🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, March 22, 2024

ക്വിറ്റ് ഇന്ത്യാ സമരം. /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

68. ക്വിറ്റ് ഇന്ത്യാ സമരം.
      1942 ജൂലൈ 19ന് അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തകസമിതിയുടെ യോഗം വാർദ്ധയിൽ ഗാന്ധിജിയുടെ  സാന്നിധ്യത്തിൽ വിളിച്ചുകൂട്ടി .
   ഗാന്ധിജി തന്റെ സഹപ്രവർത്തകരോട് പറഞ്ഞു." നമുക്ക് അവസാന സമരത്തിന് ഒരുങ്ങണം. ഇക്കഴിഞ്ഞ എല്ലാ സമരങ്ങളെയും പിന്നിലാക്കിക്കൊണ്ടുള്ള ഉഗ്ര പോരാട്ടം. ഇതുവരെ നാം സൗമ്യമായ രീതിയിലാണ് സമരം ചെയ്തത്. ഇനി കാര്യങ്ങൾ എത്രയും വേഗത്തിൽ നീക്കാമോ അത്രയും വേഗത്തിൽ നീക്കണം."
    കോൺഗ്രസിന്റെ സമ്പൂർണ്ണ സമ്മേളനത്തിന്റെ അംഗീകാരം വാങ്ങി വേണം വാർദ്ധയിൽ വച്ചു കൈക്കൊണ്ട തീരുമാനം പ്രാവർത്തികമാക്കാൻ എന്ന് കമ്മിറ്റി തീരുമാനിച്ചു. അതിനായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഒരു സമ്പൂർണ്ണ കാര്യാലോചനായോഗം ആഗസ്റ്റ് 7 , 8 തീയതികളിൽ ബോംബെ മലബാർ ഹിൽസിൽ ചേർന്നു. മൗലാന അബ്ദുൽ കലാം ആസാദിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം. ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജവഹർലാൽ നെഹ്റു യോഗത്തിൽ അവതരിപ്പിച്ചു. പ്രമേയം പിൻതാങ്ങിയത് സർദാർ വല്ലഭായി പട്ടേലും.
    പ്രമേയത്തിന്റെ അവസാനവാക്യം ഇതായിരുന്നു .  "  ........അതിനാൽ സ്വാതന്ത്ര്യത്തിന് ഇന്ത്യയ്ക്കുള്ള അനിഷേധ്യമായ അവകാശം സ്ഥാപിക്കുന്നതിൽ ഗാന്ധിജിയുടെ അനുപേക്ഷണീയമായ നേതൃത്വത്തിൽ അഹിംസാ മാർഗത്തിലൂടെ ഇന്ത്യയിൽ ഒരു ബഹുജന സമരം ആരംഭിക്കാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു."
   ഔചിത്യ ബോധമുണ്ടെങ്കിൽ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ കൈവിലങ്ങ് അഴിച്ചു മാറ്റുകയാണ് ബ്രിട്ടൻ ചെയ്യേണ്ടത്. ഇതുവരെയുള്ള ബ്രിട്ടന്റെ പെരുമാറ്റവും സമീപനവും തന്ത്രവും കൊണ്ട് മനസ്സിലാകുന്നത് ഇവർ നമുക്ക് ഒരിക്കലും സ്വാതന്ത്ര്യം തരില്ല എന്നു തന്നെയാണ് . ബ്രിട്ടീഷുകാർ റഷ്യയുടെയും ചൈനയുടെയും സഹായം ലഭിക്കുന്നതിനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം നിഹനിക്കാൻ അവർ കൂട്ടുനിൽക്കില്ല എന്ന് നമുക്ക് ഉറപ്പുണ്ട്. ചൈനയും റഷ്യയും സ്വാതന്ത്ര്യത്തിന്റെ വിലയേറിയ നിധികളും സംരക്ഷകരും ആണ്. അവർക്ക് എന്തെങ്കിലും തടസ്സം സൃഷ്ടിക്കണമെന്ന് നമുക്ക് ആഗ്രഹമില്ല. പക്ഷേ നാം എന്നും പരതന്ത്രരായി കഴിയുകയും നമ്മെ മോചിപ്പിക്കാൻ സന്മനസ്സു കാട്ടാതിരിക്കുകയും ചെയ്യുന്ന പ്രതിലോമ കാരിയായ ഒരു മേൽക്കോയ്മയോട് നമുക്ക് ഈ വിധം അല്ലാതെ പ്രതികരിക്കാൻ കഴിയില്ല. അതിനാലാണ് സൗമനസ്യം പുന: സൃഷ്ടിക്കാൻ വേണ്ടിയും സമന്മാരാവാൻ വേണ്ടിയും നാം ബ്രിട്ടനോട് പറയുന്നത്. 'ഇന്ത്യ വിടുക !......ക്വിറ്റ് ഇന്ത്യ.' 
    പ്രമേയം അവതരിപ്പിച്ചുകൊണ്ട് നെഹ്റു പറഞ്ഞു
    ' ആരെങ്കിലും ഇതൊരു ഭീഷണിയായി കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല .ഇതൊരു ക്ഷണം മാത്രം . നാം നീട്ടിയിരിക്കുന്ന സഹകരണഹസ്തം അവർ സ്വീകരിക്കുമോ എന്ന് നമുക്ക് അറിയേണ്ടതുണ്ട്. സ്വീകരിക്കുന്നെങ്കിൽ ഇരുകൂട്ടർക്കും നന്ന്. ക്ഷണം നിരസിക്കുകയാണെങ്കിൽ പിന്നെ നാം അവർക്ക് നൽകുക സമരത്തിന്റെയും സംഘർഷത്തിന്റെയും വാഗ്ദാനങ്ങൾ ആണ്.
     പ്രമേയ ചർച്ചയിൽ ഇടപെട്ടുകൊണ്ട് ഗാന്ധിജി ധീരമായ ഒരു ആഹ്വാനം നൽകി.
   കരോഗേ ഓർ മരോഗേ.
    ഡൂ ഓർ ഡൈ!
  " പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക"
       ഗാന്ധിജി നിർണായകയോഗത്തിൽ 140 മിനിറ്റ് നേരം സംസാരിച്ചു ആദ്യം ഹിന്ദുസ്ഥാനിയിലും പിന്നെ ഇംഗ്ലീഷിലും. "എനിക്ക് സ്വാതന്ത്ര്യം വേണം. എത്രയും പെട്ടെന്ന് ഈ രാത്രിയിൽ തന്നെ പ്രഭാതം ഉണരുവോളം 
കാത്തിരിക്കാൻ എനിക്ക് ക്ഷമയില്ലാതായിരിക്കുന്നു."
     എന്ന് തുടങ്ങിയ പ്രസംഗം ഉടനീളം വികാരഭരിതമായിരുന്നു ജനങ്ങൾ ആ പ്രസംഗം കേട്ട് തരിച്ചിരുന്നു. 
   രാത്രി ഏറെ കഴിഞ്ഞു വോട്ടെടുപ്പിലൂടെ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കി. മലബാർ ഹില്ലിൽ നിന്നും നേതാക്കന്മാർ പിരിഞ്ഞു പോകാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജി നേരത്തെ തന്നെ മടങ്ങിയിരുന്നു. പിറ്റേന്ന് പുലരും മുമ്പേ പോലീസ് സേന ആശ്രമത്തിൽ ചെന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. രായ്ക്കുരാമാനം നാട്ടിലുടനീളം നടന്ന അറസ്റ്റുകളുടെ തുടർച്ചയായിരുന്നു അത്. മലബാർ ഹിൽസ് വിടും മുമ്പ് നെഹ്റു പട്ടേൽ രാജേന്ദ്രപ്രസാദ് സുചേതാ കൃപാലിനി സരോജിനി നായിഡു തുടങ്ങിയവർ അറസ്റ്റിലായിക്കഴിഞ്ഞിരുന്നു. ജയിലിന് പുറത്ത് ഒരൊറ്റ കോൺഗ്രസ് നേതാവും അവശേഷിക്കരുത്. വൈസ്രോയിയുടെ ഈ രഹസ്യ നിർദ്ദേശം അനുസരിച്ചായിരുന്നു കൂട്ട അറസ്റ്റ് .പാർട്ടിയിലെ സോഷ്യലിസ്റ്റ് വിഭാഗത്തെയും അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നു. പക്ഷേ അവരിൽ പ്രധാനികൾ ഒളിവിൽ പോയി .അച്യുത് പട് വർദ്ധൻ,  അരുണ അസഫലി തുടങ്ങിയവർ. ഇത് ഓർക്കാപ്പുറത്ത് കിട്ടിയ പ്രഹരം പോലെ ഇന്ത്യയെ ഞെട്ടിച്ചു. ജന നേതാക്കളെ അറസ്റ്റ് ചെയ്തതിനുള്ള രോഷം പ്രകടിപ്പിക്കാൻ നാടെങ്ങും പ്രതിഷേധയോഗങ്ങളും ഹർത്താലും കരിങ്കൊടി പ്രകടനങ്ങളും നടന്നു.
     പ്രതിഷേധ പ്രകടനങ്ങൾ ദിവസങ്ങൾക്കകം കലാപമായി മാറി. നേതാക്കൾ ആരും നയിക്കാൻ ഇല്ലാതെ ജനം സ്വന്തം നിലയിൽ വിപ്ലവം നടത്തിത്തുടങ്ങി . അഹിംസയോ, അക്രമരാഹിത്യമോ അവർ കാര്യമായി എടുത്തില്ല.
   അരുണ അസഫലി, അച്യുത് പട്വർദ്ധൻ, റാം മനോഹര്‍ ലോഹ്യ തുടങ്ങിയവർ മാത്രമാണ് പുറത്തുണ്ടായിരുന്നത്. അവർ ഒളിവിലും ആയിരുന്നു . ഒളിവിൽ നിന്നുകൊണ്ട് അവർ ജനങ്ങൾക്ക് നേതൃത്വം നൽകി .ഗാന്ധിജിയുടെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ശക്തി മന്ത്രമായി സ്വീകരിച്ചുകൊണ്ട് കലാപം നടത്താൻ അവർ ജനങ്ങൾക്ക് അനുമതി നൽകി. പോലീസും പട്ടാളവും നാടാകെ ഭീകരഭരണം അഴിച്ചുവിട്ടു. വെടിവെപ്പും കണ്ണീർവാതക പ്രയോഗവും കൊണ്ട് പോലീസ് കലാപക്കാരെ നേരിട്ടു. പലയിടത്തും ജനങ്ങൾ  അക്രമോത്സുകരായി അക്രമം തുടങ്ങി. റെയിൽവേ സ്റ്റേഷനുകൾ നശിപ്പിച്ചു തീവണ്ടികൾ കത്തിച്ചു . സർക്കാർ ആപ്പീസുകൾ ചുട്ടു ചാമ്പലാക്കി. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാക്കി. കലാപത്തിൽ ചേരാൻ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു.
    വിദ്യാർഥികളും യുവജനങ്ങളുമാണ് ക്വിറ്റിന്ത്യാ സമരം നയിച്ചത്. അവർക്കറിയാവുന്ന എല്ലാ സമരമാർഗ്ഗങ്ങളും അതിവിദഗ്ധമായി അവർ ഉപയോഗിച്ചു. റെയിൽബന്ധം താറുമാറാക്കാനും തീവണ്ടി മറിച്ചിടാനും വാർത്താ വിനിമയ ബന്ധം തകരാറിലാക്കാനും അവർക്ക് ആരും ഉപദേശിച്ചു കൊടുക്കേണ്ടി വന്നില്ല. തൊഴിൽ ശാലകൾ വിട്ടിറങ്ങി വന്ന തൊഴിലാളികളും ഒട്ടും പിന്നോക്കമായിരുന്നില്ല. ഗുജറാത്തിൽ മാത്രം 100 തുണിമില്ലുകളുടെ പ്രവർത്തനം തൊഴിലാളികൾ സ്തംഭിപ്പിച്ചു. ഗുജറാത്ത് കാട്ടിയ മാതൃക മദ്രാസിലും ബറോഡയിലും ഡൽഹിയിലും പിന്തുടർന്നു. ഫാക്ടറികൾ നിശ്ചലമായി. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്  ബനാറസിൽ മാത്രം മുപ്പത്തിരണ്ടായിരം വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടു.
    ഉത്തരേന്ത്യയിലെ പോലെ കേരളത്തിൽ ക്വിറ്റിന്ത്യാ സമരം രൂക്ഷമായിരുന്നില്ല. എങ്കിലും മലബാറിലും കൊച്ചിയിലും സമരം വ്യാപകമായിരുന്നു. ക്വിറ്റിന്ത്യാ സമരം തുടങ്ങിയപ്പോൾ തന്നെ കേരളത്തിൽ അറസ്റ്റ് ആരംഭിച്ചു. ആഗസ്റ്റ് 10 ന് കെ കേളപ്പനെ തലശ്ശേരിയിൽ വെച്ച് രാജ്യരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. കോഴിപ്പുറത്ത് മാധവമേനോൻ , എ. വി. കുട്ടിമാളു അമ്മ , പി കെ മൊയ്തീൻകുട്ടി തുടങ്ങിയവരും അടുത്ത നാളുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് പ്രകടനം നടന്നു. വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുത്തു. മലബാറിന്റെ പലഭാഗങ്ങളിലും നൂറുകണക്കിന് പ്രവർത്തകരെയും നേതാക്കന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സി കെ ഗോവിന്ദൻ നായർ,  ഇ.മൊയ്തു മൗലവി,  കെ പി മുഹമ്മദ് തുടങ്ങിയവർ ഉൾപ്പെടും. 
     ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിൽ ഒന്ന് കീഴരിയൂർ ബോംബ് കേസാണ് .  കൊയിലാണ്ടിക്കടുത്ത് കീഴിയൂർ ഗ്രാമം കേന്ദ്രീകരിച്ച് ബോംബ് ഉണ്ടാക്കുകയും പാലങ്ങളും റെയിൽപാതയും സർക്കാർ കെട്ടിടങ്ങളും തകർക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു കേസ്. ഡോക്ടർ കെ ബി മേനോൻ ആയിരുന്നു കേസിലെ മുഖ്യപ്രതി ക്വിറ്റിന്ത്യാ സമരത്തിൻറെ ഭാഗമായി അട്ടിമറികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ഡോക്ടർ മേനോൻ. 27 പേരാണ് കേസിൽ ഉൾപ്പെട്ടത്. സോഷ്യലിസ്റ്റ് നേതാവ് മത്തായി മാഞ്ഞൂരാൻ ഈ കേസിലെ പ്രതികളിൽ ഒരാളായിരുന്നു .പോലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട മാഞ്ഞൂരാൻ ഒളിവിൽ പോയി. ഡോക്ടർ കെ പി മേനോനെ കൂടാതെ എൻ.പി അബ്ദുള്ള കോയ തങ്ങൾ. മുഹമ്മദ് നഹ, തുടങ്ങിയവരും പ്രതികളിൽ ഉൾപ്പെട്ടിരുന്നു 12 പ്രതികളെ ഏഴു വർഷത്തേക്കും ഒരാളെ പത്തുവർഷത്തേക്കുമാണ് ശിക്ഷിച്ചത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് ഇവരെ ജയിലിൽ നിന്നും മോചിപ്പിച്ചത്. 
       തിരുവിതാംകൂറിൽ വിദ്യാർത്ഥികൾ ആയിരുന്നു സമരത്തിൽ സജീവമായി പങ്കെടുത്തത്. ആഗസ്റ്റ് 12ന് യൂണിവേഴ്സിറ്റി കോളേജിന് സമീപം നടന്ന യോഗം, ദേശീയ നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു.  പ്രതിഷേധയോഗങ്ങൾ ചേരുന്നത് തിരുവിതാംകൂറിലും നിരോധിച്ചിരുന്നു. നിരോധനം ലംഘിച്ച് തിരുവനന്തപുരം , കൊല്ലം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ യോഗങ്ങൾ നടന്നു. നിരോധനം ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ആനിമസ്ക്രീൻ , എസ് ശിവൻ പിള്ള തുടങ്ങിയവർ ഉൾപ്പെടും. വിദ്യാർത്ഥികളുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയത്  കെ ഇ മാമൻ, ജി ഗോപിനാഥൻ  ടി വി തമ്പി തുടങ്ങിയവർ അറസ്റ്റിലായി.
    തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

No comments:

Post a Comment