🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, December 2, 2023

മലബാർ കലാപവും വാഗൺ ട്രാജഡിയും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 51. മലബാർ കലാപവും വാഗൺ ട്രാജഡിയും.
        ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന് മലബാർ കലാപമായിരുന്നു.
    ബ്രിട്ടീഷ് ഭരണാധികാരികളും മറ്റുചിലരും മാപ്പിള കലാപമായും, ഹിന്ദു -മുസ്ലിം ലഹളയായും ചിത്രീകരിക്കുന്ന ഈ സമരം യഥാർത്ഥത്തിൽ കർഷക കലാപമായിരുന്നു. ഒപ്പം ബ്രിട്ടീഷ് വിരുദ്ധ സമരവും. ഇന്നത്തെ മലപ്പുറം, പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടന്ന ഏറനാട്,  വള്ളുവനാട് പ്രദേശങ്ങളിലാണ് സമരം ആളിപ്പടർന്നത്. ഈ സമരം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. 19ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഏറനാട്ടിലെ കർഷകർ,  വൻകിട ജന്മിമാർക്കും അവരെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്കും എതിരെ നിരവധി ചെറുകിട പോരാട്ടങ്ങൾ നടത്തിയിരുന്നു. അതുവരെ അമർത്തി വയ്ക്കപ്പെട്ടിരുന്ന അമർഷങ്ങളുടെ ശക്തമായ ഒരു പൊട്ടിത്തെറിയായിരുന്നു, മലബാർ കലാപം .
   1836 നും 1854 നും ഇടയ്ക്ക് ഏറനാട്ടിൽ കർഷകരുടെ 22 കലാപങ്ങൾ നടന്നതായാണ് ഔദ്യോഗിക കണക്ക്. കുടിയൊഴിപ്പിക്കുക, അന്യായമായ തോതിൽ നികുതി അടിച്ചേൽപ്പിക്കുക തുടങ്ങിയ ദ്രോഹനടപടികളെ ചെറുക്കാൻ കൃഷിക്കാർ മുന്നോട്ട് വന്നതാണ് കലാപങ്ങൾക്കുള്ള മുഖ്യകാരണം. കർഷകരിൽ ഭൂരിപക്ഷവും മുസ്ലീങ്ങൾ ആയിരുന്നു. അവരോടൊപ്പം നിന്ന മുസ്ലിം പുരോഹിതന്മാരെയും ബ്രിട്ടീഷുകാർ വെറുതെ വിട്ടില്ല. 1852ൽ തിരൂരങ്ങാടി പള്ളിയിലെ സെയ്ത് ഫൈസൽ പൂക്കോയതങ്ങളെയും കുടുംബത്തെയും ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അറേബ്യയിലേക്ക് നാടുകടത്തി. 
  ഖിലാഫത്ത് പ്രസ്ഥാനവും 1920ൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസ് സമ്മേളനവും ഏറനാട്ടിലെ കർഷകരിൽ പുതിയൊരു ആവേശവും ഉണർവും സൃഷ്ടിച്ചു. മഞ്ചേരി സമ്മേളനം അംഗീകരിച്ച ഒരു പ്രധാന ആവശ്യം കുടിയാന്മാരുടെ അവകാശങ്ങൾ അംഗീകരിക്കണം എന്നതായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത വൻകിട ജന്മിമാരുടെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇത് സംബന്ധിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഭാഗമായി നാട്ടിലുടനീളം രൂപം കൊണ്ട ഖിലാഫത്ത് കമ്മിറ്റികൾ കുടിയാന്മാരുടെ ആവശ്യങ്ങളും ഉന്നയിക്കാൻ തുടങ്ങി.
     പൂക്കോട്ടൂരിൽ രൂപീകരിച്ച കുടിയാൻ കമ്മിറ്റിയുടെയും ഖിലാഫത്ത് കമ്മിറ്റിയുടെയും പ്രധാന പ്രവർത്തകനായിരുന്നു വടക്കേവീട്ടിൽ മുഹമ്മദ്. ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമയായ നിലമ്പൂർ കോവിലകം വക പൂക്കോട്ടൂർ കളത്തിലെ കാര്യസ്ഥനായിരുന്നു മുഹമ്മദ്. ഖിലാഫത്ത് കമ്മറ്റിയുമായി ബന്ധപ്പെട്ടതിന്റെ പേരിൽ മുഹമ്മദിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനു പുറമേ മുഹമ്മദിനെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. പൂക്കോട്ടൂർ കളത്തിലെ മാനേജരായ തിരുമുൽപ്പാടിന്റെ  തോക്ക് മോഷ്ടിച്ചു എന്നതായിരുന്നു കേസ്. 1921 ജൂലൈ 30ന് മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് സംഘത്തെ ജനങ്ങൾ തടഞ്ഞു. നൂറുകണക്കിന് ആളുകൾ ചെറുക്കാൻ മുന്നോട്ടുവന്നപ്പോൾ പോലീസ് സംഘം പിന്മാറി. ഈ സംഭവത്തിന്റെ മറപിടിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾ നടത്തിയ അതിക്രമങ്ങളാണ് കലാപത്തിന് തീകൊളുത്തിയത്. ഖിലാഫത്ത്പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പള്ളികളിലും  റെയ്ഡ് നടത്താൻ അധികൃതർ പരിപാടിയിട്ടു. 1921 ആഗസ്റ്റ് 20ന് കോഴിക്കോട്ട് നിന്നെത്തിയ പോലീസും പട്ടാളവും തിരൂരങ്ങാടി പള്ളി റെയ്ഡ് ചെയ്യുകയും ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ചില പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പള്ളിയിൽ പട്ടാളം കടന്നതിന്റെയും അറസ്റ്റിന്റെയും വിവരമറിഞ്ഞ് ജനങ്ങൾ തടിച്ചുകൂടി. വന്ദ്യ വയോധികനായ അലി മുസലിയാരുടെ നേതൃത്വത്തിൽ ജനങ്ങൾ കോഴിക്കോട്ട് നിന്നെത്തിയ കളക്ടർ തോമസിനെയും പോലീസ് സംഘത്തെയും സമീപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. സമാധാനപരമായി കൂടിനിന്ന ജനങ്ങളുടെ നേരെ പോലീസ് നിറയൊഴിക്കുകയാണ് ചെയ്തത്. 17 പേർ വെടിവെപ്പിൽ മരിച്ചു. ഇതോടെ ജനങ്ങൾ ഇളകി. അവർ തിരിച്ചടിച്ചു. രണ്ട് ബ്രിട്ടീഷുകാർ ഉൾപ്പെടെ ആറ് പോലീസുകാർ കൊല്ലപ്പെട്ടു. സ്ഥിതി പന്തിയല്ലെന്ന് കണ്ട കളക്ടറും സംഘവും പിന്തിരിഞ്ഞു. കോഴിക്കോടിനെ തിരൂരങ്ങാടി ഭാഗവുമായി ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയും പാലങ്ങളും വാർത്താവിനിമയ ബന്ധങ്ങളും ജനങ്ങൾ തകർത്തു. തുടർന്ന് തിരൂരങ്ങാടി കേന്ദ്രമാക്കി "ഖിലാഫത്ത് സർക്കാർ" രൂപീകരിച്ചതായി അലി മുസലിയാർ പ്രഖ്യാപിച്ചു. ധീരന്മാരായ ലവക്കുട്ടിയും കുഞ്ഞലവിയും ആയിരുന്നു അലിമുസലിയാരുടെ മുഖ്യ സഹായികൾ. തിരൂരങ്ങാടിയുടെ മാതൃക പിന്തുടർന്ന്  നിലമ്പൂർ, പൂക്കോട്ടൂർ, പാണ്ടിക്കാട്, പൊന്നാനി, മണ്ണാർക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഖിലാഫത്ത് ഭരണം വ്യാപിച്ചു.  വാരിയം കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജി, ചെമ്പകശ്ശേരി തങ്ങൾ, സീതികോയതങ്ങൾ, ഇമ്പിച്ചി കോയ തങ്ങൾ തുടങ്ങിയവരായിരുന്നു അലി മുസലിയാർക്ക് പുറമേ നേതൃത്വനിരയിലുണ്ടായിരുന്നത്.
     ഖിലാഫത്ത് പ്രവർത്തകർ സർക്കാർ ട്രഷറികൾ പിടിച്ചെടുത്തു. പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു. വൻകിട ജന്മിമാരുടെ വീടുകൾ കയ്യേറി, ഭൂമി സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു. ഹിന്ദുക്കളെ ദ്രോഹിക്കരുതെന്ന് കുഞ്ഞഹമ്മദ് ഹാജിയും അലി മുസലിയാരും കർശന നിർദേശം നൽകിയിരുന്നു. മറിച്ച് ചെയ്തവരെ പരസ്യമായി ശിക്ഷിക്കാൻ കുഞ്ഞഹമ്മദ് ഹാജി മടിച്ചില്ല . ബ്രിട്ടീഷുകാരെ സഹായിച്ച മുസ്ലീങ്ങളെയും അദ്ദേഹം ശിക്ഷിച്ചിരുന്നു.
     ബ്രിട്ടീഷുകാർ വൻതോതിൽ പട്ടാളത്തെ ഉപയോഗിച്ച് കലാപത്തെ നേരിട്ടു.  മൂന്നുനാലു മാസങ്ങൾക്കകം ഏറനാടും വള്ളുവനാടും തിരിച്ചുപിടിക്കാൻ അവർക്ക് കഴിഞ്ഞു. പട്ടാള നിയമം ഏർപ്പെടുത്തി. കണ്ണിൽ ചോരയില്ലാത്ത മർദ്ദനമാണ് ബ്രിട്ടീഷുകാർ അഴിച്ചുവിട്ടത്. കൂട്ടക്കൊലകൾക്ക് ഗ്രാമങ്ങൾ സാക്ഷിയായി. കലാപകാരികളിൽ 2337 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഏറ്റവും ചുരുങ്ങിയത് 12000 പേരെങ്കിലും കൊലചെയ്യപ്പെട്ടുകാണും എന്നാണ് കലാപത്തിൽ പങ്കാളികളായ പലരുടെയും കുറിപ്പുകൾ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മിക്കവരെയും വെടിവെച്ചു കൊല്ലുകയോ ആന്തമാൻ ദ്വീപിലേക്ക് നാടുകടത്തുകയോ ചെയ്തു. കൊലചെയ്യപ്പെട്ടവരിൽ അലിമുസലിയാർ, കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ ഉൾപ്പെടും.
      മലബാർ കലാപത്തിനെതിരെ ബ്രിട്ടീഷ് ഭരണം കാണിച്ച നിഷ്ഠൂരതയുടെ നടുക്കുന്ന ഉദാഹരണമാണ് വാഗൺ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടക്കൊല. പോലീസും പട്ടാളവും അറസ്റ്റ് ചെയ്ത തൊണ്ണൂറോളം പേരെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഗുഡ്സ് വണ്ടിയുടെ വാഗണിൽ കയറ്റി. നിവർന്നു നിൽക്കാൻ പോലും സ്ഥലമില്ലാത്ത തരത്തിൽ തീവണ്ടിമുറിയിൽ ആളുകളെ കുത്തിനിറച്ചു. കാറ്റു കടക്കാൻ കഴിയാത്ത വിധം വാഗൺ പുറത്തുനിന്നു പൂട്ടി. കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു അവരെ.  നവംബർ മാസത്തെ കൊടുംചൂട്. വായു കടക്കാത്ത മുറിയിൽ ആ ചുട്ടുപൊള്ളുന്ന ചൂടിൽ ആളുകൾ ശ്വാസംമുട്ടി മരിച്ചുകൊണ്ടിരുന്നു. വണ്ടി പോത്തന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ, ബഹളം കേട്ട് തീവണ്ടിമുറി കുത്തിത്തുറന്നു നോക്കിയപ്പോഴേക്കും 72 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അവശേഷിച്ചവർ  ജീവച്ഛവങ്ങളായി മാറി. 1921 നവംബർ 10നാണ്  ഈ കൂട്ടക്കൊല നടന്നത്.

  തയ്യാറാക്കിയത്:  പ്രസന്നകുമാരി. ജി.

No comments:

Post a Comment