🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, May 10, 2024

നാവിക കലാപം /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 70 . നാവിക കലാപം
              ഇന്ത്യൻ പട്ടാളത്തിൽ ബ്രിട്ടീഷ് വാഴ്ചക്കെതിരെ അസംതൃപ്തി  തുടങ്ങിയിരുന്നു .ഒരിക്കലും വിശ്രമം അനുവദിക്കാത്ത രീതിയിൽ തുടർച്ചയായി യുദ്ധം ചെയ്യേണ്ടി വന്നതു മൂലം ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളം അസംതൃപ്തരായി. ഇന്ത്യയിലെ സാധാരണക്കാരോടൊപ്പം അവരിലും ദേശീയ ബോധം വളർന്നു. ഗാന്ധിജിയും നെഹ്റുവും ഇന്ത്യൻ പതാകയും വന്ദേമാതരവും ചലോ ദില്ലിയും അവരെയും ആകർഷിച്ചു തുടങ്ങി. പോലീസ് വിഭാഗത്തിലും ഈ സ്വാഗതാർഹമായ മാറ്റം വളരെ പ്രകടമായിത്തുടങ്ങിയിരുന്നു.
      ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യൻ പട്ടാളക്കാർക്കിടയിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നത് ഗവൺമെൻറ് മനസ്സിലാക്കിയിരുന്നു. ഐ. എൻ.എ.യുമായി യുദ്ധ മുന്നണിയിൽ ഏറ്റുമുട്ടിയപ്പോൾ തങ്ങളുടെ പട്ടാളത്തിലെ ഒരു യൂണിറ്റ് ശത്രുപക്ഷത്തേക്ക് നീങ്ങിയതും, പെഷവാറിൽ ചെങ്കുപ്പായക്കാരായ വാളണ്ടിയർമാരെ വെടിവെക്കാൻ പറഞ്ഞപ്പോൾ, അക്കാര്യം തങ്ങളെക്കൊണ്ട് ആവില്ല എന്നു പറഞ്ഞുകൊണ്ട് തോക്ക് തിരിച്ചു പിടിച്ചു കളഞ്ഞതും 'നിങ്ങൾക്കുവേണ്ടി ഇനി ഞങ്ങൾ തോക്കെടുത്തു യുദ്ധം ചെയ്യില്ല' എന്ന് ചില ബ്രിട്ടീഷുകാരോട് തന്നെ കളിയായി പറഞ്ഞതും അവരുടെ മനോഭാവം വ്യക്തമാക്കി.
   അരക്ഷിതത്വം തലയ്ക്കു മീതെ ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങി നിൽക്കുന്ന സന്ദർഭത്തിലാണ് ബോംബെയിൽ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടത്. 1946   ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമാകുന്നതിനും 18 മാസം മുമ്പ്. ആ വർഷം ഫെബ്രുവരിയിൽ. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളിൽ ഒന്നായ നാവിക കലാപ (ആർ.വൈ. എൻ അഥവാ റോയൽ ഇന്ത്യൻ നാവിക കലാപം) ത്തിന്റെ തുടക്കം  എച്ച് എം ഐ എസ് തൽവാറിൽ നിന്നായിരുന്നു. മോശമായ ഭക്ഷണത്തിലും മനുഷ്യത്വഹീനമായ പെരുമാറ്റത്തിലും പ്രതിഷേധിച്ച് 1946 ഫെബ്രുവരി 18ന് തൽവാറിലെ നാവികർ നിരാഹാര സത്യഗ്രഹം തുടങ്ങി. കപ്പലിൽ 1100 നാവികരാണ് ഉണ്ടായിരുന്നത്. കപ്പലിലെ കൊടിമരത്തിൽ 'ക്വിറ്റ് ഇന്ത്യ',  'ജയ്ഹിന്ദ്'  എന്നീ മുദ്രാവാക്യങ്ങൾ എഴുതിയതിന് ബി.സി. ദത്ത എന്ന നാവികനെ അറസ്റ്റ് ചെയ്തത്, അന്തരീക്ഷം പെട്ടെന്ന് പ്രക്ഷുബ്ദ്ധമാക്കി .നാവികർ പണിമുടക്ക് പ്രഖ്യാപിച്ചു. സമരം നയിക്കാൻ നാവികർ ഒരു സമരസമിതിയും രൂപീകരിച്ചു.  എം. എസ്. ഖാനായിരുന്നു സമരസമിതിയുടെ തലവൻ. മെച്ചപ്പെട്ട ഭക്ഷണം നൽകുക, വെള്ളക്കാർക്ക് തുല്യമായ വേതനം ഇന്ത്യൻ നാവികർക്കും നൽകുക,  തുടങ്ങി നാവികരെ മാത്രം ബാധിക്കുന്ന ആവശ്യങ്ങൾക്ക് പുറമേ,ഐ.എൻ.എ ഭടന്മാരെ മോചിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക, ഇൻഡോനേഷ്യയിൽ നിന്ന് ഇന്ത്യൻ പട്ടാളക്കാരെ പിൻവലിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു.തൽവാറിലെ നാവികരുടെ പണിമുടക്കിന്റെ വാർത്ത കാട്ടുതീ പോലെ പടർന്നു. അടുത്ത ദിവസമായപ്പോഴേക്കും ബോംബെ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന 22 കപ്പലുകളിലേക്ക് കൂടി സമരം വ്യാപിച്ചു. കപ്പലുകളുടെ നിയന്ത്രണം കലാപം നടത്തുന്ന നാവികരുടെ പക്കലായി. കപ്പലുകളിലെ കൊടിക്കൂറയിൽ നിന്നും ബ്രിട്ടന്റെ പതാകയായ യൂണിയൻ ജാക്ക് അഴിച്ചുമാറ്റി പകരം മൂന്നു കൊടികൾ ഒന്നിച്ചു കെട്ടി ഉയർത്തി - കോൺഗ്രസിന്റെ ത്രിവർണ പതാകയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കൊടിയും, മുസ്ലിം ലീഗിൻ്റെ ചന്ദ്രക്കലാങ്കിതമായ പച്ചക്കൊടിയും. ഇന്ത്യൻ ജനതയുടെ ഐക്യത്തിന്റെ പ്രതീകമായിട്ടായിരുന്നു മൂന്നുകൊടികൾ ഒന്നിച്ചുയർത്തിയത്.
      നാവികരുടെ കലാപം ബ്രിട്ടീഷ് ഭരണത്തെ ശരിക്കും ഞെട്ടിച്ചു. ഫെബ്രുവരി 20ന് വൈകുന്നേരത്തിനകം ആയുധം വെച്ചു കീഴടങ്ങാൻ കലാപകാരികൾക്ക് അധികൃതർ അന്ത്യശാസനം നൽകി. അന്ത്യശാസനത്തിന്റെ കാലാവധി തീർന്നിട്ടും നാവികരാരും കീഴടങ്ങിയില്ല. നാവികരുടെ കലാപത്തെ നേരിടാൻ കരസേനയെ ബ്രിട്ടീഷ് അധികൃതർ രംഗത്തിറക്കി. കലാപകാരികൾക്ക് നേരെ പട്ടാളം വെടിവെച്ചപ്പോൾ നാവികർ തിരിച്ചും വെടിവച്ചു . കാസ്റ്റലെബാരക്കിൽ സമരം ചെയ്യുന്ന നാവികരുടെ നേരെ ഫെബ്രുവരി 21ന് വെടിവെക്കാൻ ബ്രിട്ടീഷുകാരനായ പട്ടാളമേധാവി ഉത്തരവിട്ടു. കരസേനയിലെ ഇന്ത്യക്കാരായ പട്ടാളക്കാർ വെടിവെക്കാൻ തയ്യാറെടുക്കുമ്പോൾ നാവികർ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു,
" ഇന്ത്യക്കാരായ പട്ടാളക്കാർ ഇന്ത്യക്കാരായ നാവികരുടെ നേരെ നിറയൊഴിക്കരുത് .നാം സഹോദരന്മാരാണ്"  നാവികരുടെ നേരെ ഉന്നം വെച്ച് നിന്ന പട്ടാളക്കാർ ഉടൻ തോക്കുതാഴ്ത്തി. 
        നാവിക കലാപത്തിന്റെ ഒരു സവിശേഷത, സമരം ചെയ്യുന്ന നാവികരോട് അനുഭാവം പ്രകടിപ്പിക്കാൻ ജനങ്ങൾ മുന്നോട്ടു വന്നതാണ് .ബോംബെയിൽ നൂറുകണക്കിനാളുകൾ പഴങ്ങളും മധുരപലഹാരങ്ങളുമായി ലോഞ്ചുകളിൽ കപ്പലുകൾക്കരികിലേക്ക് ചെന്നു. കലാപകാരികൾക്ക് പിന്തുണ നൽകിക്കൊണ്ട് പണിമുടക്ക് നടത്താൻ ബോംബെയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തു. ഫെബ്രുവരി 22ന് നടന്ന പണിമുടക്കിൽ മൂന്നുലക്ഷത്തോളം തൊഴിലാളികളാണ് പങ്കെടുത്തത്. പണിമുടക്കും ഹർത്താലും നേരിടാൻ പട്ടാളത്തെ രംഗത്തിറക്കിയതോടെ ബോംബെ നഗരത്തിൽ പൊരിഞ്ഞ സംഘട്ടനങ്ങൾ നടന്നു .നഗരത്തിന്റെ പല ഭാഗങ്ങളിലും ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെച്ചു. വെടിവെപ്പിൽ 228 പേർ മരിക്കുകയും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
      നാവിക കലാപം ബോംബെയിൽ മാത്രം ഒതുങ്ങി നിന്നില്ല. കറാച്ചി,  മദ്രാസ്,  വിശാഖപട്ടണം,  കൽക്കത്ത എന്നിവിടങ്ങൾക്ക് പുറമേ ബഹറിൻ, ഏഡൻ എന്നിവിടങ്ങളിലെയും നാവിക താവളങ്ങളിൽ ഇന്ത്യൻ നാവികർ പണിമുടക്കി.
    നാവിക കലാപത്തിന്റെ അലയൊലി മറ്റു സേനാ വിഭാഗങ്ങളിലും പ്രകടമായി. ബോംബെ,  മറൈൻഡ്രൈവ്, അന്ധേരി,  സിയോൺ എന്നിവിടങ്ങളിലെയും പൂന, കൽക്കത്ത , ജസ്സോർ, അമ്പാല എന്നിവിടങ്ങളിലെയും വ്യോമസേനാ കേന്ദ്രങ്ങളിലെ വ്യോമസേനാംഗങ്ങൾ നാവികരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പണിമുടക്കി. ജബൽപൂരിൽ കരസേനയിലെ ഇന്ത്യൻ പട്ടാളക്കാരും പണിമുടക്കി നാവികരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
       ബ്രിട്ടീഷ് ഭരണത്തെ പിടിച്ചു കുലുക്കിയ നാവിക കലാപം അധികനാൾ നീണ്ടു നിന്നില്ല. ദേശീയ നേതൃത്വം കലാപത്തെ പ്രോത്സാഹിപ്പിക്കാൻ തയ്യാറായിരുന്നില്ല .
സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം നാവികരോട് ആവശ്യപ്പെട്ടു. സർദാർ വല്ലഭായ് പട്ടേലാണ് സമരം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ മുന്നിലുണ്ടായിരുന്നത്. ഒടുവിൽ നാവികർ കീഴടങ്ങി.
     നാവിക കലാപം വിജയിച്ചില്ലെങ്കിലും അതിൻ്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിന്റെ മുഖ്യ ആശ്രയമാണ് പട്ടാളം. കര- വ്യോമ- നാവികസേനകളുടെയും പോലീസിന്റെയും കൂറിൽ ചെറിയ പോറൽ പോലും ഏൽക്കുന്നത് അപകടമാണെന്ന് അവർക്കറിയാമായിരുന്നു. ഇന്ത്യയിൽ തങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് ബ്രിട്ടന് ബോധ്യമായ സംഭവങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു നാവിക കലാപം.

 തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

No comments:

Post a Comment