🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, November 9, 2023

43 . ഗാന്ധിജി നേതൃത്വത്തിലേക്ക്. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

 43 .  ഗാന്ധിജി നേതൃത്വത്തിലേക്ക്. 
     1914 ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ചു. യുദ്ധത്തിലെ ഒരു കക്ഷിയായ ബ്രിട്ടന്റെ കോളനി എന്ന നിലയിൽ,  യുദ്ധം ഇന്ത്യയിലും പ്രതികരണങ്ങൾ സൃഷ്ടിച്ചു. 1914 നു മുൻപ് തന്നെ യുദ്ധത്തിൻറെ കേളികൊട്ടു തുടങ്ങിയിരുന്നു. യൂറോപ്പിലെ വൻ ശക്തികൾ തമ്മിൽ ആധിപത്യത്തിനുവേണ്ടി നടന്നുവന്ന മത്സരമാണ് യുദ്ധത്തിൽ കലാശിച്ചത്. ഒരു ചേരിയുടെ നേതൃത്വം ജർമ്മനിക്കായിരുന്നു.
 ജർമ്മനിയോടൊപ്പം ആസ്ട്രിയയും തുർക്കിയും ബള്‍ഗേറിയ യും ചേർന്നു. റഷ്യയും ബ്രിട്ടനും ഫ്രാൻസും ജപ്പാനും ഇറ്റലിയും മറുചേരിയിലും. ബ്രിട്ടീഷുകാർ മറ്റു സഖ്യകക്ഷികളെക്കാൾ കൂടുതൽ യുദ്ധതൽപരരായിരുന്നു. സാമ്രാജ്യം വിഭജിക്കാനും തങ്ങളുടെ ആധിപത്യം അറേബ്യയിലേക്ക് വ്യാപിപ്പിക്കാനും ബ്രിട്ടൻ കണക്കുകൂട്ടി. നാലുവർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും ലോകത്തിലെ ചെറുതും വലുതുമായ അനേകം ശക്തികൾ യുദ്ധത്തിൽ പങ്കാളികളായി മാറിയിരുന്നു . 
  ഇന്ത്യയ്ക്ക് ഈ യുദ്ധവുമായി നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യക്കാർക്ക് യുദ്ധത്തിൽ താല്പര്യവുമില്ലായിരുന്നു. യുദ്ധം തുടങ്ങുമ്പോൾ ബ്രിട്ടൻ നമ്മുടെ ദേശീയ നേതാക്കളോട് കൂടിയാലോചിച്ചില്ല .പക്ഷേ പിന്നീട് ബ്രിട്ടൻ കൂടിയാലോചനയ്ക്ക് തയ്യാറായി. ഇന്ത്യയുടെ ഭാവി ഈ യുദ്ധത്തിന്റെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് അവർ നമ്മെ ഓർമിപ്പിച്ചു. ജർമ്മനി ജയിക്കുകയാണെങ്കിൽ ഇവിടെ സ്വേച്ഛാധിപത്യമാണ് വരുക. ജർമ്മനി ഭരിച്ചിരുന്നത് ഒരു സ്വേച്ഛാധിപതി ആയിരുന്നു.
    സ്വാതന്ത്ര്യം കൊതിക്കുന്ന കോളനി രാജ്യങ്ങളുടെ മോചനം കൂടിയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു .തൻമൂലം ഈ യുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കുകയാണ് നാം ചെയ്യേണ്ടത് എന്ന് ദേശീയ പാർട്ടികൾ തീരുമാനിച്ചു. ബർമയിൽ നിന്ന് ജയിൽ ശിക്ഷ കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ തിലകനും ഈ അഭിപ്രായമാണ് ഉണ്ടായിരുന്നത്.ബ്രിട്ടനെ ഈ ഘട്ടത്തിൽ സഹായിക്കേണ്ടതാണെന്ന നിലപാട് മുസ്ലിം ലീഗും സ്വീകരിച്ചു. ഇതിനെ എതിർത്തത് ഭീകര പ്രസ്ഥാനക്കാർ മാത്രമായിരുന്നു.
     യുദ്ധകാലത്ത് എല്ലാ ഭരണാധികാരികളെയും പോലെ ബ്രിട്ടനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യൻ രാജ്യരക്ഷാ നിയമം തന്നെ അവർ കൊണ്ടുവന്നു. 'ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് ' 1915ൽ ഇതു പ്രകാരം നമ്മുടെ മൗലികാവകാശങ്ങളിൽ പോലും അവർ കൈകടത്തി. ഗവൺമെന്റിന്  സംശയം തോന്നുന്ന ആരെയും രാജ്യരക്ഷാ നിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും വിചാരണ കൂടാതെ ശിക്ഷിക്കുകയും ചെയ്യാം .
   ഇന്ത്യൻ ദേശീയതയ്ക്ക് ഇതൊരു വല്ലാത്ത പരീക്ഷണഘട്ടം ആയിരുന്നു .എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് യുദ്ധകാലം ഉർവശി ശാപമായി. തെറ്റിപ്പിരിഞ്ഞവർ ഒന്നായി ചേർന്നു. തിലകനും കൂട്ടരും വൈരം മറന്ന് പ്രസ്ഥാനത്തിൽ ലയിച്ചു .ഫിറോസ്ഷാ മേത്തയുടെയും ഗോപാലകൃഷ്ണ ഗോഖലയുടെയും നിര്യാണവും ശിക്ഷകഴിഞ്ഞ് ബർമയിൽ നിന്നുള്ള തിലകന്റെ തിരിച്ചുവരവും ഇതിന് ആക്കം കൂട്ടി. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകയായിരുന്ന ആനിബസന്റും ഈ ഏകീകരണത്തിനു വേണ്ടി പ്രവർത്തിച്ചു. ഈ സാഹചര്യത്തിലാണ് 1915ൽ ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ തീവ്രവാദികൾക്ക് യഥേഷ്ടം അംഗത്വം അനുവദിച്ചത്. ഗവൺമെൻറ് ഇതൊക്കെ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും യുദ്ധ യജ്ഞങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടതിനാൽ തിലകന്റെ തുടർന്നുള്ള പ്രത്യക്ഷമായ പ്രവർത്തനങ്ങളിൽ അവർ ഇടപെട്ടില്ല .
    ഈ ഘട്ടത്തിലാണ് 1915ൽ ദക്ഷിണാഫ്രിക്കയിലെ ദൗത്യം പൂർത്തീകരിച്ച് ഗാന്ധിജി ഇന്ത്യയിൽ എത്തുന്നത്. അന്നുവരെ കണ്ടും കേട്ടും പരിചയിച്ച കോൺഗ്രസ് നേതാക്കന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു ഗാന്ധിജി. നടപ്പിലും വേഷത്തിലും എല്ലാം വ്യത്യസ്തൻ. ലളിതമായ വസ്ത്രധാരണം, ലളിതമായ പെരുമാറ്റം, ലളിതമായ സംഭാഷണ ശൈലി എന്നിവ ഗാന്ധിജിയുടെ മുഖമുദ്രകൾ ആയിരുന്നു. പറയുന്നത് ലളിതമായ കാര്യങ്ങൾ. പെരുമാറുന്നവരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള സമീപനം സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും .അദ്ദേഹത്തെ കണ്ടാൽ ഒരു നാടൻ കൃഷിക്കാരനെ പോലെയാണ് തോന്നുക.
     ഇന്ത്യയിൽ എത്തിയ ഉടൻ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടാൻ മുതിർന്നില്ല. അദ്ദേഹം ഗുജറാത്തിൽ അഹമ്മദാബാദിലെ സബർമതി ഗ്രാമത്തിൽ നദീതീരത്ത് ഒരു ആശ്രമം ഉണ്ടാക്കി.പനമ്പും കച്ചിയും പനയോലയും കൊണ്ട്. അന്തേവാസികളായി 25 പേരായിരുന്നു തുടക്കത്തിൽ.
     അന്തേവാസികൾ ഒരു കുടുംബം പോലെ . സത്യം അഹിംസ നിർഭയത്വം ബ്രഹ്മചര്യം ആത്മശുദ്ധി എന്നിവ ജീവിതവ്രതമായി അംഗീകരിക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രമേ യുവാക്കൾക്ക് അവിടെ സ്ഥാനമുള്ളൂ. അയിത്തം ആചരിക്കരുത്. ഖദർ മാത്രം ധരിക്കണം. സ്വദേശി വ്രതം ആചരിക്കണം. വിദേശ വസ്തുക്കൾ ഒന്നും ഉപയോഗിക്കരുത് .മദ്യം കൈകൊണ്ട് സ്പർശിക്കുക പോലും അരുത്. ഏത് ജോലിയും ചെയ്യണം, കക്കൂസ് വൃത്തിയാക്കൽ വരെ.  കർശനമായ ജീവിതരീതി പാലിക്കണം ശത്രുത ആശയങ്ങളോട് മാത്രം. വ്യക്തികളോട് ആവരുത്. ഇതും നിർബന്ധമായി പാലിക്കപ്പെടേണ്ട ഗുണമായിരുന്നു.
    ഇവർക്ക് ഗാന്ധിജി നൽകിയ പേർ 'സത്യഗ്രഹികൾ' എന്നായിരുന്നു. സത്യത്തെ മുറുകെപ്പിടിക്കുന്നവർ എന്നാണ് ഇതിനർത്ഥം. അഹിംസയിൽ നിന്നാണ് സത്യാഗ്രഹത്തിന്റെ ഉത്ഭവം. സത്യഗ്രഹി തിന്മയെ വെറുക്കുന്നു പക്ഷേ തിന്മയെ അല്ലാതെ നന്മ ചെയ്യുന്നവനെ വെറുക്കുന്നില്ല. സ്നേഹത്തിൻറെ ശക്തികൊണ്ട് എതിരാളികളെ കീഴടക്കുകയാണ് ലക്ഷ്യം. തിന്മ ചെയ്യുന്നവന് ദോഷം വരണം എന്ന് പോലും ആഗ്രഹിക്കുന്നില്ല. ഈ സമരമുറ വ്യക്തിയോടും സമൂഹത്തോടും രാഷ്ട്രത്തോടും പ്രയോഗിക്കാം. രാഷ്ട്രത്തോട് ആവുമ്പോൾ നിസ്സഹകരണം കരി നിയമങ്ങളുടെ ലംഘനം നിരാഹാരം എന്നീ സമരമുറകൾ സ്വീകരിക്കാം. പക്ഷേ അനീതിപരമായ സമ്മർദ്ദ തന്ത്രം പ്രയോഗിക്കരുത്.
      ഇതൊക്കെയായിരുന്നു ഗാന്ധിജിയുടെ സമരമുറ. വിജയം നേടാൻ ഈ മാർഗം മതിയാവും എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഈ സമരമാർഗ്ഗമാണ് ഗാന്ധിയൻ മാർഗ്ഗം എന്ന് പറയപ്പെട്ടത് മനുഷ്യരക്തത്തിന്റെ മണവും വെടിമരുന്നിന്റെ ഗന്ധവും മുറ്റിനിന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തിന് ഒരു പുതിയ മാനം നൽകാൻ ശ്രമിക്കുകയായിരുന്നു ഗാന്ധിജി്‌
     യുദ്ധം എന്നാൽ അദ്ദേഹത്തിന് ഹിംസയല്ല. രക്തം ചിന്തേണ്ടതില്ല. അമ്പും വില്ലും വാളും കുന്തവും തോക്കും ബോംബും വേണ്ടതില്ല. അതേക്കാൾ ഫലപ്രദവും മൂർച്ചയേറിയതുമായ ആയുധവുമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അഹിംസ കൊണ്ട്  ഹിംസയെ ജയിക്കാം എന്നും കാട്ടിത്തന്നു.  
        ചമ്പാരൻ സമരം.
 ഈ ശൈലിയിലുള്ള ആദ്യ പരീക്ഷണം ചമ്പാരനിലാണ് ഗാന്ധിജി നടത്തിയത്. അവിടുത്തെ പാവങ്ങളായ നീലം കൃഷിക്കാരെ രക്ഷിക്കാൻ .ചമ്പാരൻ ബീഹാർ സംസ്ഥാനത്താണ്. ചതുപ്പ് നിലങ്ങളും കൊച്ചുകൊച്ചു വെള്ളക്കെട്ടുകളും നിറഞ്ഞ ഭൂപ്രദേശം കണ്ടൽക്കാടുകളും കൊച്ചു കുന്നുകളും കൊണ്ട് വികൃതമാക്കപ്പെട്ട ശാപഭൂമി .ആദ്യം അവിടെ ജനവാസം ഉണ്ടായിരുന്നില്ല. എന്നാൽ ക്രമേണ കുടിയേറ്റക്കാർ കയ്യേറി ഭൂമി സ്വന്തമാക്കി. കുടിയേറ്റക്കാർ തദ്ദേശീയരായ പാവങ്ങൾക്ക് ഭൂമി പാട്ടത്തിന് കൊടുക്കുകയും അതിനായി സ്വന്തം നിലയിൽ ചില വ്യവസ്ഥകൾ ഉണ്ടാക്കുകയും ചെയ്തു. സ്വന്തം ആവശ്യത്തിനു കൃഷിത്തൊഴിലാളിക്ക് തന്നിഷ്ടം പോലെ കൃഷി നടത്താം .എന്നാൽ  ഇരുപത് ഭാഗം കൃഷിഭൂമിയിലെ വിളവിന് മൂന്നു ഭാഗത്തെ വിളവ് എന്ന കണക്കിൽ  ഭൂവുടമയ്ക്ക് വേണ്ടി നീലം കൃഷി നടത്തുകയും അവർക്ക് വിള എത്തിച്ചു കൊടുക്കുകയും വേണം. ഈ നിയമം "തീൻ കാദിയ" വ്യവസ്ഥ എന്നാണ് അറിയപ്പെട്ടിരുന്നത്. (20 കാദിയ ഒരു ഏക്കറിന് തുല്യമാണ്) . ഇത് പാട്ടക്കുടിയാന്മാർക്ക് വമ്പിച്ച നഷ്ടം വരുത്തിയിരുന്നു. അതിനാൽ ഓരോ വിളവെടുപ്പ് കഴിയുംതോറും അവർ കൂടുതൽ കൂടുതൽ കടക്കാരാവുകയായിരുന്നു. എന്നാൽ വ്യവസ്ഥ തെറ്റി നടക്കാൻ അവർക്ക് തന്റേടം ഉണ്ടായിരുന്നില്ല.ഭൂവുടമ കടക്കാർക്കു വേണ്ടി കാട്ടിൽ തടവറകൾ പണിതു വച്ചിരുന്നു. അവർ അത്തരക്കാർക്ക് ശിക്ഷ വിധിക്കുകയും തടവറയിൽ ഇട്ടു പീഡിപ്പിക്കുകയും ചെയ്തു. ഗുണ്ടകളെ കൊണ്ട് അവരെ ഉപദ്രവിക്കുകയും പതിവായിരുന്നു.  
      ഇതുകൂടാതെ വേറെയും ചില നികുതികൾ ഭൂവുടമകൾ വസൂലാക്കിയിരുന്നു. വീടുകളിൽ വിശേഷം ഉണ്ടായാൽ ആണ് ഇതു നൽകേണ്ടി വന്നിരുന്നത്. കേരളത്തിലും പണ്ട് ഈ സമ്പ്രദായം ഉണ്ടായിരുന്നു. ജന്മി -കുടിയാൻ വ്യവസ്ഥ ഉണ്ടായിരുന്ന കാലത്ത് കുടിയാൻ്റെ ,കുടുംബങ്ങളിലും ജന്മിയുടെ കുടുംബങ്ങളിലും വിശേഷദിവസമുണ്ടാകുമ്പോൾ ,കുടിയാൻ, ജന്മിക്കു കാഴ്ച വസ്തുക്കൾ എത്തിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു .കോൺഗ്രസിന്റെ വാർഷിക സമ്മേളനം നടന്നപ്പോൾ അതിൽ സന്നിഹിതനായിരുന്ന ഗാന്ധിജിയോട് ബീഹാറിൽ നിന്നും വന്ന ഒരു പ്രതിനിധി ചമ്പാരനിലെ കൃഷിക്കാരുടെ ദയനീയ നില വിശദീകരിച്ചു കൊടുത്തു 
ഈ പ്രശ്നം ഏറ്റെടുത്തു നടത്താൻ ഗാന്ധിജിയെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. അതനുസരിച്ച് ഗാന്ധിജി ഒരു സംഘം സത്യാഗ്രഹകളുമായി ചമ്പാരനിലേക്ക് പോകാൻ തീരുമാനിച്ചു .വഴിയിൽ തോട്ടം ഉടമാസംഘ പ്രസിഡണ്ടിനെ കണ്ടു വിവരമന്വേഷിക്കാൻ ശ്രമിച്ച ഗാന്ധിജിയോട് അയാൾ ധിക്കാരം പറഞ്ഞു "ഇത് തോട്ടം ഉടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്നമാണ് അന്യനായ നിങ്ങൾക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമില്ല വന്ന വഴി തിരിച്ചു പോവാം". ഗാന്ധിജി പിന്നീട് സംഘവുമായി പോലീസ് കമ്മീഷണറെ കണ്ടു. കമ്മീഷണറും പരുക്കൻ മട്ടിലാണ് ഗാന്ധിജിയോട് പെരുമാറിയത്. ഗാന്ധിജിയുടെ തന്നെ വാക്കുകളിൽ "കമ്മീഷണർ എന്നെ ഭീഷണിപ്പെടുത്തുകയും ഉടൻ ,തിർഹാട്ട് (:ചമ്പാരൻ ജില്ലയിലെ പോലീസ് ഡിവിഷൻ ആസ്ഥാനം') വിട്ടുകൊള്ളാൻ അജ്ഞാപിക്കുകയും ചെയ്തു.
 ഗാന്ധിജിയും സംഘവും യാത്ര തുടർന്നു. 
നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഗാന്ധിജി ദിവസങ്ങളോളം അവരോടൊപ്പം കഴിച്ചുകൂട്ടി. ഗ്രാമീണരുടെ കൂരകളിൽ കയറിച്ചെന്നു. അവരോടൊപ്പം ഭക്ഷണം കഴിച്ചു .അവരുടെ ജീവിതശൈലിയും ദുരിതങ്ങളും മനസ്സിലാക്കി. അവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ നീണ്ട കഥ ഒന്നൊഴിയാതെ അവർ ഗാന്ധിജിയുടെ മുമ്പിൽ നിരത്തി.  ഗാന്ധിജിയിൽ അവർ അവരുടെ രക്ഷകനെ കണ്ടെത്തി. ഗാന്ധിജി കൃഷിക്കാരുടെ പ്രശ്നങ്ങൾ അധികൃതരുമായി സംസാരിച്ചു .ഭൂ ഉടമകളെയും കണ്ടു. സംയമനത്തിന്റെ മാർഗ്ഗം സ്വീകരിക്കാൻ ഗാന്ധിജി ഭൂവുടമകളെ ഉപദേശിച്ചു.
     കോൺഗ്രസിന്റെ നിരവധി പ്രവർത്തകരും നേതാക്കന്മാരും ഗാന്ധിജിയോടൊപ്പം ചമ്പാരനിൽ എത്തിയിരുന്നു . ഈ സമരകാലത്താണ് രാജേന്ദ്രപ്രസാദ് ഗാന്ധിജിയുമായി ബന്ധപ്പെടുന്നത് .പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദ് അന്നുമുതൽ ഗാന്ധിജിയുടെ അടുത്ത അനുയായികളിൽ ഒരാളായി മാറി.
 സർക്കാരിന് എന്തെങ്കിലും പറഞ്ഞ് ഗാന്ധിജിയെ ഒഴിവാക്കാനാവുമായിരുന്നില്ല .അത്രയും നന്നായി നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ ഗാന്ധിജി സർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. സർക്കാരിന് ഗാന്ധിജിയെ ഭയവുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തിയ ഇതിഹാസ തുല്യമായ സമരത്തെപ്പറ്റി അവർക്ക് കേട്ടറിവുണ്ടായിരുന്നു. ഇന്ത്യയിലെ തൻറെ പ്രഥമ സംരംഭം പരാജയപ്പെട്ടാൽ അതു രാജ്യത്തിൻറെ തന്നെ പരാജയമായി തീർന്നേക്കും എന്ന് ഗാന്ധിജിക്കും തോന്നി. അതിനാൽ പ്രശ്നം പരിഹൃതമാകുവോളം പിൻവാങ്ങാൻ ഭാവമില്ലാത്ത കർക്കശ നിലപാടിലായിരുന്നു ഗാന്ധിജി .
   ഒടുവിൽ സർക്കാർ കീഴടങ്ങി .പ്രശ്ന പരിഹാരത്തിന് ഗാന്ധിജിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരു അന്വേഷണ കമ്മീഷനെ നിശ്ചയിക്കാൻ ഗവൺമെൻറ് തയ്യാറായി. കൃഷിക്കാരുടെ അവശതകൾ എന്തൊക്കെയെന്നും ഏതെല്ലാം മാർഗത്തിൽ പരിഹരിക്കാമെന്നും കണ്ടെത്തുകയായിരുന്നു കമ്മീഷന്റെ ജോലി. കമ്മിറ്റിയുടെ നിഗമനം നീലം കർഷകർക്ക് അനുകൂലമായ വിധത്തിലായിരുന്നു. ഗവൺമെന്റിന് അതു നടപ്പാക്കേണ്ടിയും വന്നു.
    ഗാന്ധിജി ഇന്ത്യയിൽ വിജയം വരിച്ച ആദ്യത്തെ സമരമായിരുന്നു ചമ്പാരനിലേത്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി.

No comments:

Post a Comment