🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, March 10, 2024

ഗുരുവായൂർ സത്യഗ്രഹം . /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

66. ഗുരുവായൂർ സത്യഗ്രഹം .
      ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ 1931ൽ ഗുരുവായൂരിൽ സമരം നടന്നു. ഇത് ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
      വടകരയിൽ ചേർന്ന കേരള സംസ്ഥാന പ്രദേശ് കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തിൽ വെച്ചാണ് ക്ഷേത്രപ്രവേശന സത്യഗ്രഹത്തെപ്പറ്റി ആലോചിച്ചത്.  ജെ.എൻ. സെൻഗുപ്തയായിരുന്നു സമ്മേളനത്തിൽ അധ്യക്ഷൻ. അഖിലേന്ത്യാ കോൺഗ്രസ്സിന്റെ പരിപാടി എന്ന നിലയിൽ ക്ഷേത്രപ്രവേശന സത്യഗ്രഹം ആരംഭിക്കുവാൻ അവിടെവെച്ച് പരിപാടിയിട്ടു. ഗുരുവായൂർ ക്ഷേത്രമാണ് അതിന് തിരഞ്ഞെടുക്കപ്പെട്ടത്. അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡൻറ് മന്നത്ത് പത്മനാഭൻ ആയിരുന്നു കമ്മിറ്റി ചെയർമാൻ. സെക്രട്ടറി കെ കേളപ്പനും.
      കൊച്ചിയിൽ നിന്നും തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നും പ്രചരണ ജാഥകൾ സംഘടിപ്പിച്ചു കൊണ്ടും നാട്ടിലുടനീളം സഞ്ചരിച്ചും പ്രസംഗങ്ങൾ നടത്തിക്കൊണ്ടും ക്ഷേത്രപ്രവേശന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു.
      ഗുരുവായൂർ ക്ഷേത്രം, നാടുവാഴി തമ്പ്രാക്കന്മാരായിരുന്ന സാമൂതിരി വംശത്തിന്റേതായിരുന്നു.അയിത്ത ജാതിക്കാർക്ക് ക്ഷേത്രമതിലുകൾക്കടുത്തുപോലും പ്രവേശനം നിഷേധിച്ചിരുന്നു. ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെ മഞ്ചുള ആൽത്തറയ്ക്ക് അപ്പുറം നിന്നു മാത്രമേ അവർ ക്ഷേത്രദർശനം നടത്താവൂ!
    ക്ഷേത്ര ഭാരവാഹികൾ സമരത്തെ ശക്തമായി നേരിടാൻ വേണ്ട ഒരുക്കങ്ങൾ ചെയ്തു. ക്ഷേത്രത്തിലേക്ക് വഴിതെളിക്കുന്ന നാലു നടകളിലും കൂറ്റൻ തെങ്ങ് തടി നാട്ടി മുള്ളുവേലി കെട്ടി ഉറപ്പിച്ചു കിഴക്കേനടയിലെ ആൽത്തറയ്ക്ക് അപ്പുറം 20 വാര ദൂരം വരെ ഈ വേലി നീട്ടിയിരുന്നു.
    സത്യഗ്രഹം തുടങ്ങുന്ന 1931 നവംബർ 1 അഖിലകേരള ക്ഷേത്രപ്രവേശന ദിനമായി ആചരിക്കുവാൻ സത്യഗ്രഹ കമ്മിറ്റി ആഹ്വാനം ചെയ്തു.
     കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് കാൽനട ജാഥ പുറപ്പെട്ടു. കണ്ണൂരിൽ നിന്നുള്ള ജാഥ നയിച്ചത് താഴക്കാട്ടു മനക്കലെ സുബ്രഹ്മണ്യൻ തിരുമുമ്പ് ആയിരുന്നു.
   ക്ഷേത്ര പ്രവേശന സത്യഗ്രഹ കമ്മിറ്റിയുടെ സർവ്വ നിയന്ത്രണവും ഏ. കെ .ഗോപാലന്റെ ചുമതലയിലായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നവംബർ ഒന്നിന് സത്യഗ്രഹം ആരംഭിച്ചു. കേളപ്പനായിരുന്നു സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്.
     തങ്ങൾക്കു നേരെ ഭീഷണി മുഴക്കിയ സത്യഗ്രഹ വിരോധികളെ ഉദ്ദേശിച്ചുകൊണ്ട് കേളപ്പൻ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു,"പരിശുദ്ധമായ ദേവാലയത്തിൽ നിന്ന് പണമിടപാടുകാരെയും മോഷ്ടാക്കളെയും ജാതിക്കോമരങ്ങളെയും പുറത്താക്കാനുള്ള ഈ മഹത് പ്രസ്ഥാനത്തിൻറെ വിജയത്തിന് വേണ്ടി അനേകം തലകൾ ഹോമിക്കുവാൻ തയ്യാറായിട്ട് തന്നെയാണ് സത്യഗ്രഹികൾ എത്തിയിരിക്കുന്നത്."
    ഒന്നാം ദിവസം സത്യഗ്രഹം തുടങ്ങിയ ആദ്യ സംഘത്തിൽ പി എസ് തിരുമുമ്പ് ഉണ്ടായിരുന്നു (സുബ്രഹ്മണ്യൻ തിരുമുമ്പ്) തുടർന്നുള്ള ദിവസങ്ങളിൽ സത്യഗ്രഹികളെ ബലംപ്രയോഗിച്ചു തടയലും ഏറ്റുമുട്ടലും ഉണ്ടായി. ക്ഷേത്ര ഭാരവാഹികളുടെ ഗുണ്ടകൾ ആയിരുന്നു ഇതു ചെയ്തത്. എട്ടാം ദിവസം വളണ്ടിയർ ക്യാപ്റ്റൻ എ കെ ഗോപാലനെയും മറ്റും സത്യഗ്രഹ വിരോധികൾ ആക്രമിച്ചു.
    സത്യഗ്രഹം മാസങ്ങളോളം നീണ്ടു .പല ഘട്ടങ്ങളിലും ക്ഷേത്രത്തിൽ ശാന്തി മുടങ്ങി. 'അയിത്തക്കാർ' തീണ്ടിയതിന്റെ പേരിൽ പലതവണ ശുദ്ധികലശം നടത്തി . ക്ഷേത്രം ട്രസ്റ്റിയായിരുന്ന സാമൂതിരിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം ഇതിനൊരു അവസാനം കാണാൻ കഴിഞ്ഞില്ല.
     ക്ഷേത്രം ആക്രമിക്കാനും അതുവഴി പരിഹാരം കാണാനും ജനങ്ങൾ തയ്യാറായി വന്നപ്പോഴെല്ലാം കെ കേളപ്പനും കോൺഗ്രസും അവരെ നിരുത്സാഹപ്പെടുത്തുകയും മടക്കി അയക്കുകയും ചെയ്തു. ഒടുവിൽ ഒരു അന്തിമ പരിശ്രമം എന്ന നിലയിൽ സെപ്റ്റംബർ 21ന് കേളപ്പൻ ഉപവാസം ആരംഭിച്ചു. ഇതു കൂടിയായപ്പോൾ ജനം ഇളകി മറിഞ്ഞു. നിയന്ത്രണം വിട്ട രീതിയിൽ അവർ പെരുമാറി തുടങ്ങും എന്ന നില വന്നു. ഇതിനിടയിൽ അല്പം അവധി നൽകിക്കൊണ്ട് ഉപവാസവും സമരവും നിറുത്തിവയ്ക്കാൻ സാമൂതിരി കേളപ്പനോട് അപേക്ഷിച്ചിരുന്നു. അദ്ദേഹം കൂട്ടാക്കിയില്ല. മൂന്നുമാസത്തിനിടെ താൻ പരിഹാരമുണ്ടാക്കാം എന്ന സാമൂതിരിപ്പാടിന്റെ വാക്കുകളും കേളപ്പൻ സ്വീകരിച്ചില്ല. തുടർന്ന് സാമൂതിരിപ്പാട് ഇതേ അഭ്യർത്ഥനയുമായി ഗാന്ധിജിക്ക് കമ്പി സന്ദേശം അയച്ചു.ജയിൽവാസം അനുഷ്ഠിക്കുന്നതിനിടയിലാണ് ഗാന്ധിജിക്ക് സാമൂതിരിയുടെ അഭ്യർത്ഥന ലഭിച്ചത്. അത് ഗാന്ധിജി സ്വീകരിച്ചു. ഉടൻ ഉപവാസം നിർത്തിവയ്ക്കാൻ ഗാന്ധിജിയുടെ കമ്പി കിട്ടിയതനുസരിച്ച് ഒക്ടോബർ ഒന്നിന് കേളപ്പന് നിരാഹാരവ്രതം നിർത്തിവയ്ക്കേണ്ടി വന്നു. അതനുസരിച്ച് ഒക്ടോബർ രണ്ടിന് നിരാഹാരവും സത്യഗ്രഹവും നിറുത്തിവച്ചു.
    ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സമരത്തിന്റെ ഭാഗമായി എ കെ ഗോപാലൻ്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം അയിത്തത്തിനെതിരായി ഒരു പ്രചാരണ പ്രസ്ഥാനം ആരംഭിച്ചു. പതിനാറ് അംഗങ്ങളുള്ള ഒരു ഐത്തോച്ചാടന കാൽനട ജാഥ . ഗുരുവായൂരിൽ നിന്ന് ഒക്ടോബർ മധ്യത്തിൽ ആരംഭിച്ച ജാഥയ്ക്ക് കേരളത്തിലുടനീളം സ്വീകരണം ലഭിച്ചു. ഗാന്ധിജി നവംബറിൽ സാമൂതിരിക്ക് എഴുതി. ഡിസംബറിൽ മഹാകവി ടാഗോറും ഗാന്ധിജിയോട് തൻറെ വാക്ക് പാലിക്കാൻ സന്ദേശമയച്ചു. ഒരു ജനഹിത പരിശോധന വഴി കാര്യം പരിഹരിക്കാൻ ഗാന്ധിജി സാമൂതിരിക്ക് നിർദേശം നൽകി. രാജഗോപാലാചാരിയെ ഗാന്ധിജി തന്റെ പ്രതിനിധിയായി കേരളത്തിലേക്ക് അയച്ചു. രാജാജി,  അഖിലകേരള ഐത്തോച്ചാടന കമ്മറ്റി പ്രസിഡണ്ടായിരുന്ന യു. ഗോപാലമേനോനെയും  കെ മാധവൻ നായരെയും കണ്ടു . സവർണ്ണ ഹിന്ദുക്കളുടെ ഹിതം അറിയാൻ പൊന്നാനി താലൂക്കിലെ സവർണർക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തി. വോട്ട് രേഖപ്പെടുത്തിയ പ്രായപൂർത്തിയായ ഹൈന്ദവരിൽ 77 ശതമാനം പേർ അവർണർക്ക് ക്ഷേത്രം തുറന്നു കൊടുക്കുന്നതിന് അനുകൂലമാണെന്ന് കണ്ടു. തുടർന്നുണ്ടായ പ്രവർത്തനമാണ് ജാതി വ്യത്യാസമെന്യേ ഗുരുവായൂരിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ യ്ക്ക് കാരണമായി ഭവിച്ചത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

No comments:

Post a Comment