അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.
16. 1857ലെ ശിപായിലഹള/ ഇന്ത്യൻ ലഹള.
മംഗൾപാണ്ഡെ യുടെ ആത്മത്യാഗത്തിനുശേഷം ഒരു മാസം തികയുന്നതിന് മുൻപ് ഇന്ത്യൻ ശിപായിമാർ സമര രംഗത്തെ പൊട്ടിത്തെറിക്കുന്ന തീക്കട്ടകളായി. കൊഴുപ്പ് പുരട്ടിയ തോക്ക് നീട്ടിയ കൈകളെ അറുത്ത് മാറ്റാനുള്ള ദൃഢവ്രതവുമായി അവർ യുദ്ധഭൂമിയിൽ ഇറങ്ങി. ഒന്നു രണ്ടിടത്തല്ല, സർവ്വത്ര. മീററ്റിലും ഡൽഹിയിലും അലിഗറിലും അട്ടാവായിലും തുടങ്ങി വടക്ക് പഞ്ചാബ് മുതൽ തെക്ക് നർമ്മദ വരെയും കിഴക്ക് ബീഹാർ മുതൽ പടിഞ്ഞാറ് രജപുത്താന വരെയും കലാപഭൂമിയായി മാറി.
ബാരക്പൂർ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് കലാപം ആളിപ്പടർന്നത്. തുടക്കം ഡൽഹിയിൽ നിന്നും മുപ്പത്തഞ്ച് മൈൽ അകലെ മീററ്റിൽ. ആ വർഷം മെയ് ഒൻപതിന്, മൃഗക്കൊഴുപ്പ് പുരട്ടിയ തോക്ക് കൈകൊണ്ട് സ്പർശിക്കാൻ ശിപായിമാർ കൂട്ടാക്കിയില്ല. മേലാളന്മാരുടെ ഒരു ഭീഷണിയും വിലപ്പോയതുമില്ല. ഒടുവിൽ പത്ത് വർഷത്തെ കഠിന തടവ് ശിക്ഷയായി വിധിച്ചുകൊണ്ട് അവരെ ജയിലറകളിൽ പൂട്ടീയിട്ടു.
മറ്റുള്ള ശിപായികൾക്ക് അതൊരു താക്കീതാവട്ടെ എന്നാണ് മേലുദ്യോഗസ്ഥന്മാർ കരുതിയത്. എന്നാൽ അവർ മേലാളന്മാരെ പച്ചയായി വധിച്ചു. മീററ്റിലെ നിരവധി യൂറോപ്യന്മാരെ സകുടുംബം കൊല ചെയ്തു. അവരുടെ ബംഗ്ളാവുകൾ അഗ്നിക്കിരയാക്കി.തടവറയുടെ ചുമരുകൾ വെട്ടിപ്പൊളിച്ചുകൊണ്ട്, ശിക്ഷിക്കപ്പെട്ട തങ്ങളുടെ കൂട്ടുകാരെ മോചിപ്പിച്ചു. തുടർന്ന് ഡൽഹി ലക്ഷ്യം വച്ച് പട നീക്കം തുടങ്ങി. കമ്പനി ക്കാരുടെ നൂറ് വർഷത്തെ ദുർഭരണത്തിന്റെ ബലിമൃഗങ്ങളായി പീഢനമനുഭവിച്ചുവരുന്ന എല്ലാ വിഭാഗത്തിലും പെട്ട സിവിലിയന്മാരും പടയ്ക്ക് ചേർന്നു. ശിപായിമാരെപ്പോലെ തോക്കും വെടിയുണ്ടയുമായിരുന്നില്ല പടക്കോപ്പുകൾ.കയ്യിൽ കിട്ടിയതെന്തും അവർക്ക് ആയുധമായി. മൺവെട്ടി, കട്ടപ്പാര, കുന്തം, കോടാലി, അമ്പും വില്ലൂം കൊടുവാൾ, കത്തി. അവരിൽ സെമിന്താർമാരും, പിരിഞ്ഞു വന്ന പട്ടാളക്കാരും കൃഷിക്കാരും തൊഴിലാളികളും കുടിൽ വ്യവസായം കൊണ്ട് ഉപജീവനം
കഴിച്ചിരുന്നവരും ഈസ്റ്റിന്ത്യാ കമ്പനി യുടെ ദുർനയം മൂലം തൊഴിൽ നഷ്ടപ്പെട്ടവരും ഉണ്ടായിരുന്നു. ഇങ്ങനെ എല്ലാവരും ചേർന്ന് ഒരു മഹാ പ്രവാഹമായി ക്കഴിഞ്ഞു.
തയ്യാറാക്കിയത്: പ്രസന്ന കുമാരി.(Rtd teacher)
No comments:
Post a Comment