അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.
19. ശിപായിലഹള പരാജയപ്പെടുന്നു.
1857 ലെ ശിപായിലഹളയെ തുടർന്നുണ്ടായ കലാപത്തിന്റെ പരിസമാപ്തി അത്യന്തം ദയനീയമായിരുന്നു. മാസങ്ങളോളം ഇംഗ്ലീഷുകാരുടെ ഭരണം ഒരു തലനാരിഴയിലാണ് തൂങ്ങി നിന്നതെങ്കിലും അവർ ശക്തമായ പ്രത്യാക്രമണം തുടങ്ങിയപ്പോൾ ലഹളയുടെ മുഖച്ഛായ മാറി. ദുർവ്വാശിയോടെ പെയ്തു തീർത്ത വർഷകാലമേഘം കണക്കെ അവരിവിടെ പീരങ്കിയും വെടിയുണ്ടയും വർഷിച്ചു. ഒന്നിന് പത്തല്ല, നൂറുമല്ല, ആയിരം എന്ന കണക്കിലാണ് കമ്പനി പട്ടാളം ഇന്ത്യൻ ശിരസ്സുകൾ അരിഞ്ഞു വീഴ്‌ത്തിയത്. അവർ ഇവിടെ നടത്തിയ ്് ഘോരതാണ്ഡവത്തെ നെഹ്റു, വിശ്വചരിത്രാവലോകനം എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വിവരിക്കുന്നു.
' ഡൽഹിയുടെ ഉപരോധവും അധ:പതനവും(1857 സെപ്റ്റംബർ) ലഹളയിൽ ഒരു വഴിത്തിരിവായി. മാസങ്ങൾ കൊണ്ട് ബ്രിട്ടീഷുകാർ എല്ലായിടത്തും
ലഹള അടിച്ചമർത്തി. നിരവധി ഇന്ത്യാക്കാരെ വെടിവെച്ച് കൊന്നു. വളരെപ്പേരെ പീരങ്കിയുണ്ടയ്ക്കിരയാക്കി. അനേകായിങ്ങളെ ജീവനോടെ വഴിമരക്കൊമ്പുകളിൽ കെട്ടിത്തൂക്കിയിട്ടു. തൂക്കുമരമായി മാറ്റാത്ത ഒരൊറ്റ വൃക്ഷം പോലും അക്കാലത്ത് ഗ്രാമവീഥികളിൽ ഉണ്ടായിരുന്നില്ല. ഐശ്വര്യം നിറഞ്ഞ ഗ്രാമങ്ങളെ അങ്ങനെ തന്നെ അവർ ഒതുക്കിക്കളഞ്ഞു.
കഴുകന്മാരും ശവംതീനീകളും ജന്തുക്കളും കൊത്തിപ്പറിച്ചും കടിച്ചുകീറിയും വികൃതമാക്കിയ കബന്ധങ്ങളും കഴുത്തറ്റ ജഡങ്ങളും ഗ്രാമവഴികളിൽ നിറഞ്ഞുകിടന്നു. ഒരു ഗ്രാമത്തിലെ പൊതുകിണറിൽ മാത്രം എഴുപത്തഞ്ചിൽ പരം ജീർണ്ണജഡങ്ങൾ ഇംഗ്ലീഷ് പട്ടാളം കുഴിച്ചു മൂടിയതായി ഒരു ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ഭീകരമായ കാഴ്ച സങ്കൽപ്പത്തിൽപ്പോലും മുമ്പ് ദർശിച്ചിട്ടില്ല.ഈ ദാരുണ രംഗത്തിന് ഭീകത വർദ്ധിപ്പിച്ചു കൊണ്ട് ഗ്രാമങ്ങളിൽ പട്ടിണിമരണവും പകർച്ചവ്യാധിയും നടമാടി.'
" ക്ഷണത്തിൽ ലഹള, വെറുക്കപ്പെട്ട വിദേശികൾ ക്കെതിരായുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി വളർന്നു. തങ്ങളുടെ ദാരിദ്ര്യവും പട്ടിണി യും കഷ്ടപ്പാടും ഏതോ വഴിക്ക് ബ്രിട്ടീഷ് കാരുടെ വരവുമായി ബന്ധപ്പെട്ടതാണെന്ന ഒരു ബോധവും വളർന്നു."
വിദേശ പത്രങ്ങൾ ഈ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രകീർത്തിച്ചു കൊണ്ട് ലേഖനങ്ങൾ ഏഴുതി.
തയ്യാറാക്കിയത്:
ജീ. പ്രസന്നകുമാരി (Rtd teacher)
No comments:
Post a Comment