അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.
18. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ.
കലാപ നാളുകളിൽ ബ്രിട്ടീഷുകാരെ വിറകൊള്ളിച്ച ധീര നായകനായിരുന്നു ബീഹാറുകാരനായ കൻവർസിങ്. പൈതൃക മായി ലഭിച്ച അളവറ്റ സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ആ ഭൂമിയെല്ലാം ഈസ്റ്റിന്ത്യാകമ്പനി തട്ടിയെടുത്തു. ഒരു വൻശക്തിക്കു മുന്നിൽ അമർഷം അടക്കിവച്ച് ഒതുങ്ങി കഴിയുകയല്ലാതെ തരമില്ല എന്ന രീതിയിൽ അകത്തളം മുഴുവൻ തീപ്പൊരിയുമായി നീറി കഴിയുകയായിരുന്നു അദ്ദേഹം. ആ സന്ദർഭത്തിലാണ് ബീഹാറിൽ കലാപം തുടങ്ങിയത്. ഗ്രാമീണരായ രണ്ടായിരം കർഷകരെ ചേർത്ത് അദ്ദേഹം ഒരു സമരസേനയുണ്ടാക്കുകയും വിപ്ളവരംഗത്ത് കുതിച്ചിറങ്ങുകയും ചെയ്തു. നാനാസാഹിബിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷുകാരെ കാണുന്നിടത്തുവച്ച് കൊല നടത്തിക്കൊണ്ട് കാൽപി വഴി നാനയുടെ കൂടെ ചേരാൻ അദ്ദേഹം കോൺപൂർ ലക്ഷ്യം വച്ച് നീങ്ങി. നാനയോടൊപ്പം പടക്കളത്തിൽ പൊരുതി നിന്നു. അതിനിടെ മറ്റൊരു രണഭൂമിയായിരുന്ന അലഹബാദിലെ രേവ യിലും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി.പറയത്തക്ക നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലൂം ശത്രു സേനയ്ക്ക് ആകാവുന്നത്ര നാശം വരുത്താൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയോടെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. പടയ്ക്കിടയിൽ അംഗവൈകല്യം സംഭവിച്ചും മുറിവേറ്റും തളർന്നു കഴിഞ്ഞ കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. വഴിയിൽ ഗംഗാ നദി കടക്കണം. കൻവറും സംഘവും നദീമധ്യത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോഴാണ് കരയിൽ നിന്ന് ഇംഗ്ലീഷ് പട്ടാളം വെടിവച്ചു തുടങ്ങിയത്. കൻവർസിങ്ങിന്റെ ഇടതു കൈയ്ക്ക് വെടിയേറ്റു. കൈ ഒടിഞ്ഞു തൂങ്ങി. ആ സാഹസികൻ ഒട്ടും മടിക്കാതെ അരയിൽ തിരുകിയ കഠാരയെടുത്ത് നിഷ്പ്രയോജനമായ ഭുജം വെട്ടിക്കളഞ്ഞു. ' ഗംഗാ മാതാവിന് ഇത് ഞാൻ തർപ്പണം ചെയ്യുന്നു' എന്നു പറഞ്ഞാണ് മുറിച്ചെടുത്ത അവയവഭാഗം നദിയുടെ കയത്തിലേക്ക് വീശിയെറിഞ്ഞത്.
കൻവർസിങ്ങിനെ ബീഹാറികൾ അവരുടെ നാടോടി ഗാനങ്ങളിലൂടെ അനശ്വരനാക്കി. കുഞ്ഞുങ്ങളിൽ ധീരത വളർത്താൻ ബീഹാറിലെ മുത്തശ്ശിമാർ തങ്ങളുടെ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ധീരോദാത്ത കഥകളിലും കൻവർസിങ് ഒരു ശ്രേഷ്ഠ കഥാപാത്രമാണ്.
തയ്യാറാക്കിയത്: ജി. പ്രസന്നകുമാരി (Rtd teacher)
No comments:
Post a Comment