🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, February 11, 2024

വട്ടമേശ സമ്മേളനം /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 63.  വട്ടമേശ സമ്മേളനം
             
                  1930 - 31 കാലഘട്ടം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദുർഘടം പിടിച്ച ഒരു വർഷമായിരുന്നു. സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി എല്ലാ പ്രമുഖ നേതാക്കളെയും ജയിലിലടച്ചു. ഗാന്ധിജി,  മോത്തിലാൽ,  ജവഹർലാൽ,  പട്ടേൽ,  രാജേന്ദ്രപ്രസാദ്,  സരോജിനി നായിഡു, നെഹ്റുവിൻറെ സഹധർമ്മിണി കമല നെഹ്റു, രാജഗോപാലാചാരി തുടങ്ങിയവരെല്ലാം ഇരുമ്പഴിക്കകത്തായി. നയിക്കാൻ നേതാക്കളില്ലാതാവുമ്പോൾ സമരം താനേ കെട്ടടങ്ങിക്കൊള്ളുമെന്നായിരുന്നു  ഗവൺമെന്റിന്റെ കണക്കുകൂട്ടൽ. എന്നാൽ അവർക്ക് തെറ്റി. നിയന്ത്രണാതീതമാംവണ്ണമാണ് അസ്വസ്ഥതകൾ ഇന്ത്യയിൽ പെരുകിയത്. 60000 വാളണ്ടിയർമാരാണ് ഈ ഒരു വർഷത്തിനുള്ളിൽ ജയിലിലായത്. ഈ ജയിൽ നിറയ്ക്കൽ പ്രസ്ഥാനം ഗുണവും ദോഷവും ചെയ്തു. ദോഷം താൽക്കാലികമായിരുന്നു. ഒരുതരം നിരാശ്രയത്വവും അനിശ്ചിതത്വവും. നയിക്കാൻ നേതാക്കന്മാർ പുറത്തുണ്ടായിരുന്നില്ല എന്നതായിരുന്നു ദോഷം. സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയാത്തവണ്ണം ദേശീയ പത്രങ്ങളുടെ വായും മുടികെട്ടിയ നിലയിലായിരുന്നു. സംഘടനാ പ്രവർത്തനം സർക്കാർ നിരോധിച്ചത് മൂലമുള്ള ശക്തി ക്ഷയവും ഉണ്ടായിരുന്നു. 
      സർക്കാരും കോൺഗ്രസ് നേതാക്കളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഇന്ത്യയുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നത് പ്രയോജനപ്പെടുമെന്ന് ഈ ഘട്ടത്തിൽ ചിലർക്ക് തോന്നി. തേജ് ബഹാദൂർ സപ്രൂവും,  എ ആർ ജയയ്ക്കറുമാണ് ഇങ്ങനെ ചിന്തിച്ചവരിൽ പ്രധാനികൾ.  ജയിലിലുള്ള നേതാക്കളുടെ മനോഗതം മനസ്സിലാക്കിയശേഷം ഉദ്യമം മുന്നോട്ടു കൊണ്ടുപോകാം എന്ന് അവർ തീർച്ചപ്പെടുത്തി. അതിനായി അവർ വൈസ്രോയിയുടെ ഒരു കുറിപ്പുമായി യർവാദാ ജയിലിൽ ചെന്ന് ഗാന്ധിജിയെ കണ്ടു. തനിക്ക് സ്വന്തമായി ഇക്കാര്യത്തിൽ ഒന്നും പറയാനില്ല എന്ന് ഗാന്ധിജി പറഞ്ഞു. ജയിലിൽ ചെന്ന് മോത്തിലാലിനെയും ജവഹർലാലിനെയും കാണാൻ നിർദ്ദേശിച്ചു. ജവഹർലാലും പ്രവർത്തകസമിതി അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം മാത്രമേ വല്ലതും തീരുമാനിക്കാൻ കഴിയൂ എന്ന് അഭിപ്രായപ്പെട്ടു. അവരും ജയിലിലായിരുന്നു. നെഹ്റു തന്നെ അക്കാര്യത്തിലും മുൻകൈയെടുത്തു. സരോജിനി നായിഡു, വല്ലഭായ് പട്ടേൽ , ജയറാം ദാസ്,  ദൗലത്ത് റാം, സെയ്ദ് മുഹമ്മദ് എന്നിവരായിരുന്നു പ്രവർത്തകസമിതിയിലെ മറ്റ് അംഗങ്ങൾ. ഗാന്ധിജിയുടെ സാന്നിധ്യത്തിൽ നെഹ്റുവിൻറെ നിർദ്ദേശത്തിന് അവർ സവിസ്തരം ഒരു മറുപടി തയ്യാറാക്കി. ബ്രിട്ടൻ ഇന്ത്യയിൽ നിന്നും സ്വയം വിട്ടു പോകാൻ തയ്യാറാകും വിധം കൂടിയാലോചനയ്ക്ക് പ്രാരംഭം കുറിക്കാത്ത ഒരു ചർച്ചയ്ക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സന്നദ്ധമല്ലെന്ന മറുപടിയാണ് അവർ തയ്യാറാക്കി നെഹ്റുവിന് അയച്ചുകൊടുത്തത്. തങ്ങളെ മോചിപ്പിക്കണമെന്നോ സംഘടനയുടെ നിരോധനം പിൻവലിക്കണമെന്നോ ഒരു നിർദ്ദേശവും അതിൽ വെച്ചിരുന്നില്ല.  എന്നാൽ, ഇന്ത്യൻ ജനതയുടെ ഭാഗധേയം നിർണയിക്കേണ്ടത് ഇന്ത്യൻ ജനത തന്നെയാണെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിൻറെ സമീപനം അനുകൂലമാണെന്ന് ബോധ്യപ്പെടുകയാണെങ്കിൽ വിദേശ വസ്ത്ര ബഹിഷ്കരണം തുടങ്ങിയ പരിപാടികൾ ഒഴികെയുള്ള നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കുന്നതിനെപ്പറ്റി ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു ചർച്ച ചെയ്യാൻ തങ്ങൾ ഒരുക്കമാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
         1930 നവംബർ 6ന് സർക്കാർ ഏകപക്ഷീയമായി ലണ്ടനിൽ വട്ടമേശ സമ്മേളനം വിളിച്ചു. കോൺഗ്രസ്സിനും ക്ഷണം ലഭിച്ചു. അവർ പോയില്ല. നാട്ടുരാജാക്കന്മാരുടെ 16 പ്രതിനിധികളും, ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് 56 പേരും (വിവിധ സംഘടനകളുടെ പ്രതിനിധികളായി) ഇംഗ്ലണ്ടിൽ നിന്നും 13 പേരും പ്രതിനിധികളായി പങ്കെടുത്തു. പങ്കെടുത്ത ഇന്ത്യൻ പ്രതിനിധികളിൽ പ്രമുഖർ ശ്രീനിവാസ ശാസ്ത്രിയും ഹരിജൻ പ്രതിനിധി അംബേദ്കറും മുസ്ലിം ലീഗിന്റെ പ്രതിനിധിയായ മുഹമ്മദലി ജിന്നയും മറ്റുമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മാക് ഡൊണാൾഡ് ആധ്യക്ഷം വഹിച്ചു. അധ്യക്ഷന്റെ പ്രസംഗം അടിമുടി അവ്യക്തത നിറഞ്ഞതായിരുന്നു. നാട്ടുരാജാക്കന്മാരുടെ ഭരണപങ്കാളിത്തമായിരുന്നു അവിടെ മുഖ്യമായും ചർച്ച ചെയ്യപ്പെട്ടത്.  നാട്ടുരാജ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഫെഡറൽ സമ്പ്രദായത്തിലുള്ള ഒരു ഭരണം ഇന്ത്യയ്ക്ക് നല്ലതാണെന്ന് ഡൊണാൾഡ് പറഞ്ഞു.
       മുസ്ലിം മത വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയിൽ  ജിന്ന പ്രത്യേക നിയോജക മണ്ഡലത്തിന് വേണ്ടി വാദിച്ചു. ഹൈന്ദവ നേതാക്കൾ അവരുടെ മാത്രം കാര്യം പറഞ്ഞു. മുഹമ്മദലി ജിന്നയുടെ ചുവടുപിടിച്ചുകൊണ്ട് പട്ടികജാതിക്കാരുടെ പ്രത്യേക നിയോജകമണ്ഡലത്തിന് വേണ്ടി ഡോക്ടർ അംബേദ്കർ വാദിച്ചു.
    ഒന്നാം വട്ടമേശ സമ്മേളനം യാതൊന്നും നേടാതെയും യാതൊരു തീരുമാനവും കൈക്കൊള്ളാൻ കഴിയാതെയും ഒരു പാഴ് വേല മാത്രമായി. അതിനെ കളിയാക്കിക്കൊണ്ട് ജവഹർലാൽ പറഞ്ഞു,' ഇക്കൂട്ടർ ലണ്ടൻ നഗരത്തിൽ നിഴൽ നാടകത്തിലെ പാവകളെ നീക്കി കളിച്ചു' ആ സമ്മേളനം ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഒരു ലാഭക്കച്ചവടം ആയിരുന്നു. ഇന്ത്യക്കാർ ഇനിയും സ്വയംഭരണം അവകാശപ്പെടാൻ മാത്രം പക്വത നേടിയിട്ടില്ല എന്ന തോന്നലാണ് അവർക്കുണ്ടായത്. സ്വയംഭരണം നൽകണമെന്ന് ശക്തിയായി വാദിക്കുന്നവരുടെ വാദമുന ഒടിച്ചു കളയാൻ പോലും പ്രയോജനപ്പെട്ടു അവർക്ക് ഈ ഒന്നാം സമ്മേളനം . ഇത്രയും വർഷമായിട്ടും ഇന്ത്യക്കാർക്ക് ഒരു പൊതു ധാരണയിൽ എത്താൻ കഴിഞ്ഞില്ല എന്നതായിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ വാദം. ഇവർ ഒരിക്കലും യോജിക്കില്ല. ഇവർക്ക് ഒരു പൊതു ധാരണയുമില്ല . അന്യോന്യം കലഹിക്കുക എന്നല്ലാതെ. നാം ഭരണം കൈയൊഴിഞ്ഞാൽ തന്നെ ആരുടെ കൈകളിലാണ് ഭരണം ഏൽപ്പിക്കേണ്ടത് ഇതായിരുന്നു പുതിയ വാദഗതി. 
     ഇതിനിടയിൽ ഇന്ത്യയിലും ഇംഗ്ലണ്ടിലും ചില രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായി. ഒരു പ്രത്യേക വിജ്ഞാപനം വഴി  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ പ്രവർത്തകസമിതി അംഗങ്ങളെയും തടവിൽ നിന്നും മോചിപ്പിച്ചു. ഗാന്ധിജിയും മറ്റുള്ളവരും പുറത്തുവന്നു.മോത്തിലാൽ നെഹ്റുവിനെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. രോഗബാധിതനായതിനെ തുടർന്ന് ജവഹർലാലിനെയും പിതാവിനോടൊപ്പം വിട്ടയച്ചിരുന്നു. അപ്പോഴും ഒരുവശത്ത് സത്യാഗ്രഹവും അറസ്റ്റും തുടരുകയായിരുന്നു.
    പ്രവർത്തകസമിതി അംഗങ്ങൾ മോചിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഭാവി പരിപാടി രൂപപ്പെടുത്താൻ അവർ അലഹബാദിൽ ഒത്തുകൂടി. ഈ ഘട്ടത്തിൽ ലണ്ടനിലായിരുന്ന സപ്രൂവും ശ്രീനിവാസ ശാസ്ത്രിയും ചേർന്ന് പ്രവർത്തകസമിതിക്ക് അടിയന്തര സന്ദേശം അയച്ചു .നയപരമായ എന്തെങ്കിലും തീരുമാനം എടുക്കരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ളതായിരുന്നു സന്ദേശം. 
  1931 മെയ് 6 ന് രോഗം മൂർച്ഛിച്ചു മോത്തിലാൽ നെഹ്റു അന്തരിച്ചു. രാഷ്ട്രത്തിന് അപരിഹാര്യമായ നഷ്ടമായിരുന്നു അത്.
    സപ്രൂവും ശ്രീനിവാസ ശാസ്ത്രിയും ലണ്ടനിൽ നിന്നും തിരിച്ചെത്തി. അവർക്കൊരു പ്രത്യേക ദൗത്യം നിർവഹിക്കാനുണ്ടായിരുന്നു.  ഗാന്ധിജി വൈസ്രോയിയെ കാണണം .അത് ഗാന്ധിജി ഇഷ്ടപ്പെട്ടില്ല അങ്ങനെയൊരു ചർച്ചയുടെ ആവശ്യമില്ലെന്ന് ഗാന്ധിജി പറഞ്ഞു. ഗാന്ധിജിയെ നിർബന്ധിക്കാൻ അവർ പ്രവർത്തകസമിതി അംഗങ്ങളെ പ്രേരിപ്പിച്ചു. ഒടുവിൽ ഗാന്ധിജി വഴങ്ങി.
      ഇതിനിടയിൽ മുഹമ്മദലിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് നിയമലംഘന പ്രസ്ഥാനത്തെ നിശിതമായി വിമർശിക്കുകയും,  ഇന്ത്യയിൽ അരാജകത്വം സൃഷ്ടിക്കുന്നതിനാണ് ഗാന്ധിജിയും കോൺഗ്രസ്സും ഒരുങ്ങിയിരിക്കുന്നതെന്ന കുറ്റാരോപണം നടത്തുകയും ചെയ്തു. കോൺഗ്രസും ഗാന്ധിജിയും തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്നും അവരുടെ പ്രലോഭനങ്ങളിൽ കുടുങ്ങി തങ്ങളുടെ താൽപര്യം ഹനിക്കത്തക്ക  വിധം കോൺഗ്രസുമായി യാതൊരു വ്യവസ്ഥയും ഉണ്ടാക്കാൻ പാടില്ലെന്നും ഒരു പ്രമേയം മുഖേന വൈസ്രോയിയെ അറിയിച്ചു . ഗാന്ധിജിയും വൈസ്രോയിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നു എന്ന അഭ്യൂഹത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു ഈ പ്രമേയം.
തയ്യാറാക്കിയത് പ്രസന്നകുമാരി.ജി.

No comments:

Post a Comment