അധ്യാപകക്കൂട്ടം കലാമേള
മോണോ ആക്ട് - സ്ക്രിപ്റ്റ്
രംഗം :1
ഒരു ഭ്രാന്തി അവർ കവലയിൽ നിന്ന് ഉറക്കെ പിച്ചും പേയും പറയുന്നു.
" നാടാകെ പേ പിടിച്ച പട്ടികൾ.. മദ്യപിച്ച് പേപിടിച്ച മനുഷ്യർ.. ഹേ മനുഷ്യാ നിൽക്കൂ.. ഹേ മനുഷ്യാ നിൽക്കൂ.. നിന്നെ പട്ടി കടിച്ചോ ..
നിങ്ങൾക്ക് പേയുണ്ടോ..? "
(ആവർത്തിക്കുന്നു)
വഴിയാത്രക്കാരൻ: ഏതാണീ സ്ത്രീ? ഇവരെന്താ ഇങ്ങനെ പറയുന്നത്?
രണ്ടാമൻ: ഓഹ് അത് നമ്മുടെ നാണിത്തള്ളയാണ്. കള്ള് കുടിച്ച് കടം കേറി ചത്ത കോവാലൻ്റെ തള്ള.
വല്യ കഷ്ടാ അവരുടെ കഥ..
x. x. x.
(ഒരു മുത്തശ്ശി തുണികൾ കഴുകുന്നു. അവർ അവശയാണ് - ചുമയും വിമ്മിഷ്ടവും ഉണ്ട്.
അവിടേക്ക് ഒരു സ്ത്രീ കടന്ന് വരുന്നു. അവർ മുത്തശ്ശിയെ വഴക്ക് പറയുന്നു.)
അല്ല നാണിത്തള്ളേ നിങ്ങളിനിയും ഈ തുണികൾ കഴുകിക്കഴിഞ്ഞില്ലേ?
ഇനിയെപ്പഴാ മുറ്റമടിക്കുന്നത്?
അത് കഴിഞ്ഞിട്ട് വേണ്ടേ മുറികൾ തുടക്കാൻ?
അല്ല എന്താ ഉദ്ദേശം? അതെങ്ങനാ ചുമ്മാ മേലനങ്ങാണ്ടിരുന്ന് തിന്നങ്ങ് ശീലമായിപ്പോയി...
പണിയെടുത്തില്ലേൽ പറഞ്ഞ് വിടത്തേ ഒള്ള് പറഞ്ഞേക്കാം..
നാണി: അയ്യോ കുഞ്ഞേ ഇതിപ്പോ തീരും ..
തീരെ വയ്യ കുഞ്ഞേ കൊറോണ വന്ന് പോയേപ്പിന്നെ ഈ ചൊമേം വിമ്മിഷ്ടവും.. ഇടക്ക് ശ്വാസം മുട്ടലും മാറുന്നില്ല ..
(ചുമക്കുന്നു)
സ്ത്രീ: വയ്യാങ്കി വീട്ടിലിരുന്നോണം.. കാശ് ചുമ്മാ ഉണ്ടാകുന്നതല്ല..
( ദേഷ്യ ഭാവത്തിൽ അകത്തേക്ക് പോകുന്നു)
മുത്തശ്ശി : എല്ലാം എൻ്റെ വിധി... ഇനിയും എന്തെല്ലാം അനുഭവിച്ചാലാണീശ്വരാ...
അദ്ദേഹമുണ്ടായിരുന്ന കാലത്ത് എന്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്നതാ...
മോനൊരുത്തൻ ഉണ്ടായിരുന്നത് എല്ലാം നശിപ്പിച്ചു.
കള്ള് കുടിച്ചും അറിയാത്ത കച്ചവടങ്ങൾ നടത്തിയും കടത്തിന് മേൽ കടം..
ഒടുവിൽ ഒരു കുപ്പി വിഷത്തിൽ....
(ശബ്ദം ഇടറുന്നു)
അവൻ്റെ ഇളയ മകളെ മാത്രം ഈശ്വരൻ തിരികെ വിളിച്ചില്ല..
എൻ്റെ ശാലു..
ഇന്നീ വൃദ്ധ ജീവിക്കുന്നത് തന്നെ എൻ്റെ ശാലു മോൾക്ക് വേണ്ടി മാത്രമാ.. അവളെ ഒരു കരക്കെത്തിക്കും വരെ എനിക്കൊന്നും സംഭവിക്കല്ലേന്നാ പ്രാർത്ഥന..
( അകലേക്ക് നോക്കിക്കൊണ്ട് - അല്ല എൻ്റെ ശാലു മോളുടെ കരച്ചിലല്ലേ കേൾക്കുന്നത് .. അവൾക്കെന്താ പറ്റിയത്... )
ശാലു : മുത്തശ്ശീ... മുത്തശ്ശീ..
മുത്തശ്ശി :എന്താ മോളേ.. എന്താ എൻ്റെ കുഞ്ഞിന് പറ്റിയത്?
ശാലു : അവിടെ .. അവിടെ കവലേല് എന്നെ ഒരു പട്ടി കടിക്കാൻ വന്നു..
മുത്തശ്ശി : അയ്യോ... എന്നിട്ട് .. എന്നിട്ടെൻ്റെ കുഞ്ഞിനെന്തെങ്കിലും പറ്റിയോ?
ശാലു : ഞാൻ മറിഞ്ഞ് വീണ് മുത്തശ്ശി .. പട്ടി എൻ്റെ ദേഹത്ത് കേറി... അപ്പളേക്ക് കടേലെ ഗോപി മാമൻ ഓടി വന്ന് പട്ടിയെ ഓടിച്ച്..
മുത്തശ്ശി ശാലുവിൻ്റെ ദേഹമാകെ നോക്കുന്നു ..
കുഞ്ഞേ നിന്നെ പട്ടി കടിച്ചില്ലെന്നുറപ്പല്ലേ..
നാടാകെ പേപ്പട്ടികളാ..
പല്ലോ നഖമോ കൊണ്ടെങ്കിൽ ഇൻജക്ഷൻ എടുപ്പിക്കണം ...
ശാലു : അയ്യോ ഇൻജക്ഷനോ.. വേണ്ട .. വേണ്ട ..
ഇല്ല - എന്നെ പട്ടി കടിച്ചില്ല.. അതിനെക്കണ്ട് ഞാൻ പേടിച്ച് മറിഞ്ഞ് വീണതാ.. അങ്ങനെ മുറിഞ്ഞതാ.. മുത്തശ്ശീ ഇൻജക്ഷൻ വേണ്ട..
സ്ത്രീ: ഹല്ല എന്തായിത്?
മുത്തശ്ശീം മോളും കിന്നരിക്കാൻ കണ്ട നേരം?
ഇതൊന്നും ഇവിടെ നടക്കില്ല..
നാണി: കുഞ്ഞേ എൻ്റെ ശാലുമോളെ കവലയിൽ വെച്ച് ഒരു പട്ടി കടിക്കാൻ ചെന്ന്...
ഞാനിവളെ ഒന്നാശുപത്രിയിൽ കാണിച്ച് വരാം..
സ്ത്രീ: ഓഹ് അതാ ഇറച്ചിവെട്ടുന്നിടത്ത പട്ടി വല്ലോമാകും.. അവിടെ സ്ഥിരം ഒള്ളതാ..
കൊച്ചേ.. നീയതിനെ കല്ലെറിയാനോ മറ്റോ പോയോ?
ശാലു : ഇല്ല ചേച്ചീ.. ഞാനൊന്നും ചെയ്തില്ല ..
ഓടിച്ചെന്നെ മറിച്ചിട്ട്.. വീണപ്പോ എൻ്റെ ദേഹത്ത് കേറി.. കടിച്ചില്ല.. വീണാ ദേഹം മുറിഞ്ഞത്.
അതിനീ മുത്തശ്ശി എന്നെ ഇൻജക്ഷൻ എടുപ്പിക്കാൻ പോന്ന്..
സ്ത്രീ: ഹല്ലേ.. അത് നല്ല കഥ.. നിങ്ങക്ക് വയസ്സാം കാലത്ത് ഒരു പണീമില്ലേ തള്ളേ.. കൊച്ചിൻ്റെ ദേഹത്ത് ഇല്ലാത്ത വെഷമൊക്കെ കുത്തിക്കേറ്റാന്നിട്ടാ..
നിങ്ങള് വേഗം തുണി കഴുകി മുറ്റമടിക്ക് .. മോളേ ശാലൂ .. നീയകത്ത് വന്ന് ആ തറയൊന്ന് തുടക്ക്..
മുത്തശ്ശി: അയ്യോ വേണ്ട കുഞ്ഞേ - അവൾ തുടക്കണ്ട - ഞാൻ.. ഞാൻ വേഗമിത് ചെയ്ത് വരാം.. അവൾ കുഞ്ഞല്ലേ..
സ്ത്രീ: ഓഹ് ഒരു രാജകുമാരി .. ഇന്നല്ല നാളെ ആയാലും ഇവളും ഇതൊക്കെ ചെയ്യണ്ടവള് തന്നെയല്ലേ...
(അകത്തേക്ക് പോകുന്നു)
X. x x
വഴിയാത്രികൻ : എന്ത് ചെയ്യാനാ. ഇൻജക്ഷൻ പേടിച്ച് ആ മോള് പട്ടി കടിച്ചില്ല എന്ന് കള്ളം പറഞ്ഞതാ.. അതൊരു പേപ്പട്ടിയായിരുന്നു .. ഒടുവിൽ പേ പിടിച്ച് ആ കുഞ്ഞും ...
മുത്തശ്ശി: നിങ്ങളെ പട്ടി കടിച്ചോ..
നിങ്ങൾക്ക് പേയുണ്ടോ?
മദ്യപിക്കുന്നവനാണോ?
വിഷം വേണോ ?..
- രതീഷ് സംഗമം
വി.എൽ.പി.എസ്
കടമ്പനാട്
No comments:
Post a Comment