🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 20, 2024

സ്വാതന്ത്ര്യത്തിന്റെ അരുണോദയം / Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ

 72 .സ്വാതന്ത്ര്യത്തിന്റെ  അരുണോദയം.
       ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലി 1947 ഫെബ്രുവരി 20ന് ബ്രിട്ടീഷ് പാർലമെന്റിൽ ഒരു പ്രഖ്യാപനം നടത്തി. 1948 ജൂൺ മാസം കഴിയും മുമ്പ് അധികാരം ഇന്ത്യക്കാർക്ക് കൈമാറും എന്നായിരുന്നു ആറ്റ്ലിയുടെ ചരിത്രപ്രധാനമായ പ്രഖ്യാപനം . "ക്യാബിനറ്റ് ദൗത്യസംഘത്തിന്റെ പദ്ധതിക്കനുരോധമായി  ഇന്ത്യയിലെ കക്ഷികളുടെ അംഗീകാരമുള്ള ഭരണഘടന പ്രകാരം സ്ഥാപിതമാകുന്ന അധികൃതർക്ക് അധികാരം കൈമാറാനാണ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആഗ്രഹം. എന്നാൽ നിർഭാഗ്യത്തിന് അത്തരമൊരു ഭരണഘടനയും അധികൃത സ്ഥാപനവും ഉണ്ടാകാൻ ഇപ്പോൾ വ്യക്തമായ സാധ്യതകൾ കാണുന്നില്ല". ആറ്റ്ലി പറഞ്ഞു.  നിശ്ചിത സമയത്തിനകം അത്തരമൊരു  ഭരണഘടന ഉണ്ടായില്ലെങ്കിൽ രാജ്യത്തെ മൊത്തത്തിൽ പ്രതിനിധാനം ചെയ്യുന്ന ഒരു കേന്ദ്ര ഗവൺമെൻ്റിനോ അല്ലെങ്കിൽ നിലവിലുള്ള ചില പ്രവിശ്യാ ഗവൺമെന്റുകൾക്കോ  ഇന്ത്യൻ ജനതയുടെ ഉത്തമ  താൽപര്യങ്ങൾക്ക് അനുയോജ്യം എന്ന് തോന്നുന്ന മറ്റ് സംവിധാനങ്ങൾക്കോ  അധികാരം കൈമാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    കോൺഗ്രസും ലീഗും ഒന്നിച്ച് നിന്നാൽ ഒരു ഏകീകൃത കേന്ദ്ര ഗവൺമെന്റിന് അധികാരം കൈമാറും.  ഇല്ലെങ്കിൽ ഇന്ത്യയെ വെട്ടിമുറിക്കും ഇതായിരുന്നു പ്രഖ്യാപനത്തിന്റെ പൊരുൾ.  ലീഗിൻ്റെ വിഭജനവാദത്തിനും ചില നാട്ടുരാജ്യങ്ങളുടെ സ്വതന്ത്ര പദവി മോഹത്തിനും പ്രോത്സാഹനം നൽകുന്നതായിരുന്നു ആറ്റ്ലിയുടെ പ്രഖ്യാപനത്തിന്റെ അവസാന ഭാഗം.
     അധികാര കൈമാറ്റം സുഗമമാക്കുന്നതിന് വൈസ്രോയി സ്ഥാനത്ത് വേവലിനെ മാറ്റി പകരം മൗണ്ട് ബാറ്റൺ പ്രഭുവിനെ നിയമിക്കുന്നതായും ആറ്റ്ലി അറിയിച്ചു . ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമായ മൗണ്ട് ബാറ്റൺ രണ്ടാം ലോകയുദ്ധകാലത്ത് കിഴക്കൻ ഏഷ്യയിലെ സഖ്യസേനയുടെ തലവനായിരുന്നു.
    അധികാര കൈമാറ്റത്തിന് വ്യക്തമായ സമയപരിധി നിശ്ചയിച്ച ആറ്റ്ലിയുടെ  പ്രഖ്യാപനം 1947 മാർച്ച് 8 ന് ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി സ്വാഗതം ചെയ്തു.  പുതിയ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടത്താൻ മുസ്ലിം ലീഗ് നേതൃത്വത്തെ വർക്കിംഗ് കമ്മിറ്റി ക്ഷണിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസിന്റെ ക്ഷണത്തെക്കുറിച്ച് മുസ്ലിം ലീഗ് പ്രതികരിച്ചില്ല. അതേസമയം ആറ്റ്ലിയുടെ പ്രഖ്യാപനം ലീഗും സ്വാഗതം ചെയ്തു.  ബ്രിട്ടന്റെ സമ്മതത്തോടെ തന്നെ പാക്കിസ്ഥാൻ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷ പൂവണിയും എന്നതിലായിരുന്നു ലീഗിൻറെ സന്തോഷം. ഇന്ത്യയെ വിഭജിക്കുന്നതിനും പാകിസ്ഥാൻ രാഷ്ട്രം ഉണ്ടാക്കുന്നതിനും ബ്രിട്ടൻ അനുകൂലമാണെന്ന് ബോധ്യമായതോടെ പഞ്ചാബും വടക്കു പടിഞ്ഞാറൻ  അതിർത്തി പ്രവിശ്യയും സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലീഗ് ശ്രമങ്ങൾ ഊർജിതമാക്കി. ബംഗാളിലും സിന്ധിലും മാത്രമേ അതുവരെ ലീഗിന് ഭൂരിപക്ഷം ഉണ്ടായിരുന്നുള്ളൂ.  പഞ്ചാബ് അസംബ്ലിയിലെ 175 സീറ്റിൽ ലീഗിന് ഉണ്ടായിരുന്നത് 79 അംഗങ്ങൾ മാത്രമാണ്. യൂണിയനിസ്റ്റ് പാർട്ടിയുടെ നേതാവായ ഖസീർഹയാത്ത്  ഖാനായിരുന്നു  പഞ്ചാബിലെ പ്രധാനമന്ത്രി.  ഖസീർഹയാത്ത്ഖാനെ പുറത്താക്കി ലീഗിന്റെ ഗവൺമെന്റ് ഉണ്ടാക്കാനുള്ള നീക്കങ്ങൾ   പരാജയപ്പെട്ടപ്പോൾ  ലീഗ്  വർഗീയ കലാപം സംഘടിപ്പിക്കാൻ മടിച്ചില്ല. ആ ശ്രമങ്ങളെ ഖസീർ ഹയാത്ത് ഖാൻ ശക്തമായി നേരിട്ടു.
      1947 മാർച്ച് 24ന് മൗണ്ട് ബാറ്റൺ ഇന്ത്യയുടെ പുതിയ വൈസ്രോയിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ വൈസ്രോയിമാർക്ക് നൽകിയതിലും കൂടുതൽ അധികാരങ്ങളോടെയായിരുന്നു മൗണ്ട് ബാറ്റൺ എത്തിയത്. അധികാര കൈമാറ്റം എന്ന ദൗത്യം നിറവേറ്റുന്നതിന് ആവശ്യമായ സ്വാതന്ത്ര്യവും അധികാരവും പ്രധാനമന്ത്രി  ആറ്റ്ലി പുതിയ വൈസ്രോയി ക്ക് നൽകിയിരുന്നു. ഇന്ത്യയിലെത്തിയ ഉടൻ തന്നെ മൗണ്ട് ബാറ്റൺ ചർച്ചകൾ തുടങ്ങി . മാർച്ച് 31നായിരുന്നു ഗാന്ധിജിയുമായി അദ്ദേഹം ആദ്യം ചർച്ച നടത്തിയത്. കോൺഗ്രസിന്റെ പ്രതിനിധികളായി വൈസ്രോയി യുമായി നിരന്തരം ബന്ധം പുലർത്തിയത് നെഹ്റുവും സർദാർ വല്ലഭായ് പട്ടേലുമായിരുന്നു . മൗലാനാ ആസാദ് , ആചാര്യ കൃപാലിനി തുടങ്ങിയവരായിരുന്നു മൗണ്ട് ബാറ്റനുമായി ചർച്ച നടത്തിയ മറ്റു കോൺഗ്രസ് നേതാക്കൾ. മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച്  വൈസ്രോയിയുമായി ചർച്ചനടത്തിയത് ജിന്നയും,  ലിയാഖത്ത് അലിഖാനുമായിരുന്നു. മാർച്ച് 24 നും മെയ് ആറിനും ഇടയിൽ  133 കൂടിക്കാഴ്ച കളാണ്  വിവിധ നേതാക്കന്മാരുമായി  മൗണ്ട് ബാറ്റൺ നടത്തിയത്. അധികാര കൈമാറ്റത്തിന് മൗണ്ട് ബാറ്റൺ ആദ്യം തയ്യാറാക്കിയ പദ്ധതി നെഹ്റു കയ്യോടെ നിരാകരിച്ചു .ഇന്ത്യയെ പല രാഷ്ട്രങ്ങളായി ഛിന്നഭിന്നമാക്കുന്നതിന് വഴി തുറക്കുന്നതായിരുന്നു ആ പദ്ധതി . ഇന്ത്യ,  പാകിസ്ഥാൻ എന്നീ രാഷ്ട്രങ്ങൾക്ക് പുറമേ നാട്ടുരാജ്യങ്ങൾക്ക് വേണമെങ്കിൽ സ്വതന്ത്ര രാഷ്ട്രങ്ങളായി നിൽക്കാൻ അവകാശം നൽകണമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ആദ്യ പദ്ധതിയിലെ ഏറ്റവും വിനാശകരമായ നിർദ്ദേശം. നെഹ്റുവിൻറെ തീഷ്ണമായ എതിർപ്പ് കണ്ട ഉടനെ ആ പദ്ധതി ഉപേക്ഷിച്ചു. വീണ്ടും ചർച്ചകൾ നടത്തി നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വി പി മേനോന്റെ സഹായത്തോടെ മറ്റൊരു പദ്ധതിക്ക് മൗണ്ട് ബാറ്റൺ രൂപം നൽകി. ഇന്ത്യയെ പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ കാതൽ. ജൂൺ മൂന്നിന് മൗണ്ട് ബാറ്റൺ ഈ പദ്ധതി പരസ്യമാക്കി.
     പാകിസ്ഥാൻ കിട്ടാതെ ഒരുതരത്തിലുള്ള ഒത്തുതീർപ്പും ഇല്ലെന്ന ജിന്നയുടെ പിടിവാശിയും,  പല ഭാഗങ്ങളിലും ആളിപ്പടരുന്ന വർഗീയ കലാപവും വിഭജന തീരുമാനം അംഗീകരിക്കാൻ കോൺഗ്രസിനെ നിർബന്ധിതമാക്കി. ഇന്ത്യയെ വിഭജിക്കാനുള്ള തീരുമാനത്തിൽ ഏറ്റവും ദുഃഖിതൻ ഗാന്ധിജിയായിരുന്നു. വിഭജനം രാജ്യത്തിൻറെ ഭാവിക്ക് ദോഷമേ ചെയ്യൂ എന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടി. തൻറെ അഭിപ്രായം അവഗണിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം വിഭജനത്തിന് പച്ചക്കൊടി കാണിച്ചതിൽ ഗാന്ധിജി ഖിന്നനായിരുന്നു.
     വിഭജനത്തിന്റെ മുഖ്യ എതിരാളിയായിരുന്നെങ്കിലും വിഭജന പ്രശ്നം ചർച്ച ചെയ്യാൻ ജൂൺ 14ന് ചേർന്ന എ.ഐ.സി.സി യോഗത്തിൽ കോൺഗ്രസിന്റെ പരസ്യമായ നിലപാടിന് പിന്തുണ നൽകാൻ ഗാന്ധിജി തയ്യാറായി. ഇതിൻറെ പേരിൽ കോൺഗ്രസുകാരിൽ ചേരിതിരിവുണ്ടാക്കേണ്ട എന്ന ചിന്തയായിരുന്നു ഗാന്ധിജിയെ ഇതിനു പ്രേരിപ്പിച്ച ഒരു ഘടകം.  മറ്റൊന്ന് ഗാന്ധിജിയുടെ വിശ്വസ്ത ശിഷ്യരായ നെഹ്റുവിനെയും പട്ടേലിനെയും തള്ളിപ്പറയാനുള്ള വൈമുഖ്യമാണ് . വിഭജന നിർദേശത്തെ ഗാന്ധിജിയുമായി ആലോചിക്കും മുമ്പ് തന്നെ പിന്തുണച്ചവരാണ് നെഹ്റുവും പട്ടേലും. ഗാന്ധിജിയുടെ അഭിപ്രായം ആരായാതെയായിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മൗണ്ട് ബാറ്റന്റെ നിർദ്ദേശം അംഗീകരിച്ചത്.
      മൗണ്ട് ബാറ്റൻ തയ്യാറാക്കിയ പദ്ധതിയെ അടിസ്ഥാനമാക്കി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമത്തിന്-  ഇന്ത്യ ഇൻഡിപെൻ്റൻസ് ആക്ട്-  ബ്രിട്ടീഷ് പാർലമെൻറ് ജൂലൈ 18ന് അംഗീകാരം നൽകി. ഇതോടെ അധികാര കൈമാറ്റത്തിനുള്ള തടസ്സങ്ങൾ എല്ലാം നീങ്ങി.
     സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള ശ്രമങ്ങൾ മൗണ്ട് ബാറ്റൻ പദ്ധതി പ്രഖ്യാപിക്കും മുമ്പു തന്നെ തുടങ്ങിയിരുന്നു. 1946 ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ഭരണഘടന നിർമ്മാണ സഭയുമായി സഹകരിക്കാൻ ലീഗ് തയ്യാറായില്ല . പാക്കിസ്ഥാൻ രൂപീകരിക്കുമെന്ന് വ്യക്തമായതോടെ ലീഗ് ഭരണഘടന നിർമ്മാണ സഭയിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നു. പാകിസ്ഥാന്റെ ഭരണഘടന പാക്കിസ്ഥാൻ തയ്യാറാക്കുമെന്നായിരുന്നു ജിന്നയുടെ നിലപാട്. ഇന്ത്യയുടെ ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു .പാക്കിസ്ഥാൻ രൂപീകരണത്തിന്റെ മുന്നോടിയായി പാകിസ്ഥാന്റെ ഭരണഘടനയ്ക്ക് രൂപം നൽകാൻ ജിന്നയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചു.
       1948 ജൂണിനകം അധികാര കൈമാറ്റം നടക്കും എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നതെങ്കിലും അത്രയും നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന പക്ഷക്കാരനായിരുന്നു മൗണ്ട് ബാറ്റൺ പ്രഭു. രൂക്ഷമായി വരുന്ന വർഗീയ സ്ഥിതിയാണ് കഴിയുന്നതും വേഗം ഇന്ത്യ വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ഘടകം. ഇന്ത്യ വിഭജിക്കാനും താൽക്കാലികമായി ഡൊമിനിയൻ പദവി അംഗീകരിക്കാനും കോൺഗ്രസും ലീഗും സമ്മതിച്ച സ്ഥിതിക്ക് അധികാര കൈമാറ്റം വൈകുന്നത് ബ്രിട്ടന്റെ താല്പര്യങ്ങൾക്ക് എതിരാകുമെന്ന് മൗണ്ട് ബാറ്റനു തോന്നി .1947 ആഗസ്റ്റ് 15ന് അധികാര കൈമാറ്റ ദിനമായി തീരുമാനിച്ചു . 
      1947 ആഗസ്റ്റ് 14 ആം തീയതി അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ ന്യൂഡൽഹിയിൽ സമ്മേളിച്ചു. മൗണ്ട് ബാറ്റൺ പ്രഭുവിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി നാമ നിർദേശം ചെയ്തു .നിർണായകമായ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജവഹർലാൽ നെഹ്റു വികാരഭരിതനായി പറഞ്ഞു.
   " സംവത്സരങ്ങൾക്ക് മുമ്പ് നാം വിധിയുമായി ഒരു സന്ധിയുണ്ടാക്കി . ഇന്ന് സമ്പൂർണ്ണമായോ പൂർണതോതിലോ അല്ലെങ്കിൽ കൂടി വളരെ ഗണ്യമായ രീതിയിൽ നാം നമ്മുടെ പ്രതിജ്ഞ നിറവേറ്റുന്ന സമയം സമാഗതമായിരിക്കുകയാണ് . ഇന്ന് പാതിരാമണി മുഴങ്ങുമ്പോൾ ഇന്ത്യ ഉണർന്നെഴുന്നേൽക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും .ഒരു നിമിഷം ഇതാ സമാഗതമാകുന്നു. ചരിത്രത്തിൽ അത്യപൂർവ്വമായി മാത്രം വരുന്ന ഒരു നിമിഷം. പഴമയിൽ നിന്നും നാം പുതുമയിലേക്ക് കാലെടുത്തുവെക്കുന്നു. ദീർഘകാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിൻറെ ആത്മാവിന് ശബ്ദം വെക്കുന്നു .ഇന്ത്യയേയും ഇന്ത്യയിലെ ജനങ്ങളേയും മനുഷ്യരാശിയുടെ ലക്ഷ്യങ്ങളേയും സേവിക്കാൻ സ്വയം അർപ്പിക്കുമെന്ന് നാം പ്രതിജ്ഞ എടുക്കുന്നത് ഈ നിമിഷത്തിന് അനുയോജ്യമാണ്."  
       സന്തോഷ ലഹരിയിൽ ആറാടി നിറവെളിച്ചത്തിന്റെ പാൽക്കടലിൽ ചെങ്കോട്ടയും പരിസരവും മുങ്ങി നീന്തിത്തുടിക്കുമ്പോൾ, അങ്ങകലെ ബംഗാളിലെ ഒരു ഗ്രാമത്തിൽ ഇരുട്ടിൽ ഇത്തിരി വെളിച്ചം കാണാൻ കണ്ണുകൾ മിഴിച്ച് നിർന്നിമേഷനായി കഴിയുന്ന ഒരു കൊച്ചു മനുഷ്യനുണ്ടായിരുന്നു. ഒരു ഒറ്റയാൻ. ആ കൊച്ചു മനുഷ്യന് ഈ ആർഭാടങ്ങളിൽ ഒന്നുമായിരുന്നില്ല താല്പര്യം. അദ്ദേഹം വെളിച്ചം അന്വേഷിച്ചു നടക്കുകയായിരുന്നു- രാഷ്ട്രപിതാവ് മഹാത്മാഗാന്ധി .
       നെഹ്റു അനുസ്മരിപ്പിച്ചതുപോലെ ആഗസ്റ്റ് 14 അർദ്ധരാത്രിയോടെ ഒരു  യുഗം അവസാനിച്ചു. ആഗസ്റ്റ് 15 ന് ത്രിവർണ പതാക ഉയർന്നു. യൂണിയൻ ജാക്ക് താഴ്ന്നു. ദശാബ്ദങ്ങൾ നീണ്ട ത്യാഗപൂർണ്ണമായ സമരത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിന്റെ യുഗത്തിലേക്ക് കടന്നു. പതിനായിരക്കണക്കിന് ധീര ദേശാഭിമാനികൾ  ജീവൻ ബലികൊടുത്ത ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന്റെ ഫലമാണ് ഈ സ്വാതന്ത്ര്യം.
 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി.

No comments:

Post a Comment