അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.
15. മംഗൾപാണ്ഡെ.
ബംഗാളിലെ ഒരു ചെറിയ പട്ടാള ക്യാമ്പാണ് ബാരക്പൂർ. ഈ ക്യാമ്പിലെ ശിപായിമാരിൽ ഒരാളായിരുന്നു മംഗൾപാണ്ഡെ. ഒരു ബ്രാഹ്മണ യുവാവ്. ബംഗാളിലെ ഒരു കുഗ്രാമത്തിലെ വൈദികന്റെ മകൻ.
ഇന്ത്യൻ ശിപായികളെ അവരുടെ വെള്ളക്കാരായ മേലാളന്മാർ വീളിച്ചിരുന്നത് കാപ്പിരികളെന്നോ, കറുത്ത ഇന്ത്യൻ പട്ടികളെന്നോ, പന്നികളെന്നോ ഒക്കെ ആയിരുന്നു.
ഈ അപമാനഭാരം പേറി നടുവൊടിഞ്ഞവരായിരുന്നു ഇന്ത്യൻ ശിപായിമാർ.അവർക്കിപ്പോൾ ജീവിക്കണോ മരിക്കണോ എന്ന് തീർച്ചപ്പെടുത്തേണ്ട ഒരു സന്നിഗ്ദ്ധ സന്ധി കൈവന്നിരിക്കുന്നു.
ശിപ്പായികൾക്ക് പരിശീലനത്തിനും കൊണ്ടുനടക്കാനും ഒരു പുതിയ ഇനം തോക്ക് ഇറക്കുമതി ചെയ്തിരുന്നു.എൻഫീൽഡ് തോക്ക്. അതിന്റെ വെടിത്തിര കൊഴുപ്പ് പുരട്ടിയ ഒരു കടലാസ് കൊണ്ട് ആവരണം ചെയ്തിരുന്നു. ഈ ആവരണം കടിച്ചു കീറി കളഞ്ഞിട്ടു വേണ്ടിയിരുന്നു ഉണ്ട ഉപയോഗിക്കാൻ. ഇതിൽ ഉപയോഗിച്ചിരുന്ന കൊഴുപ്പ് പന്നിയുടേയോ കാളയുടേയോ ആയിരുന്നു.
ഇത് ബഹുപൂരിപക്ഷം പട്ടാളക്കാർക്കും ദുസ്സഹമായി അനുഭവപ്പെട്ടു. തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ ഏർപ്പാടിനെതിരായി ചെറുത്തു നിൽക്കാനും പ്രതിഷേധിക്കാനും അവർ തീരുമാനിച്ചു.നാളെ തോക്കിൻ തിര തന്നാൽ അത് വാങ്ങരുതെന്ന് അവർ തീരുമാനിച്ചു.
വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു അവർക്ക് .കിട്ടുന്ന ശമ്പളം തുച്ഛം.ഒരു ചപ്രാസിക്ക് കൊടുക്കുന്ന വേതനം പോലുമില്ല.അതുമാത്രമല്ല നിശ്ചിത സംഖ്യ മുഴുവൻ കൈയിൽ കിട്ടുന്നുമില്ല. അല്പഭാഗം ശമ്പളം എണ്ണിക്കൊടുക്കുന്ന കൈകൾ തട്ടിയെടുക്കും. മേലുദ്യോഗസ്ഥൻ ആയതുകാരണം മിണ്ടാൻ പാടില്ല. പിന്നെ തിരിച്ചു കൊടുക്കില്ല. ചോദിച്ചാൽ തെറിയും ഭീഷണി യും ചിലപ്പോൾ തൊഴിയും.
ബാരക്പൂരിൽ രണ്ട് പട്ടാളക്കാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഠിന തടവിനു ശിക്ഷിച്ചു. ജമേദാർ സാലിഗ്രാംസിംഗിനെ ,തോട്ട ഉപയോഗിക്കാൻ വിസമ്മതിച്ചതിനെതുടർന്ന് പിരിച്ചു വിട്ടു. സ്വാഭാവികമായും ശിപായിമാരുടെ നിയന്ത്രണം വിട്ടു. ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന വെടിമരുന്നുകളായി മാറി ശിപായികൾ.
1857 മാർച്ച് മാസത്തെ ഒരു ഞായറാഴ്ച. പരേഡ് മൈതാനത്ത് വെള്ളക്കാരായ കുറച്ച് സൈനിക മേധാവികൾ മാത്രം. അവർ കുതിരപ്പുറത്തുനിന്ന് ഗ്യാലപ്പ് ചെയ്യുകയോ വെയിൽ കായുകയോ ചെയ്യുന്നു. നിറതോക്കുമായി പരേഡ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ട മംഗൾപാണ്ഡെ 34ആം റെജിമെന്റിലെ സാർജന്റ്ജനറൽ സായ് വിനുനേരെ നിറയൊഴിച്ചു. സായിപ്പ് മാരകമായ പരിക്കുകളോടെ കുതിരപ്പുറത്തുനിന്നും മറിഞ്ഞു വീണ് പിടഞ്ഞു തുടങ്ങി. മറ്റ് സായിപ്പന്മാർ അപ്പോഴേക്കും ഓടി യെത്തി മംഗൾപാണ്ഡയെ വളഞ്ഞു. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ, പാണ്ഡെ തോക്കിന്റെ കുഴൽ സ്വന്തം നെഞ്ചിനുനേരെ തിരിച്ചു പിടിച്ചു കൊണ്ട് കാഞ്ചി വലിച്ചു. മുറിവേറ്റ് രക്തത്തിൽ കുളിച്ചു തളർന്നു വീണ മംഗൾപാണ്ഡെ യെ ശത്രുക്കൾ ഒരു പേപ്പട്ടി യെപ്പോലെ കയറിട്ടു കെട്ടി.
കൃത്യം നടന്ന് ഒരു മാസത്തിനുശേഷം പട്ടാളക്കോടതിയിൽ മംഗൾപാണ്ഡെ വിചാരണ ചെയ്യപ്പെട്ടു.
വിപ്ളവബോധംകൊണ്ടല്ല, മദ്യപിച്ച ലഹരി കാരണമാണ് പാണ്ഡെ ഈ സാഹസത്തിനു മുതിർന്നത് എന്ന് വരുത്തിത്തീർക്കാൻ കോടതി പരമാവധി ശ്രമിച്ചു. എന്നാൽ ധീരനായ ആ ഭാരതപുത്രൻ സായിപ്പിന്റെ ആരോപണം പുച്ഛിച്ചു തള്ളി. ചെയ്തത് ബോധപൂർവ്വമാണെന്നും ജീവനോടെ വിടുകയാണെങ്കിൽ ഇനിയും സായിപ്പന്മാരെ കഴിവുള്ള ടത്തോളം കൊല ചെയ്യുമെന്നും തുറന്നടിച്ചു.
കോടതി ആ ധീര സേനാനിക്ക് വധശിക്ഷ വിധിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം, ഏപ്രിൽ എട്ടിന് പരേഡ് മൈതാനത്ത് തുക്കുമരം നാട്ടി ഇംഗ്ലീഷുകാർ മംഗൾപാണ്ഡെ യെ പരസ്യമായി തൂക്കിലേറ്റി.
തുടർന്ന് ബാരക്പൂർ പട്ടാളക്യാമ്പിലെ ശിപായികളെ നിരായുധരാക്കുകയും കമ്പനി പിരിച്ചു വിടുകയും ചെയ്തു.
തയ്യാറാക്കിയത്: പ്രസന്ന കുമാരി.(Rtd teacher GLVLPS, Muthupilakkad).
.
No comments:
Post a Comment