അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
34. മിതവാദികളും തീവ്രവാദികളും.
ദേശീയ പ്രസ്ഥാനത്തിൻ്റെ ആരംഭഘട്ടം മുതൽക്കുതന്നെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ ആധുനിക പൗരാവകാശങ്ങളെ പറ്റി തികച്ചും ബോധവാന്മാരായിരുന്നു. മൗലികാവകാശങ്ങൾ അവരുടെ ധർമ്മ ബോധത്തിന് പ്രബലമായ അടിത്തറ പാവുകയും ചെയ്തിരുന്നു .പ്രസംഗം, എഴുത്ത്, ചിന്ത, സംഘടന എന്നിവയുടെ കാര്യത്തിലുള്ള മൗലിക സ്വാതന്ത്ര്യം -- അതാണ് ആധുനിക പൗരാവകാശങ്ങൾ. ഈ മൗലിക സ്വാതന്ത്ര്യത്തിന്റെ ഏതെങ്കിലും വശത്ത് ഗവൺമെൻറ് മെല്ലെയൊന്ന് കത്തിവെക്കാൻ തുടങ്ങുമ്പോഴേക്കും നാടാകെ ഉണരുകയായി. പ്രതിഷേധം ഉയരുകയായി. 1878-ൽ ഇന്ത്യൻ ഭാഷാപത്രങ്ങളുടെ വായ മൂടി കെട്ടാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കിയ നാട്ടുഭാഷാ പ്രസ് ആക്ട് നാട്ടുകാരുടെ സംഘടിതമായ എതിർപ്പിന് വിധേയമായി. ഒടുക്കം ഗതികെട്ട് ആക്ട് പിൻവലിക്കേണ്ടി വന്നു. ഇതുപോലെതന്നെ ഔദ്യോഗിക രഹസ്യ സംരക്ഷണത്തിന്റെ മൂടുപടവും ചാർത്തിക്കൊണ്ട് പത്ര സ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കാൻ ഒരുമ്പെട്ട ഔദ്യോഗിക സംരംഭങ്ങളും നാട്ടുകാരുടെ സംഘടിതമായ എതിർപ്പിന് ഇരയായി.
ഔദ്യോഗിക രഹസ്യ സംരക്ഷണനിയമത്തിന് ഇരയായവരിൽ പ്രഥമഗണനീയനാണ് ബാലഗംഗാധര തിലകൻ. കോൺഗ്രസിന്റെ നാലാം സമ്മേളനം മുതൽക്ക് തന്നെ ഉയർന്നു കേട്ടുതുടങ്ങിയിരുന്ന തിലകന്റെ തീവ്രവാദസ്വരം ബ്രിട്ടീഷുകാർക്ക് ഒട്ടുംതന്നെ ഹിതമായിരുന്നില്ല. 1897ൽ ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെൻ്റിന് എതിരായി ദുഷ്പ്രചരണം നടത്തുന്നു എന്ന കുറ്റം ചുമത്തി തിലകനെ അറസ്റ്റ് ചെയ്തു. അതോടൊപ്പം നിരവധി രാഷ്ട്രീയ നേതാക്കന്മാരും, ദേശഭക്തരായ പത്രാധിപന്മാരും ഇരുമ്പഴിക്കകത്തായി. ഗീതാ രഹസ്യത്തിലൂടെ ഭാരതത്തിൻറെ ആധ്യാത്മിക വീക്ഷണത്തിന് പ്രായോഗികമായ ഭാവം നൽകിയ തിലകൻ, അനീതിയെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ കൂട്ടാക്കാത്ത ഒരു ധീര സേനാനിയായിരുന്നു. നയതന്ത്രപരമായ സമീപനത്തെക്കാൾ പ്രത്യക്ഷമായ ആക്രമണത്തിലാണ് അദ്ദേഹം ആത്മാവിഷ്കാരത്തിനുള്ള വഴി കണ്ടെത്തിയത്.
കോൺഗ്രസ് ഉരുത്തിരിഞ്ഞു വരുമ്പോഴേക്കും മഹാരാഷ്ട്രയിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരുജ്ജ്വല തേജോ ഗോളമായി വിളങ്ങിയ തിലകന് രാജ്യദ്രോഹത്തിന്റെ പേരിൽ 18 മാസത്തെ കഠിനതടവാണ് വിധിക്കപ്പെട്ടത്.
ഗവൺമെന്റിന്റെ നയ വൈകല്യങ്ങളെ വിമർശിക്കുക എന്ന അടിസ്ഥാനപരമായ പത്രധർമ്മത്തിൽ നിന്ന് വ്യതിചലിച്ച് യാതൊന്നും ആ മഹാനായ ദേശസ്നേഹി ചെയ്തിരുന്നില്ല .
പ്രസംഗ സ്വാതന്ത്ര്യത്തിനും , പത്ര സ്വാതന്ത്ര്യത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി ഭാരതത്തിലെ ബുദ്ധിജീവികൾ സംഘടിച്ചു. രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങി. ഈ കോലാഹലങ്ങൾക്കിടയിൽ ഏറ്റവും അധികം ജനപ്രീതി അർഹിച്ച ബഹുജന പ്രിയനായ നേതാവായി ഉയർന്നു തിലകൻ. ജനങ്ങൾ അദ്ദേഹത്തിന് 'ലോകമാന്യൻ 'എന്ന ബിരുദം നൽകി .
ഇതേ ഘട്ടത്തിൽ തന്നെ മിതവാദിയും ശാന്തശീലനും ആയ ഗോപാലകൃഷ്ണ ഗോഖലെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നു .1889 ലാണ് തിലകനും ഗോഖലെയും ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തത്.
അഗ്നിനാളം പോലെ തിളക്കം പൂണ്ട് നിന്ന തിലകൻ ജനിച്ചത് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരു അധ്യാപകന്റെ മകനായി 1856 ൽ ആണ്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബം ആയിരുന്നു അദ്ദേഹത്തിൻറെ. ആ നിലയിൽ അന്നത്തെ ആചാരമനുസരിച്ച് തിലകൻ ബാല്യം വിടും മുൻപെ വിവാഹിതനായി. എന്നാൽ മുറപ്രകാരം പഠിപ്പ് തുടർന്നു. സംസ്കൃതത്തിലും കണക്ക് വിഷയങ്ങളിലും വ്യാകരണ ശാസ്ത്രത്തിലും പ്രത്യേക താല്പര്യം ഉള്ളതിനാൽ ആ വിഷയങ്ങൾ ശ്രദ്ധിച്ചു പഠിച്ചു . പിന്നെ ഇംഗ്ലീഷ് രീതിയിലുള്ള വിദ്യാഭ്യാസത്തിന് ചേർന്നു. ബോംബെയിലെ ഫർഗൂസൻ കോളജിലാണ് പഠനം തുടർന്നത്. അവിടെ ബിരുദം എടുത്തതിനുശേഷം നിയമം പഠിച്ചു . വക്കിൽ പണിക്ക് അർഹത നേടി. പക്ഷേ ജോലി സ്വീകരിച്ചില്ല.
പൊതുരംഗത്ത് ഇറങ്ങുന്നതിലായിരുന്നു താല്പര്യം പത്രപ്രവർത്തനത്തിലും തൽപരനായിരുന്നു . ആ നിലയിൽ പ്രസിദ്ധീകരണം നിർത്തിവച്ചിരുന്ന 'കേസരി' എന്ന പത്രത്തിൻറെ ഉടമസ്ഥാവകാശം പത്രാധിപരിൽ നിന്നും വാങ്ങി . ഒരു ഇംഗ്ലീഷ് പത്രം ആയിരുന്ന മറാഠ യുടെയും. രണ്ടു പത്രങ്ങളും മുറതെറ്റാതെ പ്രസിദ്ധീകരിച്ചു് 'കേസരി' മറാട്ടി ഭാഷയിലായിരുന്നു പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തിൽ അഭിരുചിയുണ്ടായിരുന്ന തിലകന്. ഉറച്ച ഒരു ഹിന്ദുമത വിശ്വാസിയായിരുന്നു. അദ്ദേഹം .കേസരി പത്രത്തിൽ വൈദേശിക ആധിപത്യത്തിനെതിരെ ആവേശമുള്ള ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. അതോടെ കേസരിയുടെ പ്രചാരം പതിന്മടങ്ങ് വർദ്ധിച്ചു. മഹാരാഷ്ട്രയ്ക്ക് അകത്തും പുറത്തും ധാരാളം വായനക്കാർ ഉണ്ടായി. കേസരി മഹാരാഷ്ട്രയുടെ ദേശീയ പത്രമായി. തിലകൻ ജനകീയ നേതാവായി. "സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. മനുഷ്യരുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും. അതു കാത്തുസൂക്ഷിക്കാൻ ദൈവം പോലും നമുക്ക് സഹായം അരുളും. അതിനുമീതെ ആരും കൈ വയ്ക്കരുത് . അങ്ങനെ അമരുന്ന കൈ വെട്ടി മാറ്റണമെങ്കിൽ അതിനും തുനിയണം. അത് ഹിംസ അല്ല .ആണെങ്കിൽ തന്നെ അത് പാപമല്ല. ഞാൻ സങ്കൽപ്പിക്കുന്ന നാട്, ഈ നാട് (മഹാരാഷ്ട്ര ) മാത്രമല്ല. ഭാരതം എന്ന നാടാണ്. ഇന്ത്യ എന്ന മഹാരാജ്യം. ഈ രാജ്യം വിദേശികൾ തട്ടിപ്പറിച്ചിരിക്കുന്നു. "ഭാരതാംബയുടെ കരചരണങ്ങളിൽ കൂച്ചുവിലങ്ങ് വീണിരിക്കുന്നു. അമ്മയെ മോചിപ്പിക്കേണ്ട കർത്തവ്യവുമായാണ് നാമിപ്പോൾ നിൽക്കുന്നത്. ആ സംരംഭത്തിൽ പതിഞ്ഞു നടത്തമോ അലംഭാവമോ പാടില്ല. കുതിച്ചുയരണം, പോർവിളി നടത്തണം, അട്ടഹസിക്കണം. ഇതായിരുന്നു തിലകന്റെ ശൈലി .
പൊതുവേ ശാന്തശീലൻ ആയിരുന്നു ഗോപാലകൃഷ്ണ ഗോഖലെ . സ്വന്തം ജീവിത പശ്ചാത്തലമാണ് അദ്ദേഹത്തെ അങ്ങനെ രൂപപ്പെടുത്തിയത്. ജനിച്ചത് ഒരു നിർധന കുടുംബത്തിൽ .തിലകൻ ജനിച്ച അതേ ജില്ലയിൽ. രത്നഗിരിയിലെ കോലാപ്പൂരിൽ. ഭക്ഷണത്തിന് പോലും ഏറെ പ്രയാസം അനുഭവിക്കേണ്ടിവന്ന കുടുംബസാഹചര്യം. വിധവയായ അമ്മയുടെ ഒരിക്കലും വറ്റാത്ത കണ്ണീരുറവ കണ്ടുകൊണ്ടാണ് ഗോഖലെ വളർന്നത്. പഠിക്കാൻ വളരെ താല്പര്യമായിരുന്നു. എങ്കിലും പഠിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണ വാങ്ങാൻ പോലും ഗതിയില്ലാത്തതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസകാലം മുതൽ ഗ്രാമത്തിലെ പഞ്ചായത്ത് വിളക്കിന്റെ ചുവട്ടിൽ തപസ്സനുഷ്ഠിക്കുന്നതുപോലെ ചെന്നിരുന്നുകൊണ്ടാണ് പഠിച്ചത് .
എന്നിട്ടും സ്വപ്രയത്നത്താൽ ഗോഖലെ ബിരുദം എടുത്തു. ഇരുപതാം വയസ്സിൽ അധ്യാപകനായി 22 ആം വയസ്സിൽ ബോംബെ ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. 32 ആം വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നത നേതാവും. തിലകനും അതേ വർഷത്തിലാണ് കോൺഗ്രസ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്
പൊതുജീവിതത്തിലേക്ക് കടന്നു വരാനുള്ള ഗോഖലെയുടെ പ്രചോദനം മഹാദേവ ഗോവിന്ദറാനഡെയായിരുന്നു. ഗോഖലയെ കോൺഗ്രസ് പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയതും റാനഡെ. ഈ സമയത്ത് ഗോഖലെ പൂനയിലെ ഫർഗൂസൻ കോളേജിൽ ചരിത്രവിഭാഗം പ്രൊഫസർ ആയി ജോലി നോക്കുകയായിരുന്നു. റാനഡെ നടത്തിയ ഡെക്കാൻ എഡ്യൂക്കേഷണൽ സൊസൈറ്റിയിലും സാർവ്വജനിക് സഭയിലും ഗോഖലെയും അംഗമായിരുന്നു. അതുവഴിയാണ് തൻറെ രാഷ്ട്രീയ ഗുരുവായി സ്വീകരിച്ച റാനഡെയുമായി അടുത്ത സമ്പർക്കം ഉണ്ടായത് .കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് ഗോഖലയെ കൈപിടിച്ച് ആനയിച്ചതും റാനഡെ ആയിരുന്നു .സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലും വിദ്യാഭ്യാസ ചിന്തകൻ എന്ന നിലയിലും ചരിത്രകാരൻ, നിയമജ്ഞൻ എന്നീ നിലകളിലും സമാദരണീയനായിരുന്നു റാനഡേ.
ഗോപാലകൃഷ്ണ ഗോഖലെയും തിലകനെയും പോലെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയുടെ വരിഷ്ട സന്തതിയായിരുന്നു അദ്ദേഹവും. പൂനയിലെ സാർവജനിക് സഭയിലും മൂന്നുപേരും ഒന്നായി പ്രവർത്തിച്ചിരുന്നു .1905ൽ ഗോഖലെ 'സർവെൻസ് ഓഫ് ഇന്ത്യ സൊസൈറ്റി' എന്ന ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തിരുന്നു. ജീവിതകാലം മുഴുവൻ അശരണരെ സഹായിക്കാനുള്ള പ്രവർത്തന ശൈലി സ്വീകരിക്കുമെന്ന് പ്രതിജ്ഞ എടുത്തവർക്കു മാത്രമുള്ളതായിരുന്നു ഈ പ്രസ്ഥാനം. അതിലെ അംഗങ്ങൾ സ്വന്തം പേരിലോ ബന്ധുക്കളുടെ പേരിലോ ധനം സമ്പാദിക്കരുതെന്ന് കർശന നിയമം പാലിക്കേണ്ടതുണ്ടായിരുന്നു. ഹിന്ദുക്കൾക്കിടയിലുള്ള ഉച്ചനീചത്വവും ജാതിമത പരിഗണനയും, അധ:കൃത വർഗ്ഗ മർദ്ദനവും എതിർത്തു കൊണ്ടുള്ള ഈ പ്രസ്ഥാനം അഖിലേന്ത്യാ അടിസ്ഥാനത്തിൽ സ്വാധീനം ചെലുത്തിയ ഒരു മഹാപ്രസ്ഥാനമായി വളർന്നു. ഗോഖലയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു ദക്ഷിണാഫ്രിക്കയിൽ കറുത്ത വംശജരുടെ മോചനത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന ഗാന്ധിജി ദേശീയ നേതൃത്വം ഏറ്റെടുക്കാൻ 1915 ൽ ഇന്ത്യയിൽ വന്നത്. ഗോഖലെ റാനഡയെ വിശേഷിപ്പിച്ചിരുന്നത് പോലെ, ഗാന്ധിജി ഗോഖലെയെ എൻ്റെ രാഷ്ട്രീയ ഗുരു എന്നാണ് പ്രകീർത്തിച്ചത് .
ബ്രിട്ടീഷ് ഭരണത്തിന്റെ ദുഷ് ചെയ്തികൾ യുവജനങ്ങളിൽ പ്രതിഷേധവും രോഷവും വളർത്തി .ഇന്ത്യക്കാരെ ദ്രോഹിക്കുന്ന ബ്രിട്ടീഷുകാരെ കായികമായി വക വരുത്താൻ പോലും അവരിൽ ചിലർ തയ്യാറായി. പൂനയിൽ 1897 ജൂൺ 22ന് രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ കൊലചെയ്യപ്പെട്ടത് ഇന്ത്യൻ യുവാക്കളുടെ മാറുന്ന സമര ശൈലിക്ക് തെളിവായിരുന്നു.
സായിപ്പന്മാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്ന പൂനെയിലെ ഒരു നിശാഭോജനശാലയിൽ നിന്ന് അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം സ്വവസതികളിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഉന്നതരായ രണ്ട് ഉദ്യോഗസ്ഥന്മാരെ അജ്ഞാതരായ ചിലർ വെടിവെച്ചുകൊന്നു .1897 ജൂൺ 22നായിരുന്നു സംഭവം.
മരിച്ചത് അട്ടാവ ജില്ലയിലെ അസിസ്റ്റൻറ് കളക്ടർ റാൻഡെയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ ലഫ്: അയേഴ്സ്റ്റും ആയിരുന്നു. കൊലപാതകത്തെപ്പറ്റി അന്വേഷിച്ച ഉദ്യോഗസ്ഥന്മാർക്ക് ഘാതകരെ പിന്നീട് തിരിച്ചറിയാൻ കഴിഞ്ഞു. രണ്ട് ബ്രാഹ്മണ യുവാക്കൾ. സഹോദരന്മാർ. ബാലകൃഷ്ണഹരി ചപേത്കറും, ദാമോദരഹരി ചപേത്കറും.
ഒരേ അമ്മയുടെ മക്കൾ.
ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം സംഘടിപ്പിക്കപ്പെട്ട പ്രത്യേക വിരുന്നിൽ പങ്കെടുത്തു വരികയായിരുന്നു ആ ഉദ്യോഗസ്ഥർ . ബ്രിട്ടീഷ് രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ വജ്ര ജൂബിലി പ്രമാണിച്ച് ഇന്ത്യാ ഗവൺമെൻറ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായിരുന്നു ചടങ്ങ്.
ഒരു പൂർവ്വ വൈരാഗ്യം തീർക്കാനുള്ള നടപടിയായിരുന്നു ഈ കൊലപാതകങ്ങൾ .ആ വർഷം പൂന മുമ്പൊരിക്കലുമില്ലാത്ത വിധം പ്ലേഗിന്റെ പിടിയിൽ അമർന്നിരുന്നു. തൊട്ടുമുമ്പത്തെ വർഷം പതിനായിരങ്ങളെ കൊന്നുമുടിച്ച ക്ഷാമത്തേത്തുടർന്നായിരുന്നു ഈ മഹാമാരി വീണ്ടും മൃത്യുവിന്റെ ഭീകരവേഷം പൂണ്ട് പ്രത്യക്ഷമായത്. ചക്രവർത്തിനിയുടെ ജൂബിലി ആഘോഷച്ചടങ്ങിന്റെ അരങ്ങൊരുക്കുന്നതിനിടയിൽ സർക്കാരിന് ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ താല്പര്യമുണ്ടായില്ല രോഗ നിയന്ത്രണ നടപടികളിൽ ക്രൂരമായ അനാസ്ഥ കാട്ടി. ആയിരങ്ങൾ ചത്തൊടുങ്ങിയിട്ടും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതേയില്ല. തിലകനും സന്നദ്ധസംഘവും ആണ്ടുൽസവമായ മേളകൾ ഒഴിവാക്കി കൊണ്ടാണ് രംഗത്തിറങ്ങിയത്. സർക്കാരിൻറെ അനാസ്ഥയെ പറ്റി അവർ ബഹുജന പ്രക്ഷോഭം ആരംഭിച്ചു. അപ്പോൾ മാത്രമാണ് സർക്കാർ ഉണർന്നത് . രോഗ നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കാൻ ഒടുവിൽ ഉദ്യോഗസ്ഥന്മാർ നിയമിതരായി. ജില്ലയിലെ മജിസ്ട്രേറ്റ് ആയ റാൻഡെയെ കമ്മീഷണറായി നിയമിച്ചു അയാളുടെ സഹായിയായി അയേഴ്റ്റിനെയും . അവരും ക്രൂരമായ അനാസ്ഥ കാട്ടി. രോഗ നിയന്ത്രണത്തിന്റെ ഉത്തരവാദിത്വം പട്ടാളത്തെ ഏൽപ്പിച്ചു .മുഷ്കന്മാരായ പട്ടാളക്കാർ യുദ്ധ മുന്നണിയിലെ ശത്രുക്കളോട് പെരുമാറുന്ന മട്ടിലാണ് പ്രവർത്തിച്ചത്. അവർ പ്ലേഗിനേക്കാൾ അപകടകാരികളായി മാറി. രോഗം ഭയന്ന് ഗ്രാമങ്ങളിൽ നിന്നും ഓടിപ്പോകുന്ന ഗ്രാമീണരെ അവർ വേട്ടയാടി പിടിച്ചു കൊണ്ടുവന്ന് വീടുകളിൽ അടച്ചുപൂട്ടിയിട്ടു. രോഗം പടരുന്നത് തടയുന്നതിനുള്ള മുന്നൊരുക്കമായാണ് അവരത് ചെയ്തത് എന്നായിരുന്നു ന്യായീകരണം .രോഗം പിടിപെട്ട് മരണവുമായി ഏറ്റുമുട്ടിയ അത്യാസന്നക്കാരെ ശവം കണക്കെ ലോറികളിൽ കയറ്റി അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. വീട്ടിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകളെ പട്ടാളം മാനഭംഗപ്പെടുത്തി. രോഗപരിശോധനയ്ക്കെന്നും പറഞ്ഞ് സ്ത്രീകളെ വീടുകളിൽ നിന്നും ബലമായി ഇറക്കി കൊണ്ടുവന്ന് പൊതുസ്ഥലങ്ങളിൽ വെച്ച് നഗ്നരാക്കി ക്യാമ്പിലേക്ക് നടത്തിക്കൊണ്ടു പോവുകയും ചെയ്തു. മരണം മൂലവും ഒഴിച്ചുപോകൽ മൂലവും ഒഴിഞ്ഞു കിടന്ന വീടുകൾ എലികളുടെ വംശനാശത്തിന്റെ പേരിൽ അഗ്നിക്കിരയാക്കി . റാൻഡെയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇതൊക്കെ ചെയ്തത്. പ്ലേഗ് ശുസ്രൂഷാരംഗത്ത് അഹോരാത്രം സേവനമനുഷ്ഠിച്ച ചപേത്കർ സഹോദരന്മാർ ഇത്തരം ക്രൂരതകൾക്ക് ദൃക്സാക്ഷികളായി. തരം കിട്ടിയാൽ റാൻഡെയെ വധിക്കുവാൻ അവർ പരിപാടിയിട്ടു. അങ്ങനെയാണ് അവർക്ക് പറ്റിയ സന്ദർഭം കരഗതമായത്. എന്നാൽ അയേഴ്സ്റ്റിനെ അവർക്ക് കൊല്ലണമെന്നുണ്ടായിരുന്നില്ല . അബദ്ധത്തിൽ ചെയ്തു പോയതാണെന്ന് ദാമോദരചപേത്കർ ജയിലിൽ നിന്ന് തയ്യാറാക്കിയ ഡയറിക്കുറിപ്പിൽ എഴുതി വച്ചിരുന്നു. ഈ രണ്ട് സഹോദരന്മാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
വേറെ രണ്ട് കൊലപാതകങ്ങൾ കൂടി ജൂബിലി സംഭവവുമായി ബന്ധപ്പെട്ട് നടന്നു . ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഒരു ഗണേഷ് ശങ്കർ ദ്രാവിഡിനെ! ചപേത്കർ സഹോദരന്മാരെ പിടിച്ചു കൊടുക്കാമെന്ന വാഗ്ദാനത്തിൽ ജയിൽ അധികൃതർ അയാളെ പരോളിൽ വിട്ടതായിരുന്നു. പിടിച്ചു കൊടുക്കുന്നവർക്ക് ഗവൺമെൻറ് പ്രഖ്യാപിച്ച പതിനായിരം രൂപ നേടാനുള്ള മോഹമായിരുന്നു അയാൾക്ക്. ഈ കരാർ അനുസരിച്ച് ഗണേഷ് ശങ്കർ ജയിൽ വിട്ടു പുറത്തിറങ്ങി. പൂനയിലെ വിപ്ലവപ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദ്രാവിഡിന് അവരുടെ ഒളി സങ്കേതങ്ങൾ കണ്ടുപിടിക്കാൻ പ്രയാസമുണ്ടായില്ല. അയാൾ പോലീസിനു വേണ്ടി ചാരപ്പണി നടത്തി. അതുവഴി ദാമോദർ ചപേത്ക്കറിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചു .ബാലകൃഷ്ണ ചപേത്ക്കറിനെ പിടികിട്ടിയതുമില്ല . പകുതി സംഖ്യക്ക് മാത്രം അർഹനായ അദ്ദേഹം മറ്റേ പകുതിക്ക് വേണ്ടി രണ്ടാമനെ പിടിക്കാൻ ശ്രമം തുടർന്നു. എന്നാൽ ആ ശ്രമം ഫലപ്രാപ്തിയിൽ എത്തിക്കാൻ അയാൾക്ക് കഴിഞ്ഞില്ല .അതിനുമുമ്പ് ചാരൻ വെടിയേറ്റ് മരിച്ചു. കൊന്നത് ചപേത്കർ സഹോദരന്മാരിൽ മൂന്നാമനായ വാസുദേവചപേത്കർ ആയിരുന്നു .അയാളെ പോലീസ് കെണിവെച്ച് പിടിച്ചു . ഒപ്പും അയാളുടെ കൂട്ടുകാരൻ ആയിരുന്ന മഹാദേവറാനഡെ എന്ന മറ്റൊരു സാഹസികനെയും. പിന്നീട് അവരെയും തൂക്കിക്കൊന്നു.
കൊല മരത്തിലേക്ക് നടക്കുമ്പോഴും പതറാത്ത ധീരന്മാരായിരുന്നു സഹോദരന്മാർ . അവരുടെ അന്ത്യനാളുകളെക്കുറിച്ച് അന്നത്തെ ജയിൽ സൂപ്രണ്ട് അദ്ദേഹത്തിൻറെ ഡയറിയിൽ കുറിക്കുന്നുണ്ട് .'പുഞ്ചിരി തൂകിക്കൊണ്ടായിരുന്നു അവർ തൂക്കുമരത്തിനടുത്തേക്ക് നടന്നു ചെന്നത്'. ജയിൽ സൂപ്രണ്ട് അനുസ്മരിക്കുന്നു . തൂക്കിലേറ്റുന്നതിന് മുമ്പ് ഒരു ജയിൽ ഉദ്യോഗസ്ഥനും ദാമോദർ ചപേത്കറും തമ്മിൽ നടന്ന സംഭാഷണവും ജയിൽ സൂപ്രണ്ട് ഉദ്ധരിക്കുന്നുണ്ട്. ഉദ്യോഗസ്ഥൻ ദാമോദറിനോട് ചോദിച്ചു. 'ഇപ്പോൾ എന്ത് തോന്നുന്നു ദാമോദർ? 'എന്ത് തോന്നാൻ മരണം പലർക്കും പലവിധത്തിൽ.റാൻഡെ വെടിയേറ്റ് മരിച്ചു. ചിലർ കുതിരപ്പുറത്ത് നിന്ന് തെറിച്ചു വീണു മരിക്കുന്നു. മട്ടുപ്പാവുകളിൽ നിന്നു കാൽതെറ്റി വീണു ചിലർ മരിക്കുന്നു. രോഗം കൊണ്ടു മരിക്കുന്നു മറ്റു പലരും. ഞാനും എൻറെ സഹോദരന്മാരും കൊലക്കയറിൽ കുരുങ്ങി മരണം വരിക്കുന്നു അത്രതന്നെ.' ദാമോദർ മറുപടി നൽകി.
സഹോദരന്മാരുടെ ധീരമായ ജീവത്യാഗം നമ്മുടെ സ്വാതന്ത്ര്യ സമര കഥയിലെ അപൂർവമായ സംഭവങ്ങളിൽ ഒന്നാണ്. മൂന്നു മക്കളുടെ ജീവത്യാഗത്തിൽ മനംനൊന്തു കഴിഞ്ഞ അവരുടെ ശ്രേഷ്ഠയായ മാതാവിനെ സമാശ്വസിപ്പിക്കാൻ വിവേകാനന്ദൻറെ ആത്മീയ ശിഷ്യയായിരുന്ന നിവേദിത അവരെ സന്ദർശിച്ചിരുന്നു. ദുഃഖിതയായ മാതാവിനെ ആശ്വസിപ്പിക്കാൻ വാക്കില്ലാതെ അവർ നിന്നപ്പോൾ ആ വീര മാതാവ് നിവേദിതയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, 'ഇതിനേക്കാൾ ധന്യമായ അന്ത്യം വേറെ എന്തുണ്ട് പ്രതീക്ഷിക്കാൻ? അവരുടെ മാതാവാകാൻ ഭാഗ്യം സിദ്ധിച്ചത് മൂലം ധന്യയായ എന്നെക്കാൾ ഭാഗ്യവതിയായ ഒരു സ്ത്രീ ഈ ഭൂമിയിൽ വേറെ ആരുണ്ട്?"
റാൻഡേ വധത്തിന് പിന്നിൽ ബാലഗംഗാധര തിലകൻ ആണെന്ന് പോലീസ് കരുതി ചപേത്കർ സഹോദരന്മാരുടെ ആത്മത്യാഗം ജനങ്ങളിൽ പുതിയ ഉണർവ് ഉണ്ടാക്കി. തിലകനെ പോലീസ് അറസ്റ്റ് ചെയ്തു. 18 മാസത്തെ കഠിനതടവിന് ജയിലിലേക്ക് അയച്ചു. ജയിലിൽ തിലകനോട് വളരെ മൃഗീയമായാണ് പോലീസ് പെരുമാറിയത്. തിലകന്റെ മഹത്വം അറിയാവുന്ന ചില യൂറോപ്യൻ പണ്ഡിതന്മാർ ഈ വിവരം അറിഞ്ഞ് ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി. അവരുടെ സമ്മർദ്ദം മൂലം കാലാവധി തീരും മുമ്പ് തിലകൻ മോചിതനായി പുറത്തുവന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പതിമൂന്നാം വർഷാന്ത സമ്മേളനം ഈ കാലയളവിൽ ആണ് അമരാവതിയിൽ നടന്നത്. അധ്യക്ഷൻ സർ. സി. ശങ്കരൻ നായർ ആയിരുന്നു. കോൺഗ്രസിന്റെ അധ്യക്ഷന്മാരിൽ ഒരേയൊരു മലയാളിയായിരുന്നു ശങ്കരൻ നായർ. അദ്ദേഹം അന്ന് മദ്രാസ് സംസ്ഥാന കോൺഗ്രസിന്റെ പ്രസിഡൻറ് ആയിരുന്നു.
റാൻഡെ വധവുമായി ബന്ധപ്പെട്ടു കൊണ്ട് തിലകനെ ജൂലൈ 21 ന് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതിൽ അമരാവതി കോൺഗ്രസ് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളോടും ഇന്ത്യക്കാരോടും ബ്രിട്ടീഷ് ഭരണം ഇത്തരം കടുത്ത നടപടികൾ തുടർന്നാൽ ഇവിടെ വീണ്ടും ഒരു സായുധവിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് കാലതാമസം ഉണ്ടാവുകയില്ല എന്ന് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരെ കുരുതി കൊടുക്കേണ്ടി വരുന്ന ഇത്തരം തീവ്ര പ്രവർത്തനങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്, കോൺഗ്രസ് ഭരണഘടനാ മാർഗത്തിലൂടെയുള്ള പ്രവർത്തന ശൈലി കൈവിടാതിരിക്കുന്നത് എന്ന് ഗവൺമെന്റിന് താക്കീത് നൽകി,
അധ്യക്ഷൻ ശങ്കരൻ നായർ പറഞ്ഞു.
"തിലകന്റെ പേരിൽ കേസെടുക്കും മുമ്പേ റാൻഡെ വധം പോലുള്ള സംഭവം എങ്ങനെയുണ്ടാവുന്നു എന്ന് , എന്തുകൊണ്ടാണ് ഭരിക്കുന്നവർ അന്വേഷിക്കാതിരുന്നത്? ഇന്ത്യക്കാരായ സകലരുടെയും മനസ്സിൽ ഈ ചോദ്യമുണ്ട് .ചരിത്രം പഠിക്കുന്ന ഭാവി. തലമുറയും ഇത് ചോദിക്കും. രാജ്യത്തിൻറെ ജീവൽപ്രശ്നങ്ങൾ പലതും ഗവൺമെൻറ് ശ്രദ്ധിക്കാതിരിക്കുന്നു. അതിനു നേരെ കണ്ണും കാതും അടച്ചുപിടിക്കുന്നു. ഈ നിഷേധ ഭാവം ഒരളവോളം കുത്തിയിരിക്കുന്നത്"
ശങ്കരൻ നായരുടെ ഈ ശൈലി ഗവൺമെന്റിനെ ഞെട്ടിപ്പിച്ചു. അവർ ഉടൻ ഒരു നിയമം കൊണ്ടുവന്നു 'വാക്കാലോ, പ്രവർത്തിയാലോ, സാന്നിധ്യം കൊണ്ടോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക യോഗങ്ങളിലോ കൺവെൻഷനുകളിലോ ഗവൺമെന്റ് ജോലിക്കാർ പങ്കെടുക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത് കുറ്റകരമാകും.' അമരാവതിയിലെ ആ യോഗം മുതൽക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് സർക്കാരിന് അനഭിമതമായി തീർന്നത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.
No comments:
Post a Comment