അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ
12. പത്തൊൻപതാം നൂറ്റാണ്ടിലെ മാപ്പിള ലഹളകൾ.
ബ്രിട്ടീഷ് ഭരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ , ഭാഗികമായി വർഗീയവും ഭാഗികമായി ജന്മിത്തവിരുദ്ധവുമായ മാപ്പിള കലാപങ്ങളെക്കുറിച്ച് പരാമർശിക്കേണ്ടിയിരിക്കുന്നു. മലബാറിലെ മാപ്പിള മാരുടെ പ്രക്ഷുബ്ധമായ ചരിത്രം ഇന്ത്യൻ സാഹചര്യത്തിന്റെ സങ്കീർണതകളുടെ മറ്റൊരു മുഖത്തെ- ജന്മിത്തത്തോടും വിദേശ ശക്തിയോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നതിന് 'മതമൗലികത' പ്രയോജനപ്പെട്ടതിനെ-- അനാവരണം ചെയ്യുന്നു.
തെക്കൻ മലബാറിലെ ഏറനാട് താലൂക്കിൽ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന മാപ്പിള കർഷകർ വളരെ കൂടുതലുണ്ടായിരുന്നു. ഹിന്ദു മതത്തിലെ താഴ്ന്ന ജാതികളിൽ നിന്നു മതപരിവർത്തനം ചെയ്തവരാണ് അവരിൽ ഭൂരിഭാഗവും. പല തരത്തിലുള്ള അവശതകൾ അവരെ അലട്ടിക്കൊണ്ടിരുന്നു. മലബാറിലെ ഭൂവിനിയോഗത്തെ കുറിച്ച് പഠിക്കാനും കർഷകരുടെ പരാതികൾക്ക് പരിഹാരം നിർദ്ദേശിക്കാനുമുള്ള കമ്മീഷനായി 1881-ൽ നിയമിക്കപ്പെട്ട ലോഗൻ ചൂണ്ടിക്കാട്ടിയത് പോലെ, അമിത പാട്ടം, പാട്ടം പുതുക്കുമ്പോൾ ചുമത്തി യിരുന്ന അമിതമായ ഫീസ് , ദേഹണ്ഡത്തിന് ന്യായമായ നഷ്ടപരിഹാരം നൽകാതിരിക്കൽ, എന്നീ മൂന്ന് പ്രകടമായ തിന്മകളുടെ ഫലമായി കർഷകർ തീർത്തും ദരിദ്രരായിത്തീർന്നിരുന്നു.
സാമ്പത്തിക ക്ളേശവും, തങ്ങളുടെ ന്യായമായ ആവലാതി കൾ പരിഹരിക്കുന്നതിന് റവന്യൂ അധികാരികളും ജുഡീഷ്യൽ ഉദ്യോഗസ്ഥൻമാരും കാണിച്ച അനാസ്ഥ യും സഹിക്കാനാതെ വന്നപ്പോൾ ഇടക്കിടെ മാപ്പിളമാർ കലാപത്തിനൊരുങ്ങി. ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമുള്ള ഇത്തരം മാപ്പിള ലഹളകൾ 1836-53 കാലഘട്ടത്തിൽ ഉച്ചസ്ഥായിയിലായി. ഈ ലഹളകൾക്കിടയിൽ മാപ്പിള മാർ ഹിന്ദു മതത്തിലെ ഉന്നത ജാതിക്കാരുടെ വസ്തുവകകൾ ആക്രമിച്ചു. ഇക്കൂട്ടരുടെ താൽപര്യങ്ങൾ സംരക്ഷിച്ചിരുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായിരുന്നു എന്നതാണ് കാരണം.
ലഹളകൾ അടിച്ചമർത്താൻ ബ്രിട്ടീഷ് അധികാരികൾ ശക്തമായ നടപടികൾ എടുത്തു. 'ഷഹീദുകളായി' നേരിട്ട് സ്വർഗ്ഗത്തിലെത്താമെന്ന വിശ്വാസത്തിൽ മാപ്പിള മാർ പോലീസിന്റെ വെടിയുണ്ടയെ നേരിട്ടു മരണം വരിച്ചു. ഈ ഐഇലകലാപങ്ങൾ മലബാറിലെ സമാധാനത്തിനും പുരോഗതിക്കും വിഘാതം വരുത്തി. മാപ്പിള കുടിയാന്മാരുടെ ദുരിതങ്ങൾ ക്ക് ശമനമുണ്ടാകാൻ സ്ഥിരമായി കൈവശാവകാശമുള്ള കർഷകരുടെ ഒരു വിഭാഗത്തിന് നിയമസംരക്ഷണം ഉറപ്പു വരുത്തണമെന്നും ദേഹണ്ഡത്തിന് മതിയായ പ്രതിഫലം വ്യവസ്ഥ ചെയ്യണമെന്നും ലോഗൻ കമ്മീഷൻ നിർദ്ദേശിച്ചു. ലോഗന്റെ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ്1887 ലെ മലബാർ കോമ്പൻസേഷൻ ഫോർ ടെനൻ്റ്സ് ഇംപ്രൂവ്മെൻ്റസ് ആക്ട് നടപ്പാക്കിയത്.
തയ്യാറാക്കിയത്: പ്രസന്ന കുമാരി.
No comments:
Post a Comment