🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, November 16, 2023

തുണിമിൽ തൊഴിലാളി സമരം /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 45 . തുണിമിൽ തൊഴിലാളി സമരം

ഖേദ സമരം പോലെയുള്ള ഒരു സമരമായിരുന്നു ഗുജറാത്തിലെ തന്നെ അഹമ്മദാബാദിൽ നടന്നത് .അഹമ്മദാബാദ് തുണി മില്ലുകളുടെ കേന്ദ്രമായിരുന്നു. യുദ്ധകാലമായതിനാൽ മില്ലുടമകൾക്കും വ്യാപാരികൾക്കും നല്ല കൊയ്ത്തായിരുന്നു. അവർക്കു മാത്രമായിരുന്നില്ല, കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും സുവർണ്ണകാലം തന്നെ. കഷ്ടപ്പെടുന്നതും ദുരിതം അനുഭവിക്കുന്നതും സാധാരണക്കാർ. അഹമ്മദാബാദിലെ മില്ലുടമകൾ അവരുടെ സ്ഥാപനത്തിലെ തൊഴിലാളികളുമായി നിരന്തര മത്സരത്തിലായിരുന്നു. തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നും വേതനം കൃത്യമായി ലഭിക്കുന്നില്ല എന്നും വേതന വർദ്ധനവിന് കാലമായിട്ടും മുതലാളിമാർ നൽകാൻ കൂട്ടാക്കുന്നില്ല എന്നുമുള്ള പരാതികളായിരുന്നു തൊഴിലാളികൾക്ക്. മദ്ധ്യസ്ഥ ശ്രമങ്ങൾ പലവട്ടം നടന്നിട്ടും മുതലാളിമാരുടെ മർക്കട മുഷ്ടി കാരണം എല്ലാം പാഴായി . ഈ സാഹചര്യത്തിലാണ് ഗാന്ധിജി ഇടപെടണമെന്ന് തൊഴിലാളികൾ അഭ്യർത്ഥിച്ചത്.
     ഗാന്ധിജി തുണിമിൽ മുതലാളിമാരുമായി ഇക്കാര്യം സംസാരിച്ചു. അവർ പിടിവാശിയിൽ തന്നെ നിന്നു. ഗത്യന്തരമില്ലെന്ന് കണ്ട് ഗാന്ധിജി തൊഴിലാളികളോട് കമ്പനിയുടമകൾക്കെതിരെ സമരം നടത്താൻ ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഒരു വ്യവസ്ഥ പാലിക്കേണ്ടതുണ്ടായിരുന്നു. ബലപ്രയോഗത്തിനോ അക്രമത്തിനു തുനിയരുത്. തികച്ചും സമാധാനപരമായി സമരം നടത്തണം .ഗാന്ധിജിയുടെ വാക്കുകളോട് ആദരവ് കാട്ടിക്കൊണ്ട് അവർ സമരം തുടങ്ങി .എന്നാൽ മില്ലുടമകൾ അവരെ അവഗണിച്ചു. രണ്ടാഴ്ചയോളം സമാധാനപരമായ കുത്തിയിരുപ്പ് സമരം നടത്തിയിട്ടും മുതലാളിമാർ ശ്രദ്ധിച്ചില്ല. തൊഴിലാളികളുടെ നിസ്സഹായതയിൽ മനമലിഞ്ഞ ഗാന്ധിജി അവരോടൊപ്പം സമരത്തിന് ഇരുന്നു. മുതലാളിമാർക്ക് മനസ്സുമാറ്റം ഉണ്ടാകും വരെ താൻ ഉപവസിക്കുകയാണ് എന്ന് പ്രസ്താവിച്ചു കൊണ്ടാണ് ഗാന്ധിജി സമരം ആരംഭിച്ചത് .
   ഗാന്ധിജിയുടെ ഉപവാസ സമര വാർത്ത ഇന്ത്യയിലും വിദേശങ്ങളിലും ഉള്ള പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും മുഖപ്രസംഗങ്ങൾ എഴുതുകയും ചെയ്തു. വിദേശങ്ങളിൽ നിന്ന് പത്രപ്രതിനിധികൾ അഹമ്മദാബാദിലെത്തി. ഗാന്ധിജി നാല് ദിവസത്തെ ഉപവാസം പൂർത്തിയാക്കും മുമ്പ് മുതലാളിമാർ ഗാന്ധിജിയെ സന്ദർശിച്ച് ഉപവാസം പിൻവലിക്കാൻ അഭ്യർത്ഥിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാമെന്ന് അവർ ഗാന്ധിജിക്ക് വാക്കു കൊടുത്തു.  തൊഴിലാളികൾക്ക് മുപ്പത്തഞ്ച് ശതമാനം വേതന വർദ്ധനവ് നൽകി. അതോടെ ഗാന്ധിജിയുടെ പ്രശസ്തി ഉയർന്നു. ഗാന്ധിജി ഇന്ത്യയിലെ സാധാരണക്കാരുടെ നേതാവായി.
   ഇന്ത്യൻ ദേശീയത ഓഫീസുമുറികളിലെ കസാലകളിൽ നിന്നും താഴോട്ടിറങ്ങുകയും സാധാരണക്കാരുടെ ഹൃദയസ്പന്ദനങ്ങളുടെ ഭാഗമായിത്തീരുകയും ചെയ്തു. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും മുഖ്യമായും ഇടത്തരക്കാരെയാണ് അന്നോളം പ്രതിനിധീകരിച്ചിരുന്നത്. ഈ ബുദ്ധിജീവികൾ പരസ്പരം അറിഞ്ഞിരുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനസാമാന്യത്തെ അറിയുകയോ അവരെപ്പറ്റി ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന് അകത്തു നിന്നുകൊണ്ട് കൂടുതൽ സൗകര്യമുള്ള ഒരു സ്വയംഭരണ സമ്പ്രദായം ഇന്ത്യക്ക് ലഭിക്കണമെന്നല്ലാതെ അതിനപ്പുറം അവരുടെ ചിന്ത കാര്യമായി ഒന്നും വ്യാപരിച്ചിരുന്നില്ല .
   എന്നാൽ ഗാന്ധിജി സങ്കൽപ്പത്തിന് ഒരു പുതിയ വ്യാഖ്യാനം നൽകി. തൻറെ സങ്കൽപ്പത്തിലുള്ള ഇന്ത്യ എന്തായിരിക്കണം എന്ന് അദ്ദേഹം അസന്നിഗ്ധമായ ഭാഷയിൽ പ്രഖ്യാപിച്ചു.
   " പട്ടിണിപ്പാവങ്ങൾക്ക് പോലും ഇതു തൻറെ നാടാണ് എന്ന് ബോധ്യം ഉണ്ടാവുന്ന ഒരു ഇന്ത്യക്കു വേണ്ടിയാണ് നാം പ്രയത്നിക്കേണ്ടത്.  ഈ നാട് പടുത്തുയർത്തുന്നതിൽ അവർക്കു കൂടി സജീവ പങ്കാളിത്തമുണ്ടാവണം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇന്ത്യയിൽ താഴ്ന്നവനെന്നോ, ഉയർന്നവനെന്നോ ഭേദമുണ്ടാവില്ല. സമുദായങ്ങൾ തമ്മിൽ വൈജാത്യമുണ്ടാവില്ല. അവിടെ ഭിന്നതയില്ല അപകടകരമായ മത്സര്യമില്ല. അയിത്താചരണത്തിന് സ്ഥാനം ഉണ്ടാവില്ല.  ഹിന്ദുവെന്നോ, മുസ്ലിമെന്നോ, പാർസിയെന്നോ,  ക്രിസ്ത്യാനിയെന്നോ ഭേദമുണ്ടാവില്ല. എല്ലാവരും ഒരേ മാതാവിന്റെ സന്തതികൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം തുല്യ പ്രാതിനിധ്യം .ഹിന്ദുവിനും അഹിന്ദുവിനും തുല്യപങ്കാളിത്തം .എൻറെ സങ്കല്പത്തിൽ ഉള്ളത് രാമരാജ്യം .തുല്യനീതി തുല്യനിയമം തു ല്യപങ്കാളിത്തം .ഇതാണ് എൻറെ സങ്കല്പത്തിലുള്ള ഇന്ത്യ."
     തീണ്ടൽ ജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്നവരെ ഗാന്ധിജി ദൈവത്തിനരികിലാണ് പ്രതിഷ്ഠിച്ചിരുന്നത് .ആ നിലയിൽ ഗാന്ധിജി അവർക്കൊരു പുതിയ പേർ നൽകി. ദൈവത്തിൻറെ സ്വന്തം മക്കൾ എന്നർത്ഥം വരുന്ന പദമായിരുന്നു അത്-ഹരിജനങ്ങൾ ഇതേ നാമത്തിൽ ഗാന്ധിജി തന്റെ ആശയ അഭിലാഷങ്ങളും സന്ദേശവും പ്രചരിപ്പിക്കാൻ സബർമതിയിൽ ഒരു പുതിയ പത്രം ആരംഭിച്ചിരുന്നു 'യങ് ഇന്ത്യ' എന്ന മറ്റൊരു പ്രസിദ്ധീകരണവും. ഇന്ത്യയുടെ യുവ ചൈതന്യങ്ങളെ ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ഈ പ്രസിദ്ധീകരണം.
 തയ്യാറാക്കിയത് : പ്രസന്നകുമാരി ജി

No comments:

Post a Comment