🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, September 27, 2023

കലാ രചന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ..../adhyapakakkoottam

അധ്യാപകക്കൂട്ടം കലാമേള

കലാ രചന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ....

സ്കൂൾ  കലോത്സവങ്ങളുടെ കാലമായി. കലാ സാഹിത്യ മേഖലകളിലെ  താൽപര്യവും കഴിവും അവതരിപ്പിക്കാനുള്ള അവസരങ്ങളാണിത്. കലാരചനകളുമായി ബന്ധപ്പെട്ടു നടക്കുന്ന മത്സരങ്ങളാണ് പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, കൊളാഷ് എന്നിവ.  സ്വതന്ത്രമായ ആവിഷ്ക്കാരമാണ് കലാരചനാ മത്സരങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. മത്സരാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ മികച്ചതാക്കാനുള്ള ചില നിർദ്ദേശങ്ങൾ 

കാർട്ടൂണിന് ഒരു മണിക്കൂറും മറ്റു മത്സരങ്ങൾക്ക്  രണ്ടുമാണ് മത്സര സമയം.
വിഷയാധിഷ്ഠിതമായ രചനകളാണ് ചെയ്യാനുണ്ടാവുക. സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ തുടക്കം മുതലേ ശ്രദ്ധ വേണം.  എങ്ങനെ ചിത്രീകരിക്കണമെന്ന് പേപ്പറിൻ്റെ ഒരു മൂലയിൽ ചെറുതാക്കി ഒരു കരട് വരച്ചു നോക്കുന്നത്  ഗുണകരമാവും. വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ പരമാവധി സാധ്യതകൾ ഉൾപ്പെടുത്താൻ ശ്രമിക്കണം.


*പെൻസിൽ ഡ്രോയിംഗ്* 

H.B പെൻസിൽ പ്രാഥമിക രചനയ്ക്കും 2 B മുതൽ 10 B വരെയുള്ള പെൻസിൽ,    ഷേഡിംഗിനും ആവശ്യാനുസരണം ഉപയോഗിക്കാം. നാലുഭാഗവും മാർജ്ജിൻ വരച്ചിടുന്നത് കാലോചിതമായ രീതിയല്ല. മൊത്തത്തിലുള്ള രൂപം തയ്യാറാക്കൽ, അതിൽ വിശദാംശങ്ങൾ ചെയ്യൽ, പൂർണ്ണത വരുത്തൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെ  ചിത്രം പൂർത്തിയാക്കാം. പ്രധാന കഥാപാത്രം ഏറ്റവും മുന്നിൽ വരുന്ന രീതിയിൽ  വേണം ചെയ്യാൻ. നാലിൽ കൂടുതൽ രൂപങ്ങൾ ആവശ്യമാണ്.  സ്ത്രീകൾ, കുട്ടികൾ എന്നിവരെ വിഷയാനുസൃതം ഉൾപ്പെടുത്തണം. ഭാവം, ചലനം, പ്രായം, വസ്ത്രധാരണം തുടങ്ങിയവയിൽ പ്രകടിപ്പിക്കുന്ന മികവ് ചിത്രത്തെ മികച്ചതാക്കുന്ന ഘടകമാണ്. ശരീരഘടനയുടെ അനുപാതം, സ്ഥാനമനുസരിച്ച് ജീവജാലങ്ങൾക്കും വസ്തുക്കൾക്കുമുള്ള  വലിപ്പക്രമം എന്നിവ പാലിച്ചുകൊണ്ടുള്ള രീതിയാണ് പൊതുവെ മത്സരങ്ങളിൽ അനുവർത്തിച്ചു കാണാറുള്ളത്. 
മരങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ മറ്റു പ്രകൃതി വസ്തുക്കൾ തുടങ്ങിയവ പശ്ചാത്തലത്തിൽ ഉൾപ്പെടുത്താനുള്ള സാധ്യത വിഷയാനുസൃതം ഉൾപ്പെടുത്തണം ദൂരക്കൂടുതൽ തോന്നിക്കുന്ന രചന  അഭികാമ്യമാണ്. അകലെയുള്ള വസ്തുക്കൾ വ്യക്തതയാടെ   ചിത്രീകരിക്കേണ്ടതില്ല. തന്നിട്ടുള്ള ആശയം ചിത്രത്തിൽ പ്രകടമാണ് എന്നത് ഉറപ്പു വരുത്തണം.

രൂപങ്ങളുടെയും പശ്ചാത്തലത്തിൻ്റെയും ഒരു ഏകദേശ രൂപം വരച്ചശേഷം  ഓരോന്നിൻ്റെയും വിശദാംശങ്ങളിലേക്ക് കടക്കുന്നതാണ് നല്ലത്. മനുഷ്യനുൾപ്പെടെയുള്ള  ജീവികളെ മുറിച്ചു വരക്കുന്നത് ഭംഗിയല്ല. അതായത് രൂപങ്ങൾ മുഴുവനായി വരച്ചില്ലെങ്കിലും വരച്ചാൽ വരുന്ന വലുപ്പം ഉൾക്കൊള്ളാൻ പേപ്പറിൽ സ്ഥലം വേണം.
നിഴലും വെളിച്ചവും ഫലപ്രദമായി പ്രയോഗിച്ചാലേ ചിത്രത്തിന് ത്രിമാനത്വം കൈവരൂ. വ്യത്യസ്ത രീതിയിലുള്ള വരകൾ അതിനായി ഉപയോഗിക്കാം. (ലയിപ്പിച്ചു ചെയ്യുന്ന രീതി നിലവിലില്ല) വരകളിലെ ശൈലിയാണ് ചിത്രത്തെ വേറിട്ട താക്കുന്നത്. കനമുള്ള പേപ്പറല്ല ലഭ്യമാവുന്നതെങ്കിൽ അടിയിൽ വെക്കാൻ എക്സറെ പേപ്പറോ, 2H പേപ്പറോ  ആവശ്യമാണ്.
 

 *ജലച്ചായം* 

പെൻസിൽ ഡ്രോയിംഗിൻ്റെ പല കാര്യങ്ങളും ഇതിനും ബാധകമാണ്.  സ്കെച്ചിംഗിന് കുറഞ്ഞ സമയം മാത്രമേ വിനിയോഗിക്കാവൂ. വിശദമായ സ്കെച്ചിംഗ് ആവശ്യമില്ല.  അമർത്തി വരക്കുന്നത് മായിച്ചുകളയുമ്പോഴുള്ള പാടുകൾ  പേപ്പറിന് ക്ഷതമുണ്ടാക്കും. നിറങ്ങൾ മുൻകൂട്ടി എടുത്തു വെക്കാം. ഡ്രോയിംഗ് ബോർഡ് ഉപയോഗിച്ച്  ചെയ്യുന്നത് നല്ലതാണ്. പേപ്പറിൻ്റെ പരുപരുത്ത ഭാഗത്താണ് ചെയ്യേണ്ടത്. കൂടുതൽ ലയിപ്പിക്കാതെ പാളികളായി (Tone) ചെയ്യുന്ന രീതിയാണ് അഭികാമ്യം. മൂന്ന് നാലു ടോണുകളിലൂടെ ചിത്രം തീർക്കാം.  ചിത്രീകരണത്തിൽ   വെളിച്ചത്തിനും നിഴലിനും ഏറെ പ്രാധാന്യമുണ്ട്.
പശ്ചാത്തലം ചെയ്യാൻ പരന്ന ബ്രഷുകൾ ഉപയോഗിക്കുന്നത് നന്ന്. വെള്ളം തട്ടിമറയാതെ സൂക്ഷിക്കണം. തേപ്പുകളുടെ വ്യത്യസ്ത രീതി, നിറ വിന്യാസം, സുതാര്യത നിലനിർത്തൽ തുടങ്ങിയവ ചിത്രത്തിൻ്റെ ആകർഷണമാണ്. ദൂരെയുള്ളവ ഒറ്റ ടോണിൽ തന്നെ തീർക്കാം.
ആർട്ടിസ്റ്റ് നിറങ്ങൾ ഉപയോഗിക്കുന്നതാണ് ഗുണകരം. പാലറ്റുകളോ  വെള്ള നിറത്തിലുള്ള പരന്ന പ്രതലമോ നിറമിശ്രണത്തിന് ആവശ്യമാണ്.
പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളിൽ  പേപ്പറിൻ്റെ വെള്ള ഭാഗം ഒഴിച്ചിടുന്ന രീതിയാണ് പൊതുവെ അവലംബിക്കാറുള്ളത്. ബ്രഷോ പേനയോ ഉപയോഗിച്ച് രൂപങ്ങൾക്കു ചുറ്റും  വരയിടുന്നത് ജലച്ചായ ചിത്രത്തിൻ്റെ നിലവാരമില്ലാതാക്കും. പൂർത്തിയായ ചിത്രത്തിൽ പെൻസിൽ സ്കെച്ച് കാണരുത്.

*കാർട്ടൂൺ* 

ഒരു വിഷയത്തിൻ്റെ ഹാസ്യാത്മകമായ ചിത്രീകരണമാണ് കാർട്ടൂൺ. ചിത്രകലയുടെ സാങ്കേതികത്വം ഇതിന് ബാധകമല്ല. ആശയത്തിലെ നർമ്മത്തിനാണ് പ്രാധാന്യം. കുറഞ്ഞ വരകളിലൂടെ അത് പ്രകടിപ്പിക്കാം. സമകാലിന സംഭവങ്ങൾ, , സാമൂഹ്യ പ്രശ്നങ്ങൾ, വിവാദങ്ങൾ തുടങ്ങിയവയെ ആസ്പദമാക്കിയാണ് വിഷയങ്ങൾ നൽകാറുള്ളത്. പെൻസിൽ കൊണ്ടു വരച്ച ശേഷമോ അല്ലാതെയോ പേനയോ ബ്രഷോ ഉപയോഗിച്ചു ചെയ്യാം. മത്സരത്തിന് . ഒന്നിലധികം കാർട്ടൂണുകൾ വരക്കാവുന്നതാണ്.  രാഷ്ടീയ - സാംസ്ക്കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വരയാവാം. ആക്ഷേപഹാസ്യവും ഇതിൻ്റെ ഭാഗമാണ്. പ്രമുഖരുടെ കാർട്ടൂൺ രൂപങ്ങൾ പരിശീലിക്കുന്നത് ഗുണകരമാവും. ആശയം ഫലപ്രദമായി ബോധ്യപ്പെടുത്താനാവണം. രേഖകളുടെ ഒഴുക്ക്, അനയാസത എന്നിവ പ്രകടിപ്പിക്കുന്നത്  കാഴ്ച ഭംഗിയുണ്ടാക്കും

*ഓയിൽ പെയിൻ്റിംഗ്* 
,
ജലച്ചായത്തിൽ അനുവർത്തിക്കേണ്ട ചിലതെല്ലാം എണ്ണച്ചായത്തിലും പാലിക്കണം.
ബ്രഷ്, പെയിൻ്റിംഗ് നൈഫ് എന്നിവ ഉപയോഗിച്ച് ഇത് ചെയ്യാം.  ഇളം മഞ്ഞനിറമുള്ള ഭാഗത്താണ് വരക്കേണ്ടത്. പേപ്പറിൻ്റെ മുഴുവൻ ഭാഗത്തും പെയിൻ്റ് ചെയ്തു പൂർത്തിയാക്കേണ്ടതുണ്ട്. അതിന് പരന്ന ബ്രഷുകൾ ഉപയോഗിക്കാം. കഴുകിയെടുക്കുന്നതിൽ സമയനഷ്ടം വരുമെന്നതു കൊണ്ട് ഒരേ വലുപ്പത്തിലുള്ള പല ബ്രഷുകൾ ഉപയോഗിക്കുന്നതാണ് സൗകര്യം.
തുടയ്ക്കാൻ തുണി കരുതണം. വെള്ള നിറം വരുന്ന ഭാഗങ്ങൾ  ജലച്ചായത്തിൽ ചെയ്യുമ്പോൾ  പേപ്പറിൽ ആ ഭാഗം  ഒഴിവാക്കിയാണ് ചെയ്യാറുള്ളതെങ്കിൽ അതാര്യ നിറമായ എണ്ണച്ചായത്തിൽ വെള്ള നിറം തന്നെയാണ് ഉപയോഗിക്കുന്നത്.


 *കൊളാഷ്*
 
പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ചിത്ര നിർമ്മിതിയാണ് കൊളാഷ്. സ്കൂൾ മേളകളിൽ പേപ്പർ കൊളാഷാണ് സാധാരണ കണ്ടു വരുന്നത്. വിഷയം മൂർത്തമോ അമൂർത്തമോ ആവാം.  നിറമുള്ള  കടലാസ്സുകൾ വിഷയാനുസൃതമായി മുറിച്ച് ഒട്ടിച്ചാണ് പേപ്പർ കൊളാഷ് തയ്യാറാക്കുന്നത്. ചിത്രം വരച്ചതിനു ശേഷം പേപ്പറുകൾ കൈ കൊണ്ട് കീറിയും കത്രിക കൊണ്ട് മുറിച്ചും ഇത് ചെയ്യാം. പത്രമാസികകളിലെ കളർ പേജുകൾ ആവശ്യത്തിന്  കരുതണം. ബ്രഷ് ഉപയോഗിച്ച് പശ തേക്കാം. ചിത്രത്തിൻ്റെ പശ്ചാത്തലവും ഭംഗിയാക്കിയാലേ പൂർണ്ണതയുണ്ടാവൂ. നിഴലും വെളിച്ചവും പ്രകടിപ്പിക്കുന്നത് ആകർഷണീയത കൂട്ടും. നിറമുള്ള കടലാസുകൾ ചേർത്ത് ഉണ്ടാക്കുകയല്ലാതെ ചിത്രങ്ങൾ അതേപടി വെട്ടിയൊട്ടിക്കേണ്ടതില്ല.  കടലാസ്സുകൾ ചേർത്തുള്ള ചിത്ര നിർമ്മിതിയാണിതെന്നു മനസിലാവാതെ വിഷയവുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള പത്രവാർത്തകൾ മാത്രം ഒട്ടിച്ചിടുന്നതാണ്   കൊളാഷ് എന്നു കരുതുന്ന ചിലരെങ്കിലുമുണ്ട്.

തയ്യാറാക്കിയത് : സുരേഷ് കാട്ടിലങ്ങാടി

No comments:

Post a Comment