അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
60 . പൂർണ്ണ സ്വരാജ്
കോൺഗ്രസ് സമ്മേളനങ്ങളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു ലാഹോറിൽ നടന്ന സമ്മേളനം. 1929 ഡിസംബർ 31ന് ആയിരുന്നു സമ്മേളനത്തിന്റെ തുടക്കം. രാവിനദീതീരം ജനസമുദ്രമായിരുന്നു. കാത്തിരുന്ന അനർഘ നിമിഷം വന്നുചേരാൻ വേണ്ടി നിമിഷങ്ങൾ എണ്ണി കഴിയുകയായിരുന്നു ജനസഹസ്രങ്ങൾ.
ജവഹർലാൽ നെഹ്റു ആയിരുന്നു അധ്യക്ഷ സ്ഥാനത്ത് . സമ്മേളന വേദിയിൽ ഗാന്ധിജി ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം ഉപവിഷ്ടരായിരുന്നു. എല്ലാവരുടെയും ശ്രദ്ധ അവരവരുടെ കൈത്തണ്ടയിലുള്ള വാച്ചിന്റെ നിമിഷസൂചിയുടെ ചലനത്തോടൊപ്പമായിരുന്നു.
ഒടുവിൽ അവർ ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷം വന്നു. അർദ്ധരാത്രി എന്നറിയിച്ചുകൊണ്ട് 12 മണി ശബ്ദം മുഴങ്ങി. ജവഹർലാൽ എഴുന്നേറ്റു നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു.
"അവർക്ക് നാം അനുവദിച്ചു കൊടുത്തിരുന്ന സമയം അവസാനിച്ചിരിക്കുന്നു."
1928 ൽ കൽക്കത്തയിൽ നടന്ന സമ്മേളനം ബ്രിട്ടീഷ് ഭരണം ഒരു വർഷത്തിനകം ഇന്ത്യക്ക് പുത്രികാരാജ്യപദവിയെങ്കിലും അനുവദിച്ചില്ലെങ്കിൽ സിവിൽ നിയമലംഘന സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മോത്തിലാൽ നെഹ്റുവിൻറെ അധ്യക്ഷതയിലുണ്ടായിരുന്ന കമ്മറ്റിയാണ് ഈ തീരുമാനമെടുത്തത്. 'അവർക്ക് അനുവദിച്ച സമയം' എന്നതുകൊണ്ട് നെഹ്റു ഉദ്ദേശിച്ചത് ഇതായിരുന്നു.
അധ്യക്ഷ വേദിയിൽ നിന്നും ഇറങ്ങി സമ്മേളനപ്പന്തലിന്റെ മുൻവശത്ത് നാട്ടിയ കൊടിമരത്തിനു നേരെ ചെന്ന ജവഹർലാൽ നെഹ്റു സമ്മേളനം ആരംഭിക്കുന്നതിന്റെ പ്രാരംഭ ചടങ്ങായി കോൺഗ്രസിന്റെ ചക്രാങ്കിത ത്രിവർണ പതാക ഉയർത്തി. കോൺഗ്രസിന്റെ പതാക ഇദം പ്രദമമായി ഉയർത്തിയത് ഈ സമ്മേളനത്തിലായിരുന്നു.
ലാഹോർ സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡൻറ് എന്ന നിലയിൽ കന്നി പ്രസംഗം നടത്തിയ ജവഹർലാൽ നെഹ്റു തിലകന്റെ പ്രസിദ്ധമായ വാക്യം ഉദ്ധരിച്ചുകൊണ്ട് ആവേശപൂർവ്വം പ്രഖ്യാപിച്ചു.
" നമ്മുടെ ലക്ഷ്യം ഇന്ത്യയ്ക്ക് പൂർണ്ണ സ്വരാജ് ലഭിക്കുക എന്നതാണ്. അതിൽ കുറഞ്ഞ ഒന്നും നമുക്ക് സ്വീകാര്യമല്ല" പൂർണ സ്വരാജിന്റെ പ്രഖ്യാപനം പുറത്തുവന്നപ്പോൾ രാജ്യമെമ്പാടും ഒരു പുതിയ ഉണർവിന്റെ ആവേശം അലയടിച്ചു. രാഷ്ട്രീയമായ വൈജാത്യങ്ങൾ മാറ്റിവെച്ചുകൊണ്ട് ജനങ്ങൾ പൂർണ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു. ബ്രിട്ടീഷുകാരോട് അനുകൂല സ്വഭാവമുള്ള ചില പ്രാദേശിക സംഘടനകളും മുസ്ലിം ലീഗും വിട്ടുനിന്നു. പൂർണ്ണ സ്വരാജിനു വേണ്ടിയുള്ള വാദം അവർ അംഗീകരിച്ചിരുന്നില്ല. മറ്റ് എല്ലാ പാർട്ടികളും പൂർണ്ണ മനസ്സോടെ തന്നെ സഹകരിക്കാൻ തീരുമാനമെടുത്തു.
ഇന്ത്യ ഒട്ടുക്കും ഒരേ ദിവസം ,ഒരേ മുഹൂർത്തത്തിൽ ഒരു പ്രതിജ്ഞ എടുക്കാനുള്ള ദിവസവും തീരുമാനിച്ചിരുന്നു. ജനുവരി 26.
1930 ജനുവരി 26ന് രാജ്യത്തുടനീളം 'പൂർണ്ണസ്വരാജ്' പ്രതിജ്ഞ എടുക്കുന്ന പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. വൻ വിജയമായിത്തീർന്ന ഈ പരിപാടി ജനങ്ങളിൽ പുതിയൊരാവേശം സൃഷ്ടിച്ചു . നമ്മുടെ റിപ്പബ്ലിക് ദിനമായി ജനുവരി 26 അംഗീകരിക്കാൻ പ്രേരണ നൽകിയത് അന്ന് പൂർണ്ണ സ്വരാജ് പ്രതിജ്ഞാ ദിനം ആയതുകൊണ്ടാണ്.
പൂർണ്ണ സ്വാതന്ത്ര്യ പ്രതിജ്ഞ
____________________
രാജ്യത്താകമാനം 1930 ജനുവരി 26 പൂർണ്ണ സ്വാതന്ത്ര്യ ദിനമായി കൊണ്ടാടപ്പെട്ടു. ദിനാചരണത്തിന്റെ ഭാഗമായി വായിച്ചംഗീകരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനം കോൺഗ്രസ് കമ്മിറ്റി തയ്യാറാക്കി. പിൽക്കാലത്ത് പലതവണ ആവർത്തിക്കപ്പെടുകയും ജനങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്ത പ്രഖ്യാപനം ഇപ്രകാരമായിരുന്നു
"മറ്റെല്ലാ ജനവിഭാഗങ്ങൾക്കുമെന്നപോലെ ഇന്ത്യൻ ജനതയ്ക്കും സ്വാതന്ത്ര്യം കിട്ടാനും തങ്ങളുടെ അധ്വാനഫലമനുഭവിച്ച് ജീവിതാവശ്യങ്ങൾ നിറവേറ്റാനും അങ്ങനെ പൂർണ്ണവളർച്ചയിലെത്താനുമുള്ള അവകാശം ഉണ്ടെന്നും അതാരും അപഹരിച്ചുകൂടെന്നും നാം വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു ഗവൺമെൻറ്, ജനങ്ങളുടെ ഈ അവകാശം നിഷേധിക്കുന്ന പക്ഷം ആ ഗവൺമെന്റിനെ മാറ്റാനും തകർക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കൂടി നാം വിശ്വസിക്കുന്നു. ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യം അപഹരിച്ചെടുക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ആ ഭരണം തന്നെ ജന ചൂഷണത്തെ ആസ്പദമാക്കിയുള്ളതാണ്. അത് ഇന്ത്യയെ സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും ആത്മീയമായും നശിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു ബ്രിട്ടനുമായുള്ള ബന്ധം വേർപെടുത്തി ഇന്ത്യ പൂർണ്ണ സ്വാതന്ത്ര്യം നേടണമെന്ന് നാം വിശ്വസിക്കുന്നു.
സാമ്പത്തികമായി ഇന്ത്യ നശിപ്പിക്കപ്പെട്ടിരിക്കുകയാണ് . നമ്മുടെ ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി നമ്മുടെ വരവിനെക്കാൾ എത്രയോ കവിഞ്ഞതാണ്. നമ്മുടെ ശരാശരി വരുമാനം ഒന്നേ മുക്കാൽ അണയാണ്. നാം കൊടുക്കുന്ന നികുതിയിലാകട്ടെ 20 ശതമാനവും കൃഷിക്കാരിൽ നിന്നു പിരിക്കുന്ന ഭൂനികുതിയാണ്. ദരിദ്ര ജനതയെ വൻതോതിൽ ബാധിക്കുന്ന ഉപ്പ് നികുതിയിൽ നിന്നാണ് മറ്റൊരു മൂന്നുശതമാനം.
കൈകൊണ്ടുള്ള നൂൽ നൂല്ക്കൽ അടക്കം ഗ്രാമീണ വ്യവസായങ്ങളാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇതിൻറെ ഫലമായി ഒരു വർഷത്തിൽ നാലുമാസമെങ്കിലും ജോലിയില്ലാത്ത സ്ഥിതിയിലാണ് കൃഷിക്കാർ. മറ്റു കൈവേലകളൊന്നും ഇല്ലാത്തതിനാൽ അവർ ബുദ്ധിപരമായി മുരടിച്ചിരിക്കുകയാണ്. കൈത്തൊഴിലുകൾ നശിപ്പിക്കപ്പെട്ട മറ്റു രാജ്യങ്ങളിലെപ്പോലെ ഇവിടെ പകരം ജോലി ഒന്നും കിട്ടാനില്ല. കൃഷിക്കാരുടെ മേലുള്ള ബാധ്യത വർദ്ധിപ്പിക്കത്തക്ക രീതിയിലാണ് ചുങ്കവ്യവസ്ഥയും നാണയവും നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് .
ബ്രിട്ടീഷ് വ്യാവസായിക ചരക്കുകളാണ് നമ്മുടെ ഇറക്കുമതിയിൽ ഭൂരിഭാഗവും. ബ്രിട്ടീഷ് വ്യവസായികൾക്ക് അനുകൂലമായ പക്ഷപാതം ചുങ്കനിരക്കുകളിൽ വ്യക്തമായി കാണാം. അതുവഴി ഖജനാവിൽ വന്നുചേരുന്ന പണമാകട്ടെ ജനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കാനല്ല ദുഷ് ചെലവുകൾ നടത്തുന്ന ഒരു ഭരണം നിലനിർത്താനാണ് ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളുമായുള്ള വിനിമയ നിരക്കും കോടിക്കണക്കിന് പണം ചോർത്തി കൊണ്ടുപോകാൻ സഹായിക്കുന്ന രീതിയിലാണ് നിയന്ത്രിക്കപ്പെടുന്നത്.
രാഷ്ട്രീയമായി നോക്കിയാൽ, ഇന്ത്യയുടെ പദവി, ബ്രിട്ടീഷ് ഭരണത്തിൽ കീഴിലെ പോലെ മറ്റൊരിക്കലും മോശമായിരുന്നില്ല ഇതുവരെ നടപ്പിലാക്കിയ ഭരണപരിഷ്കാരമൊന്നും യഥാർത്ഥ രാഷ്ട്രീയ അധികാരം ജനങ്ങളിലേക്ക് കൈമാറിയിട്ടില്ല. നമ്മളിൽ വെച്ച് ഏറ്റവും ഉന്നതരായിട്ടുള്ളവർ പോലും വിദേശീയരായ ഭരണാധികാരികളുടെ മുമ്പിൽ തലകുനിക്കേണ്ടി വരുന്നു. അഭിപ്രായപ്രകടനത്തിനും
സംഘടനയ്ക്കുമുള്ള സ്വാതന്ത്ര്യമെന്ന നമ്മുടെ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടുകാരിൽ വളരെപ്പേർ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിദേശരാജ്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായിരിക്കുകയാണ് .ഭരണരംഗത്ത് നമ്മുടെ ആളുകൾ കാണിക്കുന്ന കഴിവുകൾക്കൊന്നും പ്രകാശന സ്വാതന്ത്ര്യമില്ല. തുച്ഛമായ ഗ്രാമീണ ജോലിയും ഗുമസ്തപ്പണിയും കൊണ്ട് ജനങ്ങൾ തൃപ്തിപ്പെടേണ്ടിയിരിക്കുന്നു.
സാംസ്കാരികമായി നോക്കിയാൽ നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥ നമ്മെ നമ്മുടെ ദേശീയ അടിത്തറയിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു നമ്മെ കെട്ടിയിട്ടുള്ള ചങ്ങലയെ ചുംബിക്കാൻ വേണ്ട പരിശീലനമാണ് നമുക്ക് കിട്ടുന്നത്.
" ആത്മീയമായിട്ടാകട്ടെ, നിർബന്ധപൂർവ്വമായ നിരായുധീകരണം മൂലം നമ്മുടെ പൗരുഷം നഷ്ടപ്പെട്ടിരിക്കുന്നു .ഏതു രൂപത്തിലുള്ള എതിർപ്പിനെയും അടിച്ചമർത്തുന്നതിന് മാരകമാം വിധം ഉപയോഗിക്കപ്പെടുന്ന വിദേശീയ സൈന്യം നമ്മിൽ നിസ്സഹായത ബോധം വളർത്തി . വിദേശീ യാക്രമണങ്ങൾ കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആക്രമണങ്ങൾ എന്നിവയ്ക്കെതിരായി പ്രതിരോധം സംഘടിപ്പിക്കാൻ നമുക്ക് കരുത്തില്ലെന്ന പ്രതീതി യുളവാക്കുന്നു.
ഈ ചതുർമുഖമായ വിപത്ത് നമ്മുടെ രാജ്യത്തിൻറെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഈ ഭരണത്തിന് ഇനിയൊരു നിമിഷം പോലും കീഴടങ്ങാൻ നാം തയ്യാറായാൽ അത് മനുഷ്യനോടും ദൈവത്തോടും ചെയ്യുന്ന ഒരപരാധം ആയിരിക്കുമെന്ന് നാം വിശ്വസിക്കുന്നു .അതേ അവസരത്തിൽ സ്വാതന്ത്ര്യം നേടാനുള്ള നമ്മുടെ ഏറ്റവും ഫലപ്രദമായ മാർഗം അഹിംസാപരമായിരിക്കുമെന്നും നാം വിശ്വസിക്കുന്നു അതുകൊണ്ട് ബ്രിട്ടീഷ് ഗവൺമെൻറുമായി സ്വാഭീഷ്ടമനുസരിച്ചുള്ള എല്ലാ ബന്ധവും കഴിവിന്റെ പരമാവധി വരെ പിൻവലിക്കാനും നികുതി നിഷേധമടക്കമുള്ള നിയമലംഘനം നടത്താനും നാം തയ്യാറായിരിക്കും. സ്വാഭീഷ്ടമനുസരിച്ചുള്ള സഹായം പിൻവലിച്ച് നികുതി നിഷേധം തുടങ്ങുകയും, എത്ര വലിയ പ്രകോപനം ഉണ്ടായാലും ബലപ്രയോഗം നടത്താതിരിക്കുകയും ചെയ്യാൻ നമുക്ക് കഴിഞ്ഞാൽ മനുഷ്യത്വഹീനമായ ഈ ഭരണമവസാനിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.
അതുകൊണ്ട് പൂർണ്ണ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി കോൺഗ്രസ്സ് അപ്പപ്പോൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് നാം ഗൗരവപൂർവ്വം പ്രതിജ്ഞ ചെയ്യുന്നു."
തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി
No comments:
Post a Comment