അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
69 . ഇന്ത്യൻ നാഷണൽ ആർമി.
കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പുറത്തുപോയി ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ച സുഭാഷ് ചന്ദ്ര ബോസ് തന്റേതായ മാർഗങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം തുടർന്നു. 1940 ജൂലൈ 2ന് ബോസ് അറസ്റ്റ് ചെയ്യപ്പെട്ടു. ജൂലൈ നാലിന് കൽക്കത്തയിൽ സത്യഗ്രഹം നടത്തുമെന്ന പ്രഖ്യാപനമായിരുന്നു അറസ്റ്റിനുള്ള പ്രകോപനം. സത്യാഗ്രഹത്തിന് ബോസ് ഉന്നയിച്ച ആവശ്യം, കൽക്കത്ത നഗരത്തിലെ ഒരു സ്മാരകം നീക്കം ചെയ്യണമെന്നതായിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആധിപത്യത്തിനായി ആദ്യ കരുക്കൾ നീക്കിയ ഘട്ടത്തിൽ അതിനെ ചെറുത്ത സിറാജ് ഉദ് ദൗളയെ അപകീർത്തിപ്പെടുത്താൻ സ്ഥാപിച്ചതായിരുന്നു സ്മാരകം. നൂറിലധികം ബ്രിട്ടീഷുകാരെ കാറ്റു കടക്കാത്ത ഇരുട്ടറയിൽ അടച്ചിട്ടു കൊന്നു എന്ന കള്ളക്കഥ സാധൂകരിക്കാനാണ് ബ്രിട്ടീഷുകാർ ഈ സ്മാരകം സ്ഥാപിച്ചത്. ഇന്ത്യക്കാരെ അപമാനിക്കുന്ന സ്മാരകം മാറ്റണമെന്ന പൊതുവികാരം പ്രകടിപ്പിക്കാനായിരുന്നു ബോസ് സത്യഗ്രഹ പരിപാടികൾ ആവിഷ്കരിച്ചത്. ഗവൺമെൻറ് വിരുദ്ധ പ്രസംഗം നടത്തി എന്ന കുറ്റവും അദ്ദേഹത്തിന് എതിരെ ഉന്നയിച്ചിരുന്നു.
എന്നാൽ അധികൃതർക്ക് ബോസിനെ ജയിലിൽ നിന്ന് മോചിതനാക്കേണ്ടി വന്നു. നിരാഹാര ഭീഷണിയെ തുടർന്നാണ് വിട്ടയച്ചത്. "എന്നെ വിട്ട് അയക്കൂ പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ഭക്ഷണം ഉപേക്ഷിച്ച് ഞാൻ ജീവൻ ത്യജിക്കും" ബോസ് അധികൃതർക്ക് താക്കീത് നൽകി. ബോസ് ജയിലിൽ ഉപവസിച്ചു. ഡോക്ടർമാർ അദ്ദേഹത്തിൻറെ നില മോശമാകുന്നു എന്ന് റിപ്പോർട്ട് ചെയ്യും വരെ അദ്ദേഹത്തെ ജയിലിൽ തന്നെ പാർപ്പിച്ചു. പിന്നീട് പോലീസ് പാറാവോടെ വീട്ടുതടങ്കലിൽ ആക്കി. മറ്റൊന്നും ചെയ്യാൻ നിവൃത്തിയില്ലാതിരുന്നതിനാൽ ബോസ് മുറിക്കുള്ളിൽ നിരന്തരം എഴുത്തും വായനയുമായി കഴിഞ്ഞു .1941 ജനുവരി 18ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ചില സുഹൃത്തുക്കളോടൊപ്പം വീടുവിട്ടിറങ്ങി. ഒരു മുസ്ലിം ഫക്കീറിന്റെ വേഷത്തിൽ. രക്ഷപ്പെട്ട് എത്തിയത് പെഷവാറിൽ. അവിടെനിന്ന് കാബൂളിലേക്ക് .അവിടെ വെച്ച് മെക്കയിലേക്ക് പോകുന്ന മുസ്ലിം തീർത്ഥാടക സംഘത്തോടൊപ്പം ചേർന്ന് യാത്ര തുടർന്നു. ബോസ് ലക്ഷ്യമിട്ടത് മോസ്കോ ആയിരുന്നു. പക്ഷേ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ആ ഉദ്യമം ഫലിച്ചില്ല. പിന്നീടുള്ള ശ്രമംകൊണ്ട് റോമിലേക്കും അവിടെനിന്ന് ബർലിനിലേക്കും പോകാൻ കഴിഞ്ഞു. ബെർലിനിൽ നിന്നും ഒരു ജർമൻ മുങ്ങിക്കപ്പലിൽ 90 ദിവസത്തെ സാഹസികമായ നീണ്ട യാത്രയ്ക്ക് ശേഷം ജപ്പാൻ അതിർത്തിയിലെ പെനാങ്കിലെത്തി. ഒടുവിൽ യാത്ര അവസാനിച്ചത് 1943 മെയ് മാസത്തിൽ ടോക്കിയോവിലാണ്. അവിടെ ബോസിനെ സ്വീകരിക്കാൻ ബോസിന്റെ അടുത്ത സുഹൃത്തായ റാഷ് ബിഹാരി ബോസ് ഉണ്ടായിരുന്നു. ജപ്പാൻ പൗരത്വം സ്വീകരിച്ചുകൊണ്ട് അവിടെ കഴിഞ്ഞു കൂടുകയായിരുന്നു റാഷ് ബിഹാരി.
ജപ്പാൻ പൗരത്വം സ്വീകരിച്ചുവെങ്കിലും ജീവാവസാനം തനിക്ക് ജന്മം തന്ന ഭാരതത്തിൻറെ മണ്ണിൽ ആവണമെന്ന് റാഷ് ബിഹാരി ആഗ്രഹിച്ചിരുന്നു. അത് സ്വതന്ത്ര ഭാരതത്തിൽ തന്നെയായിരിക്കണം എന്നും ആ ദേശസ്നേഹി ആഗ്രഹിച്ചു. ആ നിലയിൽ ഇന്ത്യയിൽ നടക്കുന്ന ഓരോ രാഷ്ട്രീയ സംഭവവും നിരീക്ഷിച്ചുകൊണ്ടും പഠിച്ചുകൊണ്ടുമാണ് റാഷ്ബിഹാരി ജപ്പാനിൽ കഴിഞ്ഞു കൂടിയത്. കുറെ ഇന്ത്യക്കാർ ജപ്പാന്റെ തടങ്കൽ പാളയത്തിൽ കഴിഞ്ഞുകൂടുന്ന വിവരം റാഷ് ബിഹാരി അറിഞ്ഞു. അവരെ ഒരുമിച്ച് ചേർത്ത് ജപ്പാൻകാരുടെ സഹായത്തോടെ ഇന്ത്യക്കാരുടെ മാത്രം ഒരു സേനാ വിഭാഗത്തെ ഉണ്ടാക്കാൻ റാഷ്ബിഹാരിക്ക് ജപ്പാൻ അനുവാദം നൽകി.റാഷ്ബിഹാരി ടോക്യോവിൽ ഇന്ത്യക്കാരുടെ ഒരു കൂറ്റൻ സമ്മേളനം വിളിച്ചുകൂട്ടി. ജപ്പാൻകാരുടെ അധികാരസീമയിലുള്ള ഏഷ്യയിലെ എല്ലാ ഇന്ത്യക്കാരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ബർമ്മ, മലയ, തായ്‌ലൻഡ്, ഇൻഡോനേഷ്യ തുടങ്ങി ആൻഡമാൻ ദ്വീപ് വരെയുള്ള 12 രാജ്യങ്ങളിലെ നൂറോളം പ്രതിനിധികൾ സന്നിഹിതരായി. ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിച്ചു കീഴടക്കാനുള്ള സംരംഭത്തിൽ ജീവൻ പോലും വെടിയാം എന്ന ആവേശം യോഗത്തിൽ അലതല്ലി. റാഷിദ് ബിഹിരി ഒരു പുതിയ സേനാ വിഭാഗത്തിന് രൂപം നൽകി. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്' ഇന്ത്യയുടെ ദേശീയ പതാക സംഘടനയുടെ പതാകയായി അംഗീകരിച്ചു.
ഇന്ത്യക്കാരുടെ സമ്മേളനത്തിൽ റാഷ്ബിഹാരി ബോസ് തൻറെ പ്രസ്ഥാനത്തിൻറെ പരമോന്നതസ്ഥാനത്ത് സുഭാഷിനെ അവരോധിച്ചു. ബോസ് ഒരു പുതിയ സേനാ വിഭാഗത്തെ ഉണ്ടാക്കി. "ഇന്ത്യൻ നാഷണൽ ആർമി"എന്നപേരിൽ. (ഐഎൻഎ ) .സേനയ്ക്ക് ഒരു മഹിളാ വിഭാഗം ഉണ്ടായിരുന്നു. അതിന് ഝാൻസി റാണി ബ്രിഗേഡ് എന്ന് നാമകരണം ചെയ്തു. അതിൻറെ ക്യാപ്റ്റനായി കേണൽ ലക്ഷ്മിയെ അവരോധിച്ചു. യോദ്ധാക്കൾ സുഭാഷിനെ 'നേതാജി' എന്ന് വിളിച്ചു. അദ്ദേഹം തൻറെ സേനാ വിഭാഗത്തിന് ഒരു പുതിയ മുദ്രാവാക്യം നൽകി. "ചലോ ദില്ലി". സൈനിക അഭിവാദനത്തിന് ഒരു പുതിയ ഉപചാരവാക്കും നൽകി. "ജയ്ഹിന്ദ്" നമ്മുടെ സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങളുടെ പരമ്പരയിൽ നേതാജി സംഭാവന ചെയ്ത രണ്ടു മുദ്രാവാക്യങ്ങളും വന്ദേമാതരം പോലെ പ്ര സിദ്ധമായി .
ഗാന്ധിജിയുടെയും, നെഹ്റുവിൻറെയും, ആസാദിന്റെയും പേരുകളിൽ ആയിരുന്നു സുഭാഷിന്റെ പട്ടാള റെജിമെൻറുകൾ അറിയപ്പെട്ടത്. ഏറ്റവും പ്രാപ്തമായവരെ ചേർത്ത് "സുഭാഷ് ബ്രിഗേഡ്" എന്ന ഒരു വിഭാഗവും ഉണ്ടായിരുന്നു .
ജപ്പാൻ സൈന്യത്തോടൊപ്പം കുന്നും മലയും ചവിട്ടി പരാജയം അറിയാതെ അവർ മുന്നേറി. ചില സമരമുഖങ്ങളിൽ ഐഎൻഎ ഒറ്റയ്ക്കും പൊരുതിയിരുന്നു . ഒരു കുന്നിൻ പുറത്ത് നടന്ന ഏറ്റുമുട്ടലിൽ ഗാന്ധി ബ്രിഗേഡിലെ 600 പേർ അടങ്ങുന്ന സേനാ വിഭാഗം 3000 പേരുടെ ബ്രിട്ടീഷ് സേനാ വിഭാഗത്തെ ഒറ്റയ്ക്ക് പരാജയപ്പെടുത്തി. മറ്റൊരു സമരമുഖമായ ഇംഫാലിൽ ജപ്പാൻ പട്ടാളക്കാരുടെ കൂടെ ഐഎൻഎ സേനാ വിഭാഗം യുദ്ധം ചെയ്തു മുന്നേറി. 1944 മാർച്ച് 19ന് ബർമ അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്ത് ഒരു സ്വപ്നസാക്ഷാത്കാരം പോലെ കാലുകുത്തി. ആവേശം കൊണ്ട് മതിമറന്ന ഇന്ത്യൻ ദേശീയ നേതാക്കങ്ങൾ പവിത്രഭൂമിയിൽ സർവ്വവും മറന്നു വീണുരുണ്ടു . അവർ ഇന്ത്യയുടെ പൊടിമണ്ണിൽ സ്നാനം ചെയ്തു. അവർ അവിടെ ഇന്ത്യൻ പതാക നാട്ടി. വിവരമറിഞ്ഞപ്പോൾ സുഭാഷ് ബോസിനെ ഹസ്തദാനം ചെയ്തുകൊണ്ട് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു ഇന്ത്യൻ പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് ആസാദ് ഹിന്ദ്ഫൗജ് ആയിരിക്കും. ആ വിവരം അന്നുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷെ ഇംഫാൽ പിടിച്ചടക്കാൻ ഐ എൻ എ ക്ക് കഴിയാതായി. കാലനെപ്പോലെ കാലവർഷം വന്നു. സംഹാരതാണ്ഡവം ആടുന്ന പെരുമഴ. ഇംഫാൽ വളഞ്ഞു നിൽക്കുന്ന സൈന്യങ്ങൾക്ക് ആയുധങ്ങളും ആഹാരവും ലഭിച്ചില്ല. ബ്രിട്ടീഷ് സൈന്യങ്ങൾക്ക് രണ്ടും സുലഭമായി ലഭിക്കുകയും ചെയ്തു .മഴ നീങ്ങി കാലാവസ്ഥ തെളിഞ്ഞതോടെ മഞ്ഞുകാലം വന്നു. അതും ഐഎൻഎക്ക് പ്രതികൂലമായി. തണുപ്പിനെ അതിജീവിക്കാനുള്ള യൂണിഫോം പോലും അവർക്കുണ്ടായിരുന്നില്ല. എന്നിട്ടും അവർ മുന്നേറാൻ ശ്രമിച്ചു. എന്നാൽ ബ്രിട്ടീഷ് സൈന്യം സജ്ജമായ തയ്യാറെടുപ്പോടെ അത്യുഗ്രമായ പ്രത്യാക്രമണം നടത്തി. ജപ്പാൻ സൈന്യം ഐഎൻഎയോട് പിൻവാങ്ങാൻ ആവശ്യപ്പെട്ടു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മട്ടിൽ അവർ തോൽവി സമ്മതിക്കാതെ ചെറുത്തു നിൽക്കാൻ തയ്യാറായി. പക്ഷേ സകല സ്വപ്നവും തകർത്തടിച്ചുകൊണ്ട് ബ്രിട്ടീഷ്സേന, ഇന്ത്യൻ ദേശീയ സേനയെ വളഞ്ഞു പിടിച്ചു തടവുകാരാക്കി. അതിനുമുമ്പ് ധീര സേനാനികളായ അവരിൽ ചിലർ ദുഃഖം സഹിക്കാതെ ആത്മഹത്യ ചെയ്തു. മറ്റുള്ളവരെ ആട്ടിൻപറ്റങ്ങളെ പോലെ ആട്ടിത്തെളിച്ചുകൊണ്ട് ബ്രിട്ടീഷ് സൈന്യം വിജയാട്ടഹാസത്തോടെ പ്രത്യാഗമിച്ചു. സുഭാഷിന്റെ സ്വപ്നം പൊലിഞ്ഞു.
അവസാന ഘട്ടങ്ങളിൽ സുഭാഷ്‌ബോസ് ജപ്പാനുമായി മാനസികമായി അകന്നു. അവരുടെ ചില നിർദ്ദേശങ്ങൾക്ക് ബോസ് വഴങ്ങിയില്ല. ജപ്പാന്റെ ശത്രുക്കളായ ബർമയെ ആക്രമിക്കാൻ ഐഎൻഎയോട് ആവശ്യപ്പെട്ടപ്പോൾ ബോസ് തയ്യാറായില്ല. സ്വന്തം രാജ്യത്തിൻറെ സംരക്ഷണത്തിനു വേണ്ടി അല്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ തനിക്ക് മനപ്രയാസം ഉണ്ടെന്ന് സുഭാഷ് വ്യക്തമാക്കി. അത് നന്ദികേടായി ജപ്പാൻ വ്യാഖ്യാനിച്ചു. പക്ഷേ യുദ്ധ രംഗങ്ങളിൽ ഒന്നും തന്നെ ജപ്പാൻ ഇന്ത്യൻ ദേശീയ സൈന്യത്തെ കൈവെടിയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തില്ല.
1945 ഏപ്രിൽ 23 .ബ്രിട്ടീഷ് സൈന്യം റംഗൂണിലേക്കുള്ള മുന്നേറ്റത്തിലാണെന്നും റംഗൂൺ തിരിച്ചു പിടിക്കാറായിരിക്കുന്നു എന്നും നേതാജി മനസ്സിലാക്കി. ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം നേതാജിയായിരുന്നു. വിമാനമാർഗ്ഗം രക്ഷപ്പെടണമെന്ന് സഹപ്രവർത്തകർ നേതാജിയെ ഉപദേശിച്ചു. നേതാജി വഴങ്ങിയില്ല.പോകുന്നെങ്കിൽ എല്ലാവരും ഒരുമിച്ച് എന്ന് സുഭാഷ് ശഠിച്ചു. ഒടുവിൽ പട്ടാള ലോറികളിൽ അവർ പുറപ്പെട്ടു. എല്ലാവരും ചേർന്ന് ആകാവുന്നത്ര മറ്റു വാഹനങ്ങളും സംഘടിപ്പിച്ചു. എന്നാൽ ബോംബ് ആക്രമണം കൊണ്ട് റോഡ് വാഹന യാത്രയ്ക്ക് പറ്റാത്ത നിലയിലായിരുന്നു. വാഹന യാത്ര അസാധ്യമായപ്പോൾ അവർ നടന്നു തുടങ്ങി.
ക്യാപ്റ്റൻ ലക്ഷ്മിയും, യുദ്ധ ശുശ്രൂഷകൾക്ക് നിയോഗിക്കപ്പെട്ട ധാരാളം മഹിളകളും മറ്റ് അനുചരന്മാരും ഉൾപ്പെടെ, കൂടിയൊഴിഞ്ഞു പോകുന്ന അഭയാർത്ഥി സംഘം കണക്കെ, വിശന്നും, ദാഹിച്ചും കാലുകൾ കുഴഞ്ഞും യാത്ര ദിവസങ്ങളോളം നീണ്ടു. എന്നാൽ പരാജയത്തിന്റെ നെല്ലിപ്പടി ചവിട്ടി തുടങ്ങുമ്പോഴും നേതാജിയുടെ മനസ്സ് തളർന്നില്ല. എല്ലാ നിലയിലും തളർന്നു കഴിഞ്ഞ സഹയാത്രികരെ നേതാജി ഇടയ്ക്കിടെ ഓർമിപ്പിച്ചു. 'ഒരു യാത്രയും നിഷ്ഫലമല്ല. ഇത് നാം സ്വാതന്ത്ര്യത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ് ലക്ഷ്യപ്രാപ്തി അടുത്ത തുടങ്ങിയിരിക്കുന്നു. ഈ ഇടർച്ചയും തളർച്ചയും അതിൻറെ ലക്ഷണമാണ്. വെളിച്ചത്തിന് തൊട്ടു പിന്നിൽ ഇരുട്ടാണ്. നാം ഇരുട്ടിലാണ്. വെളിച്ചമാണ് മുന്നിൽ. നമ്മുടെ ലക്ഷ്യം സഫലീകരിക്കാറായിരിക്കുന്നു എന്ന സൂചനയാണ് ഈ ഇരുട്ട്."
പക്ഷേ കാത്തിരുന്ന വെളിച്ചം ദർശിക്കാനും ലക്ഷ്യം പൂകാനും നേതാജിക്ക് കഴിഞ്ഞില്ല. നേതാജി സൈഗോണിൽ നിന്നും മഞ്ചൂറിയയിലേക്ക് പോവുകയായിരുന്നു. തായ് വാനിലെ തായ്പെയിൽ വിമാനത്താവളത്തിൽ നിന്നുമാണ് നേതാജിയെയും കൊണ്ട് വിമാനം പൊങ്ങിയത്. ഒപ്പം ഐഎൻഎ യിലെ കേണൽ ആയ ഹബീബ് റഹ്മാനും. സ്ഥലമില്ലാത്തതിനാൽ മന്ത്രിസഭയിലെ പ്രീതം സിംഗും എസ് എ നായരും അടുത്ത ഫ്ലൈറ്റിനു വേണ്ടി കാത്തു നിന്നു .
1945 ആഗസ്റ്റ് 17 ന് ആയിരുന്നു അത് സംഭവിച്ചത്. ആ
ദുരന്തം ഇന്ത്യയിലെ ജനകോടികളെ കണ്ണീരിലാഴ്ത്തിക്കളഞ്ഞു. സുഭാഷ് യാത്ര ചെയ്ത വിമാനം അപകടത്തിൽപ്പെട്ടു. പിന്നീട് എന്തുണ്ടായി എന്ന് ആർക്കും അറിഞ്ഞുകൂടാ. നേതാജിയെക്കുറിച്ച് അവനവൻറെ വാഗ് വിലാസത്തിനനുസരിച്ചുള്ള വാർത്തകൾ പരത്തി. ജീവിച്ചിരിക്കുന്നു, മരിച്ചു, അജ്ഞാതമായ ഏതോ കേന്ദ്രത്തിൽ ഒളിഞ്ഞിരിക്കുന്നു, ശത്രുക്കൾ തടവിലിട്ടിരിക്കുന്നു, ബ്രിട്ടീഷുകാർ വിട്ടൊഴിഞ്ഞു പോകുന്ന മുഹൂർത്തം നോക്കി ഇന്ത്യയിൽ തിരിച്ചു വരാൻ കാത്തിരിക്കുന്നു എന്നിങ്ങനെയുള്ള അത്ഭുതകരമായ വാർത്തകൾ പ്രചരിച്ചു.
ആട്ടിൻ പറ്റങ്ങളെ പോലെ യുദ്ധ രംഗത്തുനിന്നും ആട്ടിത്തെളിച്ചു കൊണ്ടുവന്ന പതിനായിരത്തിലേറെ ഐഎൻഎ ഭടന്മാരെ ബ്രിട്ടീഷുകാർ ഇന്ത്യയിലെ ജയിലുകളിൽ അടച്ചുപൂട്ടി. അവരിൽ പ്രമുഖരായ ചിലരെ സൈനിക കോടതി ചെങ്കോട്ടയിൽ കുറ്റവിചാരണ ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു കളയാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. അങ്ങനെ ശിക്ഷ നൽകാൻ ഉന്നം വെച്ച് നീണ്ട ലിസ്റ്റ് തയ്യാറാക്കി. ആ ലിസ്റ്റിൽ ആദ്യത്തെ മൂന്നുപേർ ഒരു ഹിന്ദുവും ഒരു മുസ്ലിമും ഒരു സിക്കുകാരനും ആയിരുന്നു. റെജിമെൻറ്കളുടെ തലവന്മാർ ആയിരുന്നു ഇവർ.
ഐ എൻ എ ഭടന്മാരെ വിചാരണ ചെയ്യുന്നതിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി ശബ്ദമുയർത്തി. ഐ എൻ എ ക്കാരെ മുഴുവൻ നിരുപാധികം വിട്ടയക്കുന്നില്ലെങ്കിൽ വീണ്ടും ക്വിറ്റ് ഇന്ത്യാ സമരം ആവർത്തിക്കുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യൻ ഭടന്മാരും അവരുടെ അമർഷം പ്രകടിപ്പിച്ചു. ഇതിനിടയിൽ മാറി വന്ന വൈസ്രോയി വേവൽ പ്രഭു ഒരു സൗജന്യം എന്ന നിലയിൽ ജയിലിൽ അടയ്ക്കപ്പെട്ട എല്ലാ കോൺഗ്രസ് നേതാക്കളെയും വിട്ടയച്ചു ഗാന്ധിജിയെ നേരത്തെ തന്നെ ജയിൽ വിമുക്തനാക്കിയിരുന്നു. അത്യാസന്ന നിലയിലായിരുന്ന കസ്തൂർബായെ ഗാന്ധിജിയെ മോചിപ്പിക്കുന്നതിനു മുൻപ് തന്നെ വിട്ടയക്കാൻ തുനിഞ്ഞിരുന്നു . എന്നാൽ അവർ ജയിൽ വിട്ടറങ്ങാൻ കൂട്ടാക്കിയില്ല. മരിക്കുന്നത് ഭർത്താവിൻറെ മടിത്തട്ടിൽ കിടന്നാവണം എന്ന് അവർ ശഠിച്ചു. അതുപോലെ സംഭവിക്കുകയും ചെയ്തു. അഗാഖാന്‍ കൊട്ടാരത്തിൽ തടവിൽ കഴിയുമ്പോഴാണ് കസ്തൂർബാഗാന്ധിയും ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ ദേശായിയും അന്തരിച്ചത്. ഒരു നീണ്ട ഉപവാസം ഗാന്ധിജിയെ മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചപ്പോൾ സർക്കാർ സ്വയംരക്ഷ നോക്കി ഗാന്ധിജിയെ വിട്ടയച്ചു. ഗാന്ധിജിയുടെ മരണം ജയിലിൽ വച്ച് ആവരുത് എന്ന് സർക്കാരിന് നിർബന്ധമുണ്ടായിരുന്നു.
പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ സർക്കാർ ഐ എൻ എ നേതാക്കളെ പ്രത്യേക കോടതിക്കു മുമ്പിൽ പരസ്യ വിചാരണയ്ക്ക് വിധേയരാക്കി. ബഹദൂർഷായെ വിചാരണ ചെയ്ത അതേ മുറിയിൽ അതേ ശൈലിയിൽ .അന്ന് വയോവൃദ്ധനായ ആ മുഗൾ ചക്രവർത്തിയെ സഹായിക്കാൻ ആരും മുന്നോട്ടുവന്നില്ല. എന്നാൽ അന്നത്തെ ഇന്ത്യ ആയിരുന്നില്ല നാല്പതുകളിൽ. ഇന്ത്യക്കാർ പ്രബുദ്ധരായിരുന്നു. എന്ഥും നേരിടാൻ സന്നദ്ധരായിരുന്നു. 100% പ്രതികരണശേഷിയുള്ളവരായിരുന്നു .ആ നിലയിൽ അവർ പ്രതികരിച്ചു. പ്രസിദ്ധരായ നിരവധി അഭിഭാഷകരും വിചാരണയ്ക്ക് ശക്തി പകരാൻ ഉണ്ടായിരുന്നു. ഒരു കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭരായ അഭിഭാഷകർ അടങ്ങുന്നതായിരുന്നു കമ്മിറ്റി. ബുലാഭായ് ദേശായി, തേജ് ബഹദൂർ സപ്രു, കൈലാസനാഥ് കട്ജു തുടങ്ങിയവരും, ജവഹർലാൽ നെഹ്റുവും. അവർ പ്രതികൾക്ക് വേണ്ടി ഹാജരായി. പ്രതികളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം ഷാനവാസം മറ്റും നിഷേധിച്ചില്ല. ഒരു മാസം നീണ്ടുനിന്ന വിചാരണയിൽ അവർ തങ്ങളുടെ നിലപാട് ന്യായീകരിക്കുകയാണ് ഉണ്ടായത്.
ഐഎൻഎ
നേതാക്കളായ ത്രിമൂർത്തികളെയും സർക്കാർ നിരുപാധികം വിട്ടയച്ചു. ഇന്ത്യ അവർക്ക് ഉത്സവച്ഛായയോടെ വരവേൽപ്പ് നൽകി. വന്ദേമാതരത്തോടൊപ്പം ജയ് ഹിന്ദ് വിളികളും നാടെങ്ങും മുഴുകി.
.എങ്കിലും കലാപത്തിൽ പങ്കെടുത്ത എല്ലാവരെയും നിരുപാധികം വിട്ടയച്ചില്ല. സർക്കാർ പ്രതികാര നടപടികൾ തുടർന്നു. 1600ൽ പരം ഇന്ത്യൻ പട്ടാളക്കാർക്ക് രാജ്യദ്രോഹികൾ എന്ന പേരിൽ വധശിക്ഷ നൽകി. പലരും ജയിലിൽ പീഡനം ഏറ്റു മരിച്ചു. ചിലർ ആത്മഹത്യ ചെയ്തു.
ഇവരുടെ പട്ടികയിൽ ചില മലയാളികളും പെടുന്നു വക്കം ഖാദർ, കോഴിക്കോട് പുതിയറ സ്വദേശിയായിരുന്ന ടി പി കുമാരൻ തുടങ്ങിയവർ.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.
No comments:
Post a Comment