അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ
44. ഖേദാ സമരം.
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ സത്യഗ്രഹ സമരം അദ്ദേഹത്തിൻറെ തന്നെ ജന്മനാടായ ഗുജറാത്തിൽ ആയിരുന്നു. ഗുജറാത്തിലെ ഖേദ ജില്ലയിലെ വരൾച്ചയും ക്ഷാമവും ആയിരുന്നു പ്രശ്നം. കാലം ചതിച്ചതുമൂലം ഗുജറാത്തിൽ മഴ ലഭിച്ചിരുന്നില്ല .പാടങ്ങൾ മഴയുടെ ദൗലഭ്യം മൂലം ഉണങ്ങി വിണ്ടുകീറുകയും കൃഷിയ്ക്ക് യോഗ്യമല്ലാതാവുകയും ചെയ്തു. പലരും കൃഷിപ്പണി നടത്തിയില്ല. വെള്ളമില്ലാതെ വിത്തിറക്കിയിട്ട് പ്രയോജനം എന്ത് എന്ന പരിഭ്രാന്തിയിൽ ആയിരുന്നു അവർ. അതോടെ ക്ഷാമം പിടിപെടുകയും ജനങ്ങൾ പട്ടിണിയിലാവുകയും ചെയ്തു. എന്നാൽ ഇതൊന്നും നികുതി ഉദ്യോഗസ്ഥന്മാരുടെ കാഴ്ചപ്പാടിൽ അവർക്ക് നികുതി കൊടുക്കാതിരിക്കാനുള്ള കാരണമായിരുന്നില്ല. നിയമാനുസൃതമായി വിളയുടെ നാലിൽ മൂന്നു ഭാഗം. വിളവ് നാശം വന്നാൽ കർഷകരെ നികുതിഭാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. പക്ഷേ സർക്കാർ വിളനാശത്തിന് നേരെ കണ്ണടച്ചു അഭ്യർത്ഥനകളും അപേക്ഷകളും എല്ലാം നിഷ്ഫലമായപ്പോൾ 1918 മാർച്ചിൽ നികുതി നിഷേധ സമരം തുടങ്ങാൻ ഗാന്ധിജി കൃഷിക്കാരെ ആഹ്വാനം ചെയ്തു. "കണ്ണിൽ ചോരയില്ലാത്ത, പ്രതികാര വാഞ്ചയോടു കൂടിയ നയത്തിനെതിരെ മരണംവരെ പൊരുതാൻ ഗാന്ധിജി ഉദ്ബോധിപ്പിച്ചു. "ജനങ്ങളുടെ അനുമതിയില്ലാതെ അവരെ ഭരിക്കുക അസാധ്യമാണെന്ന് കാണിച്ചു കൊടുക്കണം" അദ്ദേഹം പറഞ്ഞു
വല്ലഭായ് പട്ടേൽ, ഇന്ദുലാൽ യജ്ഞിക്ക് തുടങ്ങിയവരോടൊപ്പം ഗാന്ധിജി ഗ്രാമങ്ങൾതോറും സഞ്ചരിച്ച് കർഷകർക്ക് ധൈര്യം പകർന്നു .ദേശീയ നേതാക്കന്മാരിലൊരാളായി വളർന്ന വല്ലഭായ് പട്ടേൽ ഖേദ ജില്ലക്കാരനാണ്.
നികുതി നിഷേധ സമരത്തെ സർക്കാർ ശക്തമായിത്തന്നെ നേരിട്ടു. നികുതി കൊടുക്കാൻ വിസമ്മതിക്കുന്ന കർഷകരുടെ വീട്ടുപകരണങ്ങൾ ബലമായി എടുത്തുകൊണ്ടുപോയി. വിളകൾ കണ്ടുകെട്ടി. കന്നുകാലികളെ പിടിച്ചുകൊണ്ടുപോയി. ഭീഷണികൾക്കും മർദ്ദനങ്ങൾക്കും മുമ്പിൽ കർഷകർ മുട്ടുകുത്തിയില്ല.വിളനാശം സംഭവിച്ച കർഷകരുടെ നികുതി ഒഴിവാക്കാൻ സമ്മതിച്ചില്ലെങ്കിൽ നികുതി നൽകില്ലെന്ന് കർഷകർ യോഗം ചേർന്ന് പ്രതിജ്ഞയെടുത്തു. തികച്ചും ന്യായമായ ആവശ്യമാണ് കർഷകർ ഉന്നയിച്ചത് .കർഷകരുടെ സമരത്തിന് മുമ്പിൽ കീഴടങ്ങി, ആവശ്യം അംഗീകരിച്ചു എന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. അതുകൊണ്ട് സർക്കാർ ഒരു രഹസ്യ നിർദ്ദേശം നൽകി
"നികുതി കൊടുക്കാൻ ശേഷിയുള്ള കർഷകരിൽ നിന്നും മാത്രം നികുതി ഈടാക്കിയാൽ മതി".
സർക്കാർ പരസ്യമായി സമ്മതിച്ചില്ലെങ്കിലും കർഷകരുടെ ആവശ്യം അംഗീകരിച്ചതോടെ സമരം പിൻവലിച്ചു .നികുതി നിഷേധസമരമുറയുടെ വിജയമായിരുന്നു ഖേദയിൽ നടന്നത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി ജി
No comments:
Post a Comment