🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, September 14, 2023

സാമൂഹിക സാംസ്കാരിക നവോത്ഥാനം. ശ്രീനാരായണഗുരു. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

30. സാമൂഹിക സാംസ്കാരിക നവോത്ഥാനം.
   ശ്രീനാരായണഗുരു.
              കേരളത്തിൽ നവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കിയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. ജാതിവ്യവസ്ഥയും അതിൻറെ കൂടപ്പിറപ്പായ അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം ജീർണിച്ച സമൂഹത്തെ നവീകരിക്കാൻ ധീരമായ നേതൃത്വം നൽകിയത് ശ്രീനാരായണ ഗുരുവാണ്.
    തിരുവനന്തപുരത്തുനിന്ന് 15 കിലോമീറ്റർ വടക്കുള്ള ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരം എന്ന കർഷക കുടുംബത്തിൽ 1855 ആഗസ്റ്റിൽ ചതയ ദിനത്തിലാണ് നാണു ജനിച്ചത്. അച്ഛൻ മാടൻ ആശാൻ , അമ്മ, കുട്ടിയമ്മ.  നാട്ടാചാരപ്രകാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം സംസ്കൃതവും അദ്ദേഹം പഠിച്ചു. ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് ജനങ്ങളുടെ ജീവിത സാഹചര്യവും സാമൂഹ്യ തിന്മകളും നേരിട്ടു മനസ്സിലാക്കിയ നാണു, മന:ശാന്തിക്കായി മരുത്വാമലയിൽ ഏറെനാൾ  കഴിഞ്ഞുകൂടി. തുടർന്നാണ് സാമൂഹിക മാറ്റത്തിനുള്ള ആഹ്വാനവുമായി അദ്ദേഹം ജനമധ്യത്തിലേക്ക് ഇറങ്ങിയത്. 1888 ൽ അരുവിപ്പുറം ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു തുടക്കം.  ബ്രാഹ്മണ പൗരോഹിത്യത്തിനെതിരായ വെല്ലുവിളിയായിരുന്നു അത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ  സർവ്വരും സഹോദരന്മാരെ പോലെ കഴിയുന്ന മാതൃസ്ഥാപനമായാണ് താൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തെ ശ്രീനാരായണഗുരു വിശേഷിപ്പിച്ചത്. ആത്മീയ ഉന്നതിക്ക് ക്ഷേത്രങ്ങൾ ആവശ്യമാണെന്ന അടിസ്ഥാനത്തിൽ കേരളത്തിൻറെ പല ഭാഗങ്ങളിലായി നിരവധി ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. പല ക്ഷേത്രങ്ങളിലും കണ്ണാടിയും വിളക്കുമായിരുന്നു അദ്ദേഹം പ്രതിഷ്ഠിച്ചത്. സാമൂഹിക പുരോഗതിക്ക് അനിവാര്യമായത് വിദ്യാഭ്യാസമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീനാരായണഗുരു, ഒരവസരത്തിൽ "ഇനി ക്ഷേത്രങ്ങൾ അധികം വേണമെന്നില്ല വിദ്യാലയങ്ങളാണ് വേണ്ടത്" എന്ന് പറയുകയുണ്ടായി.
     പിന്നോക്ക സമുദായങ്ങൾ സ്വയം സംഘടിച്ച് ശക്തരാവണം എന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. ആ ആശയം പ്രായോഗികമാക്കാൻ ശ്രീനാരായണഗുരു മുൻകൈയെടുത്തു രൂപം നൽകിയ സംഘടനയാണ് ശ്രീനാരായണ ധർമ്മപരിപാലന സംഘം.( എസ്. എൻ. ഡി. പി.) മഹാകവി കുമാരനാശാൻ, ഡോ. പൽപ്പു, സഹോദരൻ അയ്യപ്പൻ,  ടി. കെ. മാധവൻ തുടങ്ങി സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായ നേതൃത്വം  നൽകിയവരെയെല്ലാം കർമ്മരംഗത്തിറക്കിയത് ശ്രീനാരായണഗുരുവായിരുന്നു. മഹാത്മാഗാന്ധിയും മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു.
   ശ്രീനാരായണഗുരുവിനെ സന്ദർശിച്ച ശേഷം ടാഗോർ ഇപ്രകാരം രേഖപ്പെടുത്തി. "ശ്രീനാരായണ ഗുരുവിനു തുല്യനായ ഒരു മഹാത്മാവിനെ കണ്ടുമുട്ടാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അനന്തതയിലേക്കു  നീട്ടിയ ആ  യോഗ നയനങ്ങളും, ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും എനിക്ക് ഒരിക്കലും മറക്കാൻ ആവില്ല' .
   സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തണമെന്നു വാദിച്ച ശ്രീനാരായണഗുരു, സ്ത്രീവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയിരുന്നു. സ്ത്രീധനം പോലുള്ള അനാചാരങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു.
   മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ശ്രീനാരായണഗുരു നിരവധി ഗ്രന്ഥങ്ങളും രചിച്ചു .
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്നും "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നും ഉദ്ഘോഷിച്ച ശ്രീനാരായണഗുരു വിശ്വമാനവികതയുടെ ഏറ്റവും ശ്രേഷ്ഠനായ വക്താവായിരുന്നു. ഇന്ത്യയിൽ ആദ്യമായി സർവ്വമത സമ്മേളനം വിളിച്ചുകൂട്ടിയത് ശ്രീനാരായണഗുരുവാണ്. വ്യാവസായിക പുരോഗതിയിലൂടെയേ സമുദായ പുരോഗതി നേടാനാവൂ എന്ന അഭിപ്രായക്കാരനായിരുന്നഅദ്ദേഹം ഒരിക്കൽ പറഞ്ഞു , "വിദ്യാഭ്യാസം കഴിഞ്ഞാൽ സമുദായ അഭിവൃദ്ധിക്ക് അത്യാവശ്യമായിട്ടുള്ളത് വ്യവസായമാണ്. കമ്പനികൾ ഏർപ്പെടുത്തി പലമാതിരി യന്ത്രങ്ങൾ വരുത്തി  സധൈര്യം പ്രവർത്തിക്കണം. കുട്ടികളെ വ്യവസായ ശാലകളിൽ അയച്ചു പഠിപ്പിക്കുകയും വേണം".
   1928 ൽ ശിവഗിരിയിൽ വച്ചു ശ്രീനാരായണഗുരു കഥാവശേഷനായി.
  തയ്യാറാക്കിയത്:
      പ്രസന്നകുമാരി.ജീ.

No comments:

Post a Comment