🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, August 15, 2023

22. ഇൻഡിഗോ പ്രക്ഷോഭങ്ങൾ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

22.  ഇൻഡിഗോ പ്രക്ഷോഭങ്ങൾ.
     19 ആം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ ബംഗാളിലെ അമരി കർഷകർ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങളാണ് ഇൻഡിഗോ പ്രക്ഷോഭങ്ങൾ. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ നിന്നും വാങ്ങിക്കൊണ്ടു പോയ വാണിജ്യ ചരക്കുകളിൽ ഒരു പ്രധാന ഇനം ആയിരുന്നു അമരി. വസ്ത്രങ്ങൾക്കും മറ്റും നിറം കൊടുക്കുന്നതിനുള്ള നീലച്ചായം അമരിയിൽ നിന്നും ഉല്പാദിപ്പിച്ചിരുന്നതാണ് ഈ ചരക്കിന്റെ ആവശ്യം വർധിക്കാനുള്ള കാരണം . 1780 ആയപ്പോഴേക്കും ബ്രിട്ടീഷുകാർ ബംഗാളിൽ അമരിച്ചെടി കൃഷി ആരംഭിച്ചു. ദരിദ്രരായ ബംഗാളി കർഷകരെ ചൂഷണം ചെയ്തു കൊണ്ടുള്ളതായിരുന്നു ആ അമരിച്ചടി കൃഷി. ധനികരായ ബ്രിട്ടീഷ് തോട്ടം ഉടമകൾ ദരിദ്രരായ കർഷകർക്ക് അത്യാവശ്യഘട്ടങ്ങളിൽ പണം കടമായി കൊടുത്തിരുന്നു. പകരം ബ്രിട്ടീഷുകാരന് വേണ്ടി അമരി കൃഷിയിൽ ഏർപ്പെട്ടു കൊള്ളാം എന്നായിരുന്നു കരാർ . ഈ കരാറിന്മേലാണ് ദരിദ്ര കർഷകർ ഇപ്രകാരം പണം കടം വാങ്ങിയത്. കൂടെക്കൂടെ കടം വാങ്ങിയ പണം തിരിച്ചു നൽകുവാൻ കഴിയാതെ വന്ന കർഷകർ ബ്രിട്ടീഷ് ജന്മിക്ക് വേണ്ടി സ്ഥിരമായി അമരി കൃഷി ചെയ്യുവാൻ നിർബന്ധിതരായിത്തീർന്നു. ഈ നിസ്സഹായ അവസ്ഥയെ മുതലെടുത്തുകൊണ്ട് ബ്രിട്ടീഷ് ജന്മിമാർ അമരി കർഷകരെ ചൂഷണം ചെയ്യുവാൻ തുടങ്ങി. അതിൻറെ ഫലമായി അമരി കർഷകരുടെ നില ഏറെക്കുറെ കുടിയാൻ മാർക്ക് സമാനമായി തീർന്നു. കർഷകർ കഠിനമായി അധ്വാനിച്ച് ഉത്പാദിപ്പിച്ചിരുന്ന അമരി യഥാർത്ഥ വിലയുടെ മൂന്നിലൊന്നു മാത്രം കൊടുത്ത് ബ്രിട്ടീഷ് ജന്മി വാങ്ങി. നിത്യ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കർഷകർ ജന്മിയുടെ പിടിയിൽ നിന്നും മോചനം നേടുവാൻ സാധിക്കാത്ത അവസ്ഥയിൽ ചെന്നുചേർന്നു യൂറോപ്പ്യൻ വിപണിയിൽ അമരിയുടെ വില ഇടിഞ്ഞപ്പോൾ ബംഗാളിലെ അമരി കർഷകരുടെ അവസ്ഥ കൂടുതൽ ശോചനീയമായിത്തീർന്നു. ജന്മിക്ക് വേണ്ടി ആദായം കൂടാതെ പണിയെടുക്കുവാൻ വിസമ്മതിക്കുന്ന കർഷകരെ കഠിനമായി പീഡിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ജന്മിയുടെ പീഡനത്തിന് വിധേയരായ കർഷകർക്ക് ഗവൺമെന്റിൽ നിന്നോ നീതിന്യായ സംവിധാനത്തിൽ നിന്നോ യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ല.
      ബംഗാളിലെ അമരി കർഷകരുടെ അവശതകൾ താമസിയാതെ വർത്തമാന പത്രങ്ങളുടെയും, ക്രിസ്ത്യൻ മിഷനറിമാരുടെയും ശ്രദ്ധയിൽപ്പെട്ടു. അവരുടെ ദുരിത പൂർണമായ ജീവിത കഥ ചിത്രീകരിച്ചുകൊണ്ട് ദീനബന്ധു മിത്ര രചിച്ച ഒരു നാടകം പൊതുജനമധ്യത്തിൽ നല്ല പ്രചാരം നേടി. കർഷകരോട് അനുകമ്പ കാണിക്കണമെന്ന് പൊതുജനാഭിപ്രായം രൂപം കൊണ്ടു എന്നിട്ടും കർഷകരുടെ മേലുള്ള ചൂഷണം അവസാനിപ്പിക്കുവാൻ ജന്മിമാർ തയ്യാറായില്ല. ഗത്യന്തരമില്ലാതായപ്പോൾ അമരി കർഷകർ പ്രക്ഷോഭണത്തിന്റെ പാതയിലേക്ക് തിരിഞ്ഞു.ക്രുദ്ധരായ കർഷകർ അമരി തോട്ടങ്ങൾ നശിപ്പിച്ചതിന് പുറമേ യൂറോപ്പ്യൻ ജന്മിമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അമരിച്ചായം ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറികൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. കർഷകരുടെ പിന്തുണയ്ക്കായി വർത്തമാനപ്പത്രങ്ങളും സാഹിത്യകാരന്മാരും രംഗത്ത് വന്നു. അവരുടെ അവശതകൾ വിവരിച്ചു കൊണ്ടുള്ള പത്ര റിപ്പോർട്ടുകളും മറ്റു സാഹിത്യ ശില്പങ്ങളും പ്രത്യക്ഷപ്പെട്ടു. അമരി കർഷക പ്രക്ഷോഭണത്തെ ശക്തമായി അടിച്ചമർത്തുവാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിശ്ചയിച്ചു. ബംഗാളിലെ ലെഫ്റ്റനൻ്റ് ഗവർണർ ആയിരുന്ന ഗ്രാൻഡ് പ്രക്ഷോഭകാരികളുടെ മേൽ ശിക്ഷണ നടപടികൾ കൈക്കൊണ്ടു. പ്രക്ഷോഭണം തുടങ്ങുന്നു എന്ന് കണ്ടപ്പോൾ അതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യുവാൻ ഡബ്ലിയു എസ് സെറ്റൻ കാർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അധ്യക്ഷനായുള്ള ഒരു കമ്മീഷൻ നിയോഗിക്കപ്പെട്ടു ഈ കമ്മീഷൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ത്യൻ കർഷകർക്ക് പരോക്ഷമാംവിധം ഗുണകരമായിരുന്നു .ജന്മിമാർ കർഷകരെ കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിക്കുവാൻ പാടില്ലെന്ന് ഗവൺമെൻറ് തത്വത്തിൽ അംഗീകരിച്ചു. കർഷകരുടെ അവശതകൾ പൂർണമായും പരിഹരിക്കുവാൻ സാധിച്ചില്ലെങ്കിലും ബംഗാളിലെ ബ്രിട്ടീഷുകാർക്കെതിരെ നടന്ന സംഘടിത കലാപം എന്ന മേന്മ ഇൻഡിഗോ പ്രക്ഷോഭണത്തിനുണ്ട്.

തയ്യാറാക്കിയത്: ജീ.പ്രസന്നകുമാരി. (Rtd teacher

No comments:

Post a Comment