🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, April 11, 2022

അധ്യാപകക്കൂട്ടം വായനശാല പുസ്തക പരിചയം: എം.പി.വീരേന്ദ്രകുമാറിൻ്റെ 'ഹൈമവതഭൂവിൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം: എം.പി.വീരേന്ദ്രകുമാറിൻ്റെ
'ഹൈമവതഭൂവിൽ' എന്ന പുസ്തകം പരിചയപ്പെടുത്തുകയാണ് ഗീത ടീച്ചർ (SPMUPS ആയിക്കുന്നം, കൊല്ലം)

യാത്രികരുടെ മനസ്സിലെ അത്ഭുതാദരങ്ങളുടെ കൊടുമുടിയിലാണ് എന്നും ഹിമാലയത്തിന്റ സ്ഥാനം. യാത്രവിവരണ ഗ്രന്ഥകാരന്മാർ ഹിമാവാനിലേക്കുള്ള യാത്രകൾ ഹർഷോന്മാദത്തോടെ തങ്ങളുടെ ഗ്രന്ഥങ്ങളിലേക്ക് ആവാഹിക്കാൻ ശ്രമിച്ചു. എഴുത്തിന്റെ മോടി കൂട്ടാനുള്ള വർണ്ണനകളും പൊടിപ്പും തൊങ്ങലും ഒക്കെ ഹിമവാൻ തന്നെ അവർക്ക് കനിഞ്ഞു നൽകുകയും ചെയ്തു. ശ്രീ എം. പി വീരേന്ദ്രകുമാറിന്റെ ഹിമാലയ യാത്രാവിവരണ ഗ്രന്ഥമാണ് 'ഹൈമവതഭൂവിൽ '

        മാധ്യമ പ്രവർത്തന രംഗത്തെ അതികായനും മികച്ച രാഷ്ട്രീയ നേതാവും വാഗ്മിയും കറകളഞ്ഞ മനുഷ്യ സ്നേഹിയും പ്രകൃത്യുപാസകനും ആണ് ശ്രീ എം. പി.വീരേന്ദ്രകുമാർ. സമന്വയത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിന്റെ അനന്യമായ പാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിക്കുന്നു . എങ്കിലും തന്റെ സാഹിത്യ കൃതികളിലൂടെ 'വിശ്വമാനവൻ 'എന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.ദീർഘദർശിയായ ആ പ്രകൃതിസ്‌നേഹി 1987ൽ കേരളത്തിന്റെ വനം മന്ത്രിയായി സ്ഥാനമേറ്റ ദിവസം തന്നെ ഇറക്കിയ ഉത്തരവ് ഇതാണ് *'കാട്ടിലെയും നദീതീരങ്ങളിലെയും നദികളുടെ ഉത്ഭവസ്ഥാനങ്ങളിലെയും മരങ്ങൾ മുറിക്കരുത്!*

          മലയാളത്തിന്റെ സഞ്ചാരസാഹിത്യ ചക്രവർത്തിയെ പോലും അതിശയിക്കുന്ന തരത്തിൽ എന്ന് Dr. M. ലീലാവതി 'ഹൈമവതഭൂവിൽ 'എന്ന കൃതിയെപ്പറ്റി പറഞ്ഞപ്പോൾ ഒട്ടൊരു അത്ഭുതത്തോടെയാണ് പുസ്തകത്തെ സമീപിച്ചത്. അത് സത്യമാണ്. ചരിത്രം പുരാണം മിത്ത് ഐതിഹ്യങ്ങൾ എന്നിവയിലൂടെ ഭൂതകാലത്തിലേക്കും കാഴ്ചകൾ അനുഭവങ്ങൾ അനുഭൂതികളിലൂടെ വർത്തമാനകാലത്തിലും ഉത്കണ്ഠകളിലൂടെയും പ്രതീക്ഷകളിലൂടെയും സ്വപ്നങ്ങളിലൂടെയും ഭാവി കാലത്തിലേയ്ക്കും അറബിക്കഥകളിലെ പറക്കും പരവതാനിയിലേറി എന്നപോലെ അനായാസമായി ശ്രീ വീരേന്ദ്രകുമാർ വായനക്കാരെ കൊണ്ടുപോകുന്നു.
        ഒരു പ്രദേശത്തിന്റ പുരാണേതിഹാസ ബന്ധങ്ങൾ
ഒരു കഥാകൃത്തിന്റെ വൈഭവത്തോടും അത്‍ഭുതകരമായ ഒതുക്കത്തോടും, വിവിധ മതഗ്രന്ഥങ്ങളുമായി ബന്ധിപ്പിച്ച്  വിവരിക്കുന്നു. പിന്നെ അവിടുത്തെ ചരിത്ര വിവരങ്ങൾ അപാര ശ്രദ്ധയോടും പണ്ഡിതനിർവിശേഷമായ കൃത്യതയോടും പറയുകയായി. അതേ സ്ഥലത്തിന്റെ വർത്തമാനകാലസ്ഥിതികൾ അന്വേഷണപടുവിന്റെ നേട്ടം എന്നപോലെ ഇതൾവിരിയുകയായി പിന്നീട്. ആ നാടിന്റെ സ്വാതന്ത്ര്യസമരവുമായുള്ള ബന്ധം ഒരു ദേശസ്നേഹിയുടെ അഭിമാനത്തോടെ ഉത്തരേന്ത്യയിൽ നിന്നും കേരളംവരെ എത്തുന്നതരത്തിൽ ബന്ധിപ്പിച്ച് പറഞ്ഞുതരുന്നു. അതേസ്ഥലത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ നീറുന്ന ഹൃദയത്തോടെ നിരാശനായി എഴുതുകയാണ് പിന്നീട്.

   കാളിദാസൻ, Ruskin Bond, ശ്രീ ശങ്കരൻ, ഖലീൽ ജിബ്രാൻ, ഭർത്തൃഹരി, ദാരാ ശുക്കോവ്‌, മാനവവിക്രമൻ അനിയൻരാജ, വയലാർ, വ്യാസൻ, വസിഷ്ഠൻ തുടങ്ങിയ അനവധി പേരെ എഴുത്തിന്റെ മേഖലയിൽ നിന്ന് നമുക്കീ കൃതിയിലൂടെ അടുത്തറിയാം. നിരവധി പ്രദേശങ്ങൾ , പ്രകൃതി പ്രതിഭാസങ്ങൾ  പ്രമേയങ്ങൾ, സംഭവങ്ങൾ. അടയാളങ്ങൾ, അനുഭവങ്ങൾ, കഥാപാത്രങ്ങൾ ശ്ലോകങ്ങൾ ഒക്കെ ഉൾക്കൊണ്ട  ബൃഹത്തായഈ യാത്രാനുഭഗ്രന്ഥമാണ് ഹൈമവതഭൂവിൽ!

എം. പി. വീരേന്ദ്ര കുമാർ ദേവഭൂമിയിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നത് തലസ്ഥാനനഗരിയിൽ നിന്നാണ്.സാക്ഷാൽ *ഇന്ദ്രപ്രസ്ഥം*.   വ്യത്യസ്തവും ആയ അറിവുകൾ  വീരേന്ദ്ര കുമാർ നമുക്ക് നൽകുന്നു!
 അക്ഷരർത്ഥത്തിൽ ഒരു റഫറൻസ് ഗ്രന്ഥം തന്നെയാണ് 'ഹൈമവതഭൂവിൽ '

വീരേന്ദ്രകുമാറിന്റെ ഔദ്യോഗിക ജീവിതത്തിൽ സുപ്രധാന സ്ഥാനമാണ് ഡൽഹിക്കുള്ളത്. എം. പി. കേന്ദ്ര മന്ത്രി, ന്യൂസ്‌ പേപ്പർ സൊസൈറ്റി ചെയർമാൻ തുടങ്ങി ഉന്നത സ്ഥാനങ്ങളിൽ അദ്ദേഹം വിരാജിച്ചത് ഡൽഹിയിൽ തന്നെ. ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ തുടങ്ങി രാഷ്ട്രീയ ഉന്നത ശീർഷന്മാരുമായെല്ലാം അദ്ദേഹത്തിന്റെ ബന്ധം സുദൃഢമായതും ഡൽഹിയിൽ ആയിരുന്ന കാലത്താണ്. മഹാഭാരത നായകന്മാരായ പാണ്ഡവരുടെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ നിർമ്മിതി, മയന്റെ സഭാമന്ദിര നിർമ്മാണം, സഭാമന്ദിരത്തുൽ  ദുര്യോധനനുണ്ടായ സ്ഥലജല വിഭ്രാന്തിയും പഞ്ചലിയുടെ പൊട്ടിച്ചിരിയും അങ്ങനെ *കുരുക്ഷേത്ര യുദ്ധത്തിന്റെ* നാന്ദി കുറിക്കൽ വരെ അദ്ദേഹം വിവരിക്കുന്നു.

      മൗര്യന്മാരുടെ ഭരണശേഷം സുൽത്താനെറ്റ് ഭരണത്തിന്റെ വിശദമായ ചിത്രം നൽകുന്ന വിവരണമാണ് തുടർന്നു നടത്തുന്നത്.മകൻ തീർത്ത തടവറയിൽ താൻ നിർമിച്ച പ്രേമകാവ്യ ശില്പമായ താജ്മഹൽ നോക്കി കഴിഞ്ഞ ഷാജഹാനും അദ്ദേഹത്തിന്റെ ദുഃഖപുത്രിയായ മകൾ ജഹനാരയും നമ്മുടെ ഉള്ളിൽ സഹതാപം വളർത്തുന്നു. ജഹനാരാ സാഹിത്യവാസന ഉള്ളവളും തന്റെ സഹോദരൻ ദാരാ ശുക്കോവിൽ നിന്നും വേദസാരം ഗ്രഹിച്ചവളും ആയിരുന്നു.അൻപത്തിരണ്ട് ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്
*ദാരാ രാജകുമാരൻ* ചരിത്രത്തിലും നമ്മുടെ മനസ്സിലും ഇടം നേടിയിരിക്കുന്നു.

       ബ്രിട്ടീഷ് ഭരണകാലത്ത് പ്രഗത്ഭരായ ശില്പികളുടെ നേതൃത്വത്തിൽ നഗരനിർമാണം പുരോഗമിച്ചു.അതിൽ *ലുട്യൻസിന്റെ* പേര് സുവർണ ലിപികളിൽ കുറിക്കാം. വൈസ്രോയ് പാലസ്, ഇന്ത്യാ ഗേറ്റ്, സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ ഹൈദരാബാദ് ഹൗസ്, കൊണാട്ട് പ്ളേസ് തുടങ്ങി പ്രൗഢമായ നിർമ്മിതികളെല്ലാം അദ്ദേഹത്തിന്റെതാണ്.
*ഡൽഹി ഹരിതവൽക്കരണം* ലുട്യൻസിന്റെ സേവനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ്.തീവ്ര വേഗവും തിരക്കും വായുമാലിനികരണവും നേരിടുന്ന ആ നഗരം ഫലവൃക്ഷങ്ങളാലും ഔ ഷധ സസ്യങ്ങളാലും സമ്പന്നമാക്കിയതിന് നാമെല്ലാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. 

    ശേഷം സ്വാതന്ത്ര്യപ്രഖ്യാപനവും ഗാന്ധിജിയുടെ രക്തസാക്ഷിത്വവും ലേഖകൻ ഓർക്കുമ്പോൾ ഈ രണ്ട് സമയത്തും പ്രഗത്ഭ വാഗ്മി കൂടിയായ നമ്മുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വികാരനിർഭരമായ പ്രസംഗങ്ങൾ ഇവിടെ ചേർക്കാൻ മറക്കുന്നില്ല.
തുടർന്ന് ഗാസിയാബാദിൽ, അവിടുത്തെ വ്യവസായവത്കരണവും അത് വരുത്തിയ പരിസ്ഥിതി പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു. പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ, സമരങ്ങൾ ഒക്കെ  വീരേന്ദ്രകുമാറിന്റെ ജീവിതത്തിൽ ഇഴചേർന്നു നിൽക്കുന്നു.വിശ്വാസങ്ങളുടെ സംഗമഭൂമി എന്നദ്ദേഹം വിശേഷിപ്പിക്കുന്ന *മീററ്റിലെത്തുമ്പോൾ* ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ മീററ്റിന്റെ പങ്ക് വിശദമാക്കുന്നു. തുടർന്ന് യാത്ര തുടരുന്നു; ദേവഭൂമിയിലേക്കുള്ള കവാടമായ ഹരിദ്വാറിലേക്ക്!        

         ഹരിദ്വാറിലെ ഹർ കി പൗരിയിലെ ഭർതൃ ഹരിയുടെയും വിക്രമാദിത്യന്റെയും സഹോദരൻ വരരുചിയുടെയും അദ്ദേഹത്തിന്റെ ഭാര്യ പറയ സ്ത്രീയായ പഞ്ചമിയുടെയും കഥയാണ്.അത് കേരളത്തിലെ വേദഭൂമിയായ തൃത്താലയും പരിസരവും ചേർന്ന പ്രദേശത്തേക്ക് നീളുന്നു.പന്തിരുകുലത്തിലെ ഓരോ കഥാപാത്രത്തെ പറ്റിയും ഈ കൃതിയിൽ വിശദമായി പ്രതിപാദിക്കുന്നത് കൗതുകത്തോടെ മാത്രമേ നമുക്ക് വായിക്കാനാകൂ.

 ഭർതൃ നിർദ്ദേശപ്രകാരം പഞ്ചമിയാൽ ഉപേക്ഷിക്കപ്പെട്ട മക്കൾ വിവിധ ജാതിക്കാരാൽ എടുത്തു വളർത്തപ്പെട്ട് നാനാ ജാതിക്കാരായി വളർന്നെങ്കിലും തമ്മിൽ എന്നും സ്നേഹവും ബഹുമാനവും കരുതലും സൂക്ഷിച്ചു. കേരളത്തിൽ പരിവർത്തനത്തിന്റ വഴി തെളിച്ചു തുടങ്ങിയത് ഇവർ തന്നെയല്ലേ. ഈ പ്രദേശത്തു നിന്ന് തന്നെയാണ് വി. ടി. ഭട്ടത്തിരിപ്പാട്, എം. ആർ. ബി.തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ ഉജ്വലമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതെന്നുള്ളത് സ്വാഭാവികം.വി. ടി. ഭട്ടത്തിരിപ്പാടിനെപ്പറ്റി മക്കൾ കൂടുതൽ വായിച്ചറിയണം.സ്വന്തം സമുദായത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി അദ്ദേഹംഎങ്ങനെയാണ് ആഞ്ഞടിച്ചതെന്ന് വായിച്ചു മനസ്സിലാക്കണം.പിതാവായ വരരുചിക്കു ശ്രാദ്ധമൂട്ടാൻ മക്കൾ തൃത്താലയ്ക്കടുത്തുള്ള *വേമഞ്ചേരി മനയിലാണ്* ഒത്തു കൂടിയിരുന്നത്. ആയിരത്തിലേറെ വർഷങ്ങൾക്ക് ശേഷം 1997ൽ വരരുചിക്കു ശ്രാദ്ധമൂട്ടാൻ വിവിധ ജാതികളിൽ പെട്ട പതിനൊന്നു പേരുടെ പിൻഗാമികൾ വേമഞ്ചേരി മനയിൽ എത്തിയത് ചരിത്രമായി!

അഗ്നിഹോത്രി കുടുംബത്തിലെ ഇന്നത്തെ തലമുറയിലെ അംഗങ്ങളെ പറ്റിയും അവർ കൊണ്ടുവന്ന് അവരോധിച്ച ശാലാ വൈദ്യന്മാർ വൈദ്യമഠത്തെ പറ്റിയും അതിലെ ഇന്നത്തെ തലമുറയിൽ പെട്ട വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പറ്റിയും വിശദമായി പുസ്തകത്തിൽ പറയുന്നു.ഈ വിധത്തിൽ ഹൃദയഹാരിയായ അനുഭവങ്ങളുമായി ഹൈമവതഭൂവിൽ വായനക്കാരെ കാത്തിരിക്കുന്നു.



വരൂ നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.... ഭക്തിയുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും പുരാണ കഥകളുടെയും പുതപ്പിൽ ഹിമാലയസാനുക്കളിലൂടെ വീരേന്ദ്രകുമാരിനൊപ്പം.
             
          ഹരിദ്വാറിൽ ഭക്തരുടെ തോളിലെ കാവടികൾ കാണുമ്പോൾ ലേഖകന്റെ മനസ്സിൽ ഒരു മയിൽ പീലിവിടർത്തി തുടങ്ങുന്നു. ശില്പകലയിലും സംഗീതത്തിലും പശ്ചാത്യ മിഥോളജിയിലും പുരാണങ്ങളിലും ഈസോപ്പ് കഥകളിലും മറ്റുമൊക്കെ മയിലിന് എത്ര മഹത്തരമായ സ്ഥാനമാനുള്ളതെന്ന് പരിശോധിക്കുന്നു.കഥകളിയിൽ വേഷത്തിലും ആട്ടത്തിലും സാഹിത്യത്തിലും, മയിലിനും പീലിക്കും ഒക്കെയുള്ള വലിയ സ്ഥാനം ശ്രദ്ധേയമാണ് മഹാനടന്മാർ *കേകി*' ആടുമ്പോൾ അനേകം മയിലുകൾ പീലി നിവർത്തി ആടുന്ന കാഴ്ച നാം കാണാറില്ലേ!

  അമൃത വാഹിനികളായ നദികൾക്ക് ഭാരതീയ സംസ്കാരത്തിൽ അതീവ പ്രാധാന്യമാണുള്ളത്.
അഹല്യ സ്വാതന്ത്രഭരണം നടത്തിയതായി പറയുന്ന 'മഹേശ്വർ 'എന്ന സ്ഥലത്ത് പോയത് വീരേന്ദ്ര കുമാർ ഓർക്കുന്നു. 'താങ്കൾ ഏത് നാട്ടുകാരൻ?'എന്ന് ചോദിക്കുന്നതിനു പകരം, *താങ്കൾ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?* എന്നാണയാൾ ചോദിച്ചത്!പക്ഷെ ഇവിടെയും നദികൾ ചൂഷണം ചെയ്യപ്പെടുന്നു. പുണ്യനദിയായ ഗംഗയുടെ കാര്യവും ഭിന്നമല്ല. ഇവിടെ മറ്റ് ലോക രാജ്യങ്ങളിലെയും ജലചൂഷണവും അണക്കെട്ട് നിർമാണവും തുടർന്നുള്ള പ്രക്ഷോഭങ്ങളും ലേഖകൻ ചർച്ച ചെയ്യുന്നുണ്ട്.

   യമുനോത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയുള്ള ഹനുമാൻ ഛട്ടിയിലെത്തുമ്പോൾ ഭക്തശിരോമണിയായ ഹനുമാനെപ്പറ്റിയുള്ള വൈവിധ്യമാർന്ന കഥകളും ചിന്തകളും അറിവുകളും പങ്കുവയുകയാണ്. യമുനോത്രിയിൽ എത്തുന്നത്തോടെ രാധാകൃഷ്ണ സങ്കല്പത്തിൽ ആറാടുകയാണ് മനസ്സ്.ഭാഗവതത്തിലല്ല *ഗർഗ ഭാഗവതത്തിലാണ്* രാധാ സങ്കല്പം ഉണ്ടായിട്ടുള്ളത്. പിന്നീടത് പല മഹാകവികളും ഏറ്റെടുത്തു പാടുകയും മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് രാധാകൃഷ്ണ പ്രണയം ഇപ്പോഴും ഒഴുകിയെത്തുകയും ചെയ്യുന്നു.

 ഗീതഗോവിന്ദവും നാരായണീയവും സോപാനസംഗീത ശാഖയും അടക്കം ഒരുപാട് കൃതികൾ ഇവിടെ പരാമർശിക്കപ്പെടുന്നു.
ഉത്സാഹപൂർണമായ ആഘോഷമായിരുന്നു ശ്രീകൃഷ്ണന് ജീവിതം!
ധർമ്മാധർമങ്ങളുടെ മാറ്റുരച്ചു നോക്കലല്ല അവരവരുടെ കർമങ്ങൾ ഫലേച്ഛകൂടാതെ ചെയ്യാൻ പ്രേരിപ്പിക്കുന്നു കൃഷ്ണൻ.

       ഉത്തരകാശിയും കടന്ന് ഗംഗോത്രിയിൽ എത്തുമ്പോൾ ഗംഗാദേവിയും ഭഗീരഥനും ശ്രീപരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളാകുന്നു. രുദ്രപ്രയാഗിൽ നാരദൻ തന്റെ സംഗീത ജ്ഞാനപൂർണതയ്ക്ക് വേണ്ടി നാദസ്വരൂപനായ പരമേശ്വരനെ തപസ്സുചെയ്തതായാണ് ഐതിഹ്യം. പിന്നീട് നമ്മുടെ പുസ്തകം സംഗീത സാന്ദ്രമാകുന്നു.ഉത്തര ദക്ഷിണേന്ത്യൻ സംഗീതം സംഗീതവേദമായ സാമവേദം രവീന്ദ്രസംഗീത ശാഖ സൂഫി സംഗീതം ഖവ്വാലി തുടങ്ങി സംഗീതത്തിന്റ അനന്ത മേഖലകൾ.....
ഖവ്വാലികളായ മുസ്ലിം സംഗീതജ്ഞർ പാടുന്ന കബീർ ദാസ് രചനകളും രാധാകൃഷ്ണ പ്രണയവും ആത്മാവിൽ നിന്നും ആത്മാവിലേക്ക് ഒഴുകിയെത്തുന്നത് നിർവൃതിദായകം എന്ന് ഞാനും ഓർത്തുപോകുന്നു!
*സംഗീതവിരോധികളിലേക്ക് ഞങ്ങളെ വിട്ടുകൊടുക്കരുതേ*' എന്ന ഋഗ്വേദപ്രാർത്ഥന മനഃശാസ്ത്ര ശാഖയിൽ പഠനവിധേയമാക്കേണ്ട ആശയം അല്ലേ?
                                            കേദാർന്നാഥിലേക്കുള്ള വഴിയിൽ 'അഗസ്ത്യ മുനിയിൽ 'അദ്ദേഹം എത്തുമ്പോൾ അഗസ്ത്യരെ പ്പറ്റിയുള്ള  അത്ഭുതകരമായ അറിവുകൾ പങ്കുവയ്ക്കുന്നു.
    പുണ്യസ്ഥലങ്ങളിലേയ്ക്കും  പുരാണങ്ങളിലേയ്ക്കും ഉള്ള തീർത്ഥയാത്ര അവസാനിക്കുന്നില്ല.....

*വീണ്ടും വരും ... ഈ ആത്മീയാനുഭൂതിയിലേക്ക്,അനന്തനിർവൃതിയിലേക്ക്,അനുപമരമണീയ ദൃശ്യങ്ങളിലേക്ക്*......
എന്ന് ഓരോ യാത്രികനെക്കൊണ്ടും പറയിയ്ക്കുന്നു ഹിമാലയം.
*ഹൈമവതഭൂവിൽ*  ഇത് തന്നെ പറയുന്നു...
വീണ്ടും വീണ്ടും വായിയ്ക്കുക.

             സോനപ്രയാഗിൽ നിന്ന് ഡോലിയിലും കുതിരപ്പുറത്തുമായാണ് യാത്രികർ കേദാർ നാഥിലേക്ക് പോകുന്നത്. ജ്യോതിർ ലിംഗം ആണ് അവിടെ പ്രതിഷ്ഠ.ദീപാവലിയ്ക്ക് നട അടച്ചാൽ പിന്നെ ശിവരാത്രിയ്ക്കാണ് തുറക്കുക. ഈ അടഞ്ഞുകിടക്കുന്ന അതിശൈത്യകാലത്ത് നാരദരാണ് പൂജിയ്ക്കുന്നത് എന്നാണ് സങ്കല്പം. അത്രയും കാലം അകത്ത് പൂജാരി കത്തിച്ചു വച്ച കെടാവിളക്ക് നിറഞ്ഞു കത്തും.
ഹിമാലയത്തിൽ മിക്കയിടത്തും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ താല്പര്യം ഇല്ലാത്ത സന്യാസിമാരെ കാണാം.ഫോട്ടോ എടുക്കാൻ തുനിഞ്ഞ ലേഖകന്റെ സഹ യാത്രികനെ *'ലീവ് മി എലോൺ*' എന്ന് ഉറച്ച ശബ്ദത്തിൽ ഒരു സന്യാസി ശാസിക്കുന്നുണ്ട്.
തന്ത്രശാസ്ത്രത്തിന് പ്രാധാന്യമുള്ള പ്രദേശമാണ് കേദാർനാഥ്. തന്ത്ര ശാസ്ത്രത്തെപ്പറ്റി വിശദമായി പ്രതി പാദിക്കുന്നുണ്ടിവിടെ.

      കേദാറിൽ നിന്നുള്ള മടക്ക യാത്രയിൽ *കർണപ്രയാഗിൽ* എത്തുന്നു.. തുടർന്ന് കർണന്റെ പ്രൗഢഗംഭീരമായ ജീവിതസപര്യ! യാത്രാനുഭവ വിവരണ ഗ്രന്ഥത്തിലെ അങ്ങേയറ്റം ഹൃദയസ്പർശിയായ രംഗംനോക്കാം.

*കർണപ്രയാഗിൽ കർണനെ ഓർത്ത്*

    കുരുക്ഷേത്ര യുദ്ധത്തിൽ കർണനെ ഏതാണ്ട് നായക സ്ഥാനത്ത് നിർത്തി നടത്തുന്ന വിവരണമാണ് ഇവിടെ. മഹാഭാരതത്തിലെ മഹാനുഭാവന്മാരെയെല്ലാം അതിശയിക്കുന്ന തരത്തിലുള്ള കർണന്റെ ധീരവും, ത്യാഗോജ്വലവും, ഒരിക്കലും മാറ്റു കുറയാത്ത, മാറ്റുരയ്ക്കാനാകാത്ത വ്യക്തിവൈശിഷ്ട്യത്തെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ദുഃഖപർവവും ആർദ്ര മനസ്കനായി ലേഖകൻ വരച്ചു കാട്ടുന്നത് ഒരു ചലച്ചിത്രത്തിന്റ മിഴിവിലാണ്. വികാരനിർഭരമായ സംഭാഷണങ്ങളോടെ ആ രംഗങ്ങൾ വായനക്കാരന്റ മനസ്സിനെ പിടിച്ചുലയ്ക്കുന്നു. കർണന്റെ മഹത്വം എല്ലാവരിലും മീതെയാണെന്നറിഞ്ഞ ശ്രീകൃഷ്ണൻ കർണന്റെ ആവശ്യപ്രകാരം കർണന്റെ ശരീരം കുതിരപ്പുറത്തേറ്റി സ്വന്തം മാറ് കൊണ്ട് താങ്ങി കർണപ്രയാഗിലെ കന്യാഭൂമിയിലേയ്ക്ക് യാത്രയായി. അവിടെയൊരുക്കിയ ചന്ദന ചിതയിൽ തന്റെ ഹൃദയത്തിൽ ഇടം നേടിയ കർണന്റെ ജീവനറ്റ ശരീരം കിടത്തി. ജ്വലിച്ചു നിന്ന ചിതയിലേക്ക് നോക്കി കൃഷ്ണൻ നിന്നു. "പ്രഥമ കൗന്തേയനായ എന്റെ പ്രിയപ്പെട്ട കർണൻ എന്റെ പ്രിയങ്കരനായ കർണൻ " കൃഷ്ണൻ ഒരു നിമിഷം വിതുമ്പി.

കഥകളി പ്രേമികൾ *എന്തിഹ മന്മാനസേ'*...... എന്ന് സന്ദേഹിച്ചുതുടങ്ങിയില്ലേ? അതെ, ആചാര്യന്മാർ പ്രസിദ്ധവും ജനകീയവുമാക്കിത്തീർത്ത കഥകളിയിലെ കർണൻ. ആദിത്യഭഗവാനെ സാക്ഷിയാക്കിയുള്ള കർണശപഥം!

ബദരിയിൽ എത്തുമ്പോൾ ശ്രീശങ്കരൻ പ്രതിഷ്ഠ നടത്തുകയും പൂജാവിധികൾ ചിട്ടപ്പെടുത്തുകയും ചെയ്ത  വിഷ്ണുക്ഷേത്രം. മലയാളിയായ ബദരിനാഥാണ്ഇവിടുത്തെ റാവൽജി (പൂജാരി ). അതിർത്തി നിറയെ സൈനിക ബാരക്കുകൾ ആണ്.ഇവിടുത്തെ ക്ഷേത്രങ്ങൾ പോലും അടച്ചിടുന്ന കൊടും മഞ്ഞുകാലത്തും ഇവിടെയും നമ്മുടെ പട്ടാളക്കാർ കാവൽ നിൽക്കുന്നു.
ജയ് ജവാൻ!
നരനാരായണ പർവതങ്ങളുടെ സംഗമസ്ഥാനത്താണ് ചക്രതീർത്ഥം. അതിൽ സ്നാനം ചെയ്തു തപസ്സു ചെയ്താണ് അർജുനൻ പാശുപതാസ്ത്രം നേടിയത്. 

വ്യാസഗുഹയിൽ എത്തുകയാണ് പിന്നീട് ലേഖകൻ . *ലോക ക്ലാസ്സികുകളുടെ ക്ലാസ്സിക്കായ* മഹാഭാരത രചയിതാവായ വ്യാസൻ. മാനുഷിക വ്യാപാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ച ലോകോത്തര രചനയായ മഹാഭാരതത്തെ അനുവർത്തിച്ച് ഉണ്ടായ കൃതികൾ വിവരിക്കുന്നതിനിടെ കോട്ടയത്ത്തമ്പുരാന്റെയും ഇരയിമ്മൻ തമ്പിയുടെയും ആട്ടകഥകളെ പറ്റിയും ഈ കൃതിയിൽ സൂചനയുണ്ട്. തുടർന്നു ജോഷിമഠത്തിലെത്തുകയും ശ്രീശങ്കരൻ ആദ്യം സ്ഥാപിച്ച മഠം സന്ദർശിക്കയും ചെയ്യുന്നു.
ദേവപ്രായാഗിനും ഹൃഷിക്കേശിനും ഇടക്കാണ് വസിഷ്ഠഗുഹ.വസിഷ്ഠ ന്റെ പുത്രനായ ശക്തിയുടെ പുത്രൻ പരാശരൻ. പരാശരന്റെ പുത്രനാണ് വ്യാസൻ. യോഗവാസിഷ്ഠം ഒക്കെ ഇവിടെ പ്രതിപാദിക്കുന്നു. പിന്നീട് കുമഊൺ മലനിരകളിലെ കൗസാനിയിൽ എത്തുമ്പോൾ ഗാന്ധിജിയുടെ അനാസക്തി ആശ്രമത്തിൽ.... അദ്ദേഹത്തിന്റെ ഗീതാഭാഷ്യം 'അനാസക്തിയോഗ ' യുടെയും ആമുഖം ഇവിടെവച്ചാണ്  എഴുതിയത്. ഗാന്ധിജിയെ ഏതു സന്ദർഭത്തിൽ ഓർത്താലും അതീവ ബഹുമാനത്തോടും ആരാധനായോടും അദ്ദേഹത്തിന്റെ ചിന്തയും സ്വപ്നവും ജീവിതവും ഒക്കെ ശ്രീവീരേന്ദ്രകുമാർ വിവരിക്കാറുണ്ട് .

ഹിമാലയ യാത്രാവിവരണം ഇവിടെ അവസാനിപ്പിക്കുകയാണ്  ലേഖകൻ. പക്ഷെ തുടർന്നു പോയ സ്ഥലങ്ങളുടെ പട്ടിക അദ്ദേഹം അവതരിപ്പിക്കുന്നത് എങ്ങനെയെന്നോ? പ്രദേശങ്ങളുടെ ചരിത്രപ്രാധാന്യമോ സവിശേഷതയോ അദ്‌ഭുതകരമായ പാടവത്തോടെ ഒറ്റവരിയിൽ കുറുക്കിയെടുത്ത അവതരണം, 
ഒന്ന് വായിയ്‌ക്കേണ്ടത് തന്നെ!
യാത്രകൾ അവസാനിക്കുന്നില്ല!

*( അവസാനിച്ചു)*

No comments:

Post a Comment