അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ
ആദ്യ കാല വിദേശ വിരുദ്ധ പ്രക്ഷോഭങ്ങൾ.
8. ആറ്റിങ്ങൽ ലഹളകൾ.
കേരളത്തിലെ ആദ്യകാല ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ എടുത്ത് പറയേണ്ടവയാണ് 1697ലും 1721ലും ആറ്റിങ്ങൽ, അഞ്ചുതെങ്ങ് മേഖലയിൽ നടന്ന ലഹളകൾ. വ്യാപാരാവശ്യത്തിനുള്ള ഒരു പാണ്ടികശാല സ്ഥാപിക്കുന്നതിനായി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി അഞ്ചുതെങ്ങിൽ കുറേ പ്രദേശം ആറ്റിങ്ങൽ റാണിയിൽ നിന്ന് 1684ൽ പതിച്ചു വാങ്ങി. അവർ അവിടെ ഒരു കോട്ടയും കെട്ടി. അതോടൊപ്പം ആയുധങ്ങൾ ശേഖരിച്ച് വയ്ക്കാനുള്ള ഒരു കലവറയും പണിയിച്ചു. അധികം വൈകാതെ , അഞ്ചു തെങ്ങിലുള്ള താവളം ബോംബെകഴിഞ്ഞാൽ പടിഞ്ഞാറൻ തീരത്തുള്ള ഏറ്റവും പ്രധാന പ്പെട്ട ബ്രിട്ടീഷ് കേന്ദ്രമായി വളർന്നു. ഇംഗ്ലീഷ് പാണ്ടികശാലക്കാരുടെ നിർബന്ധം മൂലം കേരളത്തിലെ ഏറ്റവും പ്രധാന പ്പെട്ട വാണിജ്യ വിളയായ കുരുമുളകിന്റെ വ്യാപാരക്കുത്തക റാണി അവർക്ക് നൽകി. അതോടെ നാടിന്റെ സമ്പദ് വ്യവസ്ഥയിൽ പിടിമുറുക്കാൻ ബ്രിട്ടീഷ്കാർക്ക് സാധിച്ചു.
കുരുമുളകിന്റെ വ്യാപാരം കുത്തകയാക്കിയ അഞ്ചു തെങ്ങിലെ ഇംഗ്ലീഷ് കാർ കർഷകരുടെ താത്പര്യത്തിന് ഹാനികരമാം വിധം വിലയിൽ ഏറ്റക്കുറച്ചിൽ വരുത്തി. കുരുമുളക് കർഷകരുടെ വരുമാനം ക്രമേണ കുറഞ്ഞു വന്നു. അതേസമയം, അവിടെ താവളമടിച്ചിട്ടുള്ള വിദേശികൾ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ട് പോകുന്നത് കണ്ട് നാട്ടുകാർ അമ്പരന്നു.
ഈ സാഹചര്യത്തിലാണ് 1697 നവംബറിൽ സ്ഥലത്തെ ജനപിന്തുണയുള്ള നേതാക്കളായ പിള്ള മാരും , മാടമ്പിമാരും നാട്ടുകാരെ സംഘടിപ്പിച്ച് അഞ്ചു തെങ്ങ് കോട്ടയ്ക്ക് നേരേ ശക്തമായൊരാക്രമണം ആരംഭിച്ചത്. ബ്രിട്ടീഷ് കാരുടെ ആയുധശക്തിയോട് പൊരുതി നിൽക്കാനാവാതെ ആക്രമണം നടത്തിയവർക്ക് പിന്തിരിയേണ്ടി വന്നെങ്കിലും അവരുടെ ബ്രിട്ടീഷ് വിരോധം തെല്ലും ശമിച്ചില്ല. സാമ്പത്തിക ചൂഷണത്തോടൊപ്പം അഹന്ത നിറഞ്ഞ പെരുമാറ്റവും വർഗ്ഗീയ വിദ്വേഷവും കൂടിയായപ്പോൾ നാട്ടുകാർക്ക് പൊറുതിമുട്ടി. കേരളത്തിൽ ബ്രിട്ടീഷ് കാർക്കെതിരായ ആദ്യത്തെ കലാപത്തിന് ഇത് വഴിതെളിച്ചു.
റാണിയെ പ്രീതിപ്പെടുത്തി കൂടുതൽ സൗജന്യങ്ങൾ നേടിയെടുക്കുന്നതിന് അഞ്ചു തെങ്ങിലെ പാണ്ടികശാലക്കാർ കൊല്ലംതോറും അവർക്ക് വിലപിടിച്ച പാരിതോഷികങ്ങൾ നൽകിപ്പോന്നു. റാണിക്കുള്ള സമ്മാനം അവർക്ക് നൽകുന്നതിന് തങ്ങളെ ഏൽപ്പിച്ചാൽ മതിയെന്ന് 1721ൽ നായർപ്രമാണിമാർ ഇംഗ്ലീഷ് കാരോട് ആവശ്യപ്പെട്ടു. ആ ആവശ്യം നിരസിച്ച പാണ്ടികശാലത്തലവൻ, ഗിഫോർഡ്, താനും ഏതാനും സഹപ്രവർത്തകരും റാണിയെ നേരിട്ട് കണ്ട് സമ്മാനങ്ങൾ നൽകുന്നതാണെന്ന് വാശി പിടിച്ചു.
വെല്ലുവിളി യെന്നവണ്ണം, ബലപരീക്ഷണത്തിന് തയ്യാറാണെന്ന മട്ടിൽ നൂറ്റിനാൽപ്പത് ഇംഗ്ലീഷ് കാരോടൊപ്പം പാണ്ടികശാലത്തലവൻ ആറ്റിങ്ങൽ റാണിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. നാട്ടുകാർ അവരെ ആക്രമിച്ചു. ഇംഗ്ലീഷ് കാരെയെല്ലാം കൊന്നൊടുക്കി.(1721 ഏപ്രിൽ 15) ആയുധധാരികളായിരുന്നെങ്കിലും, ശക്തി യായി ചെറുത്ത് നിന്നെങ്കിലും ഒരൊറ്റ ഇംഗ്ലീഷ് കാരൻപോലും അവശേഷിച്ചില്ല.
കലാപകാരികൾ പിന്നീടു കോട്ടയിലേക്ക് നീങ്ങി. ആറു മാസത്തോളം ഉപരോധം തുടർന്നു. തലശ്ശേരിയിൽ നിന്ന് കൂടുതൽ സൈന്യം എത്തിയപ്പോഴാണവർ പിന്മാറിയത്. ഇരുപത്തൊൻപത് ഇംഗ്ലീഷ് കാരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്ന പ്ളാസ്സിയുദ്ധത്തിന് മുപ്പത്താറ് വർഷം മുമ്പാണ് ആറ്റിങ്ങൽ കലാപമുണ്ടായതെന്ന വസ്തുത നാം ഓർമ്മിക്കേണ്ടതാണ്.
തയ്യാറാക്കിയത്:
പ്രസന്ന കുമാരി (Rtd teacher)
No comments:
Post a Comment