അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.
21. സന്യാസി- ഫക്കീർ കലാപം.
ഇംഗ്ലീഷ് ഭരണം അടിച്ചേൽപ്പിച്ച ദുരിതങ്ങളിൽ രോഷം പൂണ്ട വിവിധ ജന വിഭാഗങ്ങൾ 1857 ന് മുൻപും പിൻപും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ ഒട്ടനവധി കലാപങ്ങൾ സംഘടിപ്പിച്ചിരുന്നു. കൃഷിക്കാരും ഗിരിവർഗ്ഗക്കാരുമായിരുന്നു ഈ കലാപങ്ങളിൽ മിക്കതിന്റെയും മുൻപന്തിയിൽ ഉണ്ടായിരുന്നത്.മതാചാര്യന്മാർ പോലും കലാപത്തിനു നേതൃത്വം നൽകാൻ മുന്നോട്ടു വരികയുണ്ടായി. ബംഗാളിൽ മതാചാര്യന്മാർ നേതൃത്വം നൽകിയ കലാപം സന്യാസി- ഫക്കീർ പ്രസ്ഥാനമായാണ് അറിയപ്പെടുന്നത്.
പിരിച്ചു വിട്ട കുറെ സൈനികരും ഭാരിച്ച നികുതി കൊടുക്കേണ്ടതുമൂലം ദുരിതമനുഭവിച്ച കൃഷിക്കാരും വീടും കുടിയും നഷ്ടപ്പെട്ടവരും സ്വത്ത് നഷ്ടപ്പെട്ട സെമീന്താർമാരും കലാപത്തിന് ശക്തി കൂട്ടാനുണ്ടായിരുന്നു. അവർ കയ്യിൽ കിട്ടിയതെന്തും ആയുധമാക്കി മാറ്റുകയും ബ്രിട്ടീഷുകാർക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ നികുതി പിരിവു കാരെ അവർ ആക്രമിച്ചു പിന്തിരിച്ചോടിച്ചു. ഇംഗ്ലീഷ് താവളങ്ങൾ തീവെച്ചു നശിപ്പിച്ചു. ഡാക്കയിലെ ഇംഗ്ലീഷ് ഫാക്ടറി പിടിച്ചടക്കി. മൂന്ന് ദശാബ്ദത്തോളം അവർ ശക്തമായ ഒരു പ്രസ്ഥാനമായി ഇവിടെ ബ്രിട്ടീഷ് കാരുടെ ഉറക്കം കെടുത്തി. അവർ അമ്പതിനായിരത്തിൽപരമായിരുന്നു.
1763 മുതൽ 1800 വരെ നീണ്ടു നിന്ന കലാപത്തിന്റെ നായകന്മാരിൽ ഒരാളായിരുന്നു മജ്നു ഷാ. ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പൊരുതിയ മജ്നു ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ശക്തനായ വക്താവായിരുന്നു. സന്യാസി കലാപത്തിന്റെ നേതാക്കന്മാരായ ഭവാനി പഥക്, ദേവി ചൗധുറാണി തുടങ്ങിയവരുമായി മജ്നൂ അടുത്ത് സഹകരിച്ചിരുന്നു.
ഇംഗ്ലീഷുകാരുടെ അതിക്രമങ്ങൾക്ക് തടയിടാൻ കഴിഞ്ഞില്ലെങ്കിലും പല രംഗങ്ങളിലും അവരുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ സന്യാസിമാർക്ക് കഴിഞ്ഞു. എന്നാൽ, അടിക്കടി വർദ്ധിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷുകാരുടെ ആയുധശക്തിയെ അവർക്ക് അതിജീവിക്കാൻ കഴിഞ്ഞില്ല.
തയ്യാറാക്കിയത്: ജീ. പ്രസന്നകുമാരി (Rtd teacher)
No comments:
Post a Comment