🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, September 28, 2020

അധ്യാപകക്കൂട്ടം ദിനാചരണം ലൂയി പാസ്ചർ രാജേഷ് എസ് വള്ളിക്കോട്.

അധ്യാപകക്കൂട്ടം ദിനാചരണം

                                      ലൂയി പാസ്ചർ

രാജേഷ് എസ് വള്ളിക്കോട്.

ഫ്രാൻസിലെ ഡോൾ എന്ന സ്ഥലത്ത് ജോസഫ് പാസ് ചർ എന്നാൽ ദരിദ്രനായ ഒരു തോൽ പണിക്കാരൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു ലൂയി .അവരുടെ വീടിന് സമീപം ഒരു ഇരുമ്പ് പണിക്കാരൻ താമസിച്ചിരുന്നു. ഒഴിവുവേളകളിൽ ആ പണിപ്പുരയിൽ പോയിരുന്ന് അവിടുത്തെ പണികൾ ആ കുട്ടി കൗതുകത്തോടെ നോക്കി കണ്ടിരുന്നു .അവിടെ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ കണ്ടിരിക്കുക , അതിനെക്കുറിച്ച് ചോദിച്ചറിയുക അവന്റെ ഇഷ്ട വിനോദമായിരുന്നു. ഒരു ദിവസം കുറെ ആളുകൾ ഒരു മനുഷ്യനെയും കൂട്ടി അവിടെ വന്നു .പേപ്പട്ടിയുടെ കടിയേറ്റ് ഒരാളെയാണ് അവർ കൊണ്ടുവന്നത് .അക്കാലത്ത് അവിടെയായിരുന്നു അതിനുള്ള മരുന്ന് ! ഇരുമ്പ് ദണ്ഡ്ചൂടാക്കി പഴുപ്പിച്ച പട്ടി കടിച്ച മുറിവിൽവെച്ച് പൊള്ളിക്കുക എന്നതായിരുന്നു അവിടെ നടക്കുന്ന ചികിത്സ! പച്ചയായ മനുഷ്യ ശരീരത്തിൽ പൊള്ളലേറ്റപ്പോൾ ആ മനുഷ്യൻ  അതിശക്തമായി നില വിളിച്ചുകൊണ്ടിരുന്നു. അതിദാരുണമായ ആ കാഴ്ചകൾ കണ്ട് സ്തബ്ധനായി . പേപ്പട്ടി വിഷബാധയേറ്റവരുടെ ചികിത്സയ്ക്ക്
ഒരു മരുന്നു കണ്ടെത്തുക എന്നത് ഈ കുട്ടിയുടെ മനസ്സിൽ മായാതെ നിലനിന്ന ഒരു ആഗ്രഹമായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ മാനവരാശിക്ക് എന്നും ഭീഷണിയായിരുന്നു ഈ പ്രശ്നത്തിന് പ്രതിവിധി കണ്ടെത്തുവാൻ ഈ കുട്ടിക്ക് കഴിഞ്ഞു. ലൂയി പാസ്ചർ എന്ന ഈ കുട്ടി വളർന്ന് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടത്തിയ പഠനങ്ങൾ ആധുനിക രോഗപ്രതിരോധ ശാസ്ത്രത്തിന്റെ അടിത്തറയൊരുക്കി.


1822 ഡിസംബർ 27 നാണ് ലൂയി ജനിച്ചത്. മൃഗങ്ങളുടെ തോലുകൾ ഉറയ്ക്കിട്ട് വൃത്തിയാക്കി പാദരക്ഷകൾക്കും സഞ്ചികൾക്കും ഉപയോഗയോഗ്യമാക്കുന്ന ജോലിയായിരുന്നു അച്ഛന് . ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം . പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടത്ര ദാരിദ്യം !
ചെറുപ്പത്തിൽ തന്നെ കാണുന്നതിലെല്ലാം കൗതുകങ്ങൾ തോന്നിയ ലൂയി ചോദ്യങ്ങൾ മനസ്സിൽ ഉന്നയിച്ച് ഉത്തരങ്ങൾ തേടിക്കൊണ്ടേയിരുന്നു. പഠിക്കാൻ വലിയ മിടുക്കനായിരുന്നില്ല. ചിത്രകലയിൽ നല്ല താല്പര്യമുണ്ടായിരുന്നു.കലകൾ പഠിപ്പിക്കുന്ന അധ്യാപകനാവാനായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. ഗോയിറ്റർ ചികിത്സയ്ക്ക് അയഡിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയ  ജീൻ ബാപ്റ്റിസ്റ്റ് ഡ്യൂമയടക്കമുള്ള അക്കാലത്തെ ശാസ്ത്രജ്ഞരുടെ പ്രസംഗങ്ങൾ രസതന്ത്രം മുഖ്യ വിഷയമായി എടുത്ത് പഠിക്കുവാൻ പ്രേരണയായി. അദ്ദേഹം ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയത് പരീസിലെ ഇക്കോൾ നോർമൽ സൂപ്പീരിയറിൽ നിന്നാണ്. ക്രിസ്റ്റൽ രൂപത്തിലുള്ള ഖരപദാർഥങ്ങളുടെ ആറ്റത്തിന്റെ ഘടന സംബന്ധിച്ച പഠനമായ ക്രിസ്റ്റലോഗ്രാഫിയിലായിരുന്നു ഉപരിപഠനം. ഇതേ വിഷയത്തിൽ 1847 ൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1849 ൽ സ്ട്രാസ്ബർഗ് സർവകലാശാലയിലെ രസതന്ത്ര പ്രൊഫസറായി. അഞ്ച് വർഷങ്ങൾക്കുശേഷം ലിലി സർവകലാശാലയിലെ ശാസ്ത്ര വിഭാഗത്തിന്റെ  ഡീനായി. ഫ്രാൻസിലെ പരമോന്നത പുരസ്കാരമായ ലീജിയൻ ഓഫ് ഓണർ എന്ന ബഹുമതി യുവ ശാസ്ത്രജ്ഞനായ  അദ്ദേഹത്തിന് ലഭിച്ചതോടെ പ്രശസ്തി വർദ്ധിച്ചു.

സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റി അധ്യാപകനായിരിക്കെയാണ് ലൂയിപാസ്ചർ മേരിയെ പരിചയപ്പെടുന്നത്. പിന്നീട് അവരുടെ വിവാഹം നടന്നു. അഞ്ച് കുഞ്ഞുങ്ങൾ ഈ ദമ്പതിമാർക്കുണ്ടായെങ്കിലും അവരിൽ രണ്ട് പേർ അകാലത്തിൽ മരിച്ചു. മരണത്ത് കാരണമായത് ടൈഫോയിഡായിരുന്നു. ജീവിതത്തിൽ സംഭവിച്ച ഈ ദുരന്തങ്ങൾക്ക് പിൽക്കാലത്ത് മാറാവ്യാധികൾക്കെതിരെ പോരാടാനും പ്രതിരോധ മരുന്നുകൾ കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് പ്രേരണയായതായി കരുതപ്പെടുന്നു. മേരി പാസ്ചറുടെ പഠന ഗവേഷണ പ്രവർത്തനങ്ങളിൽ താൽപര്യം പുലർത്തുകയും സദാ പ്രോത്സാഹനം നൽകുകയും ചെയ്തു. പക്ഷാഘാതം പിടിപെട്ട് ഒരു വശം തളർന്നു പോയ അദ്ദേഹത്തെ ജീവിതത്തിലും ഗവേഷണങ്ങളിലക്കും മടക്കി കൊണ്ടുവരുന്നതിൽ സ്നേഹ നിധിയായ ആ ഭാര്യ വലിയ പങ്ക് വഹിച്ചു.

ലിലി സർവകലാശാലയിൽ അധ്യാപകനായിരിക്കേ വൈൻ വ്യവസായത്തിന് പേര് കേട്ട ആ പട്ടണം ഒരു വലിയ പ്രതിസന്ധി നേരിട്ടു . ഗുണമേന്മയുള്ള വീഞ്ഞിന് പേരുകേട്ട സ്ഥലമായിരുന്നു അവിടം. വീഞ്ഞ് പുളിച്ച് ഉപയോഗശൂന്യമായി തീരുന്നതു മൂലം ഈ വ്യവസായം വലിയ നഷ്ടത്തിലേക്ക് നീങ്ങി.
വൈൻ നിർമ്മാതാക്കൾ ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി ലൂയി പാസ്ചറിനെയാണ് സമീപിച്ചത് .നിരന്തരമായ പരീക്ഷണങ്ങളിൽ നിന്ന് അദ്ദേഹം വീഞ്ഞു പുളിക്കുന്നതിന് കാരണങ്ങൾ കണ്ടെത്തി .സൂക്ഷ്മജീവികളുടെ പ്രവർത്തനമാണ് ഇതിനടിസ്ഥാനമെന്ന് അദ്ദേഹം തെളിവുകൾ സഹിക സൂക്ഷ്മദർശനിയുടെ സഹായത്താൽ വിശദീകരിച്ചു . വീഞ്ഞിന്റെ സാമ്പിളുകളിൽ  അദ്ദേഹം സൂക്ഷ്മാണുക്കളെ കണ്ടെത്തി .
ജീവനുള്ള ഈ ഏകകോശജീവികൾ ഉരുണ്ട ആകൃതിയിലുംനീളത്തിലും കാണപ്പെടെന്നുവെന്നും
ഉരുണ്ട ആകൃതിയിൽ കാണപ്പെട്ട  സൂക്ഷ്മജീവികൾ പഞ്ചസാരയെ ആൽക്കഹോളാക്കി മാറ്റുമ്പോൾ നീണ്ട രൂപത്തിലുള്ളവ അസറ്റിക് ആസിഡാക്കി മാറ്റുന്ന കൊണ്ടാണ് വീഞ്ഞ് ചീത്തയാവുന്നതെന്നും അദ്ദേഹം കണ്ടെത്തി .ഒരു പ്രത്യേക അളവുവരെ ചൂടാക്കിയാൽ ദോഷകരമായ ഈ സൂക്ഷ്മജീവികൾ നശിക്കുമെന്നും ലൂയി പാസ്ചർ പരീക്ഷിച്ചു പ്രഖ്യാപിച്ചു. 1862 ഏപ്രിൽ 20 ന് ക്ലോഡ് ബർണാഡ് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. ഈ കണ്ടുപിടുത്തത്തിന് അന്നത്തെ ഫ്രാൻസ് ചക്രവർത്തി ലൂയി പാസ്ചറിന് ഒരു വലിയ ലൈബ്രറി പണിത് നൽകി.
പാലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ഈ കണ്ടെത്തലുകൾശാസ്ത്രവളർച്ചയിൽ വലിയ പങ്കുവഹിച്ചവയാണ് .അണു ജീവികളെ നശിപ്പിക്കുന്ന ഈ പ്രക്രിയയെ പാസ്ചറൈസേഷൻ എന്നാണ് വിളിക്കുന്നത് .മൈക്രോ ബയോളജി എന്ന ശാസ്ത്രശാഖ ഉടലെടുത്തത് പാസ്ചറുടെ ഈ കണ്ടുപിടുത്തത്തോടെയാണ്അതിസൂക്ഷ്മമായ ജീവികളെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ അന്വേഷണങ്ങൾ ഇതോടെ ശക്തമായി. ജീവനില്ലാത്തവയിൽ നിന്ന് ജീവൻ ഉണ്ടാവുകയില്ലന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അഴുകൽ, പുളിക്കൽ എന്നിവ സംഭവിക്കുമ്പോൾ ജീവാണുക്കൾ വായുവിലൂടെ സഞ്ചരിക്കുന്നുവെന്നും അദ്ദേഹം പരീക്ഷണങ്ങളിലൂടെ വിശദീകരിച്ചു.

തെക്കൻ ഫ്രാൻസിലെ പട്ടുനൂൽ വ്യവസായത്തിന് പ്രതിസന്ധി ഉണ്ടായപ്പോഴും രക്ഷകനായത് പാസ്ചറാണ് .പട്ടുനൂൽപ്പുഴുകൾക്ക് പെബ്റി എന്നരോഗം ബാധിച്ചത് പട്ടുനൂൽ കൃഷിയെ വലിയ അപകടത്തിലാക്കി .  രോഗബാധിതമായതും അതിനൊപ്പമുള്ളതുമായ എല്ലാം പുഴുക്കളെയും കൊല്ലാനും ഇലകളൊക്കെ നശിപ്പിക്കുവാനും  അദ്ദേഹം  നിർദേശിച്ചു ..എന്നിട്ട് പുതിയ പുഴുക്കളെ വളർത്താൻ ഉപദേശിച്ചു. വലിയ നഷ്ടം വരുമെന്നതിനാൽ ആദ്യം കർഷകർക്കിത് സമ്മതമല്ലായിരുന്നു .എങ്കിലും പാസ്ചർ നിർദ്ദേശിച്ച വഴിയിലൂടെ സഞ്ചരിച്ചപ്പോൾ മാത്രമാണ് ആ വ്യവസായം രക്ഷപ്പെട്ടത് .ശാസ്ത്രം മൂലം ഉണ്ടായ  ഈ നേട്ടങ്ങൾ ജനങ്ങളിൽ  ശാസ്ത്ര വബോധം വളർത്തുന്നതിൽ അക്കാലത്ത് പ്രധാന പങ്കുവഹിച്ചു. രസതന്ത്രത്തിൽ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ മാറി. വൈറസുകളേയും ബാക്ടീരിയകളേയും ശാസ്ത്രലോകം കണ്ടെത്തുന്നതിന് മുൻപേ രോഗങ്ങൾ പകരുന്നതിന് കാരണം സൂക്ഷ്മാണുക്കളാണെന്ന് പാസ്റ്റർ സിദ്ധാന്തിച്ചു.മുറിവ് കെട്ടുന്ന തുണികൾ അണുവിമുക്തമാക്കുവാനും ചികിത്സയ്ക്കു ഉപകരണങ്ങൾ തിളപ്പിച്ച് ഉപയോഗിക്കുന്നതിനും അദ്ദേഹം ആശുപത്രികളെ നിർബന്ധിച്ചു.

അന്ത്രാക്സ് രോഗത്തിലൂടെ കന്നുകാലികളും ചെമ്മരിയാടുകളും കൂട്ടത്തോടെ ചത്തൊടുങ്ങി. ഇതിന് പ്രതിവിധി കണ്ടെത്തുന്നതിനും പാസ്ചറെയാണ് നിയമിച്ചത്. ഒരു പ്രത്യേകതരം അണുജീവികളാണ് രോഗകാരികളെന്ന് കണ്ടെത്തി. ഈ അണുക്കൾ വളരുന്നതിനുള്ള സാഹചര്യമൊരുക്കുന്നത് മുഗങ്ങളുടെ ചീഞ്ഞളിയുന്ന ശവശരീരങ്ങളാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മുഗങ്ങളുടെ ജഡങ്ങൾ കുഴിച്ചിടുന്നത് അവസാനിപ്പിക്കുന്നതിന് അഭ്യർഥിച്ചു. ഈ രീതി സ്വീകരിച്ചതോടെ രോഗത്തെ വരുതിയിലാക്കാനും കഴിഞ്ഞു. പാസ്ചറുടെ നിരീക്ഷണ പാതകളിൽ നിന്ന് ഊർജമുൾക്കൊണ്ട ജർമ്മൻകാരനായ റോബർട്ട് കോവ് അന്ത്രാക്സ് രോഗാണുവിനെ കണ്ടെത്തി. സൂക്ഷ്മദർശനിയിലൂടെ ഈ രോഗാണുവിനെ സ്ഥിതീകരിച്ച പാസ്ചർ 1882 അന്ത്രാക്സ് പ്രതിരോധ മരുന്നും നിർമ്മിച്ചു.

കോളറയോട് സാദൃശ്യമുള്ള ഒരു പകർച്ചവ്യാധി ഫ്രാൻസിൽ കോഴികളെ കൂട്ടത്തോടെ കൊല്ലാൻ തുടങ്ങി പാസ്റ്റർ കോഴി വളർത്തൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ടെസ്റ്റ് ട്യൂബുകളിൽ രോഗാണുക്കളെ ശേഖരിച്ചു അവ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ തീരുമാനിച്ച സമയം കുടുംബത്തോടൊപ്പം മുൻകൂട്ടി നിശ്ചയിച്ച യാത്രയ്ക്ക് പോകേണ്ടി വന്നു. രോഗാണുക്കളെ ശേഖരിച്ച ടെസ്റ്റ്യൂബുകൾ അദ്ദേഹത്തിന്റെ സഹായിയെ ഏൽപ്പിച്ചാണ് യാത്രയ്ക്ക് പോയത്. ദിവസങ്ങൾക്കു ശേഷം മടങ്ങി വന്നപ്പോൾ ആ രോഗാണുക്കളെ കോഴികളിൽ കുത്തിവെച്ചുവെങ്കിലും കോഴികൾക്ക് രോഗമുണ്ടായില്ല. ദിവസങ്ങളോളം ടെസ്റ്റ്യൂബിൽ സൂക്ഷിച്ച രോഗാണുക്കളുടെ ശക്തി ക്ഷയിച്ചുവെന്നും അത് കോഴികളിൽ കുത്തി വെച്ചപ്പോൾ രോഗ പ്രതിരോധ ശേഷി നേടിയതുമായി അദ്ദേഹം മനസ്സിലാക്കി. ഒരു സാംക്രമിക രോഗത്തിനെതിര ശരീരത്തിന്റെ പ്രതിരോധം വളർത്തുവാൻ രോഗത്തിന്റെ ശക്തി കുറഞ്ഞ രോഗാണക്കൾ കുത്തിവെച്ചാൽ മതിയെന്നുള്ള നിഗമനത്തിൽ പാസ്ചറെത്തി.
ബാല്യകാലത്ത് പേവിഷം ബാധിച്ച മനുഷ്യന്റെ ചിത്രം ഓർമ്മയിലെത്തിയ പാസ്റ്റർ പേവിഷബാധയ്ക്കെതിര ഈ സാധ്യത വിജയകരമാക്കാനുള്ള അന്വേഷണത്തിൽ ഏർപ്പെട്ടു. പേപ്പട്ടി വിഷം ബാധിച്ച നായയിൽ നിന്ന് അണുക്കളെ ശേഖരിച്ചു. അവയുടെ വീര്യം കുറച്ച് മൃഗങ്ങളിൽ കുത്തിവെച്ചു. പേപ്പട്ടിയുടെ കടിയേറ്റിട്ടും അവയ്ക്ക് രോഗബാധയുണ്ടായില്ല. 1885 ലാണ് ഈ കണ്ടുപിടുത്തം..

ആ വർഷം തന്നെ ജൂലായ് മാസം ആറാം തിയതി ജോസഫ് മിസ്റ്റർ എന്ന ഒൻപത് വയസുകാരൻ പേപ്പട്ടിയുടെ കടിയേറ്റ് പാസ്ചറുടെ മുൻപിലെത്തി. ആ കുട്ടിയിൽ പേവിഷബാധയ്ക്കെതിരായ വാക്സിൻ ആദ്യമായി പ്രയോഗിച്ചു വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനമായി പരീക്ഷണത്തിലൂടെ ആ ദിവസം മാറി.നൂറ്റാണ്ടുകളായി മനുഷ്യൻ അനുഭവിച്ചു വന്ന യാതനയിൽ നിന്നുള്ള മോചനത്തിന്റെ പുതിയ വഴി തെളിഞ്ഞു. 1895 സെപ്തംബർ മാസം 28 നാണ് പാസ്ചർ മരിച്ചത്.അദ്ദേഹത്തിന്റെ ചരമദിനമാണ് ലോക പേവിഷബാധ ദിനമായി ആചരിക്കുന്നത്.
ലൂയി പാസ്ചറുടെ ഭാതിക ശരീരം പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു. ശവക്കല്ലറയ്ക്ക് പുറത്തായി അദ്ദേഹത്തിൻറെ കണ്ടുപിടിത്തങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്  ശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് പാസ്ചർ . അദ്ദേഹത്തിന്റെ ഓരോ കണ്ടുപിടുത്തത്തിനും മാനവ ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്.

No comments:

Post a Comment