അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും.
40.ഭാരത് മാതാ അസോസിയേഷൻ.
തെക്കേ ഇന്ത്യയിൽ പ്രവർത്തിച്ച വിപ്ലവകാരികളുടെ സംഘടനയായിരുന്നു 'ഭാരത് മാതാ അസോസിയേഷൻ'. തിരുനെൽവേലി സ്വദേശിയായ ചിദംബരം പിള്ളയായിരുന്നു ഇതിൻറെ സ്ഥാപകൻ. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയിൽ അദ്ദേഹം ഒരു കപ്പൽ കമ്പനി സ്ഥാപിച്ചിരുന്നു. 'കപ്പലോട്ടിയ മന്നൻ' എന്ന പേരിലാണ് ചിദംബരം പിള്ള അറിയപ്പെടുന്നത്.
ഭാരതമാതാ അസോസിയേഷൻറെ ആസ്ഥാനം ചെങ്കോട്ടയായിരുന്നു. സംഘടനയുടെ പ്രധാന പ്രവർത്തകരിൽ രണ്ടുപേർ വാഞ്ചി അയ്യരും നീലകണ്ഠ ബ്രഹ്മചാരിയും ആയിരുന്നു. പുനലൂർ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു വാഞ്ചി അയ്യർ. പുനലൂർ കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ ഈ സംഘടനയുടെ പ്രവർത്തനം വ്യാപിച്ചിരുന്നു.
ബിബിൻ ചന്ദ്രപാൽ ആയിരുന്നു ചിദംബരം പിള്ളയ്ക് വിപ്ലവ പ്രവർത്തനത്തിന് പ്രചോദനം നൽകിയത്.
തിരുനെൽവേലിയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ ചിദംബരം പിള്ള ബിപിൻ ചന്ദ്രപാലിനെ 'സ്വരാജ് സിംഹം' എന്നു പ്രശംസിച്ചു. വിദേശിവസ്തുക്കൾ ബഹിഷ്കരിക്കുവാനും പ്രസ്ഥാനത്തിൽ സജീവ പങ്കാളികളായി രംഗത്തിറങ്ങുവാനും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങൾ ഇതിനു തയ്യാറാവുകയാണെങ്കിൽ വെറും 90 ദിവസം കൊണ്ട് ബ്രിട്ടീഷ് കാട്ടാളന്മാരെ ഇവിടെ നിന്നും പുറത്താക്കാൻ പറ്റുമെന്നും ഇന്ത്യ സ്വതന്ത്രമാവുമെന്നും ചിദംബരം പിള്ള പ്രസംഗിച്ചു. ഇതൊരു സമരാഹ്വാനമാണെന്നും ജനങ്ങൾ ഇതുമൂലം ഇളകി വശായിരിക്കുക യാണെന്നും അവർ ലഹളയ്ക്കൊരുങ്ങാൻ സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോർട്ടിനെ ആസ്പദമാക്കി തിരുനെൽവേലി കളക്ടർ ചിദംബരം പിള്ളയെയും കൂട്ടുകാരൻ സുബ്രഹ്മണ്യ ശിവത്തേയും 1908 മാർച്ചിൽ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചു. ജയിലിൽ ചിദംബരം പിള്ളയും ശിവവും അതികഠിനമായ പീഡനങ്ങൾക്ക് വിധേയരായി .1912 ഡിസംബർ 12ന് അദ്ദേഹം ജയിൽ മോചിതനായി. അതിനിടയിൽ അദ്ദേഹത്തിൻറെ സ്വദേശി നാവിഗേഷൻ കമ്പനിയെ ബ്രിട്ടീഷുകാർ തകർത്തിരുന്നു. വാഞ്ചി അയ്യരെയും നീലകണ്ഠ ബ്രഹ്മചാരിയെയും ഭാരത് മാതാ അസോസിയേഷന്റെ മറ്റു സജീവപ്രവർത്തകരെയും ഇതു രോഷം കൊള്ളിച്ചു ചിദംബരം പിള്ളയെ ജയിലിൽ അടച്ച തിരുനെൽവേലി കളക്ടർ ആഷിനെ വധിക്കാനുള്ള ഉത്തരവാദിത്വം വാഞ്ചി അയ്യർ സ്വയം ഏറ്റെടുത്തു. അതിനുള്ള സമയവും സൗകര്യവും നിരീക്ഷിച്ചുകൊണ്ട് വാഞ്ചി അയ്യർ കളക്ടറെ നിഴൽ പോലെ പിന്തുടർന്നു .
1911 ജൂൺ 11. ആഷും കുടുംബവും അന്ന് കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസയാത്ര പോകാൻ പരിപാടി ഉള്ളതായി പത്രപംക്തികളിൽ നിന്നും വാഞ്ചി അയ്യർ മനസ്സിലാക്കി. തിരുനെൽവേലിയിൽ നിന്ന് മണിയാച്ചി ജംഗ്ഷൻ വരെയും, അവിടെനിന്ന് മറ്റൊരു തീവണ്ടിയിൽ കൊടൈക്കനാൽ റോഡ് വരെയും പ്രത്യേക സലൂണിൽ ആണ് യാത്ര. അവരുടെ സലൂണിനോടൊപ്പം കൊളുത്തിയിട്ടിരുന്ന ഒഴിഞ്ഞ കമ്പാർട്ട്മെന്റിൽ വാഞ്ചി അയ്യർ കയറിപ്പറ്റുകയായിരുന്നു. മണിയാച്ചി ജംഗ്ഷനിൽ സലൂൺ അഴിച്ചിട്ടു. മറ്റൊരു വണ്ടി വരാനുണ്ട്. അതിൽ കൊളുത്തി വേണം കളക്ടറുടെ സലൂൺ കൊടൈക്കനാൽ റോഡ് വരെ എത്താൻ .വരാനുള്ള വണ്ടിയും കാത്ത് ആഷിന്റെ തീവണ്ടി മറ്റൊരു ലൈനിലേക്ക് മാറ്റിയിട്ടു. അല്പനേരം കൊണ്ട് സലൂൺ കൊളുത്തേണ്ട വണ്ടി വന്നു. പ്ലാറ്റ്ഫോറത്തിൽ യാത്രക്കാരുടെ തിരക്ക്. അപ്പോഴാണ് ഇടിമുഴക്കം പോലെയുള്ള ഒരു ശബ്ദം കേട്ടത്. ഇടിവെട്ടിയതാവും എന്ന് ചിലർ വിചാരിച്ചു. പക്ഷേ കളക്ടറുടെ സലൂണിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടപ്പോൾ പോലീസ് ചാടിയെത്തി അപ്പോഴേക്കും കയ്യിൽ നീട്ടി പിടിച്ച തോക്കുമായി ജനക്കൂട്ടത്തിനിടയിലേക്ക് കുതിച്ച അക്രമിയെ പിടിക്കാൻ ചിലർ പാഞ്ഞു വന്നെങ്കിലും വാഞ്ചി അയ്യർ ഗർജിച്ചു. 'തോക്കിനുള്ളിൽ ഇനിയും നിരവധി ഉണ്ടകൾ ബാക്കി കിടക്കുന്നു .മരണ ഭയം ഇല്ലെങ്കിൽ മാത്രം അടുത്തു വന്നാൽ മതി.' വാഞ്ചി അയ്യര്‍ പിറകോട്ട് മാറി മാറി പ്ലാറ്റ്ഫോറത്തിന്റെ വലത്തെ അറ്റത്തുള്ള മൂത്രപ്പുരയിലേക്ക് പാഞ്ഞു കയറി വാതിൽ അടച്ചു. അക്രമിയെ കീഴടക്കാൻ ചെന്ന പോലീസ് സംഘം, അക്രമിയെ കെണിയിൽ അകപ്പെടുത്തിയ ചാരിതാർത്ഥ്യത്തോടെ നിറതോക്കുമായി വെളിയിൽ കാത്തുനിന്നു. അതിനിടയിൽ വാഞ്ചി അയ്യർ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. സലൂണിൽ തിരുനെൽവേലി കളക്ടർ ആഷ് മരിച്ചുകിടന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി മുറിവേറ്റ് അബോധാവസ്ഥയിലും ആയിരുന്നു . വാഞ്ചി അയ്യരുടെ കുപ്പായക്കീശയിൽ നിന്നും ലഭിച്ച കടലാസ് കുറിപ്പ് അനുസരിച്ച് ആണ് പോലീസ് അയാളെ തിരിച്ചറിഞ്ഞത് .ചിലരുടെ മേൽവിലാസങ്ങളും കേസിന് സഹായകമായ പല തെളിവുകളും അവർക്ക് ആ കുറിപ്പുകളിൽ നിന്നും ലഭിച്ചു .അങ്ങനെയാണ് നീലകണ്ഠ ബ്രഹ്മചാരിയെയും മറ്റു പലരെയും അറസ്റ്റ് ചെയ്തത്.
കോടതിയിൽ വിപ്ലവകാരികൾക്ക് വേണ്ടി കേസ് വാദിച്ചത് ആന്ധ്രക്കാരനായ കോൺഗ്രസ് നേതാവ്
ടി. പ്രകാശം ആയിരുന്നു. 'ആന്ധ്ര കേസരി' എന്ന പേരിലാണ് രാഷ്ട്രീയ രംഗത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെയും ആന്ധ്രാപ്രദേശിന്റെയും മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടിൽ നിന്നും ബാരിസ്റ്റർ പരീക്ഷ പാസായി മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച കാലത്താണ് രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കാൻ ഇറങ്ങിയത് .വാഞ്ചി അയ്യരുടെയും മറ്റും കേസ് കേട്ടത് മറ്റൊരു കോൺഗ്രസ് നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡന്റുമായിരുന്ന മലയാളിയായ ശ്രീ. സി. ശങ്കരൻ നായരും.
മണിയാച്ചി കൊലക്കേസുമായി ബന്ധപ്പെട്ട് നീലകണ്ഠ ബ്രഹ്മചാരിക്കും വാഞ്ചി അയ്യരുടെ ഒരു ബന്ധുവായ ശങ്കര കൃഷ്ണയ്യർക്കും മറ്റു പലർക്കും വിവിധ കാലത്തേക്ക് തടവു ശിക്ഷ ലഭിച്ചു .
കൊലക്കേസിൽ രക്തസാക്ഷിത്വം വരിച്ച വാഞ്ചി അയ്യരെ പിന്നീട് ആദരിച്ചതും സ്മരണ ശാശ്വതമാക്കിയതും മണിയാച്ചി റെയിൽവെ സ്റ്റേഷന്റെ പേര് 'വാഞ്ചിമണിയാച്ചി' എന്ന് പുനർനാമം ചെയ്തുകൊണ്ടായിരുന്നു.
ഇതേ കാലയളവിൽ വിദേശത്തു ചെന്ന് ഇന്ത്യയുടെ വിമോചനത്തിനുവേണ്ടി യത്നിച്ച മറ്റൊരു മലയാളിയായിരുന്നു ചെമ്പകരാമൻ പിള്ള .1891 സെപ്റ്റംബർ 15ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ചിന്നപ്പസ്വാമി പിള്ള ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു. പഠിച്ചത് ഗാന്ധാരി അമ്മൻ കോവിലിന് അടുത്തുള്ള തമിഴ് വിദ്യാലയത്തിൽ. ആയിടയ്ക്കാണ്, ബ്രിട്ടീഷുകാരനായ വാൾട്ടർ വില്യം സ്മരിക്ക് ലാൻഡ് എന്ന ശാസ്ത്രജ്ഞൻ തിരുവനന്തപുരത്തെത്തുന്നത്. അദ്ദേഹം ഒരു പക്ഷി നിരീക്ഷകൻ കൂടിയായിരുന്നു. ആരോടും എളുപ്പത്തിൽ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും കഴിവുള്ള ചെമ്പകരാമൻ ഈ ശാസ്ത്രജ്ഞനുമായി പരിചയപ്പെട്ടു. ചെമ്പകരനോട് വിദേശിക്ക് വലിയ മതിപ്പു തോന്നി. തൻറെ രാജ്യത്തേക്ക് വരാൻ തയ്യാറുണ്ടോ എന്ന ശാസ്ത്രജ്ഞന്റെ അന്വേഷണത്തിന് ചെമ്പകരാമൻ അനുകൂല ഭാവം കാട്ടി. മാതാപിതാക്കളുടെ സമ്മതത്തോടെ ചെമ്പകരാമൻ അയാളോടൊപ്പം കപ്പൽ കയറി . ചെമ്പക രാമനിലെ പ്രതിഭ കണ്ടെത്തിയ ദയാലുവായ അദ്ദേഹം കുട്ടിയെ ഉപരിപഠനത്തിന് ചേർത്തു .നന്നായി പഠിച്ച് ചെമ്പകരാമൻ രാഷ്ട്ര മീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും അത്യുന്നത ബിരുദങ്ങൾ. നേടി. ഈ സന്ദർഭത്തിലാണ് ജർമനിയിലെ ഇന്ത്യൻ വിപ്ലവ പ്രസ്ഥാന പ്രവർത്തകരായ വിരേന്ദ്രനാഥ ചതോപാധ്യയും ഹർദയാലും മറ്റുമായി പരിചയപ്പെടുന്നതും ഉറ്റ സൗഹൃദം സ്ഥാപിക്കുന്നതും.
അവരുടെയും അവിടുത്തെ ചില ദേശസ്നേഹികളായ ഇന്ത്യക്കാരുടെയും സഹായത്തോടെ 'ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി ' എന്ന പേരിൽ ചെമ്പകരാമൻ പിള്ള ഒരു പ്രസ്ഥാനം ഉണ്ടാക്കി.' പ്രൊ ഇന്ത്യ ' എന്ന ഒരു പത്രവും പ്രസിദ്ധീകരിച്ചു തുടങ്ങി. ജർമൻ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിനാൽ ധാരാളം ജർമൻ യുവാക്കളുമായി അടുത്ത സുഹൃദ്ബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അതോടെ ജർമൻ ജീവിതത്തിന്റെ ഒരു ഭാഗമായി മിടുക്കനായ ചെമ്പകരാമൻ പിള്ള.
ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഒരൊറ്റമാർഗമേയുള്ളൂ എന്ന് വിശ്വസിച്ച ആളായിരുന്നു അദ്ദേഹം. ബ്രിട്ടൻ സ്വമനസ്സാലെ ഇന്ത്യയുടെ ആധിപത്യം ഉപേക്ഷിച്ചു പോവുക. ബ്രിട്ടീഷുകാർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ വിദേശ ശക്തികളുടെ സഹായം തേടി ഇന്ത്യയെ മോചിപ്പിക്കണം എന്ന അഭിപ്രായമായിരുന്നു ചെമ്പകരാമൻ പിള്ളയുടേത് . ആ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജർമ്മൻ ചക്രവർത്തിയായിരുന്ന കൈസർ വില്യമിനെ പോലും ചെന്നു കണ്ടു ഇന്ത്യയെ കീഴടക്കി ഇംഗ്ലീഷുകാരിൽ നിന്നും തങ്ങളെ മോചിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഒന്നാം ലോക യുദ്ധം ആരംഭിച്ചപ്പോൾ ജർമ്മൻ നാവികസേനയുടെ എംഡന്‍ എന്ന പടക്കപ്പലിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ചെമ്പകരാമൻപിള്ള. ഇന്ത്യയെ ആക്രമിക്കാനുള്ള ലക്ഷ്യവുമായി മദ്രാസ് തീരത്ത് പ്രത്യക്ഷപ്പെട്ട ഈ കപ്പലിൽ ചെമ്പകരാമൻ പിള്ളയും ഉണ്ടായിരുന്നു. 1914 സെപ്റ്റംബർ 22നാണ് ജർമ്മൻ കപ്പലിന്റെ ഈ ആക്രമണം ഉണ്ടായത്. ജർമൻ യോദ്ധാക്കൾ അന്ന് മദ്രാസിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. ഇന്ത്യയുടെ മോചനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ ഈ വിപ്ലവകാരി ഇന്ത്യയിലെ അന്നത്തെ മിക്കവാറും എല്ലാ നേതാക്കളുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ ചെമ്പകരാമൻ പിള്ള അവിടെ ചെന്ന് ഗാന്ധിജിയുമായി ഇന്ത്യയിലെ കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് ജർമ്മനിയിലെ നാസികളുമായി ചെമ്പകരാമൻ പിള്ള പിണങ്ങി .അതേത്തുടർന്ന് ഒരുകാലത്ത് സ്നേഹിതനായിരുന്ന അദ്ദേഹത്തെ ജർമ്മൻകാർ കഠിന ശത്രുവായി കണക്കാക്കി .അവരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ സഹിക്കേണ്ടിയും വന്നു. ചെമ്പകരാമൻ പിള്ളയുടെ അന്ത്യം പോലും അവർ നടത്തിയ മൃഗീയ മർദ്ദനം മൂലമാണ് ഉണ്ടായത്. 1934 മെയ് 20ന് അദ്ദേഹം മരിച്ചു. തങ്ങളുടെ ഏറ്റവും കടുത്ത ശത്രുവായിരുന്ന മഹാനായ ആ വിപ്ലവകാരിയുടെ തലയ്ക്ക് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം വില പ്രഖ്യാപിച്ചിരുന്നു. മരണശേഷം ചെമ്പകരാമൻ പിള്ളയുടെ സഹധർമ്മിണി ലക്ഷ്മിഭായി പിള്ള 1935ൽ ഭർത്താവിൻറെ ചിതാഭസ്മം ഇന്ത്യയിൽ കൊണ്ടുവന്നു. ബോംബെയിൽ അവരുടെ വാസ സ്ഥലത്ത് ആണ് ചിതാഭസ്മ കുംഭം സൂക്ഷിച്ചത് .1966 സെപ്റ്റംബർ 19ന് ചിതാഭസ്മം രാജകീയ പ്രൗഢിയോടെ ഇന്ത്യയുടെ യുദ്ധക്കപ്പലിൽ ജന്മദേശമായ കേരളത്തിൽ കൊണ്ടുവന്നു. ആ വർഷം ഒക്ടോബർ രണ്ടിന് കന്യാകുമാരിയിലെ സമുദ്രജലത്തിൽ നിമഞ്ജനവും ചെയ്തു.
തയ്യാറാക്കിയത്: പ്രസന്നകുമാരി ജി.
No comments:
Post a Comment