അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ
71. വർഗീയ കലാപങ്ങൾ
ഇന്ത്യയിലെയും ബ്രിട്ടനിലെയും സംഭവവികാസങ്ങളും യുദ്ധത്തിനു ശേഷമുള്ള ലോക സ്ഥിതിയും ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർത്ഥ്യമാക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു . ഐ എൻ എ.ഭടന്മാരെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇന്ത്യയിലുടനീളം ജനങ്ങളെ ആവേശം കൊള്ളിച്ചു. പലസ്ഥലങ്ങളിലും പണിമുടക്കും ഹർത്താലും നടന്നു. സായുധസേനകളിലും ഇതിൻറെ സ്വാധീനം പ്രകടമാകുന്നുണ്ടായിരുന്നു.റെയിൽവേ, കമ്പിത്തപാൽ തുടങ്ങിയ തന്ത്ര പ്രധാന രംഗങ്ങളിലെ തൊഴിലാളികൾ പലസ്ഥലങ്ങളിലും പണിമുടക്കുകയും ചെയ്തു. ഇതെല്ലാം ബ്രിട്ടീഷ് ആധിപത്യത്തിന് നേരെയുള്ള ഗൗരവതരമായ വെല്ലുവിളികൾ ആയിരുന്നു. ബ്രിട്ടനിൽ വിൻസ്റ്റൻ ചർച്ചിലിനു പകരം ലേബർ പാർട്ടി നേതാവ് ക്ലമെന്റ് ആറ്റ്ലി പ്രധാനമന്ത്രിയായതും ഇന്ത്യയ്ക്ക് അനുകൂലമായ ഒരു ഘടകമായി.
ഗവൺമെന്റിന്റെ വിദേശ നയത്തെപ്പറ്റി പ്രസ്താവിക്കുന്ന കൂട്ടത്തിൽ ഇന്ത്യയെപ്പറ്റി ആറ്റ്ലി പറഞ്ഞ ഒരു നല്ല കാര്യം ഇതായിരുന്നു , "ഇനി ഒട്ടും വൈകാതെ ബ്രിട്ടൻ ഇന്ത്യയെ കൈയൊഴിയുകയാണ് വിവേകം. അത് ചെയ്യാതെ ഇനിയും പിടിച്ചുനിന്നാൽ ചിലപ്പോൾ സഹികെട്ടു തുടങ്ങിയ ഇന്ത്യക്കാർ നമ്മെ പെടലിക്ക് പിടിച്ച് പുറത്താക്കും. ഇന്ത്യയുടെ ശാശ്വത വൈരം സമ്പാദിക്കേണ്ടിയും വരും."
ഒന്നിന് പിന്നിൽ ഒന്നായി ഇംഗ്ലണ്ടിൽ നിന്നും രണ്ട് പ്രതിനിധി സംഘങ്ങൾ ചർച്ചയ്ക്കായി ഇന്ത്യയിലെത്തി. ആദ്യം വന്നത് പാർലമെൻ്ററി പ്രതിനിധി സംഘം .വിവിധ പാർട്ടികളിൽ പെട്ട പത്ത് പേരടങ്ങിയ എംപിമാരുടെ സംഘത്തിൻറെ തലവൻ പ്രൊഫ. റിച്ചാർഡ്സ് ആയിരുന്നു. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ നേതാക്കളെ കണ്ട് പ്രശ്നം പഠിച്ച ശേഷം അവർ തിരികെ പോയി റിപ്പോർട്ട് സമർപ്പിച്ചു. ഇന്ത്യയ്ക്ക് അനുകൂലമായി അവർ പറഞ്ഞു. "ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യത്തിൽ ബ്രിട്ടൻ കാലതാമസം വരുത്തരുത്".
ഇങ്ങനെയൊരു അഭിപ്രായം ലഭിച്ചശേഷം ആറ്റ്ലി മറ്റൊരു സംഘത്തെ അയച്ചു. മന്ത്രിസഭയിലെ മൂന്ന് പേരെ. സ്റ്റാഫോർഡ് ക്രിപ്സ്, എ .വി. അലക്സാണ്ടർ , ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിയായ ലോഡ്സ് പെത്തിക് ലാറൻസ് എന്നിവരായിരുന്നു മൂന്നംഗ സംഘത്തിൽ.
1946 മാർച്ച് 23ന് സ്റ്റാഫോർഡ് ക്രിപ്സിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ മന്ത്രിസഭാ സംഘം ഇന്ത്യയിലെത്തി. അവർ കൊണ്ടുവന്ന നിർദ്ദേശങ്ങൾ ചുരുക്കത്തിൽ ഇതായിരുന്നു.
' ബ്രിട്ടീഷ് ഇന്ത്യയും നാട്ടുരാജ്യങ്ങളും അടങ്ങുന്ന ഒരു യൂണിയൻ ആയിരിക്കും ഭാവിഭാരതം. യൂണിയന് ഒരു നിയമസഭ. ബ്രിട്ടീഷ് ഇന്ത്യയുടെയും നാട്ടുരാജ്യങ്ങളുടെയും സംയുക്ത പ്രതിനിധികൾ അടങ്ങിയതാകും അത്. രാജ്യരക്ഷാ, വിദേശനയം, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യാൻ യൂണിയന് അധികാരം ഉണ്ടായിരിക്കും.'
ഈ വ്യവസ്ഥകൾ അടങ്ങുന്ന നിർദ്ദേശം ക്രിപ്സ് ഇന്ത്യൻ നേതാക്കൾക്ക് മുമ്പിൽവെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ ഒരു താൽക്കാലിക മന്ത്രിസഭ ഉണ്ടാക്കാനും നിർദ്ദേശമുണ്ടായിരുന്നു.
കോൺഗ്രസിന് ഇതിൽ പല വകുപ്പുകളും സ്വീകാര്യമായിരുന്നില്ല. പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല എന്നതായിരുന്നു ഏറ്റവും പ്രധാനമായ വൈകല്യം. ഭരണഘടന നിർമാണത്തെപ്പറ്റിയും ഒന്നും പ്രതിപാദിക്കുന്നുണ്ടായിരുന്നില്ല. ഭാരതത്തിന് ആവശ്യമായ ഭരണഘടന ഭാരതത്തിന് തന്നെ നിർമ്മിക്കാൻ പ്രാപ്തിയുണ്ടെന്ന കാര്യം ഓർമിപ്പിച്ചുകൊണ്ട്, എന്തുകൊണ്ടാണ് അതേപ്പറ്റി ഒന്നും ക്രിപ്സിന്റെ നിർദ്ദേശങ്ങളിൽ ഉൾക്കൊള്ളിക്കാതിരുന്നത് എന്ന് കോൺഗ്രസ് ചോദിച്ചു .കോൺഗ്രസിന് എതിർപ്പുണ്ടായിരുന്ന മറ്റൊരു നിർദ്ദേശം കോൺഗ്രസിനും ലീഗിനും തുല്യപ്രാതിനിധ്യം എന്ന ആശയമാണ്. ഇത്തരം കാര്യങ്ങളിൽ തൃപ്തികരമായ പരിഹാരം നിർദ്ദേശിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇടക്കാല ഗവൺമെൻറ് രൂപീകരിക്കുന്ന കാര്യത്തിൽ താല്പര്യമുള്ളൂ എന്ന് കോൺഗ്രസ് വ്യക്തമാക്കി .മാത്രമല്ല ഭരണഘടന നിർമ്മിക്കാനുള്ള അവകാശം ഇടക്കാല ഗവൺമെന്റിനും നൽകണം .ഭരണഘടനാ സമിതി ഇന്ത്യക്കാരുടെ മുഴുവൻ വോട്ടിനനുസരിച്ച് ആവണം . ഭരണഘടന വിഭക്ത ഭാരതത്തിൻറെതല്ല, സംയുക്ത ഭാരതത്തിൻറെ ആയിരിക്കുകയും വേണം. അധികാര കൈമാറ്റം ഈ ഭരണസമിതിയുടെ കൈകളിലേക്ക് ആയിരിക്കണം.
പല പ്രശ്നങ്ങളിലും മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ ഭിന്ന ധ്രുവങ്ങളിലാണ് നിലയുറപ്പിച്ചത് . ജിന്നയുടെ പാക്കിസ്ഥാൻ വാദം ഒരു കീറാമുട്ടിയായി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാൻ രൂപീകരിക്കണം എന്നായിരുന്നു ജിന്നയുടെ നിലപാട്. എന്നാൽ ജിന്നയുടെ അവകാശവാദം നിലനിൽക്കത്തക്കതല്ലെന്ന് മിഷൻ ചൂണ്ടിക്കാട്ടി. പലഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന മുസ്ലിം സമൂഹത്തെ കണക്കിലെടുത്താൽ അവർ അവകാശപ്പെടുന്ന ഭൂരിപക്ഷവാദം ശരിയല്ല, അശാസ്ത്രീയവുമാണ് . ആ നിലയിൽ ആകെയുള്ള മുസ്ലീം സമുദായത്തിന്റെ നാലിൽ ഒരു ഭാഗം മുസ്ലിങ്ങൾക്ക് പോലും വിഭജനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നില്ല. ആകെ മുസ്ലിം ജനസംഖ്യയുടെ എണ്ണവും ജിന്ന അവകാശപ്പെടുന്ന പ്രദേശങ്ങളിലെ മുസ്ലീങ്ങളുടെ എണ്ണവും ആയി തട്ടിച്ചു നോക്കുമ്പോൾ അവർ സങ്കൽപ്പിക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയിലെ ചെറിയൊരു ശതമാനം മുസ്ലിങ്ങൾക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ എന്ന് ക്യാബിനറ്റ് മിഷൻ അഭിപ്രായപ്പെട്ടു .
എന്നാൽ ജിന്ന തൻറെ അവകാശവാദത്തിൽ ഉറച്ചുനിന്നു. ഇടക്കാല ഗവൺമെന്റിൽ തങ്ങൾ പങ്കെടുക്കുകയില്ലെന്ന് ശാഠ്യം പിടിച്ചു. കോൺഗ്രസും ലീഗും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുന്ന കാര്യത്തിൽ തങ്ങൾ പരാജയപ്പെട്ടിരിക്കുന്നു എന്ന് ക്യാബിനറ്റ് മിഷന് മനസ്സിലായി .വൈസ്രോയിയുമായിആലോചിച്ച് മറ്റൊരു പരിഹാരം നിർദ്ദേശം അവർ മുമ്പിൽവെച്ചു. വൈസ്രോയിയുടെ അധ്യക്ഷതയിൽ ഇടക്കാല ഭരണ സഭയുണ്ടാവും ഇന്ത്യൻ നേതാക്കളാവും പൂർണമായും അതിലെ അംഗങ്ങൾ കോൺഗ്രസുകാർ നിർദ്ദേശിക്കുന്ന ആറുപേർ, ലീഗിൻറെ അഞ്ചു പ്രതിനിധികൾ , ഒരു സിക്കുകാരൻ ഒരു പാർസി ഒരു ഇന്ത്യൻ ക്രിസ്ത്യൻ. കോൺഗ്രസ് .ഈ നിർദ്ദേശം സ്വീകരിക്കാം എന്നേറ്റു. മുഹമ്മദലി ജിന്ന അപ്പോഴും വഴങ്ങിയില്ല. ഒടുവിൽ ജിന്നയുമായി കൂടിയാലോചിക്കാൻ ജവഹർലാൽ നെഹ്റുവിനെ ചുമതലപ്പെടുത്തി. ബോംബെയിലെ വസതിയിൽ ചെന്ന് നെഹ്റു ജിന്നയെ കണ്ടു സംസാരിച്ചു. ജിന്ന വഴങ്ങിയില്ല. പാകിസ്താനുവേണ്ടി പ്രത്യക്ഷ സമരം ആരംഭിക്കുകയാണെന്നും ജിന്ന നെഹ്റുവിനോട് പറഞ്ഞു. അതോടെ നെഹ്റുവിൻറെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കാൻ തീരുമാനിച്ചു. ലീഗ് സഹകരിക്കുവാൻ തയ്യാറാവുന്ന സമയത്ത് അവർക്ക് കൊടുക്കുവാൻ കുറച്ച് സ്ഥാനങ്ങൾ മാറ്റിവച്ചിരുന്നു. ഇങ്ങനെയൊരു തീരുമാനം പെട്ടെന്ന് കൈക്കൊള്ളുമെന്ന് ജിന്ന നിരൂപിച്ചിരുന്നില്ല കൂടിയാലോചന യ്ക് വീണ്ടും വിളിക്കും എന്നായിരുന്നു പ്രതീക്ഷ. ഇതിനിടയിൽ മുസ്ലിം ലീഗ് സ്വന്തമായ ഭരണഘടനയും അവരുടേതായ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു കഴിഞ്ഞിരുന്നു. അവയൊക്കെ ചേർത്തുകൊണ്ട് പാകിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രവും. കോൺഗ്രസും വൈസ്രോയിയും ചേർന്ന് ലീഗിനെ വഞ്ചിക്കുകയാണെന്ന് തോന്നി. ഈ വഞ്ചനയ്ക്കെതിരെ ജില്ല തന്റെ അനുയായികളെ പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തു. ആഗസ്റ്റ് 16 വഞ്ചനാ ദിനമായി ആചരിക്കുവാൻ ആയിരുന്നു ആഹ്വാനം. ജിന്ന പറഞ്ഞു, "കോൺഗ്രസ് നമ്മെ വെല്ലുവിളിച്ചിരിക്കുന്നു .ഒരു തുറന്ന യുദ്ധത്തിന്. അതാണ് അവർക്ക് ആവശ്യമെങ്കിൽ നമുക്ക് ആ വെല്ലുവിളി സ്വീകരിക്കേണ്ടിയിരിക്കുന്നു' .അദ്ദേഹം തുടർന്നു. "ഒന്നുകിൽ ഇന്ത്യ വിഭജിക്കും അല്ലെങ്കിൽ രാജ്യം നശിക്കും" .
രാജ്യം വർഗീയ ലഹളയുടെ ചുഴിയിലേക്ക് നീങ്ങുകയായിരുന്നു. അന്തരീക്ഷം പെട്ടെന്ന് മാറി. മുമ്പ് പലവട്ടം വർഗീയ കലാപങ്ങൾ പലഭാഗങ്ങളിലും അരങ്ങേറിയിട്ടുണ്ടെങ്കിലും അവയെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു 1946 ആഗസ്റ്റ് 16ന് കൽക്കത്തയിൽ തുടക്കം കുറിച്ച വർഗീയ സംഘട്ടനങ്ങൾ. ബോംബെ, ബീഹാർ, യുപി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ലഹള അതിവേഗം പടർന്നു. കൽക്കത്തയിലെ ചേരി പ്രദേശങ്ങളിൽ ആഗസ്റ്റ് 16ന് വെളുപ്പിന് ആയുധങ്ങളുമായി അക്രമികൾ തെരുവിലിറങ്ങി. വഴിയിൽ കണ്ടുമുട്ടിയവരെ ഒന്നും അവർ ജീവനോടെ വിട്ടില്ല. വർഗീയവാദികളായ ഹിന്ദുക്കളും ആയുധങ്ങളുമായി പുറത്തിറങ്ങി. ഇരുവിഭാഗവും ശിരസ്സു കൊയ്തു തുടങ്ങി. 24 മണിക്കൂറിനുള്ളിൽ ആയിരത്തിൽപരം ശിരസ്സ് കൽക്കത്തയിൽ മാത്രം ഉടലറ്റ് വീണു .
..ബംഗാളിൽ ലീഗ് മന്ത്രിസഭയാണ് നിലവിൽ ഉണ്ടായിരുന്നത്. ലീഗ് നേതാവായിരുന്ന സുഹ്രവർദ്ധിയായിരുന്നു പ്രധാനമന്ത്രി. അതുകാരണം അക്രമം നടക്കുമ്പോൾ ബംഗാളിൽ മന്ത്രിമാരും പോലീസും നിസ്സംഗത പാലിച്ചു. അവരുടെ സാന്നിധ്യത്തിൽ സാമൂഹ്യവിരുദ്ധന്മാർ ആകാവുന്നതൊക്കെ ചെയ്തു. ലഹള ഉത്തരേന്ത്യ മുഴുവൻ ആളിപ്പടർന്നു. പതിനായിരക്കണക്കിന് ജനങ്ങൾ തെരുവുകളിൽ ജീർണിച്ചഴുകി.
മനുഷ്യമനസാക്ഷി വിറങ്ങലിച്ചു നിന്നു. ഏറ്റവും കൂടുതൽ നരഹത്യ നടന്ന കൽക്കത്തയിലെയും ബീഹാറിലെയും ദാരുണമായ ചിത്രം പത്രങ്ങൾ അതിശയോക്തി കലർത്താതെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. വർഗീയ കലാപം മഹാത്മാഗാന്ധിയെ വല്ലാതെ ദു:ഖിപ്പിച്ചു. ചിരകാലമായി താൻ സ്വരൂപിച്ചുവെച്ച സ്വപ്നം തകരുകയാണല്ലോ എന്ന് അദ്ദേഹം ഓർത്തു. സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കൽ ആണ് ഇന്ത്യ മോഹം തുളുമ്പി നിൽക്കുന്ന മനസ്സുമായി സ്വർഗ്ഗം തുറന്നു കിട്ടുന്ന മുഹൂർത്തവും കാത്ത് ഇമ വെട്ടാതെ ഇരിക്കേണ്ട സമയമാണ് ഇത്. പക്ഷേ ഭാരതീയർ നിർഭാഗ്യവാന്മാരാണ്. ഇത്തരത്തിലുള്ള ചിന്തയുമായി ആ 77 കാരൻ കയ്യിൽ ഊന്നുവടിയുമായി എഴുന്നേറ്റു. ആരോടും യാത്ര ചോദിക്കാതെ കൂടെ പോരാൻ ആരെയും ക്ഷണിക്കാതെ ആ ഏകാന്തപഥികൻ പുറപ്പെട്ടു.
.ഗാന്ധിജി ആദ്യം ചെന്നത് നവഖാലിയിലെ ശ്രീരാം പൂരിൽ ഗംഗാ ബ്രഹ്മപുത്രാ നദികളുടെ അഴിമുഖത്തിനടുത്താണ്. ശ്രീരാംപൂർ ചെളികെട്ടി കിടക്കുന്ന ചതുപ്പ് നിലങ്ങളുള്ള ഗ്രാമത്തിൽ നിന്നാണ് ഗാന്ധിജി മതമൈത്രിയുടെ സന്ദേശവുമായി തന്റെ ദൗത്യത്തിന് തുടക്കമിട്ടത്.
ബംഗാളിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിലും നാലുദിവസം മുമ്പ് ആഗസ്റ്റ് 12ന് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ഒരിടക്കാല ഗവൺമെൻറ് രൂപീകരിക്കാൻ വൈസ്രോയി ക്ഷണിച്ചു. സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ്, അസഫലി, രാജഗോപാലാചാരി, ശരചന്ദ്ര ബോസ്, ജോൺ മത്തായി ,ബൽദേവ് സിംഗ്, ഷഫാത്ത് അഹമ്മദ് ഖാൻ, സി എച്ച് ബാഭ, ജഗ്ജീവൻറാം, അലിസാഹിർ എന്നിവരായിരുന്നു മന്ത്രിമാർ.
സെപ്റ്റം.ബർ ഒന്നിന് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ഒരു മാസത്തിലേറെ കോൺഗ്രസ് ഒറ്റയ്ക്ക് ഭരിച്ചു . ലീഗും പിന്നീട് മന്ത്രിസഭയിൽ ചേർന്നു.
വർഗീയ കലാപം രാജ്യത്തിൻറെ പലഭാഗങ്ങളിലും ആളിപ്പടർന്നപ്പോൾ ബ്രിട്ടീഷ് അധികൃതർ നിസ്സംഗ സമീപനമാണ് സ്വീകരിച്ചത് ഇന്ത്യയെ വർഗീയാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത് സഹായിച്ചു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കലാപം നേരിടാൻ തുടക്കത്തിൽ പട്ടാളത്തെ നിയോഗിക്കാൻ ബ്രിട്ടീഷ് അധികൃതർ തയ്യാറായില്ല. കലാപം പടരാൻ ഇടയാക്കിയ ഒരു ഘടകം ഇതായിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തും ആർ ഐ എൻ, ഐ. എൻ. എ സമരഘട്ടങ്ങളിലും ജനങ്ങളെ അടിച്ചമർത്താൻ പട്ടാളത്തെ ഉപയോഗിച്ചിരുന്നു. ജനങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ രംഗത്തിറങ്ങുമ്പോ ഴെല്ലാം ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുക എന്നതായിരുന്നു നയം. എന്നാൽ വർഗീയവാദികൾ ഉറഞ്ഞുതുള്ളാൻ തുടങ്ങിയപ്പോൾ അവരെ നിർദാക്ഷിണ്യം ഒതുക്കാൻ തയ്യാറായില്ല. ഇടക്കാല മന്ത്രിസഭയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്താൻ മുസ്ലിം ലീഗിന് ധൈര്യം പകർന്ന പ്രീണന നയമായിരുന്നു ബ്രിട്ടന്റേത്. ലീഗ് നേതാക്കന്മാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും തമ്മിൽ ഗാഢബന്ധം ഉണ്ടെന്ന് നെഹ്റു പരസ്യമായി ആരോപിച്ചത് ഇതിൻറെയെല്ലാം അടിസ്ഥാനത്തിൽ ആയിരുന്നു .
മതാടിസ്ഥാനത്തിലുള്ള ഭിന്നിപ്പിനു പുറമേ മറ്റൊരു പ്രശ്നവും ബ്രിട്ടൻ ഇന്ത്യയ്ക്കെതിരെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. നാട്ടുരാജ്യങ്ങളെ .600 ഓളം നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ അക്കാലത്ത് ഉണ്ടായിരുന്നത് .ഇന്ത്യയുടെ മൊത്തം വിസ്തൃതിയിൽ 45% ത്തോളം ഇവയായിരുന്നു. ജനസംഖ്യയിൽ 25% നാട്ടുരാജ്യങ്ങളിൽ ആയിരുന്നു. നാട്ടുരാജ്യങ്ങളുടെ തലപ്പത്ത് രാജാക്കന്മാർ ഉണ്ടായിരുന്നെങ്കിലും യഥാർത്ഥ നിയന്ത്രണം ബ്രിട്ടീഷ് ഭരണത്തിന്റെ കയ്യിലായിരുന്നു . ബ്രിട്ടൻ ഇന്ത്യ വിടേണ്ടി വരുമെന്ന് ഉറപ്പായതോടെ രാജാക്കന്മാരിൽ പലർക്കും സ്വന്തം ആധിപത്യം ഉറപ്പിക്കാൻ മോഹമുദിച്ചു . ഇതിനു പ്രോത്സാഹനം നൽകാൻ ബ്രിട്ടീഷ് അധികൃതർ മുന്നോട്ടുവരികയും ചെയ്തു. ഇന്ത്യ വിഭജിക്കുകയാണെങ്കിൽ ഏത് ഭാഗത്ത് ചേരാനുള്ള അവകാശവും നാട്ടുരാജ്യങ്ങൾക്ക് നൽകുമെന്നായിരുന്നു ഒരു വാഗ്ദാനം .ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാതെ സ്വതന്ത്രമായി നിൽക്കാനുള്ള അവകാശവും രാജ്യ ങ്ങൾക്ക് നൽകാനുള്ള ആലോചന നടക്കുന്നുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയ്ക്ക് അകത്തു തന്നെ പല സ്വതന്ത്ര രാഷ്ട്രങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ആശയം. സ്വതന്ത്ര രാഷ്ട്രങ്ങൾ എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹൈദരാബാദ് , കാശ്മീർ, ജനുഗേഡ്, തിരുവിതാംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങൾ വേറിട്ടുനിൽക്കാൻ നീക്കം തുടങ്ങി .തിരുവിതാംകൂറിൽ രാമസ്വാമി അയ്യർ മുന്നോട്ടുവച്ച 'അമേരിക്കൻ മോഡൽ' ഭരണമെന്ന ആശയത്തിന്റെ പിന്നിലുണ്ടായിരുന്നത് സ്വതന്ത്ര തിരുവിതാംകൂർ വാദമായിരുന്നു.
സ്വതന്ത്ര ഇന്ത്യയ്ക്കകത്ത് നിരവധി സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതി നമ്മുടെ ദേശീയ നേതൃത്വവും രാജ്യങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങളുമാണ് തകർത്തത്. രാജ്യങ്ങളിൽ പ്രത്യേകിച്ച് ,കാശ്മീർ, ഹൈദരാബാദ്, തിരുവിതാംകൂർ എന്നിവിടങ്ങളിൽ ജനങ്ങൾ ഈ പദ്ധതിക്ക് എതിരെ രംഗത്തുവന്നു. തിരുവിതാംകൂറിൽ നടന്ന ഐതിഹാസികമായ പുന്നപ്ര വയലാർ സമരം ഇതിൻറെ ഭാഗമായിരുന്നു. സർ സി പി രാമസ്വാമി അയ്യരുടെ മർദ്ദന വാഴ്ചയ്കും വൻകിട ഭൂ ഉടമകളുടെയും മുതലാളിമാരുടെയും അക്രമങ്ങൾക്കും എതിരെ തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും മറ്റു പാവപ്പെട്ട വിഭാഗങ്ങളും നടത്തിയ സമരമായിരുന്നു അത്.
. 1946 ഒക്ടോബറിൽ നടന്ന ഈ സമരത്തിൽ നൂറുകണക്കിന് ആളുകളെ പട്ടാളവും പോലീസും കൊല ചെയ്തു . ഭീകരമായ മർദ്ദനം അഴിച്ചുവിട്ടു .നൈസാമിന് എതിരെ നടന്ന തെലുങ്കാന സമരവും കാശ്മീരിൽ അബ്ദുള്ളയുടെ നേതൃത്വത്തിൽ നടന്ന സമരവും ഇന്ത്യയെ പലതായി വെട്ടിമുറിക്കാനുള്ള പദ്ധതികൾക്ക് കൂടി എതിരായുള്ളവയായിരുന്നു. സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിപ്പിക്കുന്നതിന് ഈ സമരങ്ങൾ സഹായകമായ പശ്ചാത്തലം ഒരുക്കി. വി പി മേനോൻ ആയിരുന്നു ഈ ശ്രമത്തിൽ പട്ടേലിന്റെ സഹായി.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.
No comments:
Post a Comment