അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ
32 .പത്രങ്ങളുടെ പങ്ക്.
ദേശീയതയിലേക്കുള്ള കുതിച്ചുചാട്ടത്തിന് ജനങ്ങളെ ഊർജ്ജസ്വലരാക്കുന്നതിൽ നേതാക്കളോടൊപ്പം സജീവമായി രംഗത്തു പ്രവർത്തിച്ചത് ഇവിടുത്തെ പത്രങ്ങൾ ആയിരുന്നു. 1857ലെ കലാപത്തിന് മുമ്പ് തന്നെ പല പ്രസ്ഥാനങ്ങളുടെയും ഒപ്പത്തിനൊപ്പം ഇന്ത്യയിലെ ദേശീയ പത്രങ്ങൾ അതിൻറെ കരുത്ത ജിഹ്വകളുമായി നിന്നു. കലാപത്തിന് ശേഷമാണ് അവയുടെ പ്രവർത്തനം കൂടുതൽ ശക്തമായത്.1857ൽ കലാപകാരികൾ വീറോടെ ആലപിച്ച 'ഹം ഹെ ഇസ്കെ മാലിക്' എന്നു തുടങ്ങുന്ന ഒരു പടപ്പാട്ട് ഉണ്ടായിരുന്നു. അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ, ഉയർത്താൻ സമയമായിരിക്കുന്നു എന്നും മറ്റുമുള്ള ആശയങ്ങൾ അടങ്ങുന്ന അത്യാവേശകരമായ ദേശഭക്തിഗാനം. അജി മുല്ല ഖാൻ എന്ന കവിയുടെ ഈ പടപ്പാട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത് 'പയാമേ ആസാദി' ( സ്വാതന്ത്ര്യ സന്ദേശം )എന്ന പത്രത്തിൽ ആയിരുന്നു. മിർ ബേദാർ ബഖ്ദി എന്ന ആളായിരുന്നു അതിൻറെ പത്രാധിപർ. ആ ഗാനം പ്രസിദ്ധീകരിച്ചതിനുള്ള ശിക്ഷയായി അയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ശരീരത്തിൽ പന്നിക്കൊഴുപ്പ് തേച്ചുപിടിപ്പിച്ച ശേഷം വഴിയോരത്തെ ഒരു വേപ്പ് മരത്തിൻറെ കൊമ്പിൽ തൂക്കിയിട്ടാണ് മഹാനായ ആ പത്രാധിപരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത്. അയാൾക്ക് മാത്രമല്ല ഈ ദുരന്തം നേരിട്ടത്. പത്രവായനക്കാരെയും പിടികൂടി. പത്രം വരുത്തുന്ന വീടുകളിൽ കയറിച്ചെന്ന് അവരെ തിരഞ്ഞു പിടിക്കുകയായിരുന്നു . ചില കുടുംബത്തിലെ മുഴുവൻ ആളുകളെയും (അക്ഷരജ്ഞാനം സമ്പാദിക്കാൻ പ്രായം എത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ പോലും) ഇംഗ്ലീഷ് സൈന്യം പിടിച്ചു കെട്ടി കൊണ്ടുവന്ന് തൂക്കിക്കൊന്നു. ഗാനരചയിതാവായ അജി മുല്ല ഖാൻ ബ്രിട്ടീഷുകാരുടെ കീഴിൽ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു . ഫ്രഞ്ച് ഭാഷയും ഇംഗ്ലീഷും അറിയാവുന്ന ഒരു ബുദ്ധിജീവിയും പണ്ഡിതനും ആയിരുന്ന അദ്ദേഹം നാട്ടുരാജാക്കന്മാരുടെ ചില പ്രശ്നങ്ങളുമായി ഇംഗ്ലണ്ട് സന്ദർശിച്ച ആളാണ്. ഒടുവിൽ ദേശഭക്തി മുഴുത്ത് 1857ലെ കലാപത്തിൽ പങ്കെടുക്കുകയും മരണം വരിക്കുകയും ചെയ്തു.
. ജനങ്ങളിൽ ദേശഭക്തി വളർത്തിയെടുക്കുന്നതിൽ പത്രങ്ങൾ എത്രത്തോളം മുന്നോട്ടുപോയിരുന്നു എന്നു പയാമേ ആസാദിയുടെയും രക്തസാക്ഷിയായി മാറിയ അതിൻറെ പത്രാധിപരുടെയും കഥ വ്യക്തമാക്കുന്നു.
ആ മഹത്തായ പാരമ്പര്യം അഭിമാനപൂർവ്വം പിന്തുടരാൻ ശ്രമിച്ചവയായിരുന്നു ഇവിടുത്തെ ദേശീയ പത്രങ്ങൾ. ബോംബെയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യ, ബംഗാളിലെ അമൃത ബസാർ പത്രിക, സ്റ്റേറ്റ്സ്മാൻ, അലഹബാദിലെ പയനീർ, വിന്ധ്യനു തെക്ക് മദ്രാസിലെ ഹിന്ദു, മെയിൽ എന്നിവയായിരുന്നു അക്കാലത്തെ മുഖ്യ ദേശീയ പത്രങ്ങൾ. വന്ദേമാതരത്തിന്റെ സൃഷ്ടാവും ബംഗാളിലെ പ്രഥമ ആഖ്യായികാകാരനുമാ യിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി നടത്തിയിരുന്ന 'ബംഗാ ദർശൻ 'എന്ന മാതൃഭാഷാ പത്രവും നവോത്ഥാന നായകനായ രാജാറാം മോഹൻ റോയിയുടെ 'ബംഗാൾ ഗസറ്റ്' എന്ന പത്രവും ഇക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ് .1857ലെ കലാപത്തിന് മുമ്പ് മുതൽ തന്നെ പ്രസിദ്ധീകരിച്ചു തുടങ്ങിയതായിരുന്നു ഇവയിൽ പലതും എന്നാൽ ബ്രിട്ടീഷുകാർ കാര്യമായ നിയന്ത്രണങ്ങളൊന്നും പത്രങ്ങളുടെ മേൽ ഏർപ്പെടുത്തിയിരുന്നില്ല. ഒരു കാര്യത്തിൽ മാത്രമേ നിഷ്കർഷിച്ചിരുന്നുള്ളൂ. യന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ ഉള്ള നടപടിക്രമം അനുസരിച്ച് അച്ചടിയന്ത്രം വാങ്ങുമ്പോഴും സ്ഥാപിക്കുമ്പോഴും സർക്കാരിൻറെ അനുമതി വാങ്ങണം. മറ്റു പലതിനും എന്നതുപോലെ ഇന്ത്യക്കാർക്ക് മാത്രമേ ഈ നിയമം ബാധകമായിരുന്നുള്ളൂ. ഇംഗ്ലീഷ് പ്രജകളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരായി രാജാറാം മോഹൻ റോയിയും വേറെ ചിലരും സുപ്രീംകോടതി വരെ കേസുമായി ചെന്നെങ്കിലും പരിഹാരം ഉണ്ടായില്ല. 1857ലെ കലാപത്തിനും ആസാദി സംഭവത്തിനുശേഷം ആണ് സർക്കാർ പത്രങ്ങളുടെ മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 1876ൽ പൊതുവേദിയിൽ ഗവൺമെന്റിനെ വിമർശിക്കുന്ന നാടകങ്ങൾ അവതരിപ്പിക്കുന്നത് ഗവൺമെൻറ് നിരോധിച്ചു. നാടകത്തിൻറെ കയ്യെഴുത്ത് പ്രതി പോലീസ് കമ്മീഷണർക്ക് മുമ്പിൽ പരിശോധനയ്ക്കായി സമർപ്പിച്ചുകൊള്ളണമെന്നും, പ്രദർശന അനുമതി നേടണം എന്നുമുള്ള നിയമം കൊണ്ടുവന്നു. നോർത്ത് ബ്രൂക്ക് പ്രഭു എന്ന വൈസ്രോയിയുടെ കാലത്ത് ഈ നിയമത്തിനെതിരെയാണ് വിപ്ലവാനന്തരമുള്ള പത്രങ്ങളുടെ ആദ്യ പ്രതികരണം ഉണ്ടായത്. നീല ദർപ്പൺ പോലുള്ള നാടകങ്ങൾക്ക് മൂക്കുകയറിടാൻ വേണ്ടിയായിരുന്നു ഈ നിയമം. ഇതിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് പത്രങ്ങൾ അപകടകാരികൾ ആണെന്ന ബോധം ശരിക്കും സർക്കാർതലത്തിൽ ഉണരുന്നത്. പത്രങ്ങളുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയ മറ്റൊരു നിയമവും അക്കാലത്ത് ഗവൺമെൻറ് നടപ്പാക്കിയിരുന്നു ഇംഗ്ലീഷുകാർ മേധാവികളായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ കടന്നുചെല്ലുന്ന ഏതൊരു ഇന്ത്യക്കാരനും തൻറെ തലപ്പാവ് അഴിച്ചുമാറ്റിയോ തൊപ്പിയൂരിയോ ആദരവ് കാട്ടുകയും സായിപ്പിന് മുന്നിൽ തല കുമ്പിടുകയും വേണം ഈ കാടൻ നിയമത്തിനെതിരെയും പത്രങ്ങൾ കൊടുങ്കാറ്റുയർത്തി. ചില പത്രങ്ങൾ ഉദ്ധതമായ നിർമര്യാദ എന്നു പറഞ്ഞുകൊണ്ട് നിയമത്തെ കളിയാക്കി് പത്രങ്ങളുടെ പരാമർശം വായിച്ച പ്രമാണികനായ ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ അതിനെതിരെ പ്രതികരിച്ചത് എങ്ങനെയായിരുന്നു ഇത്ര ഘോഷിക്കാൻ മാത്രം ഇതിൽ എന്താണ് അപാകതയുള്ളത് ഇന്ത്യക്കാർ അടിമകളല്ലേ? അടിമ വർഗ്ഗമല്ലേ? നാം ഇവിടെ വരും മുമ്പും ഇവർ അടിമകൾ ആയിരുന്നില്ലേ? ഇനിയും അങ്ങനെയല്ലേ? അടിമകൾ അവരുടെ യജമാനന്മാരെ ആദരിക്കുന്നത് ലോകമര്യാദകളിൽ പെട്ട ചടങ്ങല്ലേ പിന്നെ എന്തിന് വെളുത്തവരുടെ മുമ്പിൽ കറുത്തവൻ തലകുനിച്ചു നിൽക്കാൻ അറച്ചുനിൽക്കണം? 1857ലെ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ വൈരനിര്യാതന ബുദ്ധിയോടെയാണ് ഇന്ത്യക്കാരോട് പെരുമാറിയിരുന്നത് പൊതുരംഗങ്ങളിൽ നിന്നും ഇന്ത്യക്കാരെ അവർ അകറ്റിനിർത്തി അയിത്തം ഉള്ളവരായി ഇന്ത്യക്കാരെ കണക്കാക്കി. ഒരു സാമൂഹിക ചടങ്ങിലും പങ്കാളികളാക്കിയില്ല. പൊതുഭോജനശാലകളിൽ പോലും ഈ അസ്പ്രശ്യത അവർ വളർത്തി അവർ പെരുമാറുന്ന ഹോട്ടലുകളിൽ ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. തീൻ മേശകളിൽ ഒപ്പത്തിനൊപ്പം ഇരിക്കാനോ, ഭക്ഷണം കഴിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഇന്ത്യക്കാർക്ക് വേറെ ഇരിപ്പിടം ആയിരുന്നു. തീവണ്ടി മുറികളിൽ പോലും ഇന്ത്യക്കാർക്ക് വേറെയും ഇംഗ്ലീഷുകാർക്ക് വേറെയും ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യക്കാർക്കുള്ള ഇരിപ്പിടങ്ങൾ ഭൃത്യവർഗ്ഗത്തിന് എന്ന രീതിയിൽ പ്രത്യേക മുറികളിൽ ആയിരുന്നു.റോഡുകളിൽ പോലും നാട്ടുകാർക്ക് സ്വൈര്യമായ സഞ്ചാര സ്വാതന്ത്ര്യം ഇല്ലായിരുന്നു. വാഹനങ്ങളിലായാലും കുതിരപ്പുറത്തായാലും ഒരു ഇന്ത്യക്കാരൻ യാത്രാവേളയിൽ അഭിമുഖമായി ഇംഗ്ലീഷുകാരെ കണ്ടുമുട്ടുകയാണെങ്കിൽ യാത്ര നിർത്തി താഴെയിറങ്ങി സായിപ്പിനെ സലാം വെച്ചിട്ട് വേണമായിരുന്നു യാത്ര തുടരാൻ .നീതിന്യായ കോടതികളിൽ ആയാലും ഇന്ത്യക്കാർ യജമാനൻമാരായ വെളുത്തവരെ വിചാരണ ചെയ്യുന്നതും അവരെ ശിക്ഷിക്കുന്നതും അവർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുമായിരുന്നില്ല. ക്രിസ്ത്യൻ യജമാനനെ ശിക്ഷിക്കാൻ പാടുണ്ടോ എന്ന രീതിയിലായിരുന്നു അവരുടെ മാനസിക ഘടന.
ഇന്ത്യൻ ജഡ്ജിമാർക്ക് ഇംഗ്ലീഷ് ക്രിമിനലുകളെ വിചാരണ ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ നിയമത്തോടു കാട്ടുന്ന അനാദരവാണ് എന്ന അഭിപ്രായം ശക്തിപ്പെട്ടു ഈ വിവേചനത്തിനെതിരെ ഇന്ത്യക്കാർ കൽക്കത്തയിലെ സുപ്രീംകോടതിയിലും ഇംഗ്ലണ്ടിലും ആക്ഷേപമായി കയറിയിറങ്ങി .രാജാറാം മോഹൻ റോയ് മുതൽ ഇതിനുവേണ്ടി യത്നിച്ചു. ഫലമുണ്ടായില്ല
ഈ സന്ദർഭത്തിലാണ് 1880ല്‍ ഇംഗ്ലണ്ടിൽ ഭരണമാറ്റം ഉണ്ടാവുന്നത് .അതുവരെ ഭരിച്ചിരുന്ന യാഥാസ്ഥിതിക കക്ഷി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ലേബർകക്ഷി അധികാരമേറ്റെടുക്കുകയും ചെയ്തു. യാഥാസ്ഥിതിക കക്ഷിയെപ്പോലെ അത്രയും മുരടൻ ചിന്താഗതിക്കാരായിരുന്നില്ല ലേബർ പാർട്ടി. കോളനി ഭരണപ്രദേശങ്ങൗളിലെ ഭരണത്തിന്റെ കാർക്കശ്യത്തെ കുറെയെല്ലാം വിമർശിക്കുന്നവരായിരുന്നു ലേബർ കക്ഷിയും അതിൻറെ സമുന്നത നേതാവായിരുന്നു ഗ്ലാഡ്സ്ടന്‍ പ്രഭുവിന്റെ രാഷ്ട്രീയ ശിഷ്യനുമായിരുന്ന റിപ്പൺ പ്രഭു. സൗമ്യശീലനും ഉദാരമനസ്കനുമായിരുന്ന റിപ്പൺ പ്രഭു ഇന്ത്യക്കാരോട് സ്വന്തം നിലയിലും പാർട്ടിയുടെ രാഷ്ട്രീയ നയം എന്ന നിലയിലും നല്ല സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യയിൽ തദ്ദേശസ്വയംഭരണം ഏർപ്പെടുത്തിയത് അദ്ദേഹമായിരുന്നു.
ഇന്ത്യക്കാർക്ക് ഭരണപരമായ രാഷ്ട്രീയ വിദ്യാഭ്യാസ നൽകിയതും റിപ്പൺ പ്രഭുവാണ്.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജീ.
No comments:
Post a Comment