🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 16, 2023

എന്റെ ബഷീർ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായന ദിനാചരണം:വായിച്ച് വിളയാം 


എന്റെ ബഷീർ

"ഇവിടെയുള്ള മുസ്ലിങ്ങളെല്ലാം പാക്കിസ്ഥാനിലേക്ക് പൊയ്ക്കോള്ളണം എന്നൊരു നിയമം വന്നാൽ നിങ്ങൾ എന്തു ചെയ്യും?"
"സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമെന്താണ്?"
"ലോകത്തിൽ മണ്ടമാരോ ക്രൂരനാമാരോ കൂടുതൽ?"
'നേരും നുണയും' എന്ന പംക്തിയിൽ മൂന്ന് സുഹൃത്തുക്കൾ ബഷീറിനോട് ചോദിച്ച മറ്റ് ചോദ്യങ്ങൾ ഉൾപ്പടെയുള്ള ഉത്തരങ്ങളിൽ ബഷീറിനെ ഏറെക്കുറെ വായിക്കാമെന്നു  തോന്നുന്നു. നല്ലവർ ഒരു ശതമാനവും സ്ത്രീയും നിന്ന് പുരുഷന് കഷണ്ടി മാത്രമാണ് വ്യത്യാസമെന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നാൽ താൻ മുന്തിയിനം ഹിന്ദുവാകുമെന്നും ബഷീർ പറഞ്ഞു വയ്ക്കുന്നു. 'ഒരുഭഗവത്ഗീതയും കുറേമുലകളും'
എന്ന തലക്കെട്ട് ബഷീർ അല്ലാതെ മറ്റാരും നൽകുമെന്ന് തോന്നുന്നില്ല. ശബ്ദങ്ങൾ, പാവപ്പെട്ടവരുടെ വേശ്യ, വിശപ്പ് എന്നിവയിലൂടെ ജീവിതത്തിലും സാഹിത്യത്തിലും ബഷീർ എടുത്ത നിലപാടുകൾ എത്ര ശക്തമാണെന്ന് മനസിലാക്കാം.

ആനപ്പുടയാണ് ആദ്യം വായിച്ച ബഷീർ കൃതി. മുവാറ്റുപുഴയാറും , രാധാമണിയും, ആനവാൽ മോഷണവുമൊക്കെ ഇപ്പോഴും തെളിച്ചത്തോടെ മനസിലുണ്ട്. പിന്നീട്, വിശ്വവിഖ്യാതമായ മൂക്ക്, പൂവൻപഴം, ഒരു മനുഷ്യൻ, മതിലുകൾ വായിച്ചു. ആ കാലഘട്ടത്തിൽ 'ധ്വനി' എന്ന സിനിമയിൽ ബഷീർ വരുന്ന രംഗങ്ങൾ ആവർത്തിച്ചു കണ്ടിട്ടുണ്ട് . പക്ഷേ, അതിനു എത്രയോ മുൻപ് അപ്പൻ വായിച്ചു തന്നിരിക്കുന്നു. 'ജന്മദിനം' വായിക്കുമ്പോൾ അപ്പനെയാണ് ഞാൻ കാണാറുള്ളത്. അത്രമേൽ അപ്പനതിലുണ്ട്.

ഭൂമിയുടെ അവകാശികളിൽ  ഇങ്ങനെ പറയുന്നു; "ഉറമ്പിനെയും ചിതലിനെയും 
കൊല്ലണം!"
"ഹിംസ എനിക്ക് വയ്യ,"
"നമ്മെ ഉപദ്രവിക്കുന്നവരെ നമ്മളും ഉപദ്രവിക്കണം.!"
"അതു വേണ്ട, ദൈവം തമ്പുരാൻ എന്തു പറയും? സ്നേഹത്തോടെ പെരുമാറുക. എനിക്കീ പ്രപഞ്ചങ്ങളെ എല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുണ്ട്.ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളിൽ വാവലുകൾക്ക് അവകാശമുണ്ട്. ദൈവം തമ്പുരാൻ സൃഷ്ടിയുടെ ദിവ്യമുഹൂർത്തത്തിൽ കല്പ്പിച്ചു കൊടുത്ത പുരാതനപുരാതനമായ അവകാശം ഓർക്കുക: ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ." വിശ്വമാനവികതയെന്ന ആശയം ബഷീർ തന്റെ കൃതികളിലൂടെ പങ്കുവക്കുന്നു.
ബഷീർ കൃതികളിൽ സൂഫിസത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും, സ്വാതന്ത്ര്യസമരനാളുടെയും, യാത്രകളുടെയും അംശങ്ങളുണ്ട്. ബാല്യകാല സ്മരണകൾ ഇത്രയും നിറഞ്ഞു നിൽക്കുന്ന മറ്റൊരു കൃതിയും മലയാള സാഹിത്യത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ആഖ്യയും ആഖ്യാനവും മാത്രമല്ല, ഒന്നും ഒന്നും ഇമ്മിണി ബാല്യന്നൊന്നു എന്ന  നിഷ്കളങ്കമായ വലിയ കണ്ടെത്തലും ബഷീറിന്റേതായി ഉണ്ട്.

ബഷീറിന്റെ സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ 'മികച്ചതാര്, സ്ത്രീയോ പുരുഷ്യനോ?' പരാമർശിക്കാതെ പോകാനാകില്ല. പ്രേമലേഖനത്തിലെ കേശവനെ കല്യാണം കഴിക്കുന്ന സാറാമ്മ,
ബാല്യകാലസഖിയിലെ ലോകത്തിന്റെ മുഴവൻ ദുഃഖം പേറുന്ന, മജീദിനെ ചെറുപ്പത്തിൽ സധൈര്യം നേരിട്ട സുഹ്‌റ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'ൽ 
നിസാർ അഹമ്മദ് ചോര കൊടുത്തു വാങ്ങിയ കുഞ്ഞുപാത്തുമ്മയെന്ന കുഞ്ഞുകിളി, , പുരോഗമനവാദിയായ അയിഷ, അയിഷയുടെ ഉമ്മ, പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും, മതിലുകളിലെ നാരായണി പിന്നെ സൈനബ അങ്ങനെ നിരവധി നട്ടെല്ലുള്ള സ്ത്രീകഥാപാത്രങ്ങൾ.

മുച്ചീട്ട്കളിക്കാരന്റെ മകൾ,അനുരാഗരത്തിന്റെ ദിനങ്ങൾ,നീലവെളിച്ചം ,എം.പി. പോൾ,ശിങ്കിടിമുങ്കൻ,ചെയിയോർക്കുക,അന്തിമകാഹളം,പ്രേപാറ്റ,ജീവിതം ഒരനുഗ്രഹം,ധർമ്മരാജ്യം,ഓർമകളുടെ അറകൾ, മരണത്തിന്റെ നിഴൽ,തരാസ് സ്പെഷ്യൽ, ചിരിക്കുന്ന മരപ്പാവ, മാന്ത്രികപൂച്ച, അനവാരിയും പൊൻകുരിശും, ജീവിത നിഴൽപ്പാടുകൾ, മുച്ചിട്ട്കാളിക്കരരന്റെ മകൾ, മരണത്തിന്റെ നിഴലിൽ, സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന് തുടങ്ങി ബഷീറിന്റെ കൃതികൾ എന്ത്കൊണ്ട് മറ്റു ഭാഷകൾ പ്രേത്വകിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് തർജമ ചെയ്യാൻ ആകാത്തത് തന്നെ ബഷീറിയൻ സാഹിത്യത്തിന്റെ സവിശേഷതയും അതുപോലെ പോരായ്മയുമാണ്. എങ്കിലും ആർഷർ ബഷീറിനെ ലോകത്തിനു പരിചയപ്പെടുത്തിയത് വളരെ പ്രശസനീയമാണ്. ഒരുപക്ഷേ, ടാഗോർ ചെയ്തത്പോലെ സ്വയം പരിഭാഷപ്പെടുത്തിയിരുന്നെങ്കിൽ നിശ്ചയമായും ആദ്യത്തെ മലയാളി നോബൽ സമ്മാനജേതാവായേനെ ബഷീർ! മതിലുകളും, നീലവെളിച്ചവുമൊക്കെ മികച്ച രീതിയിൽ ചലച്ചിത്രമായപ്പോൾ ബാല്യകാലസഖി(2014) നിരാശപ്പെടുത്തിയെന്നത് പറയാതെ വയ്യ..!

"മരണത്തെപ്പറ്റി എനിക്കൊന്നും തോന്നീട്ടില്ല. സന്തോഷമോ ഭീതിയോ ഇല്ല. മരണമെന്നത് ഒരു ഷുവർ സംഗതിയാണല്ലോ. മരണം വരുമ്പോൾ വരട്ടെ -സ്വാഗതം."
'വൈക്കം മുഹമ്മദ് ബഷീർ മരിച്ചു', 'എന്റെ ചരമക്കുറിപ്പ്' - ഇത്രമേൽ ജീവിതത്തെ ആഘോഷിച്ചൊരു മനുഷ്യനും വേറെ കാണില്ല!
യാ ഇലാഹി...!,
എടീ, മധുരസുരഭില നിലാവെളിച്ചമേ എന്ന് ബഷീർ വിളിച്ചത് പോലെ!

ശുഭം.

വിനു എൽദോസ്
9497297145

No comments:

Post a Comment