനം നിറഞ്ഞതായിരുന്നു. 

സംസ്കാരശൂന്യരാം അമ്മമാരും 
ലഹരിക്കടിപ്പെട്ട അച്ഛൻമാരും
വൃത്തിയൊട്ടുമേയില്ലാത്ത കുട്ടികളും എല്ലാരുമെല്ലാരും മാറണം 

ആദ്യകാലത്ത് കോക്കാഞ്ചിറയിൽ താമസമുറപ്പിച്ചത് തോട്ടികളായിരുന്നു. കാലക്രമേണ ഇറച്ചി വെട്ടുകാർ, ചാരായം വാറ്റുകാർ എന്നിങ്ങനെയുള്ളവർ താമസമുറപ്പിച്ചു. സമൂഹത്തിൽ നിന്നകറ്റി നിർത്തപ്പെട്ടവരുടെ ഇടയിൽ നിന്ന്  വരുന്നവളാ യതിനാൽ സ്കൂളിൽ ആനിയെ എല്ലാവരും പുച്ഛിക്കാൻ തുടങ്ങി. കോക്കാഞ്ചിറ എന്ന പേരു മാറ്റിയാൽ ആ പ്രശ്നം തീരും എന്ന് കരുതിയിരുന്ന ആനിക്ക് പേരുകൾ അങ്ങനെ സ്വയം മാറുന്നതല്ലെന്ന്  മനസ്സിലാക്കി കൊടുക്കുന്നത് കുട്ടി പാപ്പനാണ്.കോക്കാഞ്ചിറ കോക്കാഞ്ചിറയാവുന്നത് ചരിത്രവും ഭൂമിശാസ്ത്രവും കൊണ്ടാണ്. ചരിത്രത്തിൽ നിന്ന് ഒളിച്ചോടരുത് എന്നാണ് കുട്ടി പാപ്പൻ ആനിയോട് പറയുന്നത്.


കുഞ്ഞില എന്നൊരു മുത്തുണ്ടേ 
ആനീടെവല്യമ്മായിയാണേ അവളുടെ കഥയിതു ദുരിതമാണേ
കേട്ടോളൂ മാലോരെ കഥയൊന്ന് 

 ആനിയുടെ വല്യമ്മായി കുഞ്ഞില പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുന്ന ശക്തയായ ഒരു സ്ത്രീയായിരുന്നു.. ഒരു സമ്പന്ന കുടുംബത്തിലേക്ക് കുഞ്ഞിലയെ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തയക്കുന്നു. രോഗാതുരനായ, മരണത്തിൻ്റെ വക്കിലെത്തിയ ഒരാൾക്ക് സ്ത്രീസുഖം അറിയാനായി മാത്രമാണ്  ഈ വിവാഹമെന്ന് കുഞ്ഞിലയുടെ അച്ഛന് അറിയില്ലായിരുന്നു.  വിവാഹത്തിൻ്റെ ഏഴാം ഭർത്താവ് മരിച്ച് വീട്ടിൽ എത്തുന്ന കുഞ്ഞില പിന്നീട് ഇരുട്ടറയിലേക്ക് ഒതുങ്ങിക്കൂടുന്നു.
പിന്നീട് അമ്മ മറിയചേടത്തി പ്രസവിക്കുന്ന ഘട്ടത്തിൽ കുഞ്ഞിലക്ക് അമ്മയുടെ പ്രസവം എടുക്കേണ്ട അവസ്ഥ വന്നു. അതിനുശേഷം ആശുപത്രിയിലേക്ക് പോകാൻ മടിച്ചിരുന്ന കോക്കാഞ്ചിറക്കാരുടെ അസുഖങ്ങൾ ചികിത്സിച്ചിരുന്ന കുഞ്ചൻ കമ്പോണ്ടറോടൊപ്പം  കുഞ്ഞിലയും പേറു തൊടീലിന് പോവുന്നു. കൊക്കാഞ്ചിറക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരാളായി കുഞ്ഞില മാറുന്നു.
നാളുകളങ്ങനെ നീങ്ങവെ ഒരു കയ്യബദ്ധം കാരണം പ്രസവ സമയത്ത് ഒരു സ്ത്രീ മരണപ്പെടുന്നു. അതോടെ നാട്ടുകാർ കുഞ്ഞിലക്കെതിരെ തിരിയുന്നു .കുഞ്ചൻ കമ്പോണ്ടറുമായുള്ള ബന്ധത്തിൻ്റെ പരിശുദ്ധി നഷ്ടപ്പെട്ടതിനാലാണ് ഇത്തരമൊരു കയ്യബദ്ധം പറ്റിയതെന്ന് നാട്ടിലാകെ പരക്കുന്നു.


സർക്കാർ ജോലിയും പോയല്ലോ 
കമ്പോണ്ടർ ആകെ കുഴങ്ങിയല്ലോ എന്തുചെയ്യുമെന്നറിയാതെ
കമ്പോണ്ടറാകെ കുഴങ്ങിയല്ലോ


ഒരു തെറ്റും ചെയ്യാത്ത കുഞ്ചൻ കമ്പോണ്ടറുടെ സർക്കാർ ആശുപത്രിയിലെ ജോലി നഷ്ടപ്പെടുന്നു. ലക്ഷ്മി മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് കടം വാങ്ങിയാണ് ആശുപത്രിയിൽ പോകാതിരുന്ന കോക്കാഞ്ചിറക്കാരെ കുഞ്ചൻ കമ്പോണ്ടർ ചികിത്സിച്ചിരുന്നത്. എന്നാൽ ഒടുവിൽ അദ്ദേഹം  ആശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചതാണെന്ന സംസാരം നാട്ടിലാകെ പരന്നു.  അയാളുടെ ഭാര്യ കുഞ്ഞിലയുമായി അയാൾക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുകയും ആനിയോടും കുടുംബത്തിനോടും ദേഷ്യം വച്ചു പുലർത്തുകയും ചെയ്യുന്നു. മറിയംചേട്ടത്തി 
കുഞ്ഞിലയെ ഈ ജോലി തുടരുന്നതിൽ നിന്നും കുഞ്ചൻ കമ്പോണ്ടറെ കാണുന്നതിൽ നിന്നും വിലക്കുന്നു. അങ്ങനെ മാനസികമായും സാമ്പത്തികമായും  കമ്പോണ്ടർ തകരുന്നു.
ഒടുവിൽ കൊക്കാഞ്ചിറക്കാരെനടുക്കി കൊണ്ട് ഒരു കൂട്ട നിലവിളി കേട്ടു .അതെ കുഞ്ചൻ കമ്പോണ്ടർ തൂങ്ങി മരിച്ചു .


അമരകളെല്ലാം നിവർന്നു നിന്നു
തളർന്നും ഞെളിഞ്ഞും തൈകൾ നിന്നു.
പ്രാർത്ഥന ചൊല്ലി നാട്ടുകാരും കമ്പോണ്ടർക്കന്ത്യ യാത്ര നൽകി
                                                      
  
ആനിയുടെ രണ്ടാമത്തെ അമ്മായിയെ ഒരു പള്ളിലച്ചനാണ് വിവാഹം കഴിച്ചത്. അയാൾ അവളെ വീട്ടിലേക്ക് വിടാതെ ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ സഹികെട്ട് അവൾ തൻ്റെ കുഞ്ഞിനേയും കൊണ്ട് മറ്റൊരാൾക്കൊപ്പം ഒളിച്ചോടുന്നു .

ആനിയുടെ മറ്റ് രണ്ട് അമ്മായിമാർ ബട്ടൺ കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു.  ചിരി കുടുക്കുകളായായിരുന്ന അവരിൽ ചിയ്യമ്മ വിവാഹം കഴിച്ചു. ചിന്നമ്മ വിവാഹത്തിനു സമ്മതിച്ചില്ല. ഏതോ പ്രണയബന്ധത്തിൽ അകപ്പെട്ടതിൻ്റെ സൂചനകൾ ആനിയ്ക്ക് ചിന്നമ്മ നൽകിക്കൊണ്ടിരുന്നു. ഒരു രാത്രി ആരുമറിയാതെ അമ്മയും കുഞ്ഞലയും ചേർന്ന്  നടത്തുന്ന കാഴ്ച ..... ആനിയെ നടുക്കി.

കോക്കാഞ്ചിറ എന്നൊരു നാട്ടില്
 കുറിവെപ്പുകാരുമുണ്ടേ.... ആളുകൾക്കായി കുറി വെക്കുമവരുടെ 
കഥയൊന്നു കേൾക്കണേ കൂട്ടരേ...

വെളുത്ത കുഞ്ഞാറം കറുത്ത കുഞ്ഞാറം എന്നിങ്ങനെ രണ്ട് കുറിവെപ്പുകാർ കോക്കാഞ്ചിറയിൽ ഉണ്ടായിരുന്നു .വെളുത്ത കുഞ്ഞാറത്തിൻ്റെ കുറിക്ക് ചങ്ങാതി കുറീന്ന് പേരേള്ളൂ. അവൾ ആണുങ്ങളെ പറ്റിക്കും.സൗന്ദര്യമില്ലെങ്കിലും വളരെ സ്നേഹശീലയും കുറി വെപ്പിൽ കൃത്യത പുലർത്തുന്നവരുമാണ് കറുത്ത കുഞ്ഞാറം. രോഗിയായ കുട്ടിപാപ്പനു വേണ്ടി ആനിയുടെ കയ്യിൽ പലഹാരങ്ങൾ കൊടുത്തു വിട്ടിരുന്ന അവൾ ജീവിതകാലം മുഴുവൻ അവിവാഹിതയായി കഴിഞ്ഞുകൂടി .


നഗരത്തിലെ പണക്കാർ ഷോപ്പിങ് മാളുകളും കെട്ടിടങ്ങളും പണിയുന്നതിനു വേണ്ടി കോക്കാഞ്ചിറയിലെ സ്ഥലങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ തുടങ്ങി .അങ്ങനെ കോക്കാഞ്ചിറ അവിടുത്തുകാർക്ക് അന്യമാവാനും തുടങ്ങി. ആനിയുടെകുടുംബം വീട് വിറ്റ്പോയില്ല .അങ്ങനെയിരിക്കെ ഒരു മഴ പ്രണയ രൂപത്തിൽ അവരെ തളർത്തുന്നു .

പൂവില്യ മാലാഗേ 
പൂവില്യ മാലാഗേ
നാടു നശിപ്പിച്ചേ പൂവുളളൂ മാലാഗേ
വെള്ളം നിറഞ്ഞല്ലോ
പ്രളയം വന്നല്ലോ
എന്നിട്ടും പൂവില്യ മാലാഗേ...

അങ്ങനെ ആ മഴയിൽ ആനിയുടെ വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു.കുട്ടിപാപ്പൻ്റെ രോഗം മൂർച്ഛിച്ചു. അമ്മാമ്മ പിച്ചും പേയും പറഞ്ഞു തുടങ്ങി.അമ്മാമ്മ അവൾക്ക് ആലാഹയുടെ മന്ത്രം ചൊല്ലി കൊടുത്തു. അമ്മാമ്മയുടെ അമ്മ മരിക്കാൻ കിടക്കുമ്പോൾ ചൊല്ലി കൊടുത്തതാണ് ആ മന്ത്രം. മരണസമയത്താണ് അത് മറ്റാർക്കെങ്കിലും ചൊല്ലിക്കൊടുക്കുക.

ആനി തിരിഞ്ഞു നോക്കുമ്പോൾ വല്യമ്മായി കുട്ടിപാപ്പൻ്റ താടി കൂട്ടുകെട്ടുന്നു. ആ സമയത്ത് ആനിക്ക് നെഞ്ച് പറഞ്ഞുപോരുന്ന ഒരു ചുമ ഉണ്ടായി .മുട്ടുകാലിന്മേൽ രണ്ടുകൈയും കുത്തി കുനിഞ്ഞു നിന്ന് ആനി ചുമച്ചു. കൊച്ചു ശക്തി മുഴുവനുമെടുത്തു അവൾ ആഞ്ഞുതുപ്പി .ചോരയിൽ കൊഴുത്തു പോയ ഒരു കഫക്കട്ട. അതെ കൂട്ടരേ....
കുട്ടിപാപ്പനെ ശുശ്രൂഷിച്ച് അവൾക്കും ഒടുവിൽ ക്ഷയം പിടിപെട്ടു.അവളുടെ ജീവിതത്തിലും ദുരന്തം അവശേഷിപ്പിച്ചു കൊണ്ട് ആലാഹയുടെ പെൺമക്കൾ അവസാനിക്കുന്നു.

നന്ദി
നമസ്ക്കാരം.
പത്മശ്രീ.എം.എസ്
MRNMLPS പട്ടിപ്പറമ്പ്
തൃശൂര്‍.

( ഈ കഥാപ്രസംഗം വീഡിയോ രൂപത്തില്‍ ഞങ്ങള്‍ക്ക് അയച്ചു തരൂ.9048175724) 

No comments:

Post a Comment