അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.
11. തിരുവിതാംകൂർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാകുന്നു
1792 - ലെ ശ്രീരംഗപട്ടണം ഉടമ്പടി വയനാട് ഒഴികെയുള്ള മലബാർ പ്രദേശം മുഴുവനും ഇംഗ്ലീഷുകാർക്ക് കൈമാറാൻ വ്യവസ്ഥ ചെയ്യുന്നു. അങ്ങനെ മൈസൂർ യുദ്ധത്തിന്റെ അവസാനം മലബാർ ജില്ല ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിലായി. മലബാറിലെ രാജാക്കന്മാരെയെല്ലാം , അവരുമായുണ്ടാക്കിയ കരാറുകളനുസരിച്ച് , അടുത്തൂൺ കൊടുത്ത് പറഞ്ഞയച്ചു. ആദ്യം ബോംബെ പ്രസിഡൻസി യുടെയും പിന്നീട് മദ്രാസ് പ്രസിഡൻസിയുടെയും ഭാഗമായിത്തീർന്ന മലബാർ ജില്ലയുടെയും ഭരണത്തിന് വ്യവസ്ഥയുണ്ടാക്കി.
1791-ൽ നടപ്പായ ഒരു കരാറനുസരിച്ച് മൈസൂറുമായുള്ള ബന്ധം വിച്ഛേദിച്ച കൊച്ചി, ഇംഗ്ലീഷുകാർക്ക് പ്രതിവർഷം ഒരു നിശ്ചിത തുക കപ്പം കൊടുത്ത് അവരുടെ സാമന്ത രാജ്യമായിത്തീർന്നു. തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യും തമ്മിലുള്ള ഉടമ്പടി 1795-.ൽ നിലവിൽ വന്നു. അതനുസരിച്ച് തിരുവിതാംകൂർ ബ്രിട്ടീഷ് മേൽക്കോയ്മ യെ അംഗീകരിച്ചു. 1805 - ൽ ഒപ്പ് വച്ച ഒരു പുതിയ ഉടമ്പടി പ്രകാരം തിരുവിതാംകൂർ ബ്രിട്ടീഷുകാരുടെ സഖ്യകക്ഷി ആവുകയും രാജ്യത്തിന്റെ സംരക്ഷണ ചുമതല ബ്രിട്ടീഷ് കാർ ഏറ്റെടുക്കുകയും ചെയ്തു. തിരുവിതാംകൂർ പ്രതിവർഷം എട്ട് ലക്ഷം രുപ കപ്പം കൊടുക്കേണ്ടിയിരുന്നു. തിരുവിതാംകൂറിനകത്ത് ലഹളയോ കലാപമോ ഉണ്ടായാൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഈ ഉടമ്പടി ബ്രിട്ടീഷ്കാർക്ക് അധികാരം നൽകി.
അങ്ങനെ പതിനെട്ടാം ശതകത്തിന്റെ അവസാനമായപ്പോഴേക്കും കേരളം മുഴുവനും ബ്രിട്ടീഷ്കാരുടെ രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് വഴങ്ങി. മലബാർ ജില്ല ബ്രിട്ടീഷ് ഇന്ത്യ യുടേയും ഭാഗമായും തിരുവിതാംകൂറും കൊച്ചിയും അവരുടെ അധിരാജത്വം അംഗീകരിച്ചു. ഇപ്രകാരം ചരിത്രപരമായ ഒരാകസ്മി കതയിലൂടെ ഭരണവ്യവസ്ഥാ സംബന്ധിയായ മൂന്ന് വ്യത്യസ്ത മേഖലകളായി കേരളം വിഭജിക്കപ്പെട്ടതുകൊണ്ടാണ് ഓരോ മേഖലയിലെയും സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവവും അതിനോടനുബന്ധിച്ച സംഭവഗതികളും വ്യത്യസ്തമായിരുന്നത് എന്ന് നാം മനസ്സിലാക്കണം.
തയ്യാറാക്കിയത് : പ്രസന്ന കുമാരി.
No comments:
Post a Comment