അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ
അമ്മനൂർ എ.എൽ.പി.സ്കൂളിലെ (പാലക്കാട്) 1,2 ക്ലാസുകളിലെ ഫാത്തിമത്ത് സുഹറ ടീച്ചറുടെ കുട്ടികൾ തയ്യാറാക്കിയ വ്യത്യസ്തമായ ഡയറിക്കുറിപ്പുകൾ പരിചയപ്പെടാം.
കോവിഡ് മഹാമാരി വന്ന് നമ്മുടെ വിദ്യാലയങ്ങളെല്ലാം അടച്ചു പൂട്ടി കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം അവരുടേതായ കുഞ്ഞു ലോകത്തേക്ക് ജീവിതാനുഭവങ്ങൾ ചുരുങ്ങിപ്പോയപ്പോൾ .....
ഓൺലൈൻ ക്ലാസുകളും തുടർ പ്രവർത്തനങ്ങളുമൊക്കെയായി തുടരേണ്ടി വന്നപ്പോൾ ...
പകർത്തിയെഴുത്തും ചിത്രം വരയും നിറംനൽകലും മാത്രമായപ്പോൾ ..
( ഓൺലൈൻ ക്ലാസുകൾ രസകരമാക്കാൻ എല്ലാ കുട്ടികളുടേയും വീടുകളിൽ ചെലവു കുറഞ്ഞ രീതിയിൽ ബ്ലാക്ക് ബോർഡ് സെറ്റ് ചെയ്ത് ചോക്കുകൾ നൽകി, മനോഹരമായ വർക്ക് ഷീറ്റുകളും കുട്ടിക്കഥകളുടേയും പാട്ടുകളുടേയും വീഡിയോസ് തയ്യാറാക്കി നൽകി, സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ച് വായന രസകരമാക്കി, ഓൺലൈൻ ദിനാചരണ പ്രവർത്തനങ്ങൾ ഭംഗിയായി digital document ചെയ്തു, പ്രവർത്തനങ്ങളിൽ ആനന്ദം പകരാൻ ഓൺലൈൻ ട്രോഫികളും മറ്റും നൽകി, രക്ഷിതാക്കൾക്കായി പ്രത്യേക പരിപാടികൾ കണ്ടെത്തി നൽകി ...'..)
എന്നിട്ടും ....കുട്ടി സ്വതന്ത്രരചനകളിൽ ഏറെ പിന്നാക്കം പോയതായി മനസിലായപ്പോൾ .... വ്യത്യസ്തമായ ഏതു പ്രവർത്തനമാണ് അവർക്കിനി കൊടുക്കാൻ കഴിയുക എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരാശയം മനസ്സിൽ വന്നത്.
ലക്ഷ്യം
സ്വതന്ത്ര ചിന്തകൾക്കും രചനകൾക്കും സർഗാത്മക പ്രകടനങ്ങൾക്കും വ്യത്യസ്തമായ നിരവധി സന്ദർഭങ്ങളിലൂടെ ലേഖന പ്രവർത്തനങ്ങളിൽ മികവുറ്റവരാക്കാൻ പ്രാപ്തരാക്കുക
ഘട്ടങ്ങൾ
🌹 വാചികമായ അനുഭവ വിവരണങ്ങൾക്ക് അവസരം നൽകി
🌹 വ്യത്യസ്ത വാചിക പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകി
🌹വൈവിധ്യമേറിയ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവസരങ്ങൾ ഉണ്ടാകും വിധം പ്രചോദനം നൽകി
🌹 ആദ്യഘട്ടത്തിൽ അമ്മമാരുടെ സഹായത്തോടെ എഴുതിത്തുടങ്ങി ക്രമേണ സ്വന്തം വാചകങ്ങളിലും എത്തി.
വ്യത്യസ്തമായ ഡയറികൾ
രാവിലെ എണീറ്റു, പല്ലുതേച്ചു, , ചായ കുടിച്ചു, കളിച്ചു, കുളിച്ചു, കിടന്നുറങ്ങി എന്ന പതിവു ശൈലിയിൽ നിന്നും മാറി അതത് ദിവസത്തെ സന്തോഷം / സങ്കടം / പരിസര നിരീക്ഷണത്തിനിടയിൽ കണ്ട രസകരമായ കാഴ്ചകൾ / കളികൾക്കിടയിലെ തർക്കങ്ങൾ / അടുക്കളയിൽ അമ്മയുടെ പാചക രീതികൾ / കഴിച്ചഭക്ഷണം/ യാത്രകൾക്കിടയിൽ കണ്ട വേറിട്ട കാഴ്ചകൾ..... എല്ലാം ഡയറിയിലിങ്ങനെ നിറഞ്ഞുനിന്നു. ചിത്രീകരണ സാധ്യത കൂടി പരിഗണിച്ചിരുന്നതിനാൽ വരയും നിറം കൊടുക്കലും എല്ലാം ഇഷ്ടത്തോടെ ഏറ്റെടുത്തു.
ഡയറിയെഴുത്ത് ഏറ്റെടുത്തവർ
നിത്യവും നടക്കുന്ന ഓൺലൈൻ ക്ലാസ് തുടർപ്രവർത്തനങ്ങൾക്കു പുറമേ അധിക പ്രവർത്തനമായതിനാൽ ഒന്ന്, രണ്ട് ക്ലാസുകളിൽ നിന്നും സ്വയം സന്നദ്ധരായ കുട്ടികളെ ചേർത്ത് ലിറ്റിൽ സ്റ്റാർസ് എന്നൊരു ഗ്രൂപ്പ് തുടങ്ങി പ്രവർത്തനങ്ങൾ ചിട്ടയായി തുടർന്നു വന്നു. എല്ലാവരുടേയും സൗകര്യാർഥം രാത്രി 9 മണിക്കു ശേഷമാണ് രചനകൾ ഗ്രൂപ്പിലേക്കെത്തിയിരുന്നത്. അതിനു ശേഷം ഓരോ കുട്ടിയുടേയും ഡയറികൾ വായിച്ച് ഭംഗിയുള്ള സ്റ്റിക്കറുകളും പ്രോത്സാഹനങ്ങളും നൽകിക്കൊണ്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതൽ കൃത്യമായി ഒരു ദിവസം പോലും മുടങ്ങാതെ എഴുതി വന്ന കുഞ്ഞു കൂട്ടുകാരും ഈ കൂട്ടത്തിലുണ്ട്.
ഗാർഹിക പശ്ചാത്തലം
വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന കുഞ്ഞു മക്കളുടെ അനുഭവങ്ങളും ഏറെ വ്യത്യസ്തമാണല്ലോ. കൃത്യമായ നിർദേശങ്ങളോടൊപ്പം ഓരോ കുട്ടിയേയും പരിഗണിച്ചു കൊണ്ടുള്ള വോയ്സ് മെസേജുകളും നൽകി ഗ്രൂപ്പിൽ സജീവമായതും രക്ഷിതാക്കൾ ആവേശത്തോടെ പിന്തുണയുമായി കൂടെ നിൽക്കാൻ സഹായകമായി. എഴുത്തിനോടും ഗ്രൂപ്പിനോടും കൂടുതൽ അടുക്കാൻ കുട്ടികൾ വായിച്ച് അയക്കുന്ന ഓഡിയോസ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി നൽകിയിരുന്നു.ഇത് വായനയോടുള്ള താത്പര്യം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്തമായ കുറിപ്പുകൾ
ആടിനെ നോക്കാൻ പോയത്, കണ്ണിമാങ്ങകൾ പെറുക്കാൻ പോയപ്പോൾ, അങ്ങാടിയിലെ വലിയ മരക്കൊമ്പുകളിൽ മാസ്കുകൾ തൂക്കിയിട്ടത് കണ്ടപ്പോൾ, തുടങ്ങിയ പല ചിന്തകളും ഡയറിയിലെ വരികളായി. സ്വന്തമായി നട്ട മല്ലികയിൽ പൂ വിരിഞ്ഞ സന്തോഷം, അതു പങ്കിടാനായി ഡയറിയിൽ വരച്ച മല്ലികപ്പൂ ,വിദ്യാലയത്തിലെ സൂര്യകാന്തിത്തോട്ടം, വിഷുവിന് പടക്കവും പൂത്തിരിയും കിട്ടാഞ്ഞതിന്റെ വേദന ,......... അങ്ങനെ ആകർഷകമായ ചിത്രങ്ങളും എഴുത്തുമൊക്കെയായി ഡയറിയിലെ പേജുകൾ മനോഹരമായി.
ലക്ഷ്യം കൈവരിച്ചത്
സ്വന്തം നിരീക്ഷണങ്ങൾ ഏറെ രസകരമാക്കാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ട്. ചിത്രീകരണ സാധ്യതയുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തിരുന്നതിനാൽ ഓരോ കുട്ടിയുടേയും ഡയറികൾ ഏറെ ആകർഷകമായി. ഓൺലൈനിലായതിനാൽ ഗ്രൂപ്പിലെ എല്ലാ രചനകളും അമ്മമാർ വായിച്ചിരുന്നു. (ഓൺലൈനായതിനാൽ പരിമിതികളും ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ലേഖന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്കായി ഓഫ് ലൈൻ ക്ലാസുകളാരംഭിച്ചപ്പോൾ പ്രത്യേക മൊഡ്യൂൾ വെച്ച് അധിക സമയം കണ്ടെത്തി പ്രവർത്തന ങ്ങളിൽ മുഴുകിയെങ്കിലും വീണ്ടും സ്കൂൾ അടച്ചതിനാലും മറ്റും തുടരാൻ കഴിഞ്ഞിട്ടില്ലായിരുന്നു) അതിനാൽ തന്നെ ഏറെ ആവേശത്തോടെ അമ്മമാരുടെ നല്ല പിന്തുണ ലഭ്യമായി-
ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്താനും കുഞ്ഞു മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങളെ എഴുതി പ്രകടിപ്പിക്കാനും കുട്ടികൾക്കു കഴിയുന്നു.
കുട്ടികൾ എഴുതിയ കൂടുതൽ ഡയറിക്കുറിപ്പുകൾ കാണുന്നതിന്..
No comments:
Post a Comment