അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ
33 .ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പിറവിയും വളർച്ചയും.
1884 ഡിസംബർ, മത നവീകരണത്തിന്റെയും ഭരണപരിഷ്കാരങ്ങളുടെയും വക്താവായിരുന്ന ദിവാൻ ബഹദൂർ രഘുനാഥ റാവുവിന്റെ മദ്രാസിലുള്ള വസതിയിൽ 17 പേർ ഒത്തുകൂടി. അഡയാറിൽ ആനി ബസന്റിന്റെ നേതൃത്വത്തിലുള്ള തിയസോഫിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന പ്രതിനിധികളുടെ കൂട്ടത്തിൽപ്പെട്ടവരാ യിരുന്നു ഈ 17 പേരിൽ ഭൂരിഭാഗവും. ബാക്കിയുള്ളവർ സഹയാത്രികരും സഹാനുഭൂതിയുള്ള സുഹൃത്തുക്കളും. ഭാരതത്തിൻറെ ഉജ്ജ്വലമായ ഭൂതകാലം വീണ്ടെടുക്കുക, അടിമത്തത്തിന് അറുതി വരുത്തുക എന്നീ ആവേശജനകമായ പൊതുലക്ഷ്യങ്ങളാണ് ഇവരെ ഒരുമിപ്പിച്ചത്. അവരുടെ ഹൃദയങ്ങളിലെല്ലാം ഭാരതത്തിൻ്റെ ഭാസുരമായ ഭാവിയെ കുറിച്ചുള്ള മധുര സ്വപ്നങ്ങൾ തുടിച്ചു നിന്നു. അവർ ഒരുമിച്ചിരുന്നു ചർച്ച ചെയ്തു പരിപാടികൾ ആസൂത്രണം ചെയ്തു. ആ 17 പേരും ഒരു താൽക്കാലിക കമ്മിറ്റിയായി സ്വയം രൂപപ്പെട്ടു. ഓരോ അംഗവും തൻ്റെ സ്വന്തം നഗരത്തിലും ഗ്രാമത്തിലും പരിസരങ്ങളിലും ഉള്ള സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു ഫലപ്രദമായ സംഘടനാ പ്രവർത്തനത്തിൽ ഏർപ്പെടണമെന്ന് തീരുമാനിച്ചു. പിന്നീട് നിശ്ചയിക്കുന്ന ഒരു സ്ഥലത്തും സമയത്തും കൂടുതൽ സുഹൃത്തുക്കളും പ്രതിനിധികളും സഹയാത്രികരുമായി വീണ്ടും കൂടാനും വിശദമായ പരിപാടികൾ ആസൂത്രണം ചെയ്തു മുന്നോട്ടു പോകാനും പ്ലാനിട്ടു. ധീര സേനാനികളുടെ നായകനായ നരേന്ദ്രനാഥ സെൻ (കൽക്കത്ത ) ഈ ചെറിയ ഗ്രൂപ്പിൽ ഒരംഗം ആയിരുന്നു. അദ്ദേഹം നടത്തിയിരുന്ന 'ഇന്ത്യൻ മിറർ' എന്ന പത്രത്തിൽ ഈ പേരുകൾ പിന്നീട് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ അവരവർ ജനിച്ച സമൂഹത്തിൽ നേതൃത്വം വഹിച്ചിരുന്ന ഈ അനൗദ്യോഗിക പ്രതിനിധികൾ താഴെപ്പറയുന്നവരായിരുന്നു. മദ്രാസ് : ശ്രീ എസ് സുബ്രഹ്മണ്യ അയ്യർ, പി രംഗയ്യനായിഡു, പി. ആനന്ദാചാർലു. കൽക്കത്ത: നരേന്ദ്രനാഥ് സെൻ, സുരേന്ദ്രനാഥ ബാനർജി , എം. ഘോഷ്. ബോംബെ : ശ്രീ. വി .എൻ. മണ്ഡ്ലിക്, ശ്രീ .കെ. ടി.ടെലാങ്, ദാദാഭായ് നവറോജി .
പൂന : വിജയരംഗ മുതലിയാർ, പാണ്ഡുരംഗ ഗോപാൽ.
ബനാറസ് : സർദാർ ദയാൽ സിംഗ്.
അലഹബാദ്: ഹരിശ്ചന്ദ്ര.
വടക്ക് പടിഞ്ഞാറൻ സംസ്ഥാനം: കാശി പ്രസാദ്, പണ്ഡിറ്റ് ലക്ഷ്മി നാരായണൻ.
ബംഗാൾ : ചാരുചന്ദ്ര മിത്തർ
ഔധ്: ശ്രീറാം .
ഇങ്ങനെ 17 നല്ല മനുഷ്യർ മാതൃഭൂമിയുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിന് വേണ്ടി തികച്ചും ദേശീയ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന സങ്കൽപ്പത്തിന് രൂപം കൊടുത്ത ആദ്യത്തെ ദേശീയ നേതാക്കൾ. ഇവരുടെ പ്രാഥമിക പ്രവർത്തനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഹരിശ്രീ കുറിച്ചത്.
1885 മാർച്ചിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികളുടെ സമ്മേളനം ആ കൊല്ലം ക്രിസ്തുമസ് കാലത്ത് ചേരാൻ തീരുമാനിച്ചു. എല്ലാ ഭാഗത്തുനിന്നും പ്രതിനിധികൾക്ക് വന്ന് ചേരാൻ ഏറ്റവും പറ്റിയ കേന്ദ്രപ്രദേശം എന്ന നിലയ്ക്ക്, പൂന, സമ്മേളന രംഗമായി നിർണയിക്കപ്പെട്ടു. പൂനയിൽ കോളറ പടർന്നു പിടിച്ചിരുന്നത് മൂലം ഡിസംബർ 28ആം തീയതി ബോംബെയിലെ ഗോകുൽദാസ് തേജ് പാൽ സംസ്കൃത കോളേജിലാണ് യോഗം ചേർന്നത്. സമ്മേളനത്തിനെ കോൺഗ്രസ് എന്നു വിളിച്ചിരുന്നു.
1885 ഡിസംബർ 28 പകൽ 12 മണി. ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളജിലെ വിശാലമായ മുറിയിൽ ഒരു യോഗം നടക്കുന്നു.
76 പേർ. 74 ഇന്ത്യക്കാരും രണ്ട് ഇംഗ്ലീഷുകാരും അവിടെ ഒത്തുകൂടിയിട്ടുണ്ട് അവർ എത്തിച്ചേർന്നിരിക്കുന്നത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രാദേശികമായി പ്രവർത്തിച്ചിരുന്ന ചില പ്രധാന ദേശീയ സംഘടനകളുടെ പ്രതിനിധികളാണ് അവർ പലതരക്കാരായിരുന്നു ഭാഷ കൊണ്ടും മതവിശ്വാസം കൊണ്ടും സമൂഹത്തിൽ ആർജിച്ചിരുന്ന അംഗീകാരം കൊണ്ടും വൈവിധ്യമാർന്ന വ്യക്തിത്വമുള്ളവർ നാനാത്വത്തിൽ അവർക്കുള്ള ഏകത്വം അവർ ഭാരതീയൻ ആണെന്നുള്ളതും ഇംഗ്ലീഷ് ഭാഷ സുഗമമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണെന്നുള്ളതും ആയിരുന്നു സംഘാടകരിൽ രണ്ടുപേർ ഇംഗ്ലീഷുകാരായിരുന്നു ഒരാൾ അലൻ ഒക്ടോവിയൻ ഹ്യൂം മറ്റേയാൾ റിപ്പൺ പ്രഭുവിനു ശേഷം വന്ന ഗവർണർ ജനറൽ മാർക്ക്വിസ് ഓഫ് ഡഫറിനും .ഡബ്ലിയു .സി. ബാനർജി എന്ന വംഗ ദേശക്കാരനായ ഒരു അഭിഭാഷകനായിരുന്നു അന്നത്തെ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുടക്കം കുറിച്ച ചരിത്ര പ്രധാന സമ്മേളനം ആയിരുന്നു അത്. സമ്മേളനത്തിൽ കാര്യമായ രാഷ്ട്രീയ ചർച്ചകളോ ശക്തമായ തീരുമാനങ്ങളോ ഉണ്ടായില്ല. മുഖപരിചയം പോലുമില്ലാത്ത കുറെ ഇന്ത്യക്കാർ ഒന്നായി കണ്ടുമുട്ടി എന്നതിൽ കവിഞ്ഞ് . ഒരുപക്ഷേ അത് ബോധപൂർവ്വം ആയിരിക്കാം. ഇന്ത്യക്കാരുടെ ഏത് സംരംഭവും ഭയാശങ്കകളോടെ വീക്ഷിക്കുന്ന ബ്രിട്ടീഷ് ഭരണവർഗ്ഗം സംശയത്തിന്റെ തലനാരിഴയിൽ തൂങ്ങി നിന്ന് പ്രസ്ഥാനത്തെ മുളയിൽ തന്നെ നുള്ളി കളഞ്ഞേക്കുമോ എന്ന ആശങ്ക അവർക്കും ഉണ്ടായിരുന്നിരിക്കാം. അവർക്ക് സംശയം ജനിക്കാതിരിക്കാനാവാം ഒരു ഇംഗ്ലീഷ് കാരനെ കൊണ്ട് തന്നെ ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഈ യോഗത്തിൽ പങ്കെടുത്ത ചില പ്രമുഖ വ്യക്തികൾ ഇവരൊക്കെയായിരുന്നു. വന്ധ്യവയോധികനായ ദാദാഭായ് നവറോജി, ഡബ്ലിയു. സി .ബാനർജി, മഹാദേവ് ഗോവിന്ധറാനഡെ, ബോംബെ കോർപ്പറേഷൻ നേതാവായിരുന്ന ഫിറോസ് ഷാ മേത്ത, മദ്രാസിലെ മഹാ ജനസഭയുടെ സൂത്രധാരനായിരുന്ന ശ്രീരംഗയ്യ നായിഡു, ആനന്ദപാർലു, എസ്. സുബ്രഹ്മണ്യ അയ്യർ, മദ്രാസിലെ പ്രമുഖ നേതാവായിരുന്ന വീരരാഘ വാചാര്യ , കെ .ടി .തലാംഗ് എന്നിവർ.
അടുത്തവർഷം രണ്ടാം സമ്മേളനം നടന്നത് കൽക്കത്തയിൽ. ദാദാഭായ് നവറോജിയുടെ അധ്യക്ഷതയിൽ ആയിരുന്നു.
മദ്രാസിൽ ആയിരുന്നു കോൺഗ്രസിന്റെ മൂന്നാം വാർഷിക സമ്മേളനം. സാധാരണയിൽ കവിഞ്ഞ ആർഭാടങ്ങളോടെയാണ് പ്രസ്തുത സമ്മേളനം നടത്തിയത്. നാല് ചുവരുകൾക്കിടയിൽ നിന്നും സമ്മേളനം സവിശേഷമായി അലങ്കരിച്ച വിസ്തൃതമായ പന്തലിനുള്ളിൽ ആയി. പ്രതിനിധികളുടെ പെരുപ്പം കൂടി. പ്രതിനിധികൾ 600. മുസ്ലിം പ്രതിനിധികൾ കഴിഞ്ഞ സമ്മേളനത്തിനുള്ള തിന്റെ ഇരട്ടി. ധാരാളം തൊഴിലാളികളും മറ്റു സാമാന്യ ജനങ്ങളും പന്തൽ നിറച്ചു. സമ്മേളനത്തിന് ആവശ്യമായ ചെലവുകൾക്കുള്ള തുക പിരിച്ചുണ്ടാക്കുന്നതിൽ അവരാണ് മുൻകൈ എടുത്തത് .
1890ല്‍ കൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ചവരിൽ ഒരു മഹിളാ നേതാവ് ഉണ്ടായിരുന്നു കാദംബിനി ഗാംഗുലി കൽക്കട്ട സർവ്വകലാശാലയിൽ നിന്നും ആദ്യമായി ബിരുദം നേടിയ വനിതയായിരുന്നു കാദംബിനി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകൾ താൽപര്യം കാണിക്കാൻ തുടങ്ങിയതിന്റെ സൂചനയായിരുന്നു സമ്മേളനത്തിൽ കാദംബിനി ചെയ്ത പ്രസംഗം.
ഇതിനിടയിൽ തന്നെ കോൺഗ്രസ് പ്രസ്ഥാനത്തിൻറെ പ്രവർത്തന ശൈലിയെ പറ്റിയുള്ള അഭിപ്രായ ഭിന്നതകൾ സംഘടനയ്ക്കുള്ളിൽ തന്നെ തല പൊക്കാൻ തുടങ്ങി. ആണ്ടോടാണ്ട് വാർഷിക സമ്മേളനം ചേരലും പ്രമേയം പാസാക്കലും നിവേദനം സമർപ്പിക്കലും ആയി കഴിയുന്ന രീതി ചിലരെ മടിപ്പിച്ചു. ഒരു സ്വേച്ഛാധിപതിയോട് എതിരിടേണ്ട ശൈലി അല്ല ഇത് എന്ന് അവർ കരുതി. വാർദ്ധക്യത്തിന്റെ ചൈതന്യം കെട്ട ഈ പതിഞ്ഞു നടത്തം അവർക്ക് ഇഷ്ടമാകുന്നതായിരുന്നില്ല. ഭിരുക്കളുടെ കയ്യിൽ പ്രസ്ഥാനം വളർച്ച മരവിച്ചു നിൽക്കുന്നു എന്ന് ചിലർക്ക് തോന്നി. ഗർജിക്കേണ്ടടത്ത് ഗർജിക്കാതിരുന്നാൽ വാ തുറക്കാൻ പോലും പിന്നെ മടിയാവും എന്ന് അത്തരക്കാർ ചിന്തിച്ചു. സാഹസികത കാട്ടേണ്ട സന്ദർഭത്തിലാണ് നാം യോഗം ചേർന്നും നിവേദനം നടത്തിയും സാമ്രാജ്യത്വത്തിന് മംഗളംപാടിയും സന്ദർഭം പാഴാക്കുന്നത്. ഇത് ഭീരുത്വത്തിന്റെ ലക്ഷണം അല്ലെങ്കിൽ മറ്റെന്താണ്? ഇങ്ങനെ സാഹസിക ചിന്തയുമായി പ്രസ്ഥാനത്തിനകത്ത് തന്നെ ഒരു എതിർസംഘം രംഗത്തിറങ്ങി. അവരാണ് ചരിത്രത്തിൽ തീവ്രവാദികളായി മുദ്രയടിക്കപ്പെട്ടത്. സമന്വയത്തിന്റെയും സമവായത്തിന്റെയും മാർഗം സ്വീകരിച്ച വിഭാഗത്തെ മിതവാദികളായും കണക്കാക്കി മിതവാദികൾ തീവ്രവാദികളെ രക്തത്തിനുവേണ്ടി ദാഹം കൊള്ളുന്നവർ എന്നും പഴിച്ചു തുടങ്ങിയപ്പോൾ തീവ്രവാദികൾ മിതവാദികളെ ദുർബലരും ഭീരുക്കളുമായി പരിഹസിച്ചു. ഭീരുത്വം മരണമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു .തീവ്രവാദികളുടെ നായകൻ ലോകമാന്യ ബാലഗംഗാധര തിലകനായിരുന്നു. മിതവാദികളുടേത് ഗോപാലകൃഷ്ണ ഗോഖലെയും. സമരോത്സുകരുടെ ഞരമ്പുകളിൽ തൈലം നിറയ്ക്കുന്ന തിലകന്റെ ശൈലി അദ്ദേഹത്തിന് ധാരാളം ആരാധകരെ സൃഷ്ടിച്ചു കൊടുത്തു. എന്നാൽ ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കുന്നു എന്നതിൻറെ പേരിൽ തിലകനെതിരെ പോലീസ് കേസെടുത്തു. കോടതി തിലകനെ ശിക്ഷിച്ചു ,18 മാസത്തെ കഠിഞ്ഞതടവ്. ശിക്ഷാവിധി കഴിഞ്ഞ് തിരിച്ചു വന്നപ്പോഴും തിലകൻ ഇതേ ശൈലിയിലാണ് പ്രവർത്തനം തുടർന്നത്. തിലകൻ വിപ്ലവകാരികളുടെ ഇതിഹാസപുരുഷനായി.
തീവ്രവാദികളുടെ കൂട്ടത്തിൽ തിലകനോടൊപ്പം ജ്വലിച്ചു നിന്നത് പഞ്ചാബിലെ ലാലാ ലജ്പത് റായ്, ബംഗാളിലെ ബിപിൻ ചന്ദ്രപാൽ ഇവരൊക്കെയായിരുന്നു ത്രിമൂർത്തികളെ പോലെ ആയിരുന്നു ആ സമശീർഷർ. അവർ ലാൽ- ബാൽ -പാൽ എന്നായിരുന്നു സംഘടനാ രംഗത്ത് അറിയപ്പെട്ടിരുന്നത്. നേതൃത്വ നിരയിൽ മറ്റൊരു വിപ്ലവ ചിന്താഗതിക്കാരൻ കൂടി ഉണ്ടായിരുന്നു. ബംഗാളിയായ അരവിന്ദ്ഘോഷ്. എന്നാൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുന്നില്ല. മിതവാദികളുടെ നേതാവായ ഗോപാലകൃഷ്ണ ഗോഖലെയും തിലകനും വളരെ അടുപ്പത്തിലായിരുന്നു. അവർ സഹപ്രവർത്തകരും ആയിരുന്നു. ശാന്തശീലനായിരുന്ന ഗോഖലെ 32 ആം വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗവുമായി.
തയ്യാറാക്കിയത്: പ്രസന്നകുമാരി ജി
No comments:
Post a Comment