അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
62 .പെഷവാർ കലാപം
ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ കൈബർ ചുരത്തിന്റെ ഏതാണ്ട് 15 കിലോമീറ്റർ അകലെയാണ് പെഷവാർ. ഇവിടത്തെ താമസക്കാർ ഭൂരിപക്ഷവും പഠാൻകാരാണ്.
ഭൂരിപക്ഷം പേരും മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ. അവർക്ക് ധീരരായ രണ്ട് നേതാക്കന്മാർ ഉണ്ടായിരുന്നു. സഹോദരന്മാരായ ഖാൻ സാഹേബും അബ്ദുൾ ഗാഫർ ഖാനും. അബ്ദുൾ ഗാഫർഖാൻ അനുജൻ. ഗാന്ധിജിയുടെ ഏറ്റവും അടുത്ത അനുയായി. അദ്ദേഹം അതിർത്തി ഗാന്ധി എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. അദ്ദേഹത്തിന് സ്വന്തമായി ഒരു സന്നദ്ധസേനയുണ്ടായിരുന്നു.
'ഖുദായ് ഖിദ്മത്ഗാർ'. ഈശ്വരന്റെ സേവകന്മാർ എന്നാണ് ഇതിനർത്ഥം. പരസ്പരം മല്ലടിച്ചും അന്ധവിശ്വാസത്തിൽ കുടുങ്ങിയും നിരക്ഷരരായി കഴിഞ്ഞ പഠാൻകാരെ മെരുക്കിയെടുക്കാൻ വേണ്ടി സ്ഥാപിച്ച ഒരു പ്രസ്ഥാനമായിരുന്നു ഇത്. പ്രസ്ഥാനക്കാരുടെ യൂണിഫോം ഇളം ചുവപ്പ് ആയിരുന്നു. അതിനാൽ ചെങ്കുപ്പായക്കാർ എന്നും അവരെ വിളിച്ചു വന്നിരുന്നു. 1929 ൽ ഈ പ്രസ്ഥാനം രൂപീകരിച്ചു. ഉപ്പുസത്യാഗ്രഹത്തിന് തൊട്ടുമുമ്പാണ് ഈ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സന്നദ്ധ സേനാ വിഭാഗമായി മാറിയതും ദേശീയ സമരത്തിൽ പങ്കാളികളായതും.
ഉപ്പുസത്യാഗ്രഹ പ്രസ്ഥാനത്തിൽ പങ്കെടുത്തു കൊണ്ട് ചെങ്കുപ്പായക്കാർ എടുത്ത ധീരമായ പ്രതിജ്ഞ ഇങ്ങനെയായിരുന്നു.
" ഞങ്ങൾ, പഠാണികൾ നാമാവശേഷമാകുന്നത് വരെയോ, ഇന്ത്യാരാജ്യത്ത് നിന്നും ഇംഗ്ലീഷുകാരെ തുരത്തിയോടിക്കും വരെയോ ഞങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും. അഹിംസ ആയുധമാക്കിക്കൊണ്ട്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഏക അഭിപ്രായമാണ്. മതം ഞങ്ങൾക്ക് തടസ്സമല്ല."
വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ ഗവൺമെൻറ് വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ ഒരു പ്രത്യേക നിയമം ബ്രിട്ടീഷുകാർ കൊണ്ടുവന്നു.ഫ്രോണ്ടിയർ ക്രൈംസ് റെഗുലേഷൻ നിയമം ജനങ്ങൾക്കെതിരായ ഈ നിയമത്തെക്കുറിച്ച് അന്വേഷിക്കാൻ ഗാഫർഖാന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റിയെ കോൺഗ്രസ് നിയോഗിച്ചു . പെഷവാറിൽ ചെന്ന കമ്മറ്റി അംഗങ്ങളെ അറ്റോക്ക് എന്ന സ്ഥലത്ത് വെച്ച് 1930 ഏപ്രിൽ 22ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന്റെ വാർത്ത അറിഞ്ഞ് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. പ്രകടനമായി നീങ്ങിയ അവരെ പോലീസ് തടഞ്ഞു. നേതൃത്വം നൽകിയ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ അവർ അനുസരിച്ചില്ല. നേതാക്കന്മാരെ കൊണ്ടുപോകാൻ ജാഥക്കാർ സമ്മതിച്ചതുമില്ല. ഒടുവിൽ നടന്നുകൊള്ളാം എന്ന് സമ്മതിച്ച് സന്ധിയിലായി. നേതാക്കളും പോലീസുകാരും മുന്നിലും ആയിരങ്ങൾ പിന്നിലുമായി അവർ നടന്നു തുടങ്ങി. മുദ്രാവാക്യം മുഴക്കി, പോലീസ് സ്റ്റേഷൻ ലക്ഷ്യം വച്ചുകൊണ്ട്. ഈ സമയത്ത് രണ്ട് പട്ടാള വണ്ടികൾ എതിരെ വന്നു. ഘോഷയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇരച്ചു കയറി. പതിനഞ്ച് പേർ വണ്ടിച്ചക്രങ്ങളിൽ പെട്ട് ചതഞ്ഞരഞ്ഞു. ഒരു ബ്രിട്ടീഷുകാരൻ വണ്ടിക്ക് പിന്നിലായി മോട്ടോർസൈക്കിളിൽ പിന്തുടരുന്നുണ്ടായിരുന്നു. സൈക്കിൾ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിച്ചു. ബ്രിട്ടീഷുകാരൻ മരിച്ചു. ഈ രണ്ട് ദുരന്തങ്ങൾക്കും ഉത്തരവാദികൾ ചുവപ്പു സേനക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇതിനു പ്രതികാരം ചെയ്യുമെന്ന വാശിയുമായി പട്ടാളം രംഗത്തിറങ്ങി വെടിയുതിർത്തു .പലരും ഓടി രക്ഷപ്പെട്ടു. ചെങ്കുപ്പായക്കാർ മാത്രം ഓടാതെ നിന്ന നിൽപ്പിൽ നിന്നു. പട്ടാളം തങ്ങളുടെ കൂട്ടുകാരുടെ ജഡം വിട്ടുകിട്ടും വരെ തിരിച്ചു പോകുന്ന പ്രശ്നമില്ല എന്ന ശാഠ്യത്തിൽ ആയിരുന്നു അവർ . ആവശ്യം അനുവദിക്കപ്പെട്ടില്ല . ജഡം കിട്ടാതെ തിരിച്ചു പോകുന്ന പ്രശ്നമില്ല എന്ന വാശിയിൽ ചെങ്കുപ്പായക്കാരും നിന്നു. പോലീസ് വെടി തുടങ്ങി വെടിവെപ്പിൽ മുപ്പത്തൊന്ന് പേർ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. യഥാർത്ഥത്തിൽ മരണം 250 ഓളമാണ്. പോലീസ് അതിക്രമങ്ങളുടെ വാർത്ത അറിഞ്ഞെത്തിയ ഗാഫർഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാഫർഖാന്റെ വീടിന് പോലീസ് തീവച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരെ വെടിവെച്ചു കൊല്ലുകയും ഗാഫർഖാനെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന വാർത്ത അറിഞ്ഞു ജനങ്ങൾ ക്ഷുഭിതരായി. ബ്രിട്ടീഷുകാരുമായി നേരിട്ട് ഏറ്റുമുട്ടാൻ അവർ തയ്യാറായി. പല സർക്കാർ ഓഫീസുകളും ബ്രിട്ടീഷുകാരുടെ വീടുകളും അവർ അഗ്നിക്കിരയാക്കി. പട്ടണത്തിന്റെ നിയന്ത്രണം കലാപകാരികളുടെ കയ്യിലായി. കലാപം അമർച്ച ചെയ്യാൻ കൂടുതൽ പട്ടാളക്കാരെ പെഷവാറിലേക്ക് കൊണ്ടുവന്നു. ഒരു കമ്പനി ഗഡ് വാൾ റൈഫിൾസും അവരിലുണ്ടായിരുന്നു. ഗഡ് വാൾ റൈഫിൾസിലെ അംഗങ്ങളെ കൊണ്ടുവരാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ച പ്രധാന വികാരം ഈ സേനാവിഭാഗത്തിൽ ഉള്ളവരെല്ലാം ഹിന്ദുക്കളാണെന്നതായിരുന്നു. പെഷവാറിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലീംങ്ങളെ അടിച്ചമർത്താൻ ഗെഡ് വാൾ റൈഫിൾസ് ആണ് ഏറ്റവും അനുയോജ്യം എന്നായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ കണക്കുകൂട്ടൽ.പെഷവാറിൽ സമാധാനപരമായി പ്രകടനം നടത്തിയ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാൻ ബ്രിട്ടീഷ് പട്ടാളമേധാവി ഉത്തരവ് നൽകിയപ്പോൾ ഗഡ് വാൾ റൈഫിൾസിലെ അംഗങ്ങൾ വിസമ്മതിച്ചു.. ചന്ദ്ര സിംഗ് ആയിരുന്നു അവരുടെ നേതാവ് ഞങ്ങളുടെ സഹോദരന്മാരെ വെടിവെച്ചു കൊല്ലാൻ ഞങ്ങൾ തയ്യാറല്ല എന്ന് അവർ പ്രഖ്യാപിച്ചു. ആജ്ഞ ലംഘിച്ച
ചന്ദ്ര സിംഹും പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു . പട്ടാളക്കോടതി അവരെ എല്ലാം ശിക്ഷിച്ചു. ജീവപര്യന്ത കഠിനതടവായിരുന്നു ചന്ദ്രസിങ് ഗഡ് വാളിനു ലഭിച്ചത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി
No comments:
Post a Comment