അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.
20. തൂക്കിലേറ്റപ്പെട്ട കുടുംബം.
ഹരിയാനയിലെ ജനങ്ങൾ ഇന്നും അഭിമാനപൂർവ്വം സ്മരിക്കുന്ന ഒരു ധീര നായകനുണ്ട്-.ഹുക്കും ചന്ദ്.
ഒരു ഗ്രന്ഥകർത്താവായിരുന്നു ഹുക്കും ചന്ദ്. പേർഷ്യൻ ഭാഷയിൽ അഗാധ പാണ്ഡിത്യവും ഗണിത ശാസ്ത്ര നിപുണനുമായ ഒരു പണ്ഡിതൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സേനാവ്യൂഹം തന്നെ പടയ്ക്കിറങ്ങി. ഒരു സംഘം വിപ്ളവകാരികളുമായി അദ്ദേഹം വെള്ളക്കാരോട് പകരം ചോദിക്കാൻ ഡൽഹി ലക്ഷ്യം വച്ച് പുറപ്പെട്ടു. വഴിയിൽ ഇംഗ്ലീഷ് സൈന്യം വിപ്ളവസംഘത്തിനു നേരെ നിറയൊഴിച്ചു. ഹുക്കുംചന്ദിനെ തടവുകാരനായി പിടിക്കുകയും കഴുത്തിൽ കയറിട്ടു കുരുക്കി ഭ്രാന്തൻ പട്ടിയേപ്പോലെ വലിച്ചിഴച്ചു വരികയും ചെയ്തു. തിരികെ അയാളുടെ ഭവനത്തിലേക്കാണ് കൊണ്ടു വന്നത്. പതിവിൻപടി ഇംഗ്ലീഷ് സേന ഒരു മരം വെട്ടി മുറിച്ചുകൊണ്ടുവന്ന് ഹുക്കുംചന്ദിന്റെ വീട്ടുമുറ്റത്ത് ഒരു കൊലമരം പണിതു. ഭയന്നു വിറച്ച് അകത്തും തൊടിയിൽ പലയിടത്തും ഒളിച്ചിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബാംഗങ്ങളെ മുഴുവൻ പിടിച്ചു കൊണ്ടുവന്ന് കൊലമരത്തിനു ചുവട്ടിൽ കാഴ്ചക്കാരായി നിറുത്തി. അവരുടെ കൺമുമ്പിൽ വെച്ച് ഹുക്കുംചന്ദിന്റെ കഴുത്തിൽ കുരുക്കിട്ട് കൊലമരത്തിൽ കെട്ടിത്തൂക്കി. തങ്ങളുടെ ഗൃഹനാഥൻ കുരുക്കിനുള്ളിൽ പിടഞ്ഞു മരിക്കുന്ന കാഴ്ച അവർക്ക് കാണിച്ചു കൊടുത്തു. തുടർന്ന് അയാളുടെ ബന്ധുക്കളെ മുഴുവൻ എലികളെപ്പോലെ കെട്ടിത്തൂക്കിക്കൊന്നു. ഒരു പതിമൂന്ന് വയസ്സുകാരൻ മാത്രം പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. പട്ടാളം പിന്തുടർന്നു. മരണവെപ്രാളവുമായി ഓടിപ്പോവുന്ന കുട്ടിയെ അവർ എറിഞ്ഞു വീഴ്ത്തി. പരിക്കേറ്റതുമൂലവും ഭയം കാരണവും ഏതാണ്ട് അർദ്ധപ്രാണനായി കുഴഞ്ഞുവീണ കുട്ടിയെ ഇംഗ്ലീഷുകാർ വലിച്ചിഴച്ചുകൊണ്ടുവന്ന് ഹുക്കുംചന്ദിനെ തൂക്കിയ അതേ കയർകൊണ്ട് കഴുത്തു മുറുക്കി മറ്റൊരു മരക്കൊമ്പിൽ തൂക്കിക്കൊന്നു.
ഹുക്കുംചന്ദിനെയും കുടുംബാംഗങ്ങളെയും ആദരിക്കാൻ വേണ്ടി സ്വതന്ത്ര ഭാരതം അവരുടെ വീട്ടുമുറ്റത്ത്, കൊലമരം നാട്ടിയ അതേ സ്ഥാനത്ത് ഒരു രക്തസാക്ഷിമണ്ഡപം പടുത്തുയർത്തിയിട്ടുണ്ട്.
തയ്യാറാക്കിയത്: ജീ.പ്രസന്നകുമാരി (Rtd teacher)
No comments:
Post a Comment