🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, August 7, 2023

സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ. 17. ശിപായിലഹള. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

   17.   ശിപായിലഹള.
        
     ബാരക്പൂർ സംഭവത്തെത്തുടർന്ന്  ആളിപ്പടർന്ന കലാപം, മീററ്റിൽ  പട്ടാളക്കാരുടെ ആഞ്ജാലംഘനത്തോടെ വലിയ വിപ്ളവമായി മാറി. മീററ്റിലെ പട്ടാളക്കാർ തങ്ങളുടെ ബ്രിട്ടീഷ് ഓഫീസർമാരെ കൊന്നൊടുക്കി ഡൽഹിക്ക് തിരിച്ചു. ഹിന്ദുക്കളും മുസ്ലീം മത വിശ്വാസികളുമടങ്ങുന്ന ഒരു വലിയ മനുഷ്യ നദി.ഡൽഹിയിലെ, ഭരണത്തിന്റെ പ്രതീകമായ  ചെങ്കോട്ട കീഴടക്കാനും  മുഗൾ വംശത്തിന്റെ അവസാനത്തെ ജീർണ്ണ ശിഖരം എന്ന് വിശേഷിപ്പിക്കപ്പെട്ട ബഹദൂർഷാ സഫറിനെ ഭാരത ചക്രവർത്തിയായി വാഴിക്കാനുമായിരുന്നു അവരുടെ നീക്കം.
   പിറ്റേന്ന് പുലർച്ചെ കലാപകാരികൾ ഡൽഹിയിലെത്തി. കോട്ടയ്ക്കകത്തുള്ള ഇംഗ്ലീഷുകാരെ സകുടുംബം വെടിവെച്ചു കൊന്നു. അവരുടെ പാർപ്പിടങ്ങളും ബംഗ്ലാവുകളും  ചുട്ടു ചാമ്പലാക്കി. അകത്ത് ഏതോ ഇരുട്ട് മുറിക്കുള്ളിലെ തടവറയിൽ തളർന്നു കിടക്കുകയായിരുന്ന  ബഹദൂർഷാ യെ കണ്ടു പിടിച്ചു. മാനസികമായും ശാരീരികമായും തളർന്നിരുന്ന മുഗൾ ചക്രവർത്തി യെ ചെങ്കോട്ട കീഴടക്കിയ വിവരം ധരിപ്പിച്ചു. നഗരത്തിൽ ബ്രിട്ടീഷുകാർ കൂട്ടക്കൊല ചെയ്യപ്പെട്ടിരിക്കുന്ന കാര്യവും അവർ ബഹദൂർഷാ യെ അറിയിച്ചു. ഭാരതചക്രവർത്തിയായി ഉടൻ സ്ഥാനമേറ്റെടുക്കാനും അവർ നിർദ്ദേശിച്ചു.
       ബഹദൂർഷാ ഇതുകേട്ട് നിസ്സഹനായി മിഴിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. തുടരെത്തുടരെ സമ്മർദ്ദമുണ്ടായപ്പോൾ മാത്രം പറഞ്ഞു. " ഞാൻ അശക്തൻ. എന്നെ എന്റെ പാട്ടിന് വിട്ടേക്കൂ".
  ബഹദൂർഷാ യുടെ ഈ ദൗർബല്യം കലാപകാരികളെ തളർത്തിയില്ല. അവർ അക്കാര്യം പുറത്തറിയിച്ചതുമില്ല. പകരം "ഭാരതചക്രവർത്തി ബഹദൂർഷാ സഫർ നീണാൾ വാഴട്ടെ!" എന്ന ഉജ്വല മന്ത്രവുമായി അവർ നഗരത്തിൽ വിജയഭേരി മുഴക്കി നടന്നു. ആരെയും അകത്തു കടക്കാനോ പുറത്തേക്ക് വിടാനോ അനുവദിക്കാതെ ചെങ്കോട്ടയ്ക്ക് ചുറ്റും ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അങ്ങനെ നാലുമാസക്കാലം വിപ്ളവകാരികൾ പതറാത്ത മനസ്സുമായി വീറോടെ പിടിച്ചു നിന്നു.
   പക്ഷേ പഞ്ചാബിലെ സിക്ക് കാരുടെ സഹായത്തോടെ ജോൺനിക്കൽ എന്ന പട്ടാളമേധാവിയുടെ നേതൃത്വത്തിൽ വൻ സന്നാഹവുമായി  ലാഹോർ കേന്ദ്ര ത്തിലെ ഇംഗ്ലീഷ് സൈന്യം ഡൽഹി ലക്ഷ്യം വച്ചു കൊണ്ട് പുറപ്പെട്ടു തുടങ്ങിയിരുന്നു. വിവരം മണത്തറിഞ്ഞ വിപ്ളവകാരികൾ  ബഹദൂർഷാ യെ ചെങ്കോട്ടയ്ക്കകത്തുനിന്നും രഹസ്യ മാർഗ്ഗത്തിലൂടെ ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരത്തിലേക്ക് മാറ്റി പ്പാർപ്പിച്ചു. 
      ഇംഗ്ലീഷ് പട്ടാളം ഡൽഹിയിലെത്തി ശക്തമായ പ്രത്യാക്രമണം നടത്തി. കോട്ട തിരികെ പിടിച്ചു. ഹുമയൂണിന്റെ ശവകുടീരം വളഞ്ഞ് ബഹദൂർഷാ യെ തടവിലാക്കുകയും ചെയ്തു. ഒളിച്ചു കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പുത്രന്മാരെയും ഒരു കൊച്ചു മകനെയും സൈന്യം ബന്ധനത്തിലാക്കി. ഒപ്പം പത്നി സീനത്ത് മഹലിനെയും. സ്വയം കീഴടങ്ങിയാൽ ജീവൻ രക്ഷപ്പെടുത്താമെന്ന് സൈന്യം വാക്ക് നൽകി യിരുന്നു വെങ്കിലും അവർ അത് പാലിച്ചില്ല. സൈന്യം, ബഹദൂർഷാ യെ സാക്ഷി നിർത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ മക്കളെ നിഷ്കരുണം വെടിയുണ്ടയ്ക്കിരയാക്കി. തുടർന്ന് ബഹദൂർഷായെ ചങ്ങലയിൽ ബന്ധിച്ച് ചെങ്കോട്ടയിലേക്ക് കൊണ്ടു വരികയും സൈനിക കോടതി അദ്ദേഹത്തെ കുറ്റവിചാരണ നടത്തുകയും ചെയ്തു.
   പരസ്യവിചാരണയിൽ ബഹദൂർഷാ കുറ്റക്കാരനാണെന്ന് പട്ടാളക്കോടതി കണ്ടെത്തി.
രാജാവിനും രാജ്യതാത്പര്യത്തിനും എതിരായി ഗൂഢാലോചന നടത്തി എന്നതായിരുന്നു ബഹദൂർഷായ്കെതിരെ പട്ടാളക്കൊടതി ആരോപിച്ച കുറ്റം. അതിന് നൽകേണ്ടിയിരുന്നത് വധശിക്ഷയാണെന്നും അവർ കണ്ടു. പക്ഷെ വാർദ്ധക്യം കാരണവും മനുഷ്യത്വപരമായ മറ്റു കാരണങ്ങളാലും വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റുന്നതായി കോടതി വിധിച്ചു. അനഭിമതനായ പൗരൻ എന്ന നിലയിൽ ഇന്ത്യയിൽ നിന്ന് നാട് കടത്താനും വിധിയുണ്ടായി.അങ്ങനെ മൈലുകൾക്കപ്പുറം ബ്രിട്ടന്റെ അധീനതയിലുണ്ടായിരുന്ന ബർമ്മയിലേക്ക് അവർ ബഹദൂർഷായെ നാടുകടത്തി.

   തയ്യാറാക്കിയത്: പ്രസന്ന കുമാരി( Rtd teacher)

No comments:

Post a Comment