അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
67. ജനകീയ മുന്നേറ്റം കേരളത്തിൽ
1930കളുടെ രണ്ടാം പകുതിയിലും നാല്പതുകളിലും കേരളത്തിൽ സമരങ്ങളുടെ വേലിയേറ്റം തന്നെ ദൃശ്യമായി. തിരുവിതാംകൂറിൽ 1932 മുതൽ 1938 വരെ നീണ്ടുനിന്ന നിവർത്തന പ്രക്ഷോഭത്തിന്റെ വിജയം വലിയൊരു വിഭാഗം ജനങ്ങളെ രാഷ്ട്രീയ പ്രബുദ്ധരാക്കുന്നതിന് സഹായിച്ചു. ഭരണത്തിൽ നിന്നും ഉദ്യോഗസ്ഥ മേഖലയിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്ക് അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തന പ്രക്ഷോഭത്തിന്റെ ലക്ഷ്യം. സി കേശവൻ , ടി. എം.വർഗീസ്, കെ.സി. മാമ്മൻ മാപ്പിള, പി .കെ. കുഞ്ഞ്, വി. കെ. വേലായുധൻ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവരായിരുന്നു പ്രക്ഷോഭത്തിന് നേതൃനിരയിൽ ഉണ്ടായിരുന്നത്.
തിരുവിതാംകൂറിൽ ഉത്തരവാദഭരണം ലക്ഷ്യമാക്കി 1938 ഫെബ്രുവരിയിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടതോടെ രാഷ്ട്രീയ സമരം ശക്തമായി. പട്ടം താണുപിള്ള, ടി എം വർഗീസ്, സി കേശവൻ, ഇ. ജോൺ ഫിലിപ്പോസ്,. പി. കെ. കുഞ്ഞ്, കുമ്പളത്ത് ശങ്കുപ്പിള്ള, വി. കെ. വേലായുധൻ , എ. നാരായണപിള്ള, പി എസ് നടരാജപിള്ള തുടങ്ങിയവരായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കന്മാർ. സ്റ്റേറ്റ് കോൺഗ്രസിനോടൊപ്പം ഇടതുപക്ഷ ചിന്താഗതിക്കാരായ യുവാക്കൾ മുൻകൈയെടുത്തു സംഘടിപ്പിച്ച യൂത്ത് ലീഗും പ്രക്ഷോഭത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്നു. എൻ സി ഷേഖ് , എൻ. പി. കുരുക്കൾ, പൊന്നറ ശ്രീധർ, കെ.സി. ജോർജ്, എൻ ശ്രീകണ്ഠൻ നായർ, മാത്തൂർ നാണുപിള്ള, പി. ടി .പുന്നൂസ് തുടങ്ങിയവരായിരുന്നു യൂത്ത് ലീഗിൻറെ സാരഥികൾ. ഉത്തരവാദഭരണപ്രക്ഷോഭത്തെ അടിച്ചമർത്താനാണ് അധികൃതർ ശ്രമിച്ചത്. നെയ്യാറ്റിൻകര, കല്ലറ- പാങ്ങോട് , ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പോലീസ് വെടിവെച്ചു. നെയ്യാറ്റിൻകരയിൽ രാഘവനും കല്ലറ -പാങ്ങോട് ,കൃഷ്ണൻ നായർ,കൊച്ചു നാരായണൻ ആശാരി എന്നിവരും പോലീസ് വെടിവെപ്പിൽ മരിച്ചു. 1938 ഒക്ടോബറിൽ കടയ്ക്കൽ നടന്ന കർഷകരുടെ സമരം നേരിടാനും പോലീസ് ഭീകരമായ മർദ്ദനം അഴിച്ചുവിട്ടു .
കരി നിയമങ്ങൾക്കും മർദ്ദനങ്ങൾക്കും എതിരെ പ്രക്ഷോഭം ശക്തമായി. വിദ്യാർത്ഥികൾ ഇതിൽ സജീവമായ പങ്കുവഹിച്ചു. സ്റ്റേറ്റ് കോൺഗ്രസ് നിയോഗിച്ച സമര സർവാ ധിപന്മാരുടെ നേതൃത്വത്തിൽ നിരോധനം ലംഘിച്ച് ജനങ്ങൾ അറസ്റ്റ് വരിച്ചു .1938 ഒക്ടോബർ 23ന് അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവിൻറെ കോട്ടയ്ക്കകത്തെ കൊട്ടാരത്തിനടുത്ത് നടന്ന വമ്പിച്ച ജാഥ ജന മുന്നേറ്റത്തിന് തെളിവായിരുന്നു.
ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി മലബാറിൽ കർഷകരുടെ സംഘടന രൂപം കൊണ്ടത് സമരത്തിന് ശക്തി പകർന്നു. 1935ൽ കണ്ണൂർ ജില്ലയിലെ മണിയൂർ എന്ന ഗ്രാമത്തിലാണ് കർഷകസംഘം ആദ്യമായി സംഘടിപ്പിച്ചത്. വിഷ്ണു ഭാരതീയൻ പ്രസിഡണ്ടും കെ.എം. കേരളീയൻ സെക്രട്ടറിയുമായിരുന്നു. വളരെ വേഗം കർഷക സംഘത്തിന്റെ പ്രവർത്തനം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. 1936 ൽ ലക്നോവിൽ നടന്ന സമ്മേളനത്തിൽ രൂപംകൊണ്ട അഖിലേന്ത്യാ കിസാൻ സഭയുമായി ബന്ധപ്പെട്ടാണ് കർഷകസംഘം പ്രവർത്തിച്ചത് . വൻകിട ജന്മിമാരുടെ അതിക്രമങ്ങൾക്ക് എതിരായും കർഷകരുടെ അവകാശങ്ങൾ നേടുന്നതിനും ശ്രമിക്കുന്നതിനോടൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി കൃഷിക്കാരെ അണിനിരത്താനും കർഷകസംഘം ശ്രദ്ധിച്ചു. 1940 സെപ്റ്റംബർ 15ന് കെ പി സി സി ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ കരിദിനാചരണ പരിപാടിയിൽ കർഷകസംഘം സജീവമായി പങ്കെടുത്തു. അന്ന് നിരോധന ഉത്തരവ് ലംഘിച്ച് തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, മൊറാഴ, വടകര തുടങ്ങിയ സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ നടത്തിയവർക്ക് നേരെ പൊലീസ് വെടിവെപ്പും ലാത്തിചാർജും നടത്തി. തലശ്ശേരിയിൽ അബു, ചാത്തുക്കുട്ടി എന്നിവർ വെടിയേറ്റു മരിച്ചു. മൊറാഴയിൽ ജനക്കൂട്ടവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. ആ സംഭവത്തിന്റെ പേരിൽ കെ പി ആർ ഗോപാലൻ ഉൾപ്പെടെ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു. കെ പി ആറിനെ തൂക്കിക്കൊല്ലാനാണ് കോടതി വിധിച്ചത്. ഇതിനെതിരെ ദേശാവ്യാപകമായി പ്രതിഷേധം വളർന്നു. ഗാന്ധിജിയും മറ്റു നേതാക്കന്മാരും ഇടപെട്ടതിനെ തുടർന്ന് വധശിക്ഷ ജീവപര്യന്തം തടവായി മാറ്റി.
. രണ്ടാം ലോക യുദ്ധ കാലത്ത് വിലക്കയറ്റത്തിനും പൂഴ്ത്തിവെപ്പിനും അതിക്രമങ്ങൾക്കും എതിരെ കർഷക സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ മലബാറിൽ പലഭാഗങ്ങളിലും സമരങ്ങൾ നടന്നു. ഇതിൻറെ ഭാഗമായി കയ്യൂരിൽ 1941 മാർച്ചിൽ നടന്ന സംഭവങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ജന്മിത്വത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായ മുദ്രാവാക്യങ്ങളുമായി മാർച്ച് 12ന് അവിടെ നടന്ന പ്രകടനമായിരുന്നു ഇതിൻറെ തുടക്കം. പ്രകടനത്തിൽ പങ്കെടുത്തവരെ ഒറ്റുകൊടുത്തു എന്ന് സംശയിക്കുന്ന ഒരു പോലീസുകാരനെ ഒരു സംഘം ആളുകൾ കയ്യേറ്റം ചെയ്തു. ഇതിൻറെ പേരിൽ പോലീസ് കർഷകസംഘം പ്രവർത്തകരെ മർദ്ദിച്ചു. ഇതിനെതിരെ താലൂക്കിലെ ഏറ്റവും വലിയ ജന്മിയായ നീലേശ്വരം രാജാവിനു നിവേദനം നൽകാൻ കർഷകസംഘം തീരുമാനിച്ചു. ഇതിൻറെ പ്രചരണത്തിനായി സംഘടിപ്പിച്ച ജാഥ പോകുമ്പോൾ അതിനിടയിൽ പെട്ട ഒരു പോലീസുകാരനെ പ്രകടനക്കാർ കല്ലെറിഞ്ഞു. പോലീസുകാരൻ സമീപത്തുള്ള പുഴയിൽ ചാടുകയും മരണമടയുകയും ചെയ്തു. ഇതേ തുടർന്നു കയ്യൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് ഭീകരമായ മർദ്ദനം അഴിച്ചുവിട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തു. 61 പേരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ അഞ്ചുപേരെ തൂക്കിക്കൊല്ലാനാണ് വിധിച്ചത് . പ്രായപൂർത്തി
ആകാത്തതിന്റെ പേരിൽ ചൂരിക്കാടൻ കൃഷ്ണൻ നായരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി . മറ്റു നാലു പേരെ -മഠത്തിൽ അപ്പു, അബൂബക്കർ, ചിരുകണ്ടൻ, കുഞ്ഞമ്പു- 1943 മാർച്ച് 29ന് കണ്ണൂർ ജയിലിൽ തൂക്കിക്കൊന്നു.
കരിവെള്ളൂർ, കാവുമ്പായി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കർഷക സമരങ്ങൾക്ക് നേരെയും ഭീകര മർദ്ദനമാണ് നടന്നത്.
മലബാറിൽ കർഷകപ്രസ്ഥാനത്തോടൊപ്പം അധ്യാപക പ്രസ്ഥാനവും ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ നല്ല പങ്കുവഹിച്ചിരുന്നു. സാക്ഷരതാ പ്രവർത്തനം, വായനശാല പ്രസ്ഥാനം,. ഹിന്ദി പ്രചാരണം, മദ്യവർജനം തുടങ്ങിയ പരിപാടികളിൽ അധ്യാപകർ സജീവമായി പങ്കെടുത്തിരുന്നു.
തയ്യാറാക്കിയത്: പ്രസന്ന കുമാരി. ജി
No comments:
Post a Comment