🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, March 4, 2024

വൈക്കം സത്യഗ്രഹം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 65.  വൈക്കം സത്യഗ്രഹം.
      സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ  അവിഭാജ്യഭാഗമായി കേരളത്തിൽ നടന്ന സുപ്രധാനമായ രണ്ട് സമരങ്ങളാണ് വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും വൈക്കത്തെയും.  ഗുരുവായൂരിലെയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഈ സമരങ്ങൾ കേരളത്തിൻറെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ വമ്പിച്ച സ്വാധീനം ചെലുത്തി. സാമൂഹിക നവോത്ഥാനത്തിലെ നാഴികക്കല്ലുകൾ ആയ ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത് സ്വാതന്ത്ര്യ സമരത്തിൻറെ മുൻനിരയിൽ പെട്ടവരായിരുന്നു.
    അവർണരെന്ന പേരിൽ ഒരു വിഭാഗം ഹൈന്ദവരെ ക്ഷേത്രസന്നിധിയിൽ അടുപ്പിക്കുകയോ, തീണ്ടാപ്പാട് അകലെപ്പോലും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയോ ചെയ്യാതിരുന്ന സവർണ മേധാവിത്വത്തിന് എതിരെ നടത്തിയ ഉജ്ജ്വല സമരം ആയിരുന്നു വൈക്കം സത്യഗ്രഹം. തിരുവിതാംകൂറിലെ നല്ലൊരു വിഭാഗം സവർണറുടെ പിൻബലവും ഉണ്ടായിരുന്നു അതിന്. അവർണർക്കുള്ള ഈ വിലക്ക് എടുത്തുകളയാനും അവരോട് മനുഷ്യരെപ്പോലെ പെരുമാറാനും വേണ്ടി രാജസമക്ഷം പലതവണ നിവേദനം നടത്തിയിട്ടും ശ്രമം വിഫലമായിരുന്നു. ഒരു ബഹുജന മുന്നേറ്റം എന്ന നിലയിൽ നിയമലംഘനം നടത്താൻ ജനങ്ങൾ ഒരുങ്ങി.
     1924 ഏപ്രിൽ ഒന്നിനാണ് സത്യഗ്രഹം ആരംഭിച്ചത്. ശരിക്ക് പറഞ്ഞാൽ ക്ഷേത്രപ്രവേശനം ആയിരുന്നില്ല അവിടുത്തെ പ്രധാന പ്രശ്നം. സഞ്ചാരസ്വാതന്ത്ര്യം ആയിരുന്നു ക്ഷേത്രത്തിലേക്ക് നയിക്കപ്പെടുന്ന നാട്ടുപാതകളിലൂടെ പോലും അവർണ സമുദായത്തിന് നടന്നുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. പട്ടിക്കും പശുവിനും സ്വച്ഛന്ദ വിഹാരം അനുവദിക്കപ്പെട്ടിട്ടും മനുഷ്യരിൽ ഒരു വിഭാഗത്തിന് യാത്രാനുമതി നിഷേധിക്കപ്പെടുന്ന വ്യവസ്ഥിതി മാറ്റിക്കിട്ടാനുള്ള സ്വാഭാവികമായ ആഗ്രഹമായിരുന്നു ജനങ്ങളെ അതിനു പ്രേരിപ്പിച്ചത്.  നായർ സർവീസ് സൊസൈറ്റിയുടെയും,  ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെയും പിന്തുണ സമരത്തിനുണ്ടായിരുന്നു.   ടി.കെ.മാധവൻ, കെ. കേളപ്പൻ , എ കെ പിള്ള,കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ പി കേശവമേനോൻ തുടങ്ങിയവർ സത്യഗ്രഹത്തിൽ പങ്കെടുത്തു. കേശവമേനോൻ മാതൃഭൂമിയുടെ പത്രാധിപരും, കുറൂർ മാതൃഭൂമിയുടെ മാനേജരും ആയിരുന്നു. സമരത്തിന് ഇറങ്ങും മുമ്പ് കേശവമേനോൻ ഒരു പ്രസ്താവന ഇറക്കി." തീണ്ടലും അയിത്തവും നീക്കുന്നതിനായി തിരുവിതാംകൂർ രാജാവിന്റെ തടവുമുറിയിൽ ഇരിക്കുന്നതാണ് മാതൃഭൂമിയുടെ ആപ്പീസിൽ ഇരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം".
   സത്യഗ്രഹം തുടങ്ങിയ ഉടനെ ക്ഷേത്രക്കമ്മറ്റിക്കാർ അയിത്തോച്ചാടനക്കമ്മിറ്റിക്കാരെ സമീപിച്ച് അനുകൂലമായ തീരുമാനമെടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചു. കമ്മറ്റി അതിനനുവദിച്ചു . എന്നാൽ മൂന്നാം ദിവസം അർദ്ധരാത്രി കഴിഞ്ഞിട്ടും അവർ മറുപടി കൊടുത്തില്ല . അനുരഞ്ജന വഴിതേടാതെ പ്രസ്ഥാനത്തെ തുരങ്കം വയ്ക്കാനായിരുന്നു ഈ മൂന്നു ദിവസവും അവർ കൂട്ട ശ്രമം നടത്തിയത് എന്ന് ശുദ്ധഗതിക്കാരായ സത്യഗ്രഹികൾക്ക് പിന്നീട് മനസ്സിലായി. അവർ പൂർവാധികം കരുത്തോടെ സമരം തുടർന്നു. സത്യഗ്രഹം പുനരാരംഭിച്ചപ്പോഴാണ് ദേവസ്വംകാരുടെ യഥാർത്ഥ മുഖം സത്യഗ്രഹികൾക്ക് മനസ്സിലായത്. 
   സത്യഗ്രഹം തുടങ്ങിയ ഉടനെ എ. കെ. പിള്ളയെയും, കേളപ്പനെയും ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയും കോടതി അവർക്ക് തടവു ശിക്ഷ വിധിക്കുകയും ചെയ്തു. നാലുമാസം വീതം തടവ് ശിക്ഷ അനുഭവിക്കാൻ അവരെ പൂജപ്പുരയിലേക്ക് കൊണ്ടുപോയി.
    തുടർന്ന് സത്യഗ്രഹത്തിന്റെ നേതൃത്വം ജോർജ് ജോസഫ് ഏറ്റെടുത്തു. അറസ്റ്റ് ചെയ്ത് ജയിൽ നിറയ്ക്കുക എന്ന പരിപാടിയുമായി സമരം നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ നീക്കം എന്ന് മനസ്സിലായപ്പോൾ ചിലർ നിരാഹാര സമരം തുടങ്ങി. സത്യഗ്രഹികളെ ക്ഷേത്രനടയിലേക്ക് കടക്കാൻ അനുവദിക്കാതെ പോലീസ് പുതിയ പ്രതിരോധ തന്ത്രം ആവിഷ്കരിച്ചു. സത്യഗ്രഹികളും അവരുടെ ശൈലി മാറ്റി. തൂണുപോലെ നിരന്നുനിന്ന് നിരാഹാരം തുടങ്ങി. ഊഴമനുസരിച്ച് പോലീസ് സംഘം മാറിമാറി വന്നപ്പോഴും സത്യഗ്രഹികൾ നിന്ന നിലയിൽ തന്നെ. കൊടും വെയിലത്ത് . നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം എത്തിയപ്പോൾ നിരാഹാരക്കാർ ബോധം നശിച്ചു കുഴഞ്ഞുവീണു. അവരെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.സത്യഗ്രഹികൾ  അനുഭവിക്കുന്ന പീഡനം കണ്ട് സഹിക്കാനാവാതെ കാണികൾ ഇളകി വശായി. അവർ അതിക്രമത്തിന് ഒരുങ്ങിയതോടെ പോലീസ് മർദ്ദനവും തുടങ്ങി.
 ദിവസങ്ങൾ പലതു കഴിഞ്ഞു. സത്യഗ്രഹം ഒരു മാറ്റവും ഇല്ലാതെ തുടർന്നപ്പോൾ യാഥാസ്ഥിതിക ഹിന്ദുക്കളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ഗുണ്ടകളെ ഇറക്കി. അവർ സത്യഗ്രഹികളെ കടന്നാക്രമിച്ചു. അതോടെ വൈക്കം സത്യാഗ്രഹത്തിന് അഖിലേന്ത്യാ പ്രശസ്തി കൈവന്നു. പത്രപംക്തികൾ വലിയ പ്രാധാന്യത്തോടെ വൈക്കം സത്യഗ്രഹത്തിന് പ്രചാരണം നൽകി. അതുകാരണം വിവിധ പ്രദേശങ്ങളിൽ നിന്നും പ്രസ്ഥാനത്തോട് കൂറ് പ്രഖ്യാപിക്കാൻ ആളുകൾ വൈക്കത്ത് വന്നു. ആര്യസമാജത്തിന്റെ മുഖ്യ പുരോഹിതൻ ശ്രദ്ധാനന്ദനും, സി.രാജഗോപാലാചാരിയും, ഈറോഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻസിപ്പൽ അധ്യക്ഷനുമായ രാമസ്വാമി നായ്ക്കരും കുറെ വാളണ്ടിയർമാരും ഗാന്ധിജിയുടെ പ്രതിനിധിയായി , സി. എഫ്. ആൻഡ്രൂസ് തുടങ്ങിയവരും വൈക്കം സന്ദർശിച്ചു . പഞ്ചാബിൽ നിന്നും പത്തിരുപത് അകാലിദൾ വാളണ്ടിയർമാരും വൈക്കത്ത് എത്തി. 
   സമരം 20 മാസം നീണ്ടുനിന്നു . പോലീസ് സത്യഗ്രഹികളെ പീഡിപ്പിച്ചു തുടങ്ങി. അവരുടെ തക്ലിയും ,ചർക്കയും, പഞ്ഞിക്കെട്ടും നൂൽക്കെട്ടുകളും പിടിച്ചെടുത്തു നശിപ്പിച്ചു. പോലീസിന്റെ ഈ അതിക്രമങ്ങളും സർക്കാരിൻ്റെ അലംഭാവവും ജനങ്ങളെ രോഷാകുലരാക്കി. ഒടുവിൽ ഗാന്ധിജി നേരിട്ട് വൈക്കത്തേക്ക് വന്നു. ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് 1924 നവംബർ ഒന്നിന് ഇരുപത്തയ്യായിരത്തിൽ പരം അവർണ്ണ ഹിന്ദുക്കൾ അടങ്ങിയ രണ്ടുകൂറ്റൻ ഘോഷയാത്രകൾ വൈക്കത്തുനിന്നും  നാഗർകോവിലിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തി. അന്നത്തെ ഭരണാധിപയായ റീജൻ്റ് മഹാറാണി സേതു ഭായിയെ സന്ദർശിച്ച് ഭീമഹർജി സമർപ്പിച്ചു. ഗാന്ധിജി പോലീസ് കമ്മീഷണറെ കണ്ട് ചർച്ച ചെയ്തു. ഇതിന്റെയൊക്കെ ഫലമായി നിരോധിത മേഖലയായി കണക്കാക്കിയ നടവഴികളിൽ അവർണർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. ക്ഷേത്രങ്ങളിലെ നിരോധനവും പിൻവലിച്ചു. അമ്പലപ്പുഴ, തിരുവാർപ്പ്,  ശുചീന്ദ്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ , രണ്ടു വർഷങ്ങൾക്കുശേഷം തിരുവിതാംകൂറിലെ മറ്റു ക്ഷേത്രങ്ങളിലും ഈ വിലക്കുകൾ അവസാനിപ്പിച്ചു. എല്ലാ റോഡുകളും അവർക്കായി തുറന്നുകൊടുത്തു. 
    ഇത്തിരി വൈകി യാണെങ്കിലും ജാതി സംബന്ധമായ ഉച്ചനീചത്വങ്ങൾക്കെതിരെ നടത്തിയ വലിയൊരു വിപ്ലവമായിരുന്നു തിരുവിതാംകൂറിലെ ഈ നടപടി. ശ്രീനാരായണഗുരുവിന്റെയും മറ്റും ജാതിവ്യവസ്ഥയ്ക്കെതിരായി നടത്തിയ പോരാട്ടത്തിന് ആക്കം കൂട്ടാൻ ഈ സംഭവത്തിന് കഴിഞ്ഞു ഈ അവസരത്തിലാണ് ഗാന്ധിജി ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടതും വർക്കലയിൽ ചെന്ന് ഗുരുവിനെ കണ്ടതും . ശ്രീനാരായണ ഗുരുവിൻറെ വൈക്കത്തെ ആശ്രമം സത്യഗ്രഹികൾക്ക് അവരുടെ ക്യാമ്പ് ആയി ഉപയോഗിക്കാൻ അദ്ദേഹം നേരത്തെ അനുവദിച്ചിരുന്നു.
 തയ്യാറാക്കിയത് പ്രസന്നകുമാരി .ജി

No comments:

Post a Comment