അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
61 . ഉപ്പുസത്യാഗ്രഹം
നികുതി നിഷേധം ഉൾപ്പെടെയുള്ള സിവിൽ നിയമലംഘന പരിപാടി തുടങ്ങാനായിരുന്നു കോൺഗ്രസിന്റെ ലാഹോർ സമ്മേളനം തീരുമാനിച്ചത്. സമരത്തിൻറെ രൂപവും സമരം തുടങ്ങുന്ന തീയതിയും സ്ഥലവും ഒന്നും തീരുമാനിച്ചിരുന്നില്ല. കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗം ഇതെല്ലാം തീരുമാനിക്കാൻ ഗാന്ധിജിയെ ചുമതലപ്പെടുത്തി. ഗാന്ധിജി വൈസ്രോയി ഇർവിനു മുമ്പാകെ പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങൾ അനുവദിച്ചില്ലെങ്കിൽ സിവിൽ നിയമലംഘനം തുടങ്ങുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല എന്ന് ഗാന്ധിജി മുന്നറിയിപ്പു നൽകി. ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നവ ഇവയൊക്കെയാണ്:
ലഹരിപദാർത്ഥങ്ങൾ വേണ്ടെന്നു വയ്ക്കുക .
ഉപ്പ് നികുതി പിൻവലിക്കുക.
നികുതികൾ പകുതിയായി ചുരുക്കുക.
കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരൊഴികെ നാടു കടത്തപ്പെട്ടതോ ജയിലിൽ അടയ്ക്കപ്പെട്ടതോ ആയ എല്ലാ ഇന്ത്യക്കാരെയും വിട്ടയക്കുക .
ഇന്ത്യൻ സമുദ്രതീരം ഇന്ത്യൻ കപ്പലുകൾക്ക് മാത്രം എന്ന നിയമം കൊണ്ടുവരിക.
ആത്മരക്ഷാർത്ഥം ആയുധം കൈവശം വയ്ക്കാനുള്ള അധികാരം ഇന്ത്യൻ ജനതയ്ക്ക് നൽകുക.
ഉദ്യോഗസ്ഥന്മാരുടെ വേതനം വർദ്ധിപ്പിക്കുക.
ആവശ്യങ്ങൾ അനുവദിക്കാനാവില്ലെന്ന് ഉടനെ വൈസ്രോയി മറുപടി നൽകി.
ഈ സാഹചര്യത്തിലാണ് ഗാന്ധിജി ചരിത്രപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിന് തുനിഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ട എഴുപത്തെട്ട് അനുയായികളുമായി ഉപ്പു നിയമം ലംഘിക്കാൻ ദണ്ഡിയിലേക്ക് യാത്ര ആരംഭിക്കാൻ ഗാന്ധിജി തീരുമാനിച്ചു.
ഗുജറാത്തിലെ ഒരു കടലോര ഗ്രാമമാണ് ദണ്ഡി.
സബർമതി ആശ്രമത്തിൽ നിന്നും ഇരുനുറ്റിനാൽപ്പതിൽപരംമൈൽ അകലെ കാമ്പെ ഉൾക്കടൽ തീരത്ത്. ദണ്ഡിയാത്ര യാത്ര ആരംഭിക്കുന്നതിനു രണ്ടുദിവസം മുമ്പ് തന്നെ സബർ മതി ആശ്രമപ്രാന്തം ജനനിബിഡമായി. വിദേശികളും സ്വദേശികളുമായി നിരവധി പത്ര റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും അവിടെ എത്തി.
1930 മാർച്ച് 12ന് രാവിലെ ആറര മണി. ഗാന്ധിജി സബർമതി ആശ്രമത്തിന്റെ മുൻ വാതിലിലൂടെ പ്രത്യക്ഷപ്പെട്ടു. വലതു കൈയിൽ സന്തതസഹചാരിയായ ഉണക്കക്കമ്പ്. ഇടംകൈയിൽ ഖാദി വസ്ത്രം കൊണ്ടുള്ള ഒരു കൊച്ചു ഭാണ്ഡം. ഉടുവസ്ത്രമായി ഒറ്റമുണ്ട്. അവിടെ തടിച്ചുകൂടിയവരോട് ഗാന്ധിജി യാത്രാമൊഴിയായി ഇങ്ങനെ പറഞ്ഞു.
"ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും. പരാജയപ്പെട്ടാൽ ഞാൻ എൻ്റെറ ജഡം സമുദ്രത്തിനു സംഭാവന നല്കും."
ഗാന്ധിജിയോടൊപ്പം, ശുഭ്ര ഖാദി വസ്ത്രവും ഗാന്ധിത്തൊപ്പിയും കൊച്ചു ഭാണ്ഡങ്ങളുമായി സത്യഗ്രഹികളും ദണ്ഡി ലക്ഷ്യമാക്കി നടന്നു.
മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെയായിരുന്നു യാത്ര. സർദാർ വല്ലഭായി പട്ടേലും കുറച്ചു നേതാക്കളും ഗാന്ധിജിയുടെ ആഗമന വാർത്ത അറിയിച്ചുകൊണ്ട് ഇത്തിരി മുന്നേ യാത്ര തുടങ്ങിയിരുന്നു. അതു കാണാൻ വഴിയോരങ്ങളിൽ ജനങ്ങൾ തിരക്കുകൂട്ടി. തോരണങ്ങൾ തൂക്കിയും മറ്റും യാത്രാപഥം ചമയിച്ചൊരുക്കിയിരുന്നു.
വഴിവക്കിലുള്ള വീടുകളിൽ നെയ്ത്തിരി വിളക്കുകൾ കത്തിച്ചും പൂജാദി കർമ്മങ്ങൾ നടത്തിയും സത്യഗ്രഹികൾക്ക് വരവേൽപ്പ് ഒരുക്കി. 24 ദിവസത്തെ യാത്ര വേണ്ടിവന്നു സത്യഗ്രഹികൾക്കു ദണ്ഡിയിലെത്താൻ. ഏപ്രിൽ അഞ്ചിന് പ്രഭാതം എത്തും മുമ്പ് ഗാന്ധിജിയും സംഘവും ദണ്ഡിയിലെത്തി. ആറിനാണ് ഉപ്പുകുറുക്കി തുടങ്ങാൻ നിശ്ചയിച്ചിരുന്നത് .ഉപ്പു നിയമലംഘനം നടത്താനുള്ള ഒന്നാമത്തെ സത്യഗ്രഹി ഗാന്ധിജി തന്നെയായിരുന്നു.കർപ്പൂരത്തരികൾ കണക്കെ വെൺമയാർന്ന ഒരുപിടി ഉപ്പുവാരി കൈക്കുള്ളിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഗാന്ധിജി ഉദ്ഘോഷിച്ചു: "അഹിംസാവ്രതക്കാരനായ സത്യഗ്രഹിയുടെ കൈക്കുള്ളിലെ ഈ ഒരുപിടി ഉപ്പ് ഭാരതീയന്റെ സങ്കല്പത്താൽ ഈ നിമിഷം മുതൽ ശക്തിയുടെ പ്രതീകമായി മാറിയിരിക്കുന്നു. ഇത് ഒതുക്കിപ്പിടിച്ചിരിക്കുന്ന മുഷ്ടി തല്ലി തകർത്തേക്കാം. എന്നിരിക്കിലും ഇത്-- ഇന്ത്യക്കാരന്റെ കൈക്കുള്ളിലുള്ള ഈ ഉപ്പ്-- അവൻ വിട്ടുകൊടുക്കില്ല". ഗാന്ധിജിയുടെ വാക്കുകൾ പാഴായില്ല .കൈക്കുള്ളിലെ ഉപ്പ് സംരക്ഷിക്കാൻ സത്യഗ്രഹികൾ ശത്രുവിന് തച്ചുടയ്ക്കാൻ ശിരസ്സു കാട്ടി കൊടുത്തു. വെടിയുണ്ട ഏൽക്കാൻ വിരിമാറു കാട്ടിക്കൊടുത്തു. മർദ്ദനമേറ്റു ബോധം നശിക്കുമ്പോഴും അവൻറെ കൈക്കകത്തെ ഉപ്പ് പാഴായി പോകാതിരിക്കാൻ കൈമടക്കി നെഞ്ചിനോട് ചേർത്തുപിടിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം അന്നേവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ യുദ്ധ ത്തിന്റെ കാഹളം മുഴങ്ങി. സമുദ്രതീരം പടക്കളമായി. സത്യഗ്രഹികളുടെ രക്തത്തുള്ളികൾ വീണ് വെൺമണൽത്തരികൾ ചുവന്ന വൈഡൂര്യങ്ങളായി മാറി. സമുദ്രതീരത്തിന് പോലീസ് കാവൽ വന്നു. ബോംബെ മുതൽ തെക്ക് കന്യാകുമാരി വരെയും അവിടെ നിന്നു കിഴക്ക് കല്ക്കത്ത വരെയുമുള്ള കടലോരങ്ങൾ കലാപഭൂമികളായി.
കേരളത്തിലും
ഉപ്പുസത്യഗ്രഹത്തിന്റെ കാറ്റ് കടൽത്തീരങ്ങളിൽ ശക്തമായ തരംഗമാലകൾ ഉയർത്തി. പയ്യന്നൂരിൽ ആയിരുന്നു തുടക്കം പയ്യന്നൂർ കടപ്പുറത്ത് കോഴിക്കോട്ട് നിന്നുമാണ് സത്യഗ്രഹികളുടെ ഒന്നാമത്തെ സംഘം പുറപ്പെട്ടത്. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഒരു വലിയ പൗരസഞ്ചയം ആരതി നേർന്നും പ്രാർത്ഥന നടത്തിയും പുഷ്പമാല്യങ്ങൾ അണിയിച്ചും സത്യഗ്രഹിളെ യാത്രയയച്ചു. മാധവൻ നായർ സത്യഗ്രഹികളേ ഖാദി കൊണ്ടുള്ള മാല്യമണിയിച്ചു. ടി.ആർ.കൃഷ്ണസ്വാമി, കെ മാധവൻ നായർ , ടി വി സുന്ദരയ്യർ , പി അച്ചുതൻ, കൊണ്ടാട്ടില്‍ രാമൻ മേനോൻ,കെ എ കേരളീയൻ തുടങ്ങിയവരായിരുന്നു ജാഥയിൽ.ദണ്ഡി യാത്രയുടെ ശൈലിയിലാണ് കേളപ്പൻ യാത്ര സംഘടിപ്പിച്ചത് അവർക്ക് സ്വീകരണം നൽകാൻ വഴിനീളെ ആളുകൾ തടിച്ചുകൂടി.
'വരിക വരിക സഹജരെ,
സഹന സമര സമയമായ്
കരളുറച്ചു കാൽകൾ നീട്ടി
കാൽനടയ്ക്കു പോകനാം'
എന്ന ദേശഭക്തി ഗാനം ആലപിച്ചുകൊണ്ടാണ് സത്യഗ്രഹികൾ നീങ്ങിയത്.
കോഴിക്കോട്ടു നിന്നും പുറപ്പെട്ട ഉപ്പുസത്യഗ്രഹ ജാഥ വടക്ക് പയ്യന്നൂരിലെത്തിയത് ഉത്തരകേരളത്തിലെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളും സ്പർശിച്ചു കൊണ്ടായിരുന്നു. ബാലുശ്ശേരി , പുതുപ്പാടി, പേരാമ്പ്ര തുടങ്ങിയ ഗ്രാമങ്ങളിലൂടെ .വഴിനീളെ സ്വീകരണവും പൊതുയോഗങ്ങളും. അന്ന് മയ്യഴി ഫ്രഞ്ച് അധീന പ്രദേശമായിരുന്നു. ഫ്രഞ്ച് പോലീസ് ജാഥയെ മയ്യഴിയിൽ വെച്ച് തടഞ്ഞു. മുദ്രാവാക്യം വിളിക്കുന്നതും ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നതും പാടില്ലെന്ന് വിലക്കി. എന്നാൽ നിരോധനം വകവെക്കാതെയാണ് ജാഥ യാത്ര തുടർന്നത്. തലശ്ശേരി, കണ്ണൂർ, പരിയാരം , കല്യാശ്ശേരി, തളിപ്പറമ്പ് വഴി ഏപ്രിൽ 22ന് ജാഥ പയ്യന്നൂരിൽ എത്തി.
മറ്റൊരു ജാഥ ആർ വി ശർമ്മയുടെ നേതൃത്വത്തിൽ ഏപ്രിൽ 19ന് ഒലവക്കോട്ട് ശബരി ആശ്രമത്തിൽ നിന്ന് പുറപ്പെട്ടു .കൊല്ലങ്കോട്, തിരുവില്വാമല, ലക്കിടി, ഒറ്റപ്പാലം വഴി ഷൊർണൂർ വരെ പദയാത്ര നടത്തി. അവിടെ നിന്നും തീവണ്ടി മാർഗ്ഗം പയ്യന്നൂരിൽ എത്തി.
പയ്യന്നൂരിലും കോഴിക്കോട്ടും നടന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ തിരുവിതാംകൂറിൽ നിന്നും വാളണ്ടിയർമാർ ജാഥയായാണ് എത്തിയത്. പയ്യന്നൂരിൽ സത്യഗ്രഹം ആരംഭിച്ചത് 1930 ഏപ്രിൽ 23നാണ് വളണ്ടിയർമാർ കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറത്തെത്തി. അവിടെ കടലിൽ നിന്നു മാറി, ഒരു ഉപ്പു പടന്നയുണ്ടായിരുന്നു.പടന്നകളിൽ സമുദ്രജലം കയറ്റി, വെയിൽനാളത്തിൽ,അടിയിൽ ഊറിക്കൂടുന്ന ഉപ്പ് സ്വരൂപിച്ചെടുക്കുകയാണ് ചെയ്യുന്നത് .
എന്നാൽ, സത്യഗ്രഹികൾ പുറപ്പെട്ടിരിക്കുന്നു എന്ന വാർത്ത കിട്ടിയപ്പോൾ തന്നെ 'സാൾട്ട് ഉദ്യോഗസ്ഥന്മാർ 'അവ കിളച്ചുമറിച്ച് അലങ്കോലപ്പെടുത്തിയിരുന്നു. എന്നിട്ടും സത്യഗ്രഹികൾക്ക് ശേഖരിക്കാൻ മാത്രം ഉപ്പ് അതിനകത്ത് ചെളി പുരളാതെ കിടന്നിരുന്നു. ഈ ഉപ്പാണ് സത്യഗ്രഹികൾ ശേഖരിച്ചത്. സത്യഗ്രഹികൾ ഉപ്പു ശേഖരിക്കാൻ തുടങ്ങിയപ്പോൾ ആയിരക്കണക്കിന് ആളുകൾ ഉപ്പു പടന്നയിൽ ഇറങ്ങി ചാക്കുകളിൽ ഉപ്പ് ശേഖരിച്ചു .പോലീസും ഉദ്യോഗസ്ഥന്മാരും നോക്കിനിന്നു .അവർ നിരോധിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല . ആദ്യഘട്ട ഉപ്പുസത്യാഗ്രഹം സമാധാനപരമായിരുന്നു. എന്നാൽ പെട്ടെന്നാണ് ഗവൺമെൻറ് സമീപനം മാറ്റിയത്. ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ രണ്ടാംഘട്ട സത്യഗ്രഹത്തെ തുടർന്ന് താൻ ഉപ്പു നിയമം ലംഘിച്ചാൽ സർക്കാർ തന്നെ അറസ്റ്റ് ചെയ്യും എന്നാണ് ഗാന്ധിജി കണക്കുകൂട്ടിയത്. ഗാന്ധിജിയെ അറസ്റ്റ് ചെയ്താൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് സർക്കാരിന് നന്നായി ബോധ്യമുണ്ടായിരുന്നു. അറസ്റ്റില്ലാതെ സമരം വിജയിക്കില്ലെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. സംഘർഷം ഇല്ലാത്ത ഒരു സമരവും വിജയിക്കില്ലെന്ന് ഗാന്ധിജിക്ക് ബോധ്യമുണ്ടായിരുന്നു. അതിനാൽ ഗാന്ധിജി പുതിയ ഒരു അടവ് സ്വീകരിച്ചു. ഗുജറാത്ത് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ധാരാസന ഉപ്പ് ശേഖരം സത്യഗ്രഹികൾ കൈയ്യേറാൻ പരിപാടിയിട്ടിരിക്കുന്നതായി ഗാന്ധിജി വൈസ്രോയിയെ അറിയിച്ചു. വെള്ളവും വായുവും പോലെ ഉപ്പും പ്രകൃതിയുടെ ഒരു വരദാനമാണെന്നും, അത് ഗോഡൗണുകളിൽ ശേഖരിക്കാൻ ഉള്ളതല്ലെന്നും ഗാന്ധിജി മുന്നറിയിപ്പു നൽകി അഹിംസാ മാർഗ്ഗത്തിലൂടെ ത്തന്നെ ധാരാസന കൈയടക്കുമെന്നും ഗാന്ധിജി വെളിപ്പെടുത്തി. ഇതേ തുടർന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യാൻ വൈസ്രോയി ഉത്തരവിട്ടു. അഞ്ചിന് പുലരും മുമ്പ് ഗാന്ധിജിയെ സത്യഗ്രഹാശ്രമത്തിൽ ചെന്ന് ഉറക്കമുണർത്തി. കാട്ടുതീ പോലെയാണ് വാർത്ത ഇന്ത്യയിലെങ്ങും പരന്നത് .അതോടെ ജനം ഇളകി മറിഞ്ഞു. ഭാരതം മറ്റൊരു അഖിലേന്ത്യാ ഹർത്താൽ ആചരിച്ചു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. തൊഴിൽശാലകൾ പ്രവർത്തനരഹിതമായി. ബോംബെയിൽ മാത്രം 50,000 തൊഴിലാളികൾ തൊഴിൽ ശാല വിട്ട് തെരുവിലിറങ്ങി. തീവണ്ടികൾ ഓടിയില്ല. പലയിടത്തും അക്രമം നടന്നു .പോലീസ് ഔട്ട് പോസ്റ്റുകൾ അഗ്നിക്കിരയാക്കി. പലയിടത്തും അക്രമം നടന്നു. ഷോളാപ്പൂരിൽ ക്ഷോഭിച്ച ജനക്കൂട്ടം, ആറ് പോലീസ് ഔട്ട്‌പോസ്റ്റുകൾ അഗ്നിക്കിരയാക്കി. പലയിടത്തും വെടിവെപ്പു നടന്നു. ഇരുപത്തഞ്ചു പേർ മരിച്ചു. നൂറുകണക്കിനാളുകൾക്ക് വെടിയുണ്ടകൊണ്ടും പരിക്കുപറ്റി.
അലഹബാദിൽ കോൺഗ്രസ് പ്രവർത്തകസമിതിയുടെ പ്രത്യേക യോഗം ചേർന്നു. ഗാന്ധിജിയുടെ അസാന്നിധ്യത്തിൽ ഉപ്പുസത്യാഗ്രഹം നിർത്തണമോ തുടരണമോ എന്നതായിരുന്നു പ്രശ്നം. തുടരാനാണ് തീരുമാനിച്ചത്. ഉപ്പ് സമരത്തോടൊപ്പം ബഹിഷ്കരണ പരിപാടി കൂടുതൽ ശക്തമായി തുടരാനും കമ്മിറ്റി തീരുമാനിച്ചു .
ഗാന്ധിജി നിശ്ചയിച്ചിരുന്നതിനനുസരിച്ച് ധാരാസന ഉപരോധിക്കാൻ സത്യഗ്രഹികൾ ഒരുങ്ങി. ബദറുദീൻ തയാബ്ജിയായിരുന്നു സമരം നയിച്ചത്. തയാബ്ജി അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് നേതൃത്വം ഏറ്റെടുത്തത് സരോജിനി നായിഡു ആയിരുന്നു.
സത്യഗ്രഹികൾ യുദ്ധക്കളത്തിലേക്ക് എന്നപോലെ യാത്ര ആരംഭിച്ചു. അപ്പോൾ ലാത്തിയും തോക്കുമായി പട്ടാളവും പോലീസും വഴിമുടക്കാൻ എത്തി. സരോജിനി നായിഡുവിനെയും സത്യഗ്രഹികളെയും പ്രതിരോധിച്ചുകൊണ്ട് നിലകൊണ്ടു. സത്യാഗ്രഹികൾ അതിക്രമിച്ചില്ല. തടഞ്ഞേടത്തുനിന്നും മടങ്ങി പോകാൻ ആജ്ഞയുണ്ടായി. അതനുസരിച്ചില്ല. ഒരേ നിൽപ്പ്, ഒരു നിശ്ചല ദൃശ്യം കണക്കെ. മണിക്കൂറുകളോളം. അതിനിടയിൽ സരോജിനി നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏതോ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഗാന്ധിജിയുടെ അറസ്റ്റിനെ ത്തുടർന്നു ഉപ്പുസത്യാഗ്രഹത്തോടൊപ്പം നികുതി നിഷേധം പോലുള്ള നിയമലംഘനങ്ങൾ കൂടി തുടങ്ങാൻ കോൺഗ്രസ്സ് അനുമതി നൽകിയപ്പോൾ, ഇന്ത്യ അക്ഷരാർത്ഥത്തിൽ ത്തന്നെ ഒരു പടക്കളമായി മാറിക്കഴിഞ്ഞു. ബോംബെയിൽ ധാരാസന പോലുള്ള ഉപ്പുശേഖരങ്ങളിൽ കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. മദ്രാസിലും ബംഗാളിലും ബീഹാറിലും ഒറീസയിലും വെടിവെപ്പും ലാത്തിച്ചാർജ്ജും ഉണ്ടായി. കേരളത്തിലും സ്ഥിതിഗതികൾ മാറി. സത്യഗ്രഹികളെ പരക്കെ അറസ്റ്റ് ചെയ്യുകയും മർദ്ദിച്ചൊതുക്കുകയും ചെയ്തു. തൃക്കരിപ്പൂരിൽ റെയിൽവേ സ്റ്റേഷനിൽ ഉപ്പു വിറ്റുകൊണ്ട് നടന്ന കേളപ്പൻ അറസ്റ്റിലായി. ഉപ്പു വാങ്ങിയതിന്റെ പേരിൽ സി എം കുഞ്ഞിരാമൻ നായരെ അറസ്റ്റ് ചെയ്തു. ഉപ്പു കൈവശം വെച്ചു എന്ന പേരിൽ ക്യാപ്റ്റൻ ആയിരുന്നു കെ പി കുഞ്ഞിരാമൻ നമ്പ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അവരെ മൂന്നു നാഴിക ദൂരം നടത്തിച്ച് ചന്തേരയിലേക്ക് കൊണ്ടുപോയി. ചന്തേര പോലീസ് കുറ്റപത്രം തയ്യാറാക്കി ജാമ്യത്തിൽ വിടാൻ ഒരുങ്ങി. പ്രതികൾ അതിനു തയ്യാറുണ്ടായിരുന്നില്ല. ഒടുവിൽ അവരെ മോചിപ്പിച്ചു. ചെറുവണ്ണൂരിൽ ഉപ്പു വിറ്റുനടന്ന പി.കൃഷ്ണപിള്ളയെയും മറ്റും അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഉപ്പുസത്യാഗ്രഹികൾക്ക് കേരളത്തിൽ രൂക്ഷമായ മർദ്ദനം ഏൽക്കേണ്ടി വന്നത് കോഴിക്കോട്ട് നടന്ന സമരത്തിലാണ്. നിയമലംഘനത്തിന് കോഴിക്കോട്ട് കടപ്പുറത്ത് എത്തിയ സത്യഗ്രഹികളെ പോലീസ് കടന്നാക്രമിച്ചു. നിസ്സഹകരണ പ്രസ്ഥാനവും ഉപ്പുസത്യാഗ്രഹവും മദ്യവർജന സമരവും മലബാറിൽ ഒപ്പത്തിനൊപ്പമാണ് നടന്നത്. മദ്യശാലപിക്കറ്റിംഗും വിദേശ വസ്ത്ര ബഹിഷ്കരണവും ഗ്രാമങ്ങളെ പോലും സജീവമാക്കി .നിരവധി അറസ്റ്റുകൾ നടന്നു. മൊത്തം അഞ്ഞൂറിലേറെ സ്വാതന്ത്ര്യ സമരഭടന്മാർ ജയിലിലടയ്ക്കപ്പെട്ടു. സമരത്തിൽ പങ്കുചേരാൻ പലരും ഉദ്യോഗം വലിച്ചെറിഞ്ഞു .അന്യനാടുകളിൽ ഉയർന്ന ഗവൺമെൻറ് ജോലിയിൽ ഇരിക്കുന്നവർ പോലും ഉദ്യോഗം ഉപേക്ഷിച്ച് ദേശീയധാരയിൽ ലയിച്ചു. പ്രസ്ഥാനത്തിൽ ചേരാനുള്ള ആവേശം അതിവേഗത്തിൽ ആളിപ്പടർന്നു .ദേശീയ പ്രസ്ഥാനത്തിൻറെ സന്ദേശം എത്തിച്ചേരാത്ത ഒരു ഗ്രാമവും അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.
തയ്യാറാക്കിയത്: പ്രസന്നകുമാരി.ജി.
No comments:
Post a Comment