🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, February 16, 2024

ഗാന്ധി ഇർവിൻ കരാർ. /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്രസമര ചരിത്രം/ സംഭവങ്ങൾ 

64 . ഗാന്ധി ഇർവിൻ കരാർ.
           1931 ഫെബ്രുവരി 17 മുതൽ തുടർച്ചയായി 15 ദിവസം ഗാന്ധിജിയും വൈസ്രോയിയും തമ്മിൽ ചർച്ച നടന്നു .ആശ്വാസം പകരാൻ തക്കവിധം കാര്യമായ എന്തെങ്കിലും ഈ സംഭാഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വരും എന്ന് പലരും പ്രതീക്ഷിച്ചു. ഒടുവിൽ മാർച്ച് അഞ്ചിന് ഗാന്ധി- ഇർവിൻ സന്ധി പുറത്തുവന്നു. 
   അതിലെ വ്യവസ്ഥകൾ നിരാശാജനകമായിരുന്നു. പ്രധാന വ്യവസ്ഥകൾ ഇതൊക്കെയായിരുന്നു.
 സത്യാഗ്രഹ പരിപാടികൾ നിർത്തിവയ്ക്കും.
 ഭരണപരമായ നിയമങ്ങളെക്കുറിച്ച് പിന്നീട് ചർച്ചചെയ്യും.
 വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും.
   വിദേശ വസ്ത്ര ബഹിഷ്കരണം രാഷ്ട്രീയം നേട്ടങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തില്ല. ഭാവിയിൽ വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തികമായ അഭിവൃദ്ധിക്ക് വേണ്ടിയായിരിക്കും.
 മദ്യത്തിനും വിദേശ വസ്ത്ര ബഹിഷ്കരണത്തിനും എതിരായ സത്യഗ്രഹം നിയമാനുസൃതമായി മാത്രം ചെയ്യും.
   മർദ്ദനം അവസാനിപ്പിക്കും.
 ചില അടിച്ചമർത്തൽ നിയമങ്ങൾ പിൻവലിക്കും.
 കൊലപാതകവുമായി നേരിട്ട് ബന്ധമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും. തടവുകാരെ മോചിപ്പിക്കും.
 ജപ്തി ചെയ്ത വസ്തുക്കൾ തിരികെ കൊടുക്കും .
   ഇവയടക്കം ഇരുപത് വ്യവസ്ഥകളാണ് കരാറിൽ ഉണ്ടായിരുന്നത്.
    . വ്യവസ്ഥകൾ പുറത്തുവന്നതോടെ നെഹ്റു അടക്കം എല്ലാവരും ഈ സന്ധിയെ എതിർത്തു. പൂർണ്ണ സ്വാതന്ത്ര്യത്തെപ്പറ്റി ഒന്നും സൂചിപ്പിക്കാത്തതിനെപ്പറ്റിയായിരുന്നു രൂക്ഷമായ അഭിപ്രായ ഭിന്നത .അന്ന് രാത്രി സമ്മേളിച്ച കോൺഗ്രസ് പ്രവർത്തക കമ്മിറ്റിയിൽ കരാർ വ്യവസ്ഥകൾ കടുത്ത വിവാദത്തിന് പാത്രമാക്കി. ഇത് തള്ളിക്കളയണമെന്ന് നെഹ്റുവും സുഭാഷ് ചന്ദ്രബോസ് അടക്കം ഇടതുപക്ഷ ചിന്താഗതിക്കാർ അഭിപ്രായപ്പെട്ടു .തനിക്ക് അതിൽ ദുഃഖമോ വൈരാഗ്യമോ തോന്നുമെന്ന് കരുതേണ്ടതില്ലെന്നും അങ്ങനെയാണ് വേണ്ടതെങ്കിൽ തള്ളിക്കളയാമെന്നും ഗാന്ധിജി സമ്മതിച്ചു. പക്ഷേ ഒടുവിൽ എല്ലാവരും ഏക അഭിപ്രായക്കാരായി മാറി. സുഭാഷ് ബോസും പച്ചക്കൊടി കാട്ടി. അങ്ങനെ ഈ സന്ധി ഇന്ത്യക്കാരെ ഒട്ടും പിന്നോട്ട് വലിക്കുന്നില്ലെന്നും,  ഭാവിയിലേക്കുള്ള എളിയ കാൽവെപ്പ് ആണെന്നും ഉള്ള നിഗമനത്തോടെ കോൺഗ്രസ് അംഗീകരിച്ചു.
   സർദാർ പട്ടേൽ അധ്യക്ഷത വഹിച്ച കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ 'സന്ധി തുലയട്ടെ' എന്നും 'ഭഗത് സിംഗിന്റെ ഘാതകരെ വെറുതെ വിടില്ല' എന്നും മുദ്രാവാക്യം വിളിച്ചുകൊണ്ട് ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞ കുറെ ചെറുപ്പക്കാർ ഗാന്ധിജിയുടെ മുന്നിലേക്ക് നീണ്ട പ്രകടനം നടത്തി. പ്രകടനക്കാർ സമ്മാനിച്ച കറുത്ത പൂക്കൾ ഗാന്ധി പുഞ്ചിരിയോടെ ഏറ്റുവാങ്ങി.ഭഗത് സിങ്ങിന്റെ ഘാതകരെ അങ്ങ് പിടിച്ചു തരണം എന്ന മുദ്രാവാക്യത്തോടെ ഗാന്ധിജിയെ അവർ പിന്തുടർന്നു. ഈ യുവാക്കളെ ജവഹർലാൽ നെഹ്റു ഇടപെട്ടാണ് തിരിച്ചയച്ചത്. ഗാന്ധി- ഇർവിൻ കരാർ ഒരു പാഴ് വേലയാവുകയാണുണ്ടായത് .ആ വർഷം ആഗസ്റ്റിൽ ഇർവിൻ പ്രഭുവിന് സ്ഥാനഭ്രംശമുണ്ടായി. ഇംഗ്ലണ്ടിൽ ലേബർ കക്ഷിക്ക് പകരം യാഥാസ്ഥിതിക കക്ഷി അധികാരത്തിൽ വന്നതു കൊണ്ടായിരുന്നു ഈ സ്ഥാനഭ്രംശം. പകരം വന്നത് വെല്ലിങ്ടൺ പ്രഭു. ഇന്ത്യക്കാർ ഭരണത്തിലിരിക്കാൻ കൊള്ളാത്തവരാണെന്ന് വിശ്വസിക്കുന്ന കൂട്ടരായിരുന്നു യാഥാസ്ഥിതിക കക്ഷികൾ. അതുകാരണം വെല്ലിംഗ്ടൺ കർക്കശത്തിൽ പെരുമാറി ത്തുടങ്ങി. ഗാന്ധി-ഇർവിൻ കരാറിലെ വ്യവസ്ഥകൾ ഒന്നൊന്നായി കാറ്റിൽ പറത്തുകയും ചെയ്തു.
      കിഴക്കൻ ബംഗാളിൽ കോൺഗ്രസുകാർ നടത്തിയ ഒരു കൊച്ചു ജാഥയുടെ നേരെ പോലീസ് നിറയൊഴിച്ചു.നാലു പേർ തത്ക്ഷണം മരിച്ചു. സമാധാനപരമായി നയിച്ചിരുന്ന ഒരു ജാഥയെയാണ് പോലീസ് ആക്രമിച്ചത്. പോലീസിനു പിടിക്കാത്തത് ജാഥക്കാർ തലയിൽ ധരിച്ച ഗാന്ധി തൊപ്പിയും ഒരു വാഹനത്തിൽ കൊണ്ടുനടന്ന ഗാന്ധിജിയുടെ ഛായാചിത്രവുമായിരുന്നു. രണ്ടും എടുത്തു മാറ്റാൻ പോലീസ് ആജ്ഞാപിച്ചു. ജാഥക്കാർ കൂട്ടാക്കിയില്ല. ഈ അനുസരണക്കേടിനെ ഒരു പാഠം പഠിപ്പിക്കാനാണ് ജാഥയ്ക്ക് നേരെ പൊലീസ് നിറയൊഴിച്ചതും, ഗാന്ധി തൊപ്പി തട്ടിപ്പറിച്ചെടുത്ത് തീ കത്തിച്ചതും. പ്രസ്തുത സംഭവത്തെത്തുടർന്ന് ഒരു കെട്ടിടത്തിന് മീതെ പറപ്പിച്ചിരുന്ന ദേശീയ പതാക അവർ പിച്ചിചിന്തുയും ജാഥയിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.
   ഉത്തർപ്രദേശിലും പോലീസ് ഇത്തരം അതിക്രമങ്ങൾ കാട്ടി. ഗാന്ധിജി പുതിയ വൈസ്രോയിയോട് ഈ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. തയ്യാറായില്ലെന്ന് മാത്രമല്ല ഗാന്ധി --ഇർവിൻ കരാർ അസംബന്ധമാണെന്ന നിലയിൽ ഗാന്ധിജിക്ക് മറുപടി നൽകുകയും ചെയ്തു.
        ധിക്കാരപരമായ പെരുമാറ്റത്തിൽ അരിശം പൂണ്ട കോൺഗ്രസ് ഗവൺമെന്റിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തി. നിയമലംഘന പ്രസ്ഥാനം പുനരാരംഭിക്കുകയും ചെയ്തു. പണ്ടത്തേക്കാൾ തീവ്രമായ ശൈലിയിൽ ആയിരുന്നു. സത്യഗ്രഹക്കാരുടെ തിരിച്ചുവരവ്.
    ഈ സന്ദർഭത്തിലാണ് രണ്ടാം വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിൽ കളമൊരുങ്ങിയത് .
    പുതിയ വൈസ്രോയിയുടെ  നീതി രഹിതമായ പെരുമാറ്റത്തിൽ പ്രതിഷേധം കാട്ടാൻ ഈ സന്ദർഭം കോൺഗ്രസ് ഉപയോഗിച്ചു.മുൻ വൈസ്രോയിയുമായുള്ള ധാരണ അനുസരിച്ചാണ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത് . ഈ തീരുമാനം പുന:പരിശോധിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതിന് വേറെയും കാരണങ്ങളുണ്ടായിരുന്നു. സമ്മേളനത്തിലെക്കുള്ള പ്രതിനിധിയായി എം എ അൻസാരിയെ കോൺഗ്രസ് പ്രവർത്തകസമിതി നിയോഗിച്ചിരുന്നു .എന്നാൽ അതിനെ എതിർത്തു, മുസ്ലിം സമുദായത്തിന്റെ കാര്യം പറയാൻ ലീഗിന് പ്രതിനിധികൾ ഉണ്ടെന്നും മറ്റൊരു മുസ്ലിമിനെ അയക്കാൻ കോൺഗ്രസിന് അർഹതയില്ലെന്നും വൈസ്രോയിയോട് പറഞ്ഞു . വൈസ്രോയി ജിന്നയുടെ അഭിപ്രായം ശരി വയ്ക്കുകയും കോൺഗ്രസ് സംഘടന നൽകിയ പ്രതിനിധികളുടെ ലിസ്റ്റിൽ നിന്ന് അൻസാരിയുടെ പേര് വെട്ടിക്കളയുകയും ചെയ്തു .കോൺഗ്രസ്, വൈസ്രോയുടെ ഈ നടപടിയെ അപലപിച്ചു. കോൺഗ്രസ്സ് ഒരു മതേതര പ്രസ്ഥാനമാണെന്നും ഹിന്ദു എന്നോ മുസ്ലിം എന്നോ സിക്കുകാരൻ എന്നോ സംഘടനയ്ക്ക് വകഭേദം ഇല്ലെന്നും പറഞ്ഞു .ഏറ്റവും അർഹരായവരെ തിരഞ്ഞെടുക്കുക എന്നതാണ് തങ്ങളുടെ നയം .അതിൽ എത്ര ഹിന്ദു എത്ര മുസ്ലിം എന്ന് ശ്രദ്ധിക്കാറില്ല. അൻസാരി പോകാൻ പാടില്ലെങ്കിൽ ആരും പോകണ്ട എന്ന് തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചുനിന്നു. എന്നാൽ ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ് ഏതായാലും നല്ലത് എന്ന് അഭിപ്രായമായിരുന്നു പിന്നീട് കോൺഗ്രസിന്. എന്നാൽ ഒരാൾ മാത്രം പങ്കെടുത്താൽ മതി എന്ന് തീരുമാനിക്കപ്പെട്ടു.  ആ ആൾ മഹാത്മാഗാന്ധി തന്നെ ആവണമെന്നും നിശ്ചയിച്ചു. അങ്ങനെയാണ് സെപ്റ്റംബർ ഏഴിലെ സമ്മേളനത്തിൽ സംബന്ധിക്കാൻ കോൺഗ്രസിന്റെ ഏക പ്രതിനിധിയായി ഗാന്ധിജി ചെല്ലുന്നത് .സരോജിനി നായിഡുവും മദൻ മോഹൻ മാളവ്യയും ഗാന്ധിജിയുടെ ഒപ്പം ഉണ്ടായിരുന്നു. 
      വട്ടമേശ സമ്മേളനം ആരംഭിച്ചു .അവിടെ സന്നിഹിതരായവരിൽ അധികം പേരും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു സ്തുതി പാടാൻ വന്നവരാണെന്ന് ഗാന്ധിജിക്ക് മനസ്സിലായി. താൻ ഒറ്റപ്പെട്ടിരിക്കുകയാണ് എന്നും .മിക്കവരും അവരുടെ സമുദായത്തിനു വേണ്ടിയാണ് വാദിച്ചത്. ഇന്ത്യയെയും ഇന്ത്യൻ ജനതയെയും ഒന്നിച്ചു കാണാൻ അവർ തുനിഞ്ഞില്ല.
    ഗാന്ധിജി മാത്രമാണ് ഏകീകൃതമായ ഇന്ത്യൻ സമുദായത്തിന് വേണ്ടി വാദിച്ചത്.
     ഇന്ത്യൻ മുസ്ലീങ്ങളുടെ നേതാവായി എത്തിയത് ആഗാഖാനായിരുന്നു.ഇംഗ്ലണ്ടിൽ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം.
     യോഗത്തിന്റെ തുടക്കത്തിൽ തന്നെ തടസ്സവാദവുമായി ചിലർ എഴുന്നേറ്റു. ഇന്ത്യയിൽ നിലവിലുള്ള പ്രശ്നം സാമുദായികമാണ്. അതിനൊരു പരിഹാരം കണ്ടെത്തിയിട്ട് വേണം നടപടികൾ ആരംഭിക്കാൻ. ഇതായിരുന്നു തടസവാദം. ഈ പ്രശ്നം വലിച്ചിഴച്ചു കൊണ്ടുവന്നത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഇംഗ്ലണ്ടിലെ പ്രതിനിധികളായിരുന്നു. അത് അവർ ബോധപൂർവ്വം ഉന്നയിച്ചതാണ്. ഇന്ത്യയിലെ രാഷ്ട്രീയരംഗം സമുദായികമായ ചേരിതിരിവ് കൊണ്ടും വർഗ്ഗീയമായ ഭിന്നിപ്പുകൊണ്ടും കലുഷിതമായിരിക്കുകയാണെന്ന്   സ്ഥാപിക്കണമായിരുന്നു അവർക്ക്. 
 ഗാന്ധിജിയുടെ ശബ്ദത്തിന് യോഗത്തിൽ അംഗീകാരം ലഭിച്ചില്ല. സമ്മേളനം അപൂർണ്ണതയിൽ കലാശിപ്പിക്കാനായിരുന്നു ഹിന്ദുമതത്തിന്റെയും സിക്കുമതത്തിന്റെയും വക്താക്കൾ ശ്രമിച്ചത്. സാമ്രാജ്യത്വത്തിന്റെ കളിപ്പാവകളായി അവരും വർത്തിച്ചു .
  പരസ്പര ധാരണയോടെ നാനാത്വത്തിൽ ഏകത്വം കണ്ടെത്താനുള്ള ഗാന്ധിജിയുടെ യജ്ഞം വർഗ്ഗീയവാദികളുടെ അവസരവാദപരമായ നയംമൂലം താറുമാറായി. ഗാന്ധിജി സഹികെട്ട് സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തു .
   നിരാശയോടെ തിരിച്ചുവന്ന ഗാന്ധിജിയെ ദിവസങ്ങൾക്കകം വീണ്ടും തടവിലാക്കി. 
   ഗാന്ധിജി ലണ്ടനിൽ നിന്നും യാത്ര തിരിക്കും മുമ്പ് ജവഹർലാൽ നെഹ്റുവിനെയും മറ്റും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നിരവധി കോൺഗ്രസുകാരെ ജയിലിൽ ഇട്ടു. പെഷവാർ  സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൽ ഗാഫർഖാനും,  ഖാൻ സാഹിബും അവിടുത്തെ മറ്റ് ദേശീയ നേതാക്കളും തുറങ്കലിൽ അടയ്ക്കപ്പെട്ടു. ബംഗാളിലെ ചിറ്റഗോംഗ് പട്ടണത്തിൽ പോലീസ് നരവേട്ട നടത്തി. നേതാക്കളുടെ വീടുകൾ കൊള്ള ചെയ്യുകയും അഗ്നിക്കിരയാക്കുകയും ചെയ്തു . ജയിലിൽ കിടക്കുന്ന രാഷ്ട്രീയക്കാരായ തടവുപുള്ളികളെ പോലും ജയിൽ മുറിക്കകത്ത് കയറിച്ചെന്ന് പോലീസ് മർദ്ദിച്ചു. ഇതേപ്പറ്റി അന്വേഷിക്കാൻ ചെന്ന ഗാന്ധിജിയോട് വൈസ്രോയി തണുപ്പൺ മട്ടിലാണ് പെരുമാറിയത്.
     ഗാന്ധിജിയുടെ അറസ്റ്റിനോടൊപ്പം കോൺഗ്രസ് സംഘടനയെ വീണ്ടും നിരോധിക്കുകയും വല്ലഭായി പട്ടേൽ അടക്കം പലരെയും വീണ്ടും ജയിലിൽ അടയ്ക്കുകയും ചെയ്തു .ആസാദ് , സുഭാഷ് ചന്ദ്രബോസ്,  അൻസാരി തുടങ്ങിയവർ അങ്ങനെ ജയിലിലായി.
   നേതാക്കളെ തടവിലിടുകയും പാർട്ടി നിരോധിക്കുകയും ചെയ്തുവെങ്കിലും പ്രസ്ഥാനം അതിൻറെ രീതിയിൽ നിരോധനം ലംഘിക്കുകയും നിയമലംഘന പ്രസ്ഥാനം തുടരുകയും ചെയ്തു. ഭീകര മർദ്ദനം അഴിച്ചുവിട്ടുകൊണ്ട് സമരത്തെ നേരിടാനാണ് സർക്കാർ തുനിഞ്ഞത്.
    കോൺഗ്രസ് പാർട്ടിയോടൊപ്പം അതിൻറെ അനുബന്ധപ്രസ്ഥാനങ്ങളെയും ഗവൺമെൻറ് നിയമവിരുദ്ധമാക്കി. കർഷക സഭകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ എന്നിങ്ങനെ പല സംഘടനകളിലുമായി,  കോൺഗ്രസ് പ്രസ്ഥാനവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് പോലീസിന് സംശയം തോന്നിയ എല്ലാ പ്രസ്ഥാനക്കാർക്കും ഭീഷണി നേരിടേണ്ടിവന്നു.
       കേരളത്തിലും വ്യാപകമായ അറസ്റ്റും മർദ്ദനവും നടന്നു. അഖിലേന്ത്യാ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ കേരളത്തിലെങ്ങും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട് കടപ്പുറത്ത് പി കൃഷ്ണപിള്ള, കെ ദാമോദരമേനോൻ, അമ്പാടി കാർത്ത്യായനിയമ്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേരാൻ തീരുമാനിച്ചു. പോലീസ് സൂപ്രണ്ടും വലിയൊരു പോലീസ് സംഘവും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. യോഗം നിരോധിച്ചു കൊണ്ട് വലിയ ഒരു പരസ്യപ്പലകയും കടപ്പുറത്ത് തൂക്കിയിട്ടിരുന്നു. പോലീസുകാരുടെ കൺമുമ്പിൽ വെച്ച് തന്നെ നേതാക്കന്മാർ അതു വലിച്ചുകീറുകയും പ്രസംഗം തുടങ്ങുകയും ചെയ്തു.  ധാരാളം കേൾവിക്കാരും ഉണ്ടായിരുന്നു.  നിരോധനം ലംഘിച്ചു പ്രസംഗം തുടങ്ങിയപ്പോൾ മൂന്നു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനു വഴങ്ങാതിരുന്ന കൃഷ്ണപിള്ളയെ കടപ്പുറത്ത് വച്ചുതന്നെ പോലീസ് നേരിട്ടു. ഉറക്കെ  മുദ്രാവാക്യം വിളിച്ച കൃഷ്ണപിള്ളയെ പോലീസ് കഠിനമായി മർദ്ദിച്ചു. തുടർന്ന് അവരെ വാഹനത്തിൽ തൂക്കിയെടുത്തിട്ടു. കണ്ണൂരിൽ ജാഥ നയിച്ച വിദ്യാർത്ഥികളെ പൊതിരെ തല്ലി . പലർക്കും മാരകമായി പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച വിഷ്ണു ഭാരതീയനെയും വേറെ ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയും ലാത്തിയടിയേറ്റു പിടയുന്ന നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഗുരുവായൂരിൽ നിരോധനം ലംഘിച്ചു പ്രസംഗം നടത്തിയ എ കെ ഗോപാലനെയും എൻ പി ദാമോദരനെയും അറസ്റ്റ് ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ ഒരു സിരാകേന്ദ്രം ആയിരുന്ന തൃശ്ശിവപേരൂരിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് അറസ്റ്റിലായി. വൈകുന്നേരം മണികണ്ഠനാൽത്തറയിൽ നടന്ന യോഗത്തിൽ പ്രസംഗിച്ചതിന്  അംശി നാരായണപിള്ള,  അധ്യക്ഷനായിരുന്ന ഡോക്ടർ എ ആർ മേനോൻ, പുത്തേഴത്ത് രാമ മേനോൻ,  പനമ്പിള്ളി ഗോവിന്ദമേനോൻ എന്നീ നേതാക്കളെ അറസ്റ്റ് ചെയ്തു. 
        ഗാന്ധിജിയുടെ അറസ്റ്റിനെ തുടർന്നുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്ത്യയിലാകമാനം ഒരു ലക്ഷത്തോളം സന്നദ്ധ ഭടന്മാരുംഅറസ്റ്റ് വരിച്ചു . ഇതിൽ പത്ത് ശതമാനത്തിലേറെ വനിതകൾ ആയിരുന്നു. പൂട്ടിയിടുകയോ കണ്ടു കെട്ടുകയോ ചെയ്ത പത്രമാഫീസുകൾ 180. ജനക്കൂട്ടത്തിനുനേരേ നടത്തിയ ലാത്തിച്ചാർജിന്റെ എണ്ണം മുന്നൂറ്റി ഇരുപത്തഞ്ച്. 
     ഈ കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിൽ ഗാന്ധിജി യർവാദാ ജയിലിൽ വീണ്ടും ഒരു നിരാഹാരവ്രതം ആരംഭിച്ചു. സമരം താൽക്കാലികമായി നീട്ടിവയ്ക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു .     നിലവിലുള്ള നിയമലംഘന പ്രസ്ഥാനത്തിന്റെ പ്രവർത്തനശൈലി ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടില്ല സമരം ചെയ്യുന്നവരുടെ ധീരതയും അവരുടെ ദേശസ്നേഹവും അംഗീകരിക്കുന്നെങ്കിലും സമര രീതിയോട് ഗാന്ധിജിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഏതായാലും ആത്മശുദ്ധീകരണത്തിന് വേണ്ടി വരുന്ന സമയം മറ്റു ചിന്തകൾ കൂടാതെ ശാന്തമായിരിക്കാൻ സമരം നിർത്തി വയ്ക്കുക തന്നെ വേണമെന്ന് ഗാന്ധിജി നിർബന്ധം പിടിച്ചു. മറ്റുള്ളവർക്ക് വഴങ്ങുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. കൂടുതൽ ശക്തി സംഭരിക്കാനും മനക്കരുത്ത് നേടാനുമാണ് താൻ ഉപവാസം അനുഷ്ഠിക്കുന്നതെന്നും കൂടുതൽ ശക്തിയോടെ ആഞ്ഞടിക്കുമെന്നും ഗാന്ധിജി പറഞ്ഞു. എന്നാൽ സർക്കാർ ഈ താക്കീത് വില വെച്ചില്ല. സിവിൽ നിയമലംഘനം പിൻവലിക്കുന്നത് കൊണ്ട് മാത്രം തടവുകാരെ വിട്ടയക്കുന്നതല്ലെന്നും അത് നിശ്ശേഷം ഉപേക്ഷിക്കുന്നത് വരെ നിലപാടിൽ മാറ്റടിവണ്ടാവില്ലെന്ന് ആയിരുന്നു സർക്കാരിൻറെ പ്രതികരണം ഗാന്ധിജി അതിനെതിരെ ഒന്നും അനങ്ങിയില്ല എന്നാൽ ഗാന്ധിജിയുടെ ദുരൂഹത നിറഞ്ഞ പെരുമാറ്റം നേതാക്കളിൽ പലർക്കും ഇഷ്ടപ്പെട്ടില്ല .സഹിക്കെട്ട വിതൽ ഭായ് പട്ടേലും സുഭാഷ് ചന്ദ്ര ബോസും ഗാന്ധിജിയുടെ ഈ തീരുമാനത്തിനെതിരെ ജയിലിൽ നിന്ന് ഒരു പരസ്യപ്രസ്താവന പുറപ്പെടുവിച്ചു. താൻ നേതൃത്വത്തിന് അയോഗ്യനാണെന്ന് ഗാന്ധിജി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്നാണ് അവർ പ്രസ്താവനയിൽ പറഞ്ഞത് .
തയ്യാറാക്കിയത്; പ്രസന്നകുമാരി ജി

No comments:

Post a Comment