അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.
14. ഝാൻസി റാണി.
കോൺപൂരിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്, വിന്ധ്യാപർവതത്തിന്റെ അടിവാരത്തിൽ, ബുന്ദേൽഖണ്ഡ് എന്ന വിശാലമായ പ്രദേശത്തിന്റെ നടുക്കുള്ള ഒരു നാട്ടുരാജ്യമായിരുന്നു ഝാൻസി. അവിടുത്തെ രാജാവായിരുന്ന ഗംഗാധർ റാവുവിന്റെ വിധവ ആയിരുന്നു മനു എന്ന ലക്ഷ്മി ഭായ്. ഝാൻസി റാണി എന്ന പേരിലാണ് അവർ അറിയുന്നത്.
ബ്രിട്ടീഷുകാർക്കെതീരെ ഡൽഹിയിൽ കലാപം നടക്കുന്ന വേളയിൽ ഝാൻസിയിൽ അവർക്കെതിരെ പട നയിച്ചത് ഇരുപത്തൊന്ന്കാരിയായ ഈ യുവസുന്ദരി ആയിരുന്നു. ഒരുനുള്ള് വെടിമരുന്ന് പോലൂം കത്തിക്കാതെ ഇന്ത്യ യിലെ നാട്ടുരാജ്യങ്ങൾ ചുളുവിൽ പിടിച്ചടക്കാൻ തലതിരിഞ്ഞ ഒരു നീയമമുണ്ടാക്കിയിരുന്നു ബ്രിട്ടീഷ്കാർ- പിന്തുടർച്ച അവകാശ നിയമം
ഒരു നാട്ടുരാജ്യത്തീലെ ഭരണാധിപൻ മരിച്ചുകഴിഞ്ഞാൽ സ്വന്തം രക്തത്തിൽ ജനിച്ച മകനോ മകളോ അവകാശിയായി ഉണ്ടാവുന്നില്ലെങ്കീൽ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ ലയിക്കുന്ന ഒരു വ്യവസ്ഥയായിരുന്നു അത്. എന്നാൽ ഇവിടുത്തെ സമ്പ്രദായം അതായിരുന്നില്ല. മക്കളില്ലാതെ രാജ്യം അന്യാധീനപ്പെടുമെന്ന നിലവന്നാൽ ഭരണസാരഥ്യം കൈയേൽക്കാൻ പ്രാപ്തരായവരെ ദത്തെടുത്ത് വളർത്താമായിരുന്നു. ഇന്ത്യ യുടെ ഈ വ്യവസ്ഥ യ്ക്കെതിരെയാണ് ബ്രിട്ടീഷ് ഭരണം അതിന്റെ ദുഷ്ക്കരങ്ങൾ അമർത്തിപ്പിടിച്ചത്. ഈ നിയമം അനുസരിച്ച് രാജ്യാവകാശം നഷ്ടപ്പെട്ട വിധവയായിരുന്നു ലക്ഷ്മീഭായി.
യുദ്ധരംഗത്ത് അതുല്യമായ ധീരത കാട്ടിയ വീരവനിതയായിരുന്നു ലക്ഷ്മിഭായ്. പുരുഷവേഷം ധരിച്ച് കൈയിൽ വാളുമായി ശത്രു നിരകളിൽ പാഞ്ഞു കയറി അവർ ശത്രുക്കളുടെ ശിരസ്സ് കൊയ്തു. ചുറ്റും ശത്രു സൈന്യം വളഞ്ഞു നിന്നപ്പോൾ ഝാൻസിയിലെ കോട്ടയ്കുള്ളിൽ സൂക്ഷിച്ച വെടിമരുന്ന് ശാലക്ക് തീകൊളുത്തിക്കൊണ്ട് അതിൽ വെന്തു മരിക്കാനാണ് ലക്ഷ്മി ഭായിയും അനുചരന്മാരും ആദ്യം തീരുമാനമെടുത്തത്. പെട്ടെന്ന് തീരുമാനം മാറ്റി. ആകാവുന്നിടത്തോളം ശത്രുക്കളുടെ തലയരിഞ്ഞുകൊണ്ട് പടക്കളത്തിൽ വീണു മരിക്കുന്നതാണ് അഭികാമ്യം എന്ന് അവർ തീരുമാനിച്ചു. അങ്ങനെയാണ് പത്ത് പന്ത്രണ്ട് വിശ്വസ്ഥരായ അനുചരവൃന്ദവുമായി അവർ സമരരംഗത്തേക്ക് കുതിച്ചു ചെന്നത്,ഊരിപ്പിടിച്ച വാളുമായി. അവിടെ നാനാസാഹിബിന്റെ സേനാനായകൻ താന്തിയതോപെയും ബ്രിട്ടീഷ് ഭടന്മാരും മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നു. താന്തിയാ തോപെ റാണിയോട് രക്ഷപെട്ടു കൊള്ളുവാൻ നിർദ്ദേശം നൽകി. റാണി അതിന് തയ്യാറായില്ല. തോറ്റോടുന്നത് ഭീരുത്വമായി അവർക്ക് തോന്നി. അവർ ഊരിപ്പിടിച്ച വാളുമായി ശത്രുക്കളുടെ നടുവിലേക്ക് വീണ്ടും പാഞ്ഞു കയറി. പുരുഷ വേഷത്തിൽ പടക്കളത്തിലിറങ്ങിയ റാണിയെ ശത്രു വ്യൂഹത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ശത്രു വിന്റെ വെട്ടേറ്റ് നെഞ്ചും തലയും പിളർന്ന് ആ ധീര വനിത അവർക്കിടയിൽ കുതിരപ്പുറത്തുനിന്നും കുഴഞ്ഞു വീണ് വീരമൃത്യു വരിച്ചു. അപ്പോഴാണ് പുരുഷ വേഷത്തിൽ വന്നത് ലക്ഷമീഭായി ആണെന്ന് ഇംഗ്ലീഷ് സൈന്യം തിരിച്ചറിയുന്നത്.
തയ്യാറാക്കിയത്: പ്രസന്ന കുമാരി (Rtd teacher).
No comments:
Post a Comment